വൃദ്ധനും ഹാർമോണിയവും
ഒട്ടുമറിയില്ല എങ്ങനെ പറഞ്ഞുതുടങ്ങണമെന്ന്... കേശവ് ലാൽ എന്നൊരു ഹാർമോണിയം വാദകൻ കല്യാൺജി–ആനന്ദ്ജി ദ്വയത്തിന്റെ ഓർക്കസ്ട്രയിൽ ഉണ്ടായിരുന്നെന്നോ... സാക്ഷാൽ ശാന്താറാം സിനിമയിലേക്കു കൈപിടിച്ചുനടത്തിയ പ്രതിഭയാണെന്നോ... വൈജയന്തിമാലയുടെ നാഗിൻ എന്ന പ്രശസ്തമായ സിനിമയുടെ ഭാഗമായിരുന്നെന്നോ.., ഒരുകാലത്ത് മുംബൈയിലെ ക്ലബുകളിലും പാർട്ടികളിലും സ്വരങ്ങൾകൊണ്ട് അയാൾ കേൾവിക്കാരെ ത്രസിപ്പിച്ചിരുന്നുവെന്നോ.. അതോ, ചുളിഞ്ഞുണങ്ങിയ തൊലിയുള്ള വിരലുകളമർത്തി അയാൾ പൂനെയിലെ തെരുവുകളിൽ ഹാർമോണിയം വായിച്ച്, പഴയ ഹിന്ദിപാട്ടുപാടി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നുവെന്നോ... ഭാര്യ കൈനീട്ടിവാങ്ങുന്ന നാണയത്തുട്ടുകൾ അവരുടെ വിശപ്പകറ്റാൻ വഴിയാകുന്നുവെന്നോ... ഇല്ല, ഒട്ടുമറിയില്ല.
‘ഈ വൃദ്ധന്റെ പാട്ടു കേട്ടുനോക്കൂ’ എന്ന തലക്കെട്ടുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. മെലിഞ്ഞുണങ്ങി, നരച്ചുവെളുത്ത താടിയും മീശയുമായി ഒരാൾ. ചുമലിൽ ഏതാനും തുണിസഞ്ചികൾ... ഹാർമോണിയവും ചുമലിൽ തൂങ്ങുന്നു. അയാളുടെ വിരലുകൾ ഹാർമോണിയത്തിൽ നൃത്തംവയ്ക്കുന്നത് അതിഗംഭീരമായാണ്. ശബ്ദം അത്ര കേൾവിസുഖം നൽകുന്നില്ലെങ്കിലും അയാളുടെ പാട്ട് ഏവരെയും പിടിച്ചുനിർത്തുന്നതാണ്... ജാനേ കഹാ ഗയേ വോ ദിൻ... ഒരുകുപ്പി വെള്ളവും ഒരു ഭാണ്ഡക്കെട്ടുമായി ഒപ്പമുള്ള സ്ത്രീ അയാളുടെ ഭാര്യയാണ്. പാട്ടുകേട്ട് ചുറ്റുംകൂടുന്നവർ അവരുടെ ഉള്ളംകൈയിൽ നാണയത്തുട്ടുകൾ വച്ചുകൊടുക്കുന്നുണ്ട്. ചിലപ്പോഴൊക്കെ പഴയ വസ്ത്രങ്ങളും...
തെരഞ്ഞുചെന്നപ്പോൾ അറിഞ്ഞു, അത് ഒരുകാലത്തെ അഗ്രഗണ്യനായ ഹാർമോണിയം വാദകൻ കേശവ് ലാൽ എന്ന എഴുപത്തഞ്ചുകാരനാണ്. സിനിമയിലും പാർട്ടികളിലും തിളങ്ങിനിന്നിരുന്നയാൾ. സിനിമ ജീവിതം കവരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വെറുംകൈയുമായി സ്റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോന്നയാൾ.
കേശവ് ലാൽ പറഞ്ഞുവച്ചിട്ടുണ്ട്: ‘‘സിനിമ എന്റെ ജീവിതം നശിപ്പിച്ചു. കിട്ടുന്ന കാശു മുഴുവൻ സിനിമ കാണാൻതന്നെ ചെലവാക്കി. സ്റ്റുഡിയോകളിൽ ഞാൻ ജോലിചെയ്യുമ്പോഴും കുടുംബം പട്ടിണിയിലായിരുന്നു. സിനിമാ സംഗീതരംഗം പാവപ്പെട്ടവർക്കുള്ളതല്ല. കുടുംബം നോക്കണമെന്ന് ആഗ്രഹമുള്ള എന്നെപ്പോലുള്ളവർക്ക് സിനിമ പറ്റില്ല’’.

ശ്രീലങ്കയിൽ ജനിച്ചവരാണ് കേശവ് ലാലിന്റെ മാതാപിതാക്കൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഏതോ സൈനികർക്കൊപ്പം ബോംബെയിലെത്തി. സംഗീതം മനസിലുണ്ടായിരുന്നവർ സ്വപ്നങ്ങളുടെ നഗരത്തിൽ കൂടുകൂട്ടി. സ്വരങ്ങൾ പകർന്നുകിട്ടിയ കേശവ് ലാൽ നഗരത്തിൽ ജോലിതേടി അലയാറുണ്ട്. ഒരിക്കൽ ഒരു ഞായറാഴ്ച, അന്ധേരിയിൽവച്ച് അയാളുടെ ഹാർമോണിയം വായന പ്രശസ്തനായ വി. ശാന്താറാം കാണാനിടയായി. തന്റെ അടുത്ത സിനിമയിൽ ഹാർമോണിയം വായിക്കാമോ എന്നായിരുന്നു ശാന്താറാമിന്റെ ചോദ്യം. അങ്ങനെയാണ് കേശവ് ലാൽ സിനിമയുടെ മായിക ലോകത്തെത്തിയത്. മുമ്പു പറഞ്ഞപോലെ സിനിമ ജീവിതത്തെ മോഷ്‌ടിച്ചുകൊണ്ടുപോകുന്നു എന്നു വ്യക്‌തമായതോടെ അദ്ദേഹം ഭാര്യ സോനം ബായിയോടൊപ്പം പൂനെയിലേക്ക് ഓടിരക്ഷപ്പെട്ടു. അന്ന് അദ്ദേഹത്തിനു നാല്പതുവയസ്. തെരുവുകളിൽ പാടിയും ഹാർമോണിയം വായിച്ചും ജീവിതം മുന്നോട്ടുനീക്കി. കോർപറേഷന്റെ ഒരു പാലത്തിനടിയിലായിരുന്നു താമസം. അവിടെയും അന്തിയുറങ്ങാനാവില്ല, ഇറങ്ങിപ്പോകണം എന്നു കോർപറേഷനിൽനിന്ന് അറിയിപ്പുകിട്ടിയപ്പോൾ പകച്ചിരുന്നിട്ടുണ്ട്.

ഒരിക്കൽ എവിടെയോവച്ച് ഹാർമോണിയം വായന ഏതോ നല്ലമനുഷ്യരുടെ ചെവികളിലെത്തി. അവർ പറഞ്ഞു, ഒരു സംഗീത പരിപാടി സംഘടിപ്പിക്കാം. അതിൽനിന്നു കിട്ടുന്ന പ്രതിഫലംകൊണ്ട് ഒരു ചെറിയ വീടുണ്ടാക്കാം. കേശവ് ലാൽ അതു സമ്മതിച്ചു. പ്രശസ്തമായ ദീനാനാഥ് മങ്കേഷ്കർ ഹാളിൽ നടത്തിയ സംഗീതപരിപാടി കേൾക്കാൻ അറുനൂറിലേറെ പേരെത്തി. അതിൽനിന്നു കിട്ടിയ തുകയും ഒരു സന്നദ്ധ സംഘടനക്കാരുടെ സഹായവുമായതോടെ ചേരിനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ഒരു ഒറ്റമുറി ഫ്ളാറ്റ് കേശവ് ലാലിനും ഭാര്യക്കും കിട്ടി. കൈയിൽ കുറച്ചു പണവുമുണ്ടായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം കഷ്‌ടപ്പാടു തീരില്ലായിരുന്നു. തെരുവിലെ ഈണങ്ങൾ അവരെ കൈവിട്ടില്ല.

കേശവ് ലാൽ പറഞ്ഞു– ‘‘കരയുന്ന കുട്ടിക്കേ പാലുള്ളൂ. സംഗീതം ആരും പഠിപ്പിച്ചുതന്നിട്ടില്ല. മത്സ്യക്കുഞ്ഞിനെ നീന്താൻ ആരും പഠിപ്പിക്കേണ്ടല്ലോ. ദൈവകൃപയാൽ, ഒരിക്കൽ കേട്ടാൽമതി, എനിക്കതു വായിക്കാൻ കഴിയും. ചെറുപ്പത്തിൽ പിതാവു വായിച്ചുകേട്ടത് ഇന്നും മറന്നിട്ടില്ല. പ്രായം ഇത്രയായിട്ടും എന്റെ വിരലുകൾക്ക് ഹാർമോണിയക്കട്ടകൾ അമർത്താനുള്ള ശക്‌തിയുണ്ട്. ഇത് ഭിക്ഷയെടുക്കൽ അല്ലെന്ന ഉറച്ച ബോധ്യമുണ്ട്. ഞാൻ എന്റെ ജോലിചെയ്താണ് ജീവിക്കുന്നത്. എല്ലായിടത്തും വിജയിക്കാൻ ഭാഗ്യംവേണം. ചിലപ്പോൾ കല്ല് വജ്രമാകും.., ചിലപ്പോൾ തിരിച്ചും. എനിക്കൊന്നും സമ്പാദിക്കാനായില്ല. എന്നാൽ സന്തോഷത്തോടെയാണ് ജീവിതം. സംഗീതം ശക്‌തിയോടെ കൂട്ടിനുണ്ട്. ആർക്കും ആശ്രയമില്ലാതെ ജീവിക്കാനാവില്ല. ഒരു ജീവനും രണ്ടു ഹൃദയങ്ങളുമാണ് ഞാനും ഭാര്യ സോനയും. ഒരുമിച്ചു മരിക്കണമെന്നാണ് ആഗ്രഹം. അല്ലെങ്കിലും ഞാൻ രാവിലെ മരിച്ചാൽ അവൾ രാത്രി മരിക്കും., അവൾ രാത്രി മരിച്ചാൽ ഞാൻ രാവിലെയും’’...
(രണ്ടു വർഷം മുമ്പ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഒരു ഡോക്യുമെന്ററിയിൽനിന്നാണ് കേശവ് ലാലിന്റെ വാക്കുകൾ. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയും തൃപ്തിയുമുണ്ടായിരുന്നു. ഭാര്യയുടെ മുഖവും ചിരികൊണ്ടു വിടർന്നിരുന്നു. അവർ കരിയിലകളിൽ ചവിട്ടിനടന്ന് പാട്ടുമൂളുന്നുണ്ടായിരുന്നു).

‘പൂനെയിൽ തണുപ്പ് പുതപ്പിനുള്ളിലും എത്തി.., 10 ഡിഗ്രിയാണ് ഇന്ന്’– പൂനെയിലുള്ള മലയാളി എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ധനുമായ ബോബൻ കൊള്ളന്നൂർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുമ്പോൾ കേശവ് ലാലിനെയും ഭാര്യയെയും ഓർമവരുന്നു. അദ്ദേഹത്തോടു ചോദിച്ചപ്പോൾ ഇങ്ങനെയൊരു സംഗീതകാരനെ അദ്ദേഹം അടുത്തകാലത്തൊന്നും അവിടത്തെ തെരുവുകളിൽ കണ്ടിട്ടില്ല. ഇപ്പോൾ എവിടെയാകും അവർ?.. ഞാൻ ശിവജി നഗറിലാണ്, ഇവിടത്തുകാരോട് അന്വേഷിച്ച് വിവരം അറിയാൻ ശ്രമിക്കാം എന്ന് ബോബൻ കൊള്ളന്നൂർ പറയുന്നത് പ്രതീക്ഷയുടെ ഈണത്തിലാണ്.

ഹരിപ്രസാദ്