ചോദിക്കാം, കൊടുക്കാം...മാപ്പ്
കൊറിയയെ ആക്രമിച്ചു കീഴടക്കുവാൻ 1592–ൽ ജപ്പാൻ ഒരു ശ്രമം നടത്തുകയുണ്ടായി. രാജഭരണം നിലനിന്നിരുന്ന കൊറിയയ്ക്കെതിരായി ചില സ്‌ഥലങ്ങളിൽ ജപ്പാൻ വിജയം നേടിയെങ്കിലും കൊറിയയെ പൂർണമായി കീഴടക്കുവാൻ അന്നു സാധിച്ചില്ല. എന്നുമാത്രമല്ല, 1598–ൽ ജപ്പാൻകാരെ കൊറിയക്കാർ തങ്ങളുടെ രാജ്യത്തുനിന്നു പൂർണമായും തിരിച്ചോടിക്കുകയും ചെയ്തു.

കൊറിയയെ കീഴടക്കുവാൻ ജപ്പാൻ പിന്നീട് ശ്രമിച്ചത് 1910–ൽ ആയിരുന്നു. അത്തവണ ജപ്പാൻ വിജയിച്ചു എന്നുമാത്രമല്ല, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ കൊറിയയെ ജപ്പാൻ അടിച്ചമർത്തി ഭരിക്കുകയും ചെയ്തു. മുപ്പത്തിയഞ്ചു വർഷം നീണ്ടുനിന്ന ആ ഭരണത്തിന്റെ അവസരത്തിൽ ജപ്പാൻ ആദ്യം ചെയ്ത കാര്യങ്ങളിലൊന്നു മതപീഡനമായിരുന്നു. കൊറിയയിൽനിന്നു ക്രൈസ്തവ വിശ്വാസം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പള്ളികളും പ്രാർഥനാലയങ്ങളുമെല്ലാം പൂട്ടി. പരസ്യമായി ആരാധന നടത്തുന്നത് അധികാരികൾ വിലക്കുകയും ചെയ്തു.
ആരാധന സംബന്ധിച്ച് അധികാരികളുടെ വിലക്കുണ്ടായിട്ടും ഒരു പള്ളി തുറന്നുകിട്ടുന്നതിനുവേണ്ടി ആ പള്ളിയുടെ പാസ്റ്റർ നിരന്തരം അധികാരികളോട് അഭ്യർഥിച്ചുകൊണ്ടിരുന്നു. അദ്ദേഹം പലതവണ ചെന്നു പോലീസ് അധികാരിയെ ശല്യപ്പെടുത്തിയപ്പോൾ ഒരു ദിവസത്തേക്കു മാത്രമായി പള്ളി തുറന്നുകൊടുക്കുവാൻ പോലീസ് അധികാരി സമ്മതിച്ചു.

ഒരു പള്ളിയിൽ ആരാധന നടത്തുവാൻ അനുവാദം ലഭിച്ചു എന്നറിഞ്ഞപ്പോൾ ധാരാളം ആളുകൾ അവിടെ ഓടിക്കൂടി. അവർ സന്തോഷത്തോടെ കൂട്ടമായി പ്രാർഥിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഈ സമയത്തു പള്ളിയുടെ വാതിലുകളെല്ലാം പോലീസ് പുറത്തുനിന്നു പൂട്ടി. തടികൊണ്ടുനിർമിച്ച ദേവാലയമായിരുന്നു അത്.

വിശ്വാസികൾ അകത്ത് ആരാധന തുടരുമ്പോൾ പോലീസ് മണ്ണെണ്ണ ഒഴിച്ച് ദേവാലയത്തിനു തീവച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു മനസിലാക്കിയ ജനങ്ങളിൽ ചിലർ ജനലുകളിലൂടെ പുറത്തുചാടുവാൻ ശ്രമിച്ചു. അപ്പോൾ അവരെ കാത്തുനിന്നത് വെടിയുണ്ടകളായിരുന്നു.

ചുറ്റും അഗ്നി കത്തിപ്പടരുമ്പോൾ പുറത്തുകടക്കുവാൻ സാധിക്കാതിരുന്ന ജനങ്ങൾ തീയുടെയും പുകയുടെയും മധ്യേ തങ്ങളുടെ ഗാനങ്ങളും സ്തുതിഗീതികളും തുടർന്നു. അന്ന് ആ ദേവാലയത്തിൽ സമ്മേളിച്ചവരെല്ലാം ഒന്നുകിൽ അഗ്നിയിൽ കത്തിക്കരിഞ്ഞു, അല്ലെങ്കിൽ വെടിയുണ്ടയേറ്റു മരിച്ചു.

ജപ്പാന്റെ ആധിപത്യത്തിൽനിന്നു കൊറിയ മോചിതമായപ്പോൾ ഈ ദേവാലയത്തിൽ വച്ചു മൃഗീയമായി വധിക്കപ്പെട്ടവർക്കു വേണ്ടി ഒരു സ്മാരകം നിർമിക്കപ്പെട്ടു. ജപ്പാന്റെ ക്രൂരത അനുസ്മരിപ്പിക്കുന്ന ഒരു സ്മാരകമായി അതുമാറി. എന്നുമാത്രമല്ല ജപ്പാൻകാരോട് ഒരിക്കലും ക്ഷമിക്കുവാൻ പറ്റാത്ത രീതിയിലുള്ള വെറുപ്പും വിദ്വേഷവും കൊറിയയിലെ പുതിയ തലമുറയിൽപ്പോലും അതു സൃഷ്‌ടിക്കുകയും ചെയ്തു.

വർഷങ്ങൾ പലതു കടന്നുപോയി. അതിനിടയിൽ ജപ്പാനിൽനിന്ന് ഒരു സംഘം ടൂറിസ്റ്റുകൾ കൊറിയയിലെത്തി. അക്കൂട്ടത്തിൽ ക്രൈസ്തവരും ഉണ്ടായിരുന്നു. അവരുടെ യാത്രയ്ക്കിടയിൽ മുൻപ് ജപ്പാൻകാർ തീവച്ചു നശിപ്പിച്ച ദേവാലയം സ്‌ഥിതി ചെയ്തിരുന്ന സ്‌ഥലത്തു സ്‌ഥാപിച്ചിരുന്ന സ്മാരകം കാണാനിടയായി.

ജപ്പാനിൽനിന്നുള്ള സന്ദർശകർ ലജ്‌ജിച്ചു തലതാഴ്ത്തിയ അവസരമായിരുന്നു അത്. ജപ്പാൻ കൊറിയയെ ആക്രമിച്ചു കീഴടക്കി അവിടത്തെ ക്രൈസ്തവരെ അടിച്ചമർത്തിയ അവസരത്തിൽ ഈ സന്ദർശകരിലാരും ജനിച്ചിട്ടുപോലുമില്ലായിരുന്നു. എങ്കിലും തങ്ങളുടെ രാജ്യം ചെയ്ത കൊടുംക്രൂരതയ്ക്കു ചെറിയ ഒരു പരിഹാരമെങ്കിലും ചെയ്യാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് അവിടെ മരിച്ചു വീണവരുടെ ഓർമയ്ക്കായി ഒരു പള്ളി പണിതു കൊടുക്കുവാൻ അവർ തീരുമാനിച്ചത്.

ജപ്പാനിൽ മടങ്ങിയെത്തിയ അവർ വ്യാപകമായ തോതിൽ ഫണ്ട് പിരിച്ചു. ആ തുക കൊണ്ടു മനോഹരമായ ഒരു പള്ളി അവർ നിർമിച്ചു നൽകി. ആ ദേവാലയം ആശീർവദിക്കുന്ന അവസരത്തിൽ ജപ്പാനിൽനിന്നു വലിയൊരു സംഘം ആളുകൾ കൊറിയയിലെത്തി. അന്നത്തെ ആഘോഷങ്ങൾക്കിടയിൽ പഴയകാല സംഭവം അനുസ്മരിക്കപ്പെട്ടു. അവിടെ മരിച്ചുവീണവരുടെ ഓർമകൾ പുതുക്കി അവർക്കുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രാർഥിച്ചു.
അപ്പോഴും കൊറിയക്കാരുടെയും ജപ്പാൻകാരുടെയും ഇടയിൽ ഒരു അകൽച്ച നിലനിന്നിരുന്നു. കാരണം അതുവരെയും കൊറിയക്കാർക്ക് ജപ്പാൻകാരോടു പൂർണമായും ക്ഷമിക്കുവാൻ സാധിച്ചിട്ടില്ലായിരുന്നു. പരിപാടി സമാപിക്കാറായപ്പോൾ ഗായകസംഘം ഒരു ഗാനം ആലപിക്കുവാൻ തുടങ്ങി. ജപ്പാൻകാർ കൊറിയക്കാരെ ദേവാലയത്തിൽവച്ച് അഗ്നിക്കിരയാക്കിയപ്പോൾ ആ ദേവാലയത്തിലുണ്ടായിരുന്നവർ പാടിയ ഗാനമായിരുന്നു അത്.

ആ ഗാനം ആരംഭിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന ജപ്പാൻകാർ വിതുമ്പിക്കരയുവാൻ തുടങ്ങി. അവരുടെ പിതാക്കന്മാർ ചെയ്ത തിന്മയെക്കുറിച്ചോർത്തു പശ്ചാത്തപിച്ച് ഒഴുക്കിയ കണ്ണീരായിരുന്നു അത്. അതുകണ്ടപ്പോൾ കൊറിയക്കാരും കരയുവാൻ തുടങ്ങി. അവരുടെ കണ്ണീർ ജപ്പാൻകാരോടു ഹൃദയപൂർവം ക്ഷമിക്കുവാൻ സാധിച്ചതിന്റെ ഫലമായിരുന്നു. അങ്ങനെ അന്ന് ഒരു സംഘം ജപ്പാൻകാർ അനുതപിക്കുന്നതിന്റെയും ഒരു സംഘം കൊറിയക്കാർ ക്ഷമിക്കുന്നതിന്റെയും യഥാർഥ മാതൃകയായി മാറി. ലിറ്റിൽ ഹൗസ് ഓൺ ദി ഫ്രീവേ എന്ന പുസ്തകത്തിൽ റ്റിം കിമ്മൽ ആണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ ക്ഷമിക്കാവുന്നതിലും വലിയ കുറ്റമായിരുന്നു ജപ്പാൻകാർ കൊറിയക്കാരോടു ചെയ്തത്. എന്നാൽ, അതു ക്ഷമിക്കുവാനുള്ള ഹൃദയവിശാലത അവർ കാണിച്ചു. ഈ ഹൃദയവിശാലതയാണു നമുക്കും വേണ്ടത്. മറ്റുള്ളവർ അറിയാതെയും അറിഞ്ഞും പലപ്പോഴും നമ്മെ ദ്രോഹിച്ചെന്നിരിക്കും. അങ്ങനെയുള്ള അവസരത്തിൽ അവരോടു ക്ഷമിക്കുക എന്നതു നമ്മെ സംബന്ധിച്ചിടത്തോളം അസാധ്യം എന്നായിരിക്കും നമുക്കു തോന്നുക. എന്നുമാത്രമല്ല, അവരോടു വെറുപ്പും വിദ്വേഷവും നമ്മിൽ നുരഞ്ഞുപൊന്തുകയും ചെയ്യും.

എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ അവരോടു ക്ഷമിക്കുവാൻ സാധിച്ചാൽ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിജയം. ജപ്പാൻകാർ അവരുടെ കണ്ണീരിലൂടെ കൊറിയക്കാരോടു മാപ്പപേക്ഷിച്ചതുപോലെ മറ്റുള്ളവർ നമ്മോടു മാപ്പപേക്ഷിച്ചു എന്നു വരില്ല. എന്നാലും അവരോടു ക്ഷമിക്കുവാൻ നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ നമ്മോട് എപ്പോഴും കരുണ കാണിക്കുന്ന ദൈവത്തിന്റെ യഥാർഥ മക്കൾ നമ്മൾ ആയിത്തീരൂ.

മറ്റുള്ളവർ നമ്മെ ഉപദ്രവിക്കുന്നതിലേറെ ഒരുപക്ഷേ, നാം അവരെ ഉപദ്രവിക്കുന്നുണ്ടാകും. തന്മൂലം നാം അവരുടെ തെറ്റുകൾക്കു മാപ്പപേക്ഷിക്കുക എന്നതു വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ജപ്പാൻകാർ കണ്ണീരിലൂടെ അവരുടെ അനുതാപം വ്യക്‌തമാക്കിയതുപോലെ നാമും നമ്മുടെ അനുതാപം ശരിക്കും മറ്റുള്ളവർക്കു വ്യക്‌തമാക്കി കൊടുക്കണം. എങ്കിൽ മാത്രമേ അവർ നമ്മോടു ക്ഷമിക്കുന്നതിനുള്ള അർഹത നമുക്കുണ്ടാകൂ.

മറ്റുള്ളവരുടെ എല്ലാ തെറ്റുകളും നമുക്കവരോടു ക്ഷമിക്കാം. അതുപോലെ, നമ്മുടെ എല്ലാ തെറ്റുകൾക്കും നമുക്കു മാപ്പപേക്ഷിക്കുകയും ചെയ്യാം. അപ്പോൾ നമ്മുടെ ജീവിതം സമാധാനപൂർണമായി മാറും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ