ആരോഗ്യനില വഷളാകുന്നു
1980ൽ മദറിനു തന്റെ ജന്മനഗരമായ സ്കോപ്യേ സന്ദർശിക്കാൻ അവസരം ലഭിച്ചു. മാസിഡോണിയൻ ഗവൺമെന്റിന്റെ അതിഥിയായാണു സന്ദർശനം നടത്തിയത്. അതിന് ഏതാനും മാസം മുൻപ് മാസിഡോണിയയിലെ സാഗ്രബിൽ മിഷണറീസ് ഓഫ് ചാരിറ്റി ഭവനരഹിതരായ വൃദ്ധർക്കുവേണ്ടി ഒരു സദനം തുറന്നിരുന്നു. തന്റെ പഴയ വീടോ ആ തെരുവോപോലും മദറിനു സ്കോപ്യേയിൽ കാണാൻ കഴിഞ്ഞില്ല. കുറേവർഷം മുൻപുണ്ടായ ഭൂകമ്പത്തിൽ അതെല്ലാം നശിച്ചുപോയിരുന്നു.
അൽബേനിയയിലെ ടിരാനയിൽ താമസമാക്കിയിരുന്ന ചേച്ചി ആഗേ 1973ൽ ഈ ലോകം വിട്ടിരുന്നു. അമ്മ അതിനു മുമ്പേയും. മരണത്തിനു മുൻപ് അവരെ കാണാൻ അൽബേനിയയിലെ കമ്യൂണിസ്റ്റ് സർക്കാർ അവസരം നൽകിയില്ല. മാസിഡോണിയയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന സ്കോപ്യേ ആവട്ടെ ആഗ്നസെന്നും ഗൊൺജ എന്നും പേരുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ഓർമയ്ക്കായി ഒന്നും സൂക്ഷിച്ചുവച്ചിട്ടില്ല. അവൾ എന്നെങ്കിലും തിരിച്ചുവരുമെന്ന് ഈ മണ്ണ് നിനച്ചിട്ടുണ്ടാവില്ല. അവൾ എന്തെങ്കിലുമായിത്തീരുമെന്നും കരുതിയിട്ടുണ്ടാവില്ല.

ക്ഷമിക്കുക, ജന്മനഗരമേ, ഇവിടെ രണ്ടുദിവസം മാത്രം. നൊബേൽ സമ്മാനം ലഭിക്കുന്നതുവരെ മിഷനറീസ് ഓഫ് ചാരിറ്റിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 158 ഭവനങ്ങളാണ് ഉണ്ടായിരുന്നത്. പിറ്റേവർഷം ബംഗ്ലാദേശിൽ മാത്രം 14 പുതിയ സദനങ്ങൾ തുറന്നു. ബെൽജിയത്തിലും റോമിലും രണ്ടെണ്ണംവീതം, പാപ്പുവ ന്യൂഗിനി, നേപ്പാൾ, എത്യോപ്യ, ഫ്രാൻസ്, യുഗോസ്ലാവ്യ, അർജന്റീന, സ്പെയിൻ, അമേരിക്ക, ചിലി എന്നിവിടങ്ങളിൽ ഓരോന്നും.

1981ൽ പുതുതായി തുറന്നതു പതിനെട്ടു ഭവനങ്ങൾ. 1982ൽ പന്ത്രണ്ട്, 83ൽ പതിന്നാല്. മരണാസന്നരുടെ സദനങ്ങൾ മാത്രമെടുത്താൽ 1982 വരെ 81 എണ്ണമാണ് ഉണ്ടായിരുന്നത്. അതുവരെ അവിടെ പ്രവേശം ലഭിച്ചവരുടെ (അവിടെനിന്നു നിത്യതയിലേക്കു പ്രവേശിച്ചവരുടെയും) എണ്ണം 13,000. അറുപതു ലക്ഷം രോഗികളെ 670 മൊബൈൽ ക്ലിനിക്കുകളിൽ ശുശ്രൂഷിച്ചു. 12,000 ദരിദ്രസ്ത്രീകളെ തൊഴിൽ പഠിപ്പിച്ചു.
മദറിനു കൽക്കട്ടയിൽ തങ്ങാൻ സമയമില്ലെന്നായി. താൻ എത്തേണ്ട ദൂരസ്‌ഥലങ്ങളിലെല്ലാം മദർ ഉത്സാഹത്തോടെ എത്തിക്കൊണ്ടിരുന്നു. കൽക്കട്ടയിൽ എത്തിയാലും വിശ്രമിക്കാൻ കഴിഞ്ഞെന്നുവരില്ല. മദറിനെ കാണാൻ എത്തിക്കൊണ്ടിരുന്നവർക്കു കണക്കില്ല. സംഭാവനകൾ നൽകാൻ എത്തുന്നവർ മദറിന്റെ കൂടെ ഒരുഫോട്ടോ എടുക്കാതെ മടങ്ങില്ല.

പുലർച്ചെ നാലിന് എഴുന്നേൽക്കുന്ന മദർ രാത്രി മറ്റു കന്യാസ്ത്രീകൾ ഉറങ്ങിക്കഴിഞ്ഞും എഴുത്തുകുത്തുകളും മറ്റുമായി തിരക്കിലായിരിക്കും. പാതിരാത്രിയായാൽ മാത്രമേ ഉറങ്ങാമെന്നു വയ്ക്കൂ. ഉറക്കം തികയാത്തതിന്റെ ക്ഷീണം മദറിൽ കാണാനുണ്ടായിരുന്നില്ല. അനേകം ബോഗികളെ മുന്നോട്ടു വലിച്ചുകൊണ്ടുപോകുന്ന ഒരു തീവണ്ടിഎൻജിൻപോലെ മദർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു.
ന്യൂയോർക്കിലെ ഗ്രീനിച്ച് വില്ലേജിൽ എയ്ഡ്സ് രോഗികൾക്കുവേണ്ടി മദർ ഭവനം തുടങ്ങിയ കാലം. ന്യൂയോർക്കിനടുത്തുള്ള സിംഗ് സിംഗ് ജയിലിൽ മൂന്ന് എയ്ഡ്സ് രോഗികൾ ഉള്ളതായി മദർ അറിഞ്ഞു. മൂന്നുപേരും കടുത്ത കുറ്റവാളികൾ. എട്ടും ഒൻപതുമൊക്കെ വർഷം തടവിനു ശിക്ഷിക്കപ്പെട്ടാണ് അവർ ജയിലിൽ കഴിഞ്ഞിരുന്നത്. എയ്ഡ്സ് രോഗം കലശലായ അവരുടെ അന്ത്യം ജയിലിൽത്തന്നെ ആയിരിക്കുമെന്ന് ഊഹിക്കാമായിരുന്നു. എയ്ഡ്സ് ബാധിതരായതിനാൽ മറ്റു തടവുകാർക്കു ലഭിക്കുന്ന സൗകര്യങ്ങൾ അവർക്കു ലഭിക്കാനിടയില്ല. മരണത്തിനു മുൻപ് ശേഷിക്കുന്ന കാലമെങ്കിലും മാന്യമായും സ്വസ്‌ഥമായും ജീവിക്കാനുള്ള സാഹചര്യം അവർക്കു ലഭിക്കണമെന്നു മദർ തീരുമാനിച്ചു. അവരെ തന്റെ ഗ്രീനിച്ച് വില്ലേജ് സദനത്തിലേക്കു വിട്ടുതരാൻ മദർ ജയിൽ അധികൃതരോടും മറ്റും അപേക്ഷിച്ചു. പക്ഷേ, ഫലമുണ്ടായില്ല. മദർ ന്യൂയോർക്ക് ഗവർണർ മാരിയോ കുവോമോയെ സമീപിച്ചു. ഇതേ ആവശ്യവുമായി ചില മനുഷ്യാവകാശ പ്രവർത്തകർ മുൻപ് സമീപിച്ചിരുന്നതായും പക്ഷേ, കടുത്ത കുറ്റവാളികളെ വിട്ടയയ്ക്കാൻ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ദൈവത്തെയോർത്ത്, ഈ മനുഷ്യരെ സമാധാനത്തിൽ മരിക്കാൻ ദയവു കാട്ടൂ,’’ മദർ പറഞ്ഞു.
ഗവർണർക്കു നിഷേധിക്കാൻ കഴിഞ്ഞില്ല. പിറ്റേദിവസംതന്നെ മൂന്നു തടവുകാരെയും മദറിന്റെ ആതുരാലയത്തിലേക്കു വിട്ടയച്ചു.

1986 ഏപ്രിലിൽ സോവ്യറ്റ് യൂണിയനിലെ ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റിൽ ഉണ്ടായ അപകടം സോവ്യറ്റ് യൂണിയനിലെയും യൂറോപ്പിലെയും ആയിരങ്ങളുടെ ജീവനു ഭീഷണിയാവുകയും ലക്ഷക്കണക്കിന് ആളുകൾക്കു വാസസ്‌ഥലം വിട്ടുപോകേണ്ടിവരികയും ചെയ്തപ്പോൾ മദർ തെരേസ സോവ്യറ്റ് യൂണിയനിലെത്തി. രണ്ടു വർഷത്തിനു ശേഷം മിഷനറീസ് ഓഫ് ചാരിറ്റി മോസ്കോയിൽ പ്രവർത്തിക്കാൻ ക്ഷണിക്കപ്പെട്ടു. റഷ്യയിൽ കമ്യൂണിസ്റ്റ് ഭരണം വന്നതിനുശേഷം അവിടെയൊരു മിഷനറി സംഘത്തിനു പ്രവർത്തിക്കാൻ അനുമതി കിട്ടുന്നത് അത് ആദ്യമായിരുന്നു.
1989–ൽ മദറിന്റെ ആരോഗ്യം പ്രകടമായി ക്ഷയിക്കാൻ തുടങ്ങി. ആ വർഷം സെപ്റ്റംബറിൽ ഗുരുതരമായൊരു ഹൃദ്രോഗബാധ ഉണ്ടായി. ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. പേസ്മേക്കർ വച്ചുപിടിപ്പിച്ചതു കൽക്കട്ടയിൽത്തന്നെയാണ്. 1991ൽ ഹൃദ്രോഗത്തിനു പുറമേ ന്യൂമോണിയയും ബാധിച്ച മദർ അമേരിക്കയിലെ കലിഫോർണിയയിൽ പ്രശസ്തമായ സ്ക്രിപ്സ് ക്ലിനിക്കിൽ ചികിത്സ സ്വീകരിച്ചു. എന്നിട്ടും വിദേശയാത്രകൾ മുടക്കാതിരുന്ന മദർ മെക്സിക്കോയിലെ സന്ദർശനത്തിനിടെ ടീഹ്വാനയിൽ വച്ച് രോഗബാധിതയായി. ബലൂൺ ആൻജിയോപ്ലാസ്റ്റി വേണ്ടിവന്നു. 1993ൽ റോമിലെ സന്ദർശനത്തിനിടെ കാൽതെറ്റി വീണ മദറിന്റെ വാരിയെല്ലുകൾക്കു പരിക്കേറ്റു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം വലിയ അവശത അനുഭവപ്പെട്ട മദർ രണ്ടുദിവസം മുംബൈയിലെ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ഒരുമാസത്തിനു ശേഷം ന്യൂഡൽഹിയിൽ ഒരു അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ കടുത്ത മലമ്പനിയായി. അതിനോടൊപ്പം ഹൃദ്രോഗവും ശ്വാസതടസവുംകൂടിയായപ്പോൾ സ്‌ഥിതി ഗുരുതരമാകുകയും എഐഐഎംഎസിലെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
പിന്നീട് കൽക്കട്ടയിലെ ആശുപത്രിയിൽ ഹൃദയധമനിയിലെ തടസം മാറ്റാനുള്ള ചികിത്സയിലായി. മദർ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.

ലോകത്തിന് ഇനിയും മദറിനെ ആവശ്യമുണ്ടെന്നു ദൈവത്തിനു തോന്നിയിട്ടുണ്ടാവും.
ആരോഗ്യം തീരെ മോശമായിരുന്നെങ്കിലും മദർ നിഷ്ക്രിയയായില്ല. കിടപ്പിലായിരുന്നപ്പോഴാണു റോമാനിയയിലേക്ക് ഒരുസംഘം കന്യാസ്ത്രീകളെ വികലാംഗരായ കുട്ടികൾക്കു ഭവനം തുടങ്ങുന്നതിന് അയച്ചത്. ചിയസെസ്ക്യുവിന്റെ ദുർഭരണകാലത്ത് ആരും സംരക്ഷിക്കാനില്ലാതിരുന്നവരായിരുന്നു ആ കുട്ടികൾ. ആരോഗ്യം മെച്ചപ്പെട്ടപ്പോൾത്തന്നെ മദർ റൊമാനിയയിലുമെത്തി. അവിടെ എയ്ഡ്സ് ബാധിതരും അവഗണിതരുമായ കുട്ടികളെ കണ്ടപ്പോൾ അവർക്കുവേണ്ടിയും ഒരു മന്ദിരം തുടങ്ങാൻ വേണ്ടതെല്ലാം ചെയ്തശേഷമാണ് മദർ മടങ്ങിയത്.

ജോൺപോൾ രണ്ടാമൻ മാർപാപ്പ മദർ തെരേസയെ ഒരു വിശുദ്ധയായിത്തന്നെയാണു കണ്ടത്. പല കാര്യങ്ങൾക്കും മദർ മാർപാപ്പയുടെ ഉപദേശം തേടിയിരുന്നു. ഭസ്വാതന്ത്ര്യം അർധരാത്രിയിൽ, ഭഈസ് പാരീസ് ബേർണിംഗ്’ എന്നീ ഗ്രന്ഥങ്ങളുടെ കർത്താക്കളിൽ ഒരാളും സിറ്റി ഓഫ് ജോയ് എന്ന നോവലിന്റെ കർത്താവുമായ ഡൊമിനിക് ലാപിയർ മദർ തെരേസയെക്കുറിച്ച് ഒരു സിനിമ നിർമിക്കാൻ ആഗ്രഹിച്ചപ്പോൾ മദറിനെ അതിനു പ്രേരിപ്പിക്കാൻ അദ്ദേഹം സമീപിച്ചതു ജോൺപോൾ മാർപാപ്പയെയാണ്. മദറിന്റെ റോളിലേക്കു ലാപിയർ ഉദ്ദേശിച്ചത് ബ്രിട്ടീഷ് നടിയും എംപിയുമായ ഗ്ലെൻഡ ജാക്സണെയായിരുന്നു. മാർപാപ്പയുടെ പ്രോത്സാഹനമുണ്ടായിട്ടും അങ്ങനെയൊരു സിനിമയോടു സഹകരിക്കാൻ മദർ തയാറായില്ല. അതുകൊണ്ടുതന്നെ ആ സിനിമ നിർമിക്കപ്പെട്ടുമില്ല.
തന്റെ ആരോഗ്യം മോശമായതിനാൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്‌ഥാനത്തുനിന്നു വിരമിക്കാൻ ആഗ്രഹിക്കുന്നതായി 1990ൽ മദർ മാർപാപ്പയെ അറിയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭരണഘടന അനുശാസിക്കുന്നത്, സുപ്പീരിയർ ജനറലിനു നാൽപതു വയസിൽ കുറയാതെ പ്രായമുണ്ടായിരിക്കണമെന്നും അന്തിമ വ്രതവാഗ്ദാനം നടത്തി പത്തുവർഷം പൂർത്തിയാക്കിയിരിക്കണമെന്നുമാണ്. സുപ്പീരിയർ ജനറലിന്റെ കാലാവധി ആറുവർഷമാണ്. ആവശ്യമെങ്കിൽ രണ്ടാമതും ആ സ്‌ഥാനത്തേക്ക് ഒരാളെത്തന്നെ തെരഞ്ഞെടുക്കാം. എന്നാൽ, തുടർച്ചയായി രണ്ടിൽ കൂടുതൽ തവണ ഈ പദവിയിലേക്ക് ഒരാളെ തെരഞ്ഞെടുത്തുകൂടാ. എന്നാൽ, മദർ തെരേസയുടെ കാര്യത്തിൽ ഈ വ്യവസ്‌ഥ റദ്ദുചെയ്യുകയാണു ചെയ്തത്.

ആരോഗ്യപ്രശ്നങ്ങളാൽ സ്‌ഥാനമൊഴിയാൻ താത്പര്യപ്പെടുന്നതായി മദർ അറിയിച്ചതിനെത്തുടർന്നു പുതിയ സുപ്പീരിയർ ജനറലിനായി തെരഞ്ഞെടുപ്പു നടത്താൻ വത്തിക്കാൻ കൽക്കട്ട ആർച്ച്ബിഷപ്പിനെ നിയോഗിച്ചു. ആർച്ച്ബിഷപ് തന്റെ പ്രതിനിധിയായി മോൺ.ഫ്രാൻസിസ് ഗോമസിനെ ആ ചുമതല ഏൽപിച്ചു. രഹസ്യബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചുമണിക്കൂർ ദീർഘിച്ച വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ, മദർ തെരേസ തന്നെ വീണ്ടും സുപ്പീരിയർ ജനറൽ.
“ദൈവത്തിന്റെ ഹിതം അങ്ങനെയെങ്കിൽ ആവട്ടെ. എന്നായിരുന്നു മദറിന്റെ പ്രതികരണം. ഇത്രവലിയൊരു സന്യാസിനീസഭയുടെ ഉത്തരവാദിത്വത്തിൽനിന്ന്, അനേകം രാജ്യങ്ങളിൽ യാത്രകൾ നടത്താനുള്ള ഭാരത്തിൽനിന്നു മദറിനു വിടുതൽ നൽകാൻ സഭയുടെ അദൃശ്യനായകൻ അനുവദിക്കുന്നില്ല.

(തുടരും)

ജോൺ ആന്റണി