നന്മമരത്തിന് 25 വയസ്
ഒന്നുമില്ലായ്മയിൽനിന്നും നാമ്പെടുത്ത നന്മയുടെ പൂമരം വളർന്നു പന്തലിച്ച് പതിനായിരങ്ങൾക്ക് ആശ്രയവും അത്താണിയുമായി. അതിന്റെ ചില്ലകളിൽ ചേക്കേറിയതു കോടിക്കണക്കിനു മനുഷ്യർ. പൂമരം പുറപ്പെടുവിച്ച ആത്മീയ സുഗന്ധം നുകരാൻ രണ്ടു കോടിയിലധികംപേർ ഇതിനകം വന്നണഞ്ഞു; മറ്റൊരു ലോകാദ്ഭുതമായി ഡിവൈൻ.

ഇപ്പോഴും അണിമുറിയാത്ത പ്രവാഹംപോലെ പ്രതിവാരം പതിനായിരങ്ങൾ ഇവിടെ ഒഴുകിയെത്തുന്നു.., കാല ദേശ ഭാഷാ വ്യത്യാസങ്ങൾ കൂടാതെ... ഒരു ധ്യാനകേന്ദ്രത്തിനായി രാജ്യചരിത്രത്തിലാദ്യമായി ഒരു റെയിൽവേ സ്റ്റേഷൻ വരെ സ്‌ഥാപിക്കപ്പെട്ടു.

ജീവിതപരിവർത്തനത്തിനു പുത്തൻഭാഷ്യം ചമച്ച മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് 25 വയസ്. രജതജൂബിലി പിന്നിടുന്ന ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രത്തിന്റെ ഉത്ഭവവും വളർച്ചയും വിസ്മയകരം തന്നെ.

പോപ്പുലർ മിഷനിൽനിന്നു തുടക്കം

വിൻസെൻഷ്യൻ സഭയുടെ പ്രചുരപ്രചാരം നേടിയ ഒരു ധ്യാന രീതിയായിരുന്നു പോപ്പുലർ മിഷൻ. ഒരിടവകയിൽ നാലോ അഞ്ചോ കേന്ദ്രങ്ങളിലായി രാവിലെയും വൈകിട്ടും മൂന്നു മണിക്കൂർ വീതം കൺവൻഷൻ. ഇത്തരത്തിൽ മാസത്തിൽ രണ്ടുവീതം ഒരുപാടു ധ്യാനങ്ങൾ. സ്‌ഥിരം ടീം അംഗങ്ങളായിരുന്നു ഞാനും മാത്യു നായ്ക്കംപറമ്പിലച്ചനും: ധ്യാനകേന്ദ്രത്തിന്റെ പ്രാരംഭകരിൽ ഒരാളായ ജോർജ് പനയ്ക്കലച്ചൻ പറഞ്ഞുതുടങ്ങി.

ഇത്തരത്തിൽ ധ്യാനത്തിൽ പങ്കെടുക്കുന്നവരിൽ പലർക്കും ഫോളോഅപ്പ് വേണമെന്ന് വിൻസെൻഷ്യൻ സന്യാസസഭയുടെ ജനറാൾ ഫാ. ജോർജ് കമ്മട്ടിലിനു മനസിലായി. അങ്ങനെയാണ് 1978–ൽ പോട്ടയിൽ ഒരു കൊച്ചു വിൻസെൻഷ്യൻ ഭവനം തുടങ്ങുന്നത്.

പോപ്പുലർ മിഷൻ ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ഫോളോഅപ്പ് എന്ന രീതിയിൽ കൗൺസലിംഗ് കൊടുക്കുകയായിരുന്നു ആദ്യ പരിപാടി. നായ്ക്കംപറമ്പിലച്ചൻ കൗൺസലിംഗ് നല്കും. തുടർന്നു പ്രാർഥിക്കും. വരുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. അപ്പോൾ ഞാനും അതു തുടർന്നു. പലർക്കും പൊതുവായ നിർദേശം നൽകണമെന്നതിനാൽ അവരെ ഒരുമിച്ചിരുത്തി അരമുക്കാൽ മണിക്കൂറോളം സംസാരിച്ചു. ഇതു പിന്നീട് ഒന്നര മണിക്കൂർ വചനപ്രഘോഷണവും പിന്നെ മുഴുദിന വചനപ്രഘോഷണവുമായി. 1987 ജനുവരി ഒന്നിനാണ് ശുശ്രൂഷ ആരംഭിച്ചത്.

ആശുപത്രി ‘ഡിവൈൻ’ ആയ കഥ

പോട്ട ആശ്രമം 60 പേർക്കു താമസിച്ചു ധ്യാനിക്കാവുന്ന ഒരു കൊച്ചു സെന്ററായി. പക്ഷേ, അനേകർക്കു താമസിച്ചു ധ്യാനിക്കാനൊരിടം വേണമെന്ന ആഗ്രഹത്തിൽ അതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോഴാണു മുരിങ്ങൂരിൽ ആരംഭിച്ച ‘ഡിവൈൻ ഹോസ്പിറ്റൽ’ പൂട്ടിയതും ഓഹരിയുടമകൾ തമ്മിൽ വില്പനയെചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായതും. ഓഹരിയുടമകൾ തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തെ കണ്ട് ഹോസ്പിറ്റൽ വില്ക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഹോസ്പിറ്റലിനായി കനറാ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തതു പലിശസഹിതം 27 ലക്ഷം രൂപയായിരുന്നു. ജപ്തിനടപടികളിലേക്കും നീങ്ങുകയായിരുന്നു.

ഞാൻ കുണ്ടുകുളം പിതാവിനെ ഏറെ പരിചയമുള്ള തൃശൂർ ബിഷപ്സ് ഹൗസിനടുത്തു താമസിക്കുന്ന ഷെവലിയർ എൻ.എ. ഔസേപ്പ് സാറിന്റെ അടുത്തുചെന്നു കാര്യം ധരിപ്പിച്ചു. രാത്രി ഒമ്പതുമണി കഴിഞ്ഞിരുന്നു. എങ്കിലും നമുക്ക് ഇപ്പോൾതന്നെ പോകാമെന്നു പറഞ്ഞ് സാറും ഞാനും ബിഷപ്സ് ഹൗസിലെത്തി. കാര്യം പറഞ്ഞു. എന്നാൽ, രണ്ടുദിവസം മുമ്പ് ആരാധനാമഠത്തിന്റെ എറണാകുളം പ്രോവിൻസിന് ആശുപത്രി 33 ലക്ഷത്തിനു നല്കിയെന്നും ഇനി അവർ വേണ്ടെന്നുവച്ചാൽ മാത്രമേ അതു ലഭിക്കാനിടയുള്ളൂവെന്നും മാർ കുണ്ടുകുളം അറിയിച്ചു. അല്പം വേദനയോടെ ഞാൻ മടങ്ങിയെത്തി നായ്ക്കംപറമ്പിലച്ചനോടു കാര്യം പറഞ്ഞു. പക്ഷേ, അച്ചൻ പറഞ്ഞു: ‘ദൈവം ഒരു സന്ദേശം തന്നിട്ടുണ്ടെങ്കിൽ അതു മാറില്ല. അതു നമ്മുടെ കൈയിൽതന്നെ വരും.’

അദ്ഭുതം കാത്തിരിപ്പുണ്ടായിരുന്നു

പിറ്റേന്നു കനറാ ബാങ്കുകാർ കുണ്ടുകുളം പിതാവിനെ വിളിച്ചു, ‘തിരുമേനി മുരിങ്ങൂർ ഡിവൈൻ ഹോസ്പിറ്റലിനുവേണ്ടി വൺടൈം സെറ്റിൽമെന്റിനായി അപേക്ഷ വച്ചിരുന്നില്ലേ. അതു 18 ലക്ഷത്തിന് നടക്കില്ല. 20 ലക്ഷം തന്നാൽ സെറ്റിൽ ചെയ്യാമെന്നാണ് ഉന്നതതലയോഗ തീരുമാനം. മറുപടി രണ്ടു ദിവസത്തിനകം തരണം. അല്ലെങ്കിൽ ഞങ്ങൾ ജപ്തിനടപടിയുമായി മുന്നോട്ടുപോകും’.

മാർ കുണ്ടുകുളം ആരാധനാമഠത്തിന്റെ എറണാകുളം പ്രോവിൻസിലേക്കു വിളിച്ചു: 33 ലക്ഷത്തിനു കച്ചവടം നടക്കില്ല. 35 ലക്ഷം വേണം. ആ സമയം പ്രൊവിൻഷ്യൽ വടക്കേ ഇന്ത്യയിലെ അവരുടെ മഠങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനത്തിനു പുറപ്പെട്ടിരുന്നു. മൊബൈൽ ഇല്ലാത്ത കാലം. പ്രൊവിൻഷ്യലിനെ ബന്ധപ്പെടാൻ സാധിച്ചില്ല. കച്ചവടം മുടങ്ങി. ഉടൻ ബിഷപ് പോട്ടയിലേക്ക് ആളെ അയച്ചു. ഹോസ്പിറ്റൽ ഞങ്ങൾക്കു ലഭിച്ചു. അന്നത്തെ ഹോസ്പിറ്റൽ ഓഹരിയുടമകളും മറ്റും വളരെ കാര്യമായി സഹകരിച്ചതുകൊണ്ടാണ് അതു സാധ്യമായത്.

താമസസ്‌ഥലമായി ഹോസ്പിറ്റലിനെ മാറ്റി; 800 പേർക്കു ധ്യാനിക്കാവുന്ന ഓലകൊണ്ടുള്ള ഒരു ഓഡിറ്റോറിയം ഉണ്ടാക്കി. 1991 ഡിസംബർ എട്ടിന് മാതാവിന്റെ തിരുനാൾ ദിനത്തിൽ കന്യാസ്ത്രീകൾക്കുള്ള ധ്യാനത്തോടെ ഡിവൈൻ ധ്യാനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഞങ്ങൾ രണ്ടുപേർക്കും പുറമേ ജോൺ എഫ്. ചെറിയവിളി അച്ചനും സഹായിക്കാനുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ എല്ലാ ആഴ്ചയിലും ധ്യാനം നടക്കുന്നു; ഒരാഴ്ചപോലും മുടങ്ങാതെ!!!

പരിപാലനയുടെ തണലിൽ

താമസിച്ചുള്ള ധ്യാനം ആരംഭിച്ചതോടെ രാജ്യത്തെ നാനാഭാഗത്തുനിന്നും ആളുകൾ മുരിങ്ങൂരിലേക്കൊഴുകാൻ തുടങ്ങി. കരിസ്മാറ്റിക് പ്രസ്‌ഥാനം കേരളത്തിൽ വളർന്നു പടർന്നു പന്തലിച്ചു. വിവിധ ദേശക്കാരും ഭാഷക്കാരും തങ്ങളുടെ ഭാഷകളിൽ ധ്യാനം കേൾക്കാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ചു. അങ്ങനെ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, കൊങ്കിണി എന്നിങ്ങനെ ഏഴു ഭാഷകളിൽ ധ്യാനം.
ഇരുപത്തിരണ്ടായിരത്തിലധികം പേർ ഒരാഴ്ച ധ്യാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജീവിത പരിവർത്തനകേന്ദ്രമായി ഡിവൈൻ മാറി. തീഹാർ ജയിലിൽ നിന്നുവരെ മനഃപരിവർത്തനം തേടി ഇവിടെ ആളുകളെത്തി; സർക്കാരിന്റെ അനുമതിയോടെ.

ധ്യാനിക്കാനെത്തുന്നവർക്കുവേണ്ട ഭക്ഷണം, അതിനായി ഡെയറി ഫാം, താമസം, കുടിവെള്ളം, വിവിധ ഭാഷകളിലെ വചനപ്രഘോഷകർ, ശുശ്രൂഷകർ, പ്രേഷിതർ എന്തിന് ഡിവൈൻ റെയിൽവേ സ്റ്റേഷൻവരെ അദ്ഭുതകരമായ പരിപാലനയിലൂടെ ദൈവം ഒരുക്കി.

മനപ്പറമ്പ് വാങ്ങിത്തന്ന ‘കോടീശ്വരൻ’

1992–ലെ ഒരു ശനിയാഴ്ച ധ്യാനം കഴിഞ്ഞ് ഒരു മധ്യവയസ്കൻ എന്നെ കാണാൻ മുറിയിലെത്തി. അമേരിക്കയിലെ വൻ വ്യവസായിയാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ധ്യാനമെല്ലാം ഇഷ്‌ടപ്പെട്ടെങ്കിലും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നായിരുന്നു ഡിമാൻഡ്. എന്തു സഹായവും ചെയ്യാമെന്നും വാഗ്ദാനം. ഒരുപാടുപേർ കാണാൻ നിൽക്കുന്നതിനാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വന്നാൽ വിശദമായി സംസാരിക്കാമെന്നുപറഞ്ഞ് അയാളെ യാത്രയാക്കി.

ബുധനാഴ്ച അദ്ദേഹം വന്നു. അടുത്തു സ്‌ഥലം വല്ലതും കിട്ടാനുണ്ടോയെന്നു ചോദിച്ചു. നാഷണൽ ഹൈവേയോടു ചേർന്നുകിടക്കുന്ന ഒമ്പതേക്കർ മനപ്പറമ്പ് വിൽക്കാനുള്ളതാണെന്നു ഞാൻ പറഞ്ഞു. എങ്കിൽ, ഒന്നു പോയി കണ്ടാലോയെന്നായി അദ്ദേഹം. ഞാൻ നായ്ക്കംപറമ്പിലച്ചനോട് പറഞ്ഞു. പ്രാർഥിച്ചശേഷം ‘അച്ചൻ പോയി വാ’ എന്നു നായ്ക്കംപറമ്പിലച്ചൻ. ഞങ്ങൾ മാളിയേക്കൽ പാവുണ്ണിയേയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ പോയി സ്‌ഥലം കണ്ടു. പുഴയുടെ തീരം, കോടീശ്വരനു സ്‌ഥലം നന്നേ ഇഷ്‌ടപ്പെട്ടു. നേരെ നമ്പൂതിരിയുടെ വീട്ടിലേക്ക്. ‘മനപ്പറമ്പ് വിൽക്കുന്നുണ്ടോ...’ കോടീശ്വരൻ ചോദിച്ചു. ‘ഉവ്വ്’. ‘30 ലക്ഷം വിലതരും’. നമ്പൂതിരി സമ്മതിച്ചില്ല. 31, ഇല്ല. 32, 33....... 38 ലക്ഷം വരെയായി. എന്നിട്ടും നമ്പൂതിരി സമ്മതിക്കാതായപ്പോൾ ഞാൻ പറഞ്ഞു: 38 ലക്ഷത്തിനും തരില്ലെങ്കിൽ നമുക്കതു വേണ്ട.

ഞങ്ങൾ കാറിൽകയറി തിരികെ പോരാൻ തുടങ്ങി; 50 മീറ്റർ പിന്നിട്ടപ്പോൾ അയാൾ പറഞ്ഞു: ‘ഞാൻ ഇന്നേവരെ ഒരു കാര്യം ഉദ്ദേശിച്ചിട്ടു നടത്താതിരുന്നിട്ടില്ല. പോക്കറ്റിൽ പൈസയുണ്ടോ’. പാവുണ്ണി പറഞ്ഞു: ‘നൂറു രൂപയുണ്ട്’. വണ്ടി തിരിക്ക്. ഞങ്ങൾ നമ്പൂതിരിയുടെ അടുത്തെത്തി. 39 ലക്ഷത്തിനു നമ്പൂതിരി സമ്മതിച്ചു. പാവുണ്ണി കൊടുത്ത നൂറു രൂപയും അയാളുടെ കൈയിൽനിന്ന് ഒരു രൂപയും കൂട്ടി 101 രൂപ അച്ചാരം കൊടുത്തിട്ട് കോടീശ്വരൻ പറഞ്ഞു: 10 ദിവസത്തിനകം 15 ലക്ഷം രൂപ ഞാൻ ഇവരുടെ കൈയിൽ കൊടുത്തുവിടും. ബാക്കി 24 ലക്ഷം 15 ദിവസത്തിനകം തരും. അന്നുതന്നെ തീറ് നടത്തണം.’ നമ്പൂതിരി സമ്മതിച്ചു. എന്നോടു പറഞ്ഞു: ‘അച്ചൻ സ്‌ഥലത്തിന്റെ പ്രമാണങ്ങളെടുത്ത് ലീഗൽ റിപ്പോർട്ട് വാങ്ങിവയ്ക്കണം. പൈസ ഞാൻ ഇവിടെ എത്തിക്കും. എന്നെ വിളിച്ചാൽ ചിലപ്പോൾ കിട്ടില്ല. വോയ്സ് കോളിലേക്കു പോകും. പക്ഷേ, തിരക്കൊഴിയുമ്പോൾ ഞാൻ തിരിച്ചുവിളിക്കും’. വിദേശത്തുള്ള അദ്ദേഹത്തിന്റെ മൂന്നു ഫോൺ നമ്പർ കൂടി തന്നു. അന്നു വേണാട് എക്സ്പ്രസിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽനിന്നും പാവുണ്ണി കയറ്റിവിട്ട കോടീശ്വരനെ പിന്നെ ഇതുവരെ കണ്ടിട്ടേയില്ല!

‘കോടീശ്വരൻ’ വന്നുപോയതോടെ മനപ്പറമ്പ് ഡിവൈൻകാർ വാങ്ങിയെന്നു നാട്ടിലാകെ പാട്ടായി. ഒന്നരമാസം കഴിഞ്ഞപ്പോൾ നമ്പൂതിരി പാവുണ്ണിയെയും ഞങ്ങളുടെ സർവസഹായിയായ ജോർജിനെയും വന്നു കണ്ടു. എത്രയും പെട്ടെന്ന് ആധാരം ചെയ്യണമെന്നാവശ്യപ്പെട്ടു. കാശൊന്നും കൈയിലില്ല. പറമ്പുവാങ്ങിത്തരാമെന്നു പറഞ്ഞ എൻആർഐയെക്കുറിച്ച് യാതൊരു വിവരവുമില്ല. വിളിച്ചിട്ടു കിട്ടുന്നുമില്ല. പക്ഷേ, നമ്പൂതിരി ഇടയ്ക്കിടെ ഞങ്ങളെ സമീപിച്ചുകൊണ്ടിരുന്നു. ഒടുവിൽ സമ്മർദം സഹിക്കാതെ വന്നപ്പോൾ ഞാൻ പറഞ്ഞു: തത്കാലം അഞ്ചുലക്ഷം തരും. ബാക്കി പത്തുമാസംകൊണ്ട് വീട്ടാം. നമ്പൂതിരിക്കു സമ്മതം.

അങ്ങനെയാണ് മനപ്പറമ്പ് ഡിവൈനു സ്വന്തമായത്, ഇന്ന് ഇംഗ്ലീഷ് വിഭാഗം, ഗുഡ്നസ് ടിവി, മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, പ്രസ് തുടങ്ങിയവയെല്ലാം അവിടെയാണ്’, ഇപ്പോൾ ഇംഗ്ലണ്ടിൽ ധ്യാനകേന്ദ്രം ഡയറക്ടറായ ഫാ. പനയ്ക്കൽ പറഞ്ഞു.

പുനരധിവാസകേന്ദ്രങ്ങൾ

മനുഷ്യന് ഏതെല്ലാം വിധ ദുരിതങ്ങളുണ്ടോ, അതിന്റെയെല്ലാം കൊച്ചുപതിപ്പ് ഡിവൈനു ചുറ്റുമുണ്ട്. അവരുടെ കൂട്ടായ്മ കൂടിയാണ് ഇന്നത്തെ ഡിവൈൻ. മദ്യപാനികൾ സമൂഹത്തിലെ വലിയൊരു പ്രശ്നമാണെന്നു ബോധ്യപ്പെട്ടപ്പോൾ ഡി അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററും റിഹാബിലിറ്റേഷൻ സെന്റ റും തുടങ്ങി. എയ്ഡ്സ് രോഗികളെ സമൂഹവും വീട്ടുകാരും ബഹിഷ്കരിക്കുന്നുവെന്നും അവർക്കു പോകാനിടമില്ലെന്നും മനസിലായപ്പോൾ എയ്ഡ്സ് സെന്റർ തുടങ്ങി. അഗതിമന്ദിരം, ശിശുമന്ദിരം, വൃദ്ധമന്ദിരം തുടങ്ങി വിവിധ സെന്ററുകൾ ഡിവൈനു ചുറ്റും പ്രവർത്തിക്കുന്നു.

ലോകത്തിന്റെ അതിർത്തികൾ വരെ

ലോകത്തിന്റെ അതിർത്തികൾവരെ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കു കടന്നുചെന്ന് അവരുടെ ദുഃഖമകറ്റുക, സന്തോഷംകൊണ്ടും സ്നേഹംകൊണ്ടും നിറയ്ക്കുക – ഇവയാണ് ഡിവൈന്റെയും തന്റേയും ദൗത്യമെന്നു പ്രാരംഭകൻ കൂടിയായ ഫാ. മാത്യു നായ്ക്കംപറമ്പിൽ പറഞ്ഞു.

‘ലോകത്തിലെ 740 കോടി ജനങ്ങൾക്കുവേണ്ടി ഞാൻ എന്നും പ്രാർഥിക്കുന്നുണ്ട്.അഞ്ചു വൻകരകളിലായി ഇപ്പോൾ വിൻസെൻഷ്യൻ സഭയുടെ 47 ധ്യാനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ചൈനയിലൊഴികെ ലോകത്തെ മിക്ക രാജ്യങ്ങളിലും വചനപ്രഘോഷണം നടത്താൻ ദൈവം അവസരമൊരുക്കി. ചൈനയിൽ പോയെങ്കിലും അതിനു സാധിച്ചില്ല. കൊറിയയിൽ വലിയ കൺവൻഷൻ നടത്തി. അടുത്ത വർഷവും വിളിച്ചിട്ടുണ്ട്. ദൈവത്തിന്റെ കരുണയാണ് ഈ തെരഞ്ഞെടുപ്പ്. അല്ലാതെ, എന്റെയോ പനയ്ക്കലച്ചന്റെയോ മറ്റാരുടെയും കഴിവല്ല. പാക്കിസ്‌ഥാൻപോലുള്ള രാജ്യങ്ങളിലും കമ്യൂണിസ്റ്റ് രാഷ്ര്‌ടങ്ങളിലുമെല്ലാം കടന്നുചെല്ലുമ്പോൾ ഭയമില്ലേയെന്നു പലരും ചോദിക്കാറുണ്ട്. ദൈവം കൂടെയുള്ളപ്പോൾ പിന്നെ എന്തിനാണു ഭയം. കൂടാതെ, പനിപിടിച്ചു മരിക്കുന്നതിനേക്കാൾ നല്ലതു രക്‌തസാക്ഷിയായി മരിക്കുന്നതല്ലേ’, അമേരിക്കയിൽ മുപ്പത്തൊന്നാമത്തെ വചനപ്രഘോഷണം കഴിഞ്ഞു മടങ്ങിയെത്തിയ ഫാ. മാത്യു നായ്ക്കംപറമ്പിൽ പറഞ്ഞുനിർത്തി.

സെബി മാളിയേക്കൽ