ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത്
അതിജീവനം എന്ന പദത്തിനു സ്വന്തം ജീവിതം കൊണ്ടു പര്യായമെഴുതിയൊരു പെൺകുട്ടി നമുക്കിടയിലുണ്ട്. വിധി ഇരുകൈകളും നിഷേധിച്ചപ്പോൾ തളരാതെ, കാലുകളെ കരങ്ങളായി കണ്ടവൾ. നിരാശയുടെ നിശബ്ദതകളിൽ ഒളിക്കാതെ, നിറമുള്ള നാളെകളിലേക്ക് ആത്മവിശ്വാസത്തോടെ കാലൂന്നിയവൾ, ജിലുമോൾ മരിയറ്റ് തോമസ്.

കൈകളില്ലാതെ പിറന്നുവീണ ജിലു, ഇന്ന് അറിയപ്പെടുന്ന ഗ്രാഫിക് ഡിസൈനറാണ്. കൈകളില്ലാതെ എന്തു ഡിസൈനിംഗ് എന്നു ചോദിച്ചാൽ, ജിലു കാൽവിരലുകൾ കംപ്യൂട്ടറിന്റെ കീബോർഡിലേക്കും മൗസിലേക്കും ചടുലമായെത്തിക്കും. ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കി മനസിലെ ആശയങ്ങൾക്കു മോണിട്ടറിൽ മികവിന്റെ സാക്ഷാത്കാരം. ഗ്രാഫിക്സിന്റെ ലോകത്തു സമാനതകളേറെയില്ലാത്ത വൈഭവം പ്രകടമാക്കിയ ജിലു, ഈ രംഗത്തെ പ്രഫഷണലുകളെയും അതിശയിപ്പിക്കും.

നിലത്തെ പുസ്തകം

കരങ്ങൾ അന്യമായ തന്റെ ജീവിതത്തിൽ കാലുകളുടെ സാധ്യത ജിലു തിരിച്ചറിയുന്നതു മൂന്നാം വയസിൽ. നിമിത്തമായതു പിതൃമാതാവായ അന്നക്കുട്ടി. കാൽവിരലുകൾ ഉപയോഗിച്ച് അന്നക്കുട്ടി നിലത്തു കിടക്കുന്നൊരു പുസ്തകം മനോഹരമായി പൊതിയുന്ന കാഴ്ച ജിലുവിന്റെയുള്ളിൽ വെട്ടമായി.
പേപ്പറിന്റെ മടക്കുകൾ, അതിന്റെ വിന്യാസത്തിലെ കൃത്യത.... കൈകൾകൊണ്ടു പൊതിയും പോലെ തന്നെ. ഇതു തനിക്കും സാധിക്കുമെന്നു തിരിച്ചറിയാൻ, ജിലു കാത്തിരുന്നില്ല. അമ്മാമ്മ കാണിച്ചുതന്ന സാധ്യതകളിലേക്കു ജിലുവിന്റെ കാലുകളെത്തി.

മെഴ്സി ഹോമിലെ കളർ പെൻസിൽ

തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തേതാണു ജിലു. നാലാം വയസിൽ അമ്മയുടെ മരണം. ശേഷം ജിലുവിന്റെ ജീവിതം ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സന്യാസിനികൾ നടത്തുന്ന മെഴ്സി ഹോമിന്റെ സ്നേഹത്തണലിൽ. വരകളും വർണങ്ങളും ഇഷ്‌ടപ്പെട്ട ജിലുവിനു സന്യാസിനികൾ കളർപെൻസിലുകൾ നൽകി. അവർ ഒരുക്കിയ കാൻവാസുകളിൽ ജിലുമോൾ വരച്ചുകയറിയതു ജീവിതത്തിന്റെ നിറമുള്ള പടവുകൾ കൂടിയായിരുന്നു.

ചങ്ങനാശേരിയിലെ ജെഎം എൽപി, വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കി. പഠനകാലത്തുതന്നെ കാലുകൾകൊണ്ടു കംപ്യൂട്ടർ പരിശീലിച്ചു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉയർന്ന മാർക്കു നേടിയ ഈ മിടുക്കി, ചങ്ങനാശേരി മീഡിയ വില്ലേജിൽ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കി. ദിവസവും അമ്പതു ചിത്രങ്ങൾ, ഇവയ്ക്കു പുറമേ പ്രൊജക്ട് വർക്കുകൾ.. ആനിമേഷൻ പഠനത്തിന്റെ ആദ്യഘട്ടത്തിൽ വെല്ലുവിളികൾ ഏറെയായിരുന്നു. ദൈവത്തിൽ വിശ്വാസമർപ്പിച്ചു ആത്മവിശ്വാസത്തിന്റെ ചിറകിലേറി മുന്നോട്ടു കുതിക്കാൻ തന്നെയായിരുന്നു തീരുമാനം. ടു ഡി ആനിമേഷൻ ലാബ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ജിലുവിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടു. ആനിമേഷന്റെ അത്യാധുനിക സാങ്കേതികസംവിധാനങ്ങൾ ജിലുവിന്റെ കാൽവിരലുകളിൽ അനായാസം വഴങ്ങി.വിയാനിയിലെ താരം

2012ൽ കോഴ്സ് പൂർത്തിയാക്കിയശേഷം ഏതാനും സ്വകാര്യ സ്‌ഥാപനങ്ങളിൽ കംപ്യൂട്ടർ അനുബന്ധ ജോലികൾ ചെയ്തു. പൈങ്കുളം എസ്എച്ച് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായും പ്രവർത്തിച്ചു. ഡിസൈനിംഗ് രംഗത്തു സ്വന്തമായ കരിയർ രൂപപ്പെടുത്താനുള്ള സ്വപ്നം ജിലുവിനെ എത്തിച്ചത് എറണാകുളം–അങ്കമാലി അതിരൂപതയുടെ കീഴിൽ കൊച്ചിയിലുള്ള വിയാനി പ്രിന്റിംഗ്സിൽ. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണു ജിലുവിന്റെ അതുല്യമായ ആത്മവിശ്വാസവും പ്രതിഭയും സ്വപ്നങ്ങളും തിരിച്ചറിഞ്ഞു വിയാനിയിലേക്കു ചുവടുവച്ചത്.

ഇവിടത്തെ കംപ്യൂട്ടർ ടേബിൾ ജിലുവിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടു. കാൽവിരലുകൾകൊണ്ട് ഉപയോഗിക്കാനാവുന്ന തരത്തിലാണു കീബോർഡും മൗസും. മാഗസിനുകൾ, ബ്രോഷറുകൾ... ഡിസൈനിംഗ് മികവിന്റെ മുദ്രചാർത്തിയവ നിരവധി. ഡയറക്ടർ ഫാ. ഫ്രാൻസിസ് അരീയ്ക്കലിന്റെയും സഹപ്രവർത്തകരുടെയും പൂർണപിന്തുണയും ചേർന്നപ്പോൾ ജിലു ഹാപ്പി.

ജീവിതം പാഠം

ഇന്ന് അനേകർക്കു പ്രചോദനമാണു ജിലുവിന്റെ ജീവിതം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചോദനാത്മക ക്ലാസുകൾ നയിക്കാൻ ജിലു എത്തുന്നുണ്ട്. വലിയ തിയറികളൊന്നും ജിലുവിനു പറയാനില്ല. ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ നല്ല പാഠമായി മാറിയ തന്റെ ജീവിതം തന്നെയാണു ജിലുവിനു പങ്കുവയ്ക്കാനുള്ളത്.

കൈകളില്ലാത്തതിന്റെ പേരിൽ നിരുത്സാഹപ്പെടുത്തിയവരുമുണ്ടെന്നു ജിലു. അവരിൽനിന്നെല്ലാം ജീവിതത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ പഠിക്കാനായെന്നാണ് എന്റെ വിചാരം. ഒരു പക്ഷി മരത്തിന്റെ ചില്ലയിലിരിക്കുന്നത് അത് ഒടിഞ്ഞുവീഴില്ലെന്ന ആത്മവിശ്വാസത്തിലാണ്. ദൈവകരുണയുടെയും ആത്മവിശ്വാസത്തിന്റെയും കരുത്തിലാണ് എന്റെ യാത്ര. ആരോടും കലഹിക്കാതെ, എല്ലാവരോടും സ്നേഹത്തോടെ എന്നും ആയിരിക്കണമെന്നാണ് മനസിൽ – ജിലു പറയുന്നു.

ജിലുവിനെ കേൾക്കുന്നവരും അറിഞ്ഞവരും അടുത്തു പരിചയപ്പെടാൻ, അഭിനന്ദിക്കാൻ, ഓടിയെത്തും. അവരെയെല്ലാം നിറപുഞ്ചിരിയോടെ, വിനയത്തോടെ നാളെകളെക്കുറിച്ചു നല്ല സ്വപ്നങ്ങൾ കാണാൻ ജിലു പഠിപ്പിക്കും.

ഇനി ഡ്രൈവിംഗ് ലൈസൻസ്

കൈകളുടെ ജോലി കാലുകൾ കൃത്യമായി നിർവഹിക്കുമെന്നുറപ്പിച്ച ജിലുവിന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയാണ് അടുത്ത സ്വപ്നം. ഡ്രൈവിംഗ് പരീക്ഷിച്ചു നോക്കി, വിജയിച്ചു. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയവരെ അന്വേഷിക്കുകയാണ് ജിലു. അവരെ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ഉദ്യോഗസ്‌ഥരോടു ജിലു പറയും: ഈ കാലുകൾക്കു ഡ്രൈവിംഗും വഴങ്ങും. തീക്ഷ്ണമായ ഈ സ്വപ്നവും സാക്ഷാത്കരിക്കാനാകുമെന്നു ജിലുവിന്റെ പ്രതീക്ഷയുള്ള മുഖം അടയാളപ്പെടുത്തുന്നു.

കാൽപ്പെരുമ

മറ്റുള്ളവരുടെ കൈകളെത്തുന്നിടത്തെല്ലാം ജിലുവിന്റെ കാലുകളെത്തും. മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുസ്തകങ്ങൾ, നിത്യോപയോഗസാധനങ്ങൾ എന്നിവയുടെയെല്ലാം ഉപയോഗം നിഷ്പ്രയാസമാണ്. ജോലിസ്‌ഥലത്തുനിന്നു താമസസ്‌ഥലത്തേക്കു പോകുന്നതിനുള്ള ബസ് യാത്രയ്ക്കും കൈകളില്ലാത്തതു ജിലുവിനു തടസമല്ല.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണു ജിലുവിന്. കരയുമ്പോൾ കണ്ണീർ തുടയ്ക്കാൻ എന്തു ചെയ്യും എന്നു ജിലുവിനോടൊരു ചോദ്യം. ഞാൻ കരയാതിരിക്കാൻ നിങ്ങൾ നിറചിരിയായി മാറണമെന്നു മറുപടി.

സിജോ പൈനാടത്ത്
ചിത്രങ്ങൾ: ബ്രില്യൻ ചാൾസ്