മീനച്ചിൽ തീരത്തെ കാനാൻ സമൃദ്ധി
പള്ളി അങ്കണം കാനാൻദേശംപോലെ മനോഹരവും കായ്കനികളാൽ സമൃദ്ധവുമായിരിക്കണമെന്ന് അജപാലകരും അജഗണങ്ങളും ചേർന്നെടുത്ത ദൃഢനിശ്ചയത്തിന്റെ ഫലപ്രാപ്തിയാണ് പാലാ രൂപതയിലെ ഇടവകത്തോട്ടങ്ങൾ. അധ്വാനം ആരാധനയും ഫലം അനുഗ്രഹവുമാണെന്ന ബോധ്യത്തിൽ നീ നെറ്റിയിലെ വിയർപ്പുകൊണ്ടു ഭക്ഷിക്കുക എന്ന തിരുവചനം ഉൾക്കൊണ്ട് ദേവാലയങ്ങളിൽ പുതിയൊരു കാർഷിക സംസ്കൃതിയുടെ കാഹളം മുഴങ്ങുകയാണ്. പള്ളിയങ്കണം നിറയെ ഫലത്തോട്ടം. എല്ലാ വീടുകളിലും പച്ചക്കറി തോട്ടം. പുരുഷൻമാർക്കൊപ്പം വനിതകളും കൃഷിയിടത്തിൽ.

കാർഷികോത്സവത്തിൽ പങ്കാളികളായി കുട്ടികളും. വേണ്ടതെല്ലാം വിളയിച്ച് ഇടവും ഇടവകയും സ്വയംപര്യാപ്തമായതിന്റെ വിളവെടുപ്പു മഹോത്സവമാണ് മീനച്ചിലാർ അതിരിടുന്ന ഇടവകകളിൽ.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഇടയലേഖനങ്ങളും ബോധ്യങ്ങളുമാണ് ഈ കാർഷിക മുന്നേറ്റത്തിന് ഇടവകകളെ ഒരുക്കിയത്. വീടും കൃഷിയും തമ്മിലുള്ള അകലം കുറയണം. കൃഷി മഹനീയമായ തൊഴിലാണ്. ഓരോ വിത്തും തൈയും നമുക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഏതു തൊഴിൽ സ്വീകരിച്ചവർക്കും മണ്ണിനെ മറന്നു ജീവിക്കാനാവില്ല. മീനച്ചിലാറും കൃഷിയും കേരളത്തിനു നൽകിയ സമൃദ്ധിയെ ആർക്കു തള്ളിക്കളയാനാകും. ഭക്ഷ്യസുരക്ഷ ഇന്നിന്റെ അനിവാര്യതയാണെന്ന് നാം തിരിച്ചറിയണം. ഇതിനുള്ള കൂട്ടായ ശ്രമമാണ് പാലാ രൂപതയിൽ വിജയകരമായി മാറിയിരിക്കുന്നത്– മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവരും ഈ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ട്.

മലനിരകളെ വകഞ്ഞൊഴുകുന്ന ചോലകൾ മീനച്ചിലാറിന്റെ തീരങ്ങളെ ഫലഭൂയിഷ്ഠമാക്കി. അവിടെ കുടിയേറിയവർ ആഴമേറിയ വിശ്വാസത്തിനൊപ്പം വിത്തു വിതച്ചു. കറുത്ത പൊന്നും കാപ്പിയും കരിമ്പും നൂറു മേനി വിളഞ്ഞു. കരപ്പാടങ്ങളിൽ വിതച്ചതൊക്കെ കൈനിറയെ കൊയ്തെടുത്തു. വിതയും മെതിയും നിറഞ്ഞ പത്തായവും കച്ചിപ്പുരയും തൊഴുത്തും കാലികളുമൊക്കെയായി മീനച്ചിലിന്റെ തനതു സംസ്കാരം ഉയിരെടുത്തു. അറിവിന്റെ കൃഷിപാഠങ്ങളും അധ്വാനത്തിന്റെ കരുത്തും കൈമുതലാക്കി കരുതൽവിത്തുമായി പാലായുടെ മക്കൾ മലബാറിലേക്കും മലനാട്ടിലേക്കും കുടിയേറി ഉഴവുവെട്ടിയ മണ്ണിൽ സമൃദ്ധി കൊയ്തു. തിരുവിതാംകൂറിന്റെ കാർഷികത്തറവാടായ പാലാ പിൽക്കാലത്ത് തോട്ടവിളകളിലേക്കു വഴിമാറിയതോടെ കൈമോശം വന്നുപോയ പഴയ മാറ്റാൾപണിയെയും മിശ്രകൃഷിയെയും ഭക്ഷ്യവിളകളെയും വീണ്ടെടുത്ത് കഴിഞ്ഞ വർഷം തുടക്കമിട്ട സംഘകൃഷി വൻവിജയമായിയിരിക്കുന്നു. അന്നത്തിന് അയൽനാടുകളിലേക്ക് കൈനീട്ടാതിരിക്കാൻ, വിഷവിളകൾ വാങ്ങി ഭക്ഷിച്ച് രോഗികളാകാതിരിക്കാൻ രൂപതാസമൂഹമൊന്നാകെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു. ആരോഗ്യത്തിനും ആയുസിനും അധ്വാനം എന്ന കാഴ്ചപ്പാടാണ് രൂപത ഏറ്റെടുത്തത്.

അരമനത്തോട്ടത്തിലെ ജൈവവൈവിധ്യം

പ്രഘോഷിക്കുക മാത്രമല്ല പ്രവൃത്തിയിൽ കാണിച്ചുകൊടുക്കാതെ ഒരു കാർഷിക സംസ്കാരം വളർത്തുക എളുപ്പമല്ല. ഇതിന്റെ മനോഹരമായ മാതൃകയാണ് പാലാ ബിഷപ്സ് ഹൗസ് വളപ്പു മട്ടുപ്പാവിലെ പോളിഹൗസും. ഗ്രോബാഗുകളിൽ നിറയെ പഴുത്തും പച്ചയായും തക്കാളിച്ചെടികൾ. വെണ്ടയും വഴുതനയും ചീനിമുളകും പാവലും പയറും ഇവിടെ വിളവെടുത്തുകൊണ്ടിരിക്കുന്നു. വിഷരഹിതമായ പച്ചക്കറികൃഷിക്കു മാതൃകയാണ് പാലാ ബിഷപ്സ് ഹൗസ്.

രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിലാണ് ജൈവകൃഷി. 400 ചതുരശ്രയടി സ്ഥലത്ത് ചാക്കിൽ മണ്ണുനിറച്ചു ചെയ്ത കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് നിർവഹിച്ചത്.

തക്കാളിയും വെണ്ടയും വഴുതനയും കൊമ്പൻമുളകുമാണു പ്രധാനപ്പെട്ട കൃഷിവിഭവങ്ങൾ.
മഴമറ നിർമിച്ച് ചെയ്യുന്ന കൃഷിയിൽ കീടങ്ങളുടെ ആക്രമണം തീരെ കുറവാണുതാനും. കപ്പയും കാബേജും പയറും പടവലവും കൃഷി ചെയ്യാനും നനകൊടുക്കാനും സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും വൈദികർക്കൊപ്പം ചേരുന്നു. അരമന അടുക്കളയിലേക്കു വേണ്ട വിഭവങ്ങളെല്ലാം മുറ്റത്തും ടെറസിലും വിളയുന്നു. അധികം വരുന്ന വിളവ് രൂപതയുടെ നേതൃത്വത്തിലുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിഴറ്റഴിക്കുന്നു. രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. മാത്യു പുല്ലുകാലായിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ രൂപതയുടെ കാർഷിക മുന്നേറ്റത്തിന് കർമപദ്ധതികൾ ആവിഷ്കരിക്കുന്നു.

പള്ളിമുറ്റങ്ങളിലെ നൂറു മേനി

രൂപതയിലെ പള്ളികളിൽ ഇന്നു മാതൃകാ കൃഷിത്തോട്ടങ്ങളുണ്ട്. ഗ്രോബാഗുകളിലും തടങ്ങളിലും നിറയെ പച്ചക്കറികൾ. മീൻകുളങ്ങൾ. കാബേജും കോളിഫ്ളവറും ബജിമുളകും കാരറ്റും ബീറ്റുറൂട്ടുമൊക്കെ നാട്ടിൽ വിളഞ്ഞപ്പോൾ ജനം അതിശയിച്ചു. മികച്ച രീതിയിൽ കൃഷി നടത്തുന്ന പള്ളികളെ കണ്ടെത്താൻ എല്ലാ വർഷവും രൂപത മന്നാ അവാർഡും നൽകിവരുന്നു.

കൂത്താട്ടുകുളം ഹോളി ഫാമിലി, മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ്, കാഞ്ഞിരമറ്റം മാർ സ്ലീവ, മല്ലികശേരി സെന്റ് തോമസ് തുടങ്ങി ഒട്ടേറെ പള്ളികളിലെ വിശാലമായ തോട്ടങ്ങൾ സമൃദ്ധിയുടെ വിളനിലമായി മാറി. പന്തലിലും തടങ്ങളിലും ഇനങ്ങളിലും നിറങ്ങളിലും വ്യത്യസ്തമായ പച്ചക്കറികൾ. തലമുറകൾക്കു കൈമോശം വന്നുവെന്ന് പരിതപിക്കുന്ന വാഴ, കപ്പ ഇനങ്ങളും പച്ചക്കറികളും തിരികെയെത്തിച്ച് പള്ളിയങ്കണങ്ങളിൽ കൃഷി ചെയ്യുന്നു.

പള്ളിയങ്കണത്തിൽ കാർഷിക വിപണിക്കും തുടക്കമിട്ടു. ന്യായവിലയ്ക്ക് വിഷം ചേരാത്ത രുചിയും ഗുണവുമേറിയ വിഭവങ്ങൾ വാങ്ങാൻ ഏറെപ്പേർ. ഇന്ന് മിക്ക വീടുകളിലും അടുക്കളയിലേക്കു വേണ്ടതെല്ലാം അടുക്കളവളപ്പിൽതന്നെ വിളയിച്ചെടുക്കുന്നവർ ഏറെയേറെയാണ്. തീരുന്നില്ല ശുദ്ധമായ അരി കഴിക്കാനും വിശ്വാസികൾ പരിഹാരം കണ്ടു. കർഷകദളങ്ങൾ രൂപീകരിച്ച് കരനെൽ സംഘ കൃഷി തുടങ്ങി. കർഷകർ തമ്മിലുള്ള ഹൃദയ ഐക്യവും സഹകരണവും പങ്കുവയ്ക്കലും ശക്‌തിപ്പെടാൻ ഇതിടയാക്കി.

ഒരേ നാട്ടിൽ ഒരേ വീട്ടിൽ ഒരുപാടു വിളവുണ്ടായാൽ അതെവിടെ വിറ്റഴിക്കും. നാട്ടിൽ ഇടനിലക്കാരും കച്ചവടക്കാരും കർഷകരുടെ അധ്വാനഫലത്തിന്റെ ലാഭം ചോർത്തിയെടുക്കുന്നുവെന്ന പരാതിക്ക് പരിഹാരമാണ് ഇടവക മാർക്കറ്റുകൾ. ആഴ്ചകളിലെ വിഭവങ്ങൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം പള്ളിയങ്കണങ്ങളിൽ വാങ്ങാനും വിൽക്കാനും വേണ്ട വിപണിയൊരുക്കുന്നു.
വിളവ് നൂറു മേനിയും കവിഞ്ഞപ്പോൾ വിപണിയും വിപുലമാക്കേണ്ടിവന്നു. അങ്ങനെ രൂപതയുടെ നേതൃത്വത്തിൽ പാലാ ഹൈവേയോടു ചേർന്ന് തിങ്കളാഴ്ചതോറും അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് എന്ന വലിയൊരു മാർക്കറ്റ് തുടങ്ങി. വിഷരഹിത മാർക്കറ്റ് എന്ന വിശ്വാസം വന്നതോടെ ഇവിടെ നിന്നു വിഭവങ്ങൾ വാങ്ങാൻ ആവശ്യക്കാരേറെ. വില നിശ്ചയിക്കാനും വില ഉറപ്പാക്കാനും ഇവിടെ അവകാശം കർഷകനു തന്നെ. ഓപ്പൺ മാർക്കറ്റിൽ ഒന്നര ലക്ഷം രൂപയുടെ വ്യാപാരം തിങ്കൾ മാർക്കറ്റിൽ വരാറുണ്ടെന്ന് രൂപതാ പിആർഒ ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു.

കർഷകർക്കൊരു ബാങ്ക്

പരസ്പരസഹായത്തിലൂടെ ശക്‌തിപ്പെടാനും അതിജീവനത്തിനായി സംഘടിക്കാനും പാലാ രൂപതയുടെ നേതൃത്വത്തിൽ കർഷകർക്കൊരു ബാങ്ക്. രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻഫാം, എകെസിസി സഹകരണത്തോടെയാണ് കർഷക ബാങ്ക് പ്രവർത്തിക്കുന്നത്. എല്ലാ ഇടവകകളിലും കർഷകരുടെ സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചാണ് ബാങ്കിന്റെ പ്രവർത്തനം. പുരുഷ വനിതാ സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനം ഇന്നു വൻവിജയമാണ്.

വീട്ടുമുറ്റത്തൊരു ബാങ്ക് എന്ന വിധം പരസ്പര ജാമ്യത്തിൽ വായ്പ കൊടുക്കുന്നതും മറ്റ് ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതും ബാങ്ക് പ്രവർത്തനത്തിന്റെ ഭാഗമാണ്. ഒരു ഇടവകയിൽ പത്തു മുതൽ 30 വരെ അയൽകുടുംബങ്ങൾ ചേരുന്ന കർഷകദളങ്ങൾ രൂപീകരിച്ചാണ് ബാങ്ക് പ്രവർത്തിക്കുന്നത്. പത്തു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ സ്‌ഥലമുള്ളവർ കർഷകദളം ഒന്ന് എന്ന പേരിലും അഞ്ച് ഏക്കറിൽ കൂടുതൽ സ്‌ഥലമുള്ളവർ കർഷകദളം രണ്ട് എന്ന പേരിലും ദളങ്ങൾ രൂപീകരിച്ചിരിക്കുന്നു. രൂപതയിൽ 30 കർഷക ദളങ്ങൾ ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ആഴ്ചയിലൊരിക്കൽ കർഷകദളത്തിലെ ഒരംഗത്തിന്റെ ഭവനത്തിൽ അംഗങ്ങൾ ഒരുമിച്ചുകൂടി നിശ്ചിത തുക സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിക്കും. അതല്ലെങ്കിൽ പരസ്പര ജാമ്യത്തിൽ അംഗങ്ങൾക്ക് വായ്പ കൊടുക്കാം.

മൈക്രോഫിനാൻസിംഗ്, കാർഷിക ഉത്പന്നസംഭരണം, വിപണനം, മൂല്യവർധിത ഉത്പന്ന ബാങ്ക്, കാർഷിക നഴ്സറി, കാർഷിക വെബ്സൈറ്റ്, ഉറവിടമാലിന്യ സംസ്കരണം, ജൈവബാങ്ക്, സമ്മിശ്രകൃഷി പരിശീലന കേന്ദ്രങ്ങൾ, അഗ്രോക്ലിനിക് എന്നീ പ്രവർത്തനങ്ങളാണ് കർഷക ബാങ്ക് നിർവഹിക്കുന്നത്. മികച്ചയിനം വിത്തുകൾ, തൈകൾ എന്നിവ വിതരണം ചെയ്യുന്നതിനും ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി സംരംഭങ്ങൾ ആരംഭിക്കുന്നതിനും കർഷക ബാങ്ക് ലക്ഷ്യമിടുന്നു. 13 ഫൊറോനകളിലെ 170 ഇടവകളെയും 65623 കുടുംബങ്ങളെയും 336368 വിശ്വാസികളെയും ബന്ധിക്കുന്ന നിക്ഷേപ വായ്പാ കൂട്ടായ്മയായി മാറുകയാണ് രൂപതയുടെ ബാങ്കിന്റെ ലക്ഷ്യമെന്ന് കർഷകബാങ്ക് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടത്തിൽ പറഞ്ഞു.

മൂല്യവർധനയിലൂടെ ഇരട്ടിനേട്ടം

കാർഷിക മൂല്യവർധനയ്ക്കായി കാഞ്ഞിരമറ്റത്ത് ഒരു ഫാക്ടറി തന്നെ ഉയർന്നുവരികയാണ്. എല്ലാ ഉത്പന്നങ്ങൾക്കും എല്ലാ സീസണിലും ന്യായവില ഉറപ്പാക്കാൻ മൂല്യവർധനയാണ് പോംവഴി. വിഭവങ്ങൾ വിൽക്കുന്നതിനേക്കാൾ ഇരട്ടിയിലേറെ വില കിട്ടും മൂല്യവർധിതമാക്കിയാൽ.

ഏത്തക്കുല അപ്പാടെ ചിപ്സും മറ്റുമാക്കിയാൽ വിറ്റഴിക്കാൻ വിപണിയുണ്ട്. വാഴ, ചക്ക. കൈതച്ചക്ക എന്നിവയിൽ മൂല്യവർധന നടത്താൻ വിവിധ ദളങ്ങളിൽ പരിശീലന ക്ലാസുകൾ നടന്നുവരുന്നു. കാർഷിക ഗവേഷണ കേന്ദ്രങ്ങളിലേക്കും കർഷകർ പഠന യാത്രകൾ നടത്തുന്നു.

ദളങ്ങളുടെ അടുത്ത ലക്ഷ്യം ക്ഷീരമേഖലയിലാണ്. പാൽ ഉത്പാദിപ്പിക്കാൻ പശുവിന് പോഷകമുള്ള തീറ്റ വേണം. ഇന്നത്തെ വിലനിരക്കിൽ കാലിത്തീറ്റ വാങ്ങി പശുവിനെ വളർത്തുക വലിയ നേട്ടമല്ല. അങ്ങനെയെങ്കിൽ തീറ്റ തനിയെ നിർമിക്കാൻ ദളങ്ങൾ തീരുമാനിച്ചിരിക്കുന്നു. മിച്ചം വരുന്ന കപ്പയുടെയും ചക്കയുടെയും ഭാഗങ്ങൾ വേണ്ട വിധം സംസ്കരിച്ചാൽ ഒന്നാംതരം കാലിത്തീറ്റയായി.

കർഷകർക്ക് താങ്ങാവുന്ന വിലയ്ക്ക് ബ്രാൻഡഡ് കാലിത്തീറ്റ പുറത്തിറക്കാനുള്ള ആലോചനയുമുണ്ട്. മായം ചേരാത്ത വെളിച്ചെണ്ണ ഇക്കാലത്ത് എവിടെ കിട്ടാൻ. ജൈവ ഉത്പന്നം എന്ന പേരിൽ വിൽക്കുന്ന പല എണ്ണ ഇനങ്ങൾക്കും പൊള്ളുന്ന വില. ഇതിനും ദളം പരിഹാരം കണ്ടെത്തിയിരിക്കുന്നു, കർഷകരിൽ നിന്ന് നേരിട്ട് ന്യായവിലയ്ക്ക് നാളികേരം വാങ്ങി മില്ലിൽ ആട്ടിയെടുത്ത് ന്യായവിലയ്ക്ക വിൽക്കുക.

കാഞ്ഞിരമറ്റം പള്ളി അങ്കണത്തിൽ വിളവുത്സവം

പാലാ രൂപതയിലെ കാഞ്ഞിരമറ്റം മാർ സ്ലീവ പള്ളി മുറ്റത്തെ മധുരിക്കുന്ന കാഴ്ചകൾ കണ്ണിനു കുളിരായി മാറും. കാൽച്ചുവട്ടിലെ മണ്ണിന് ഇത്രയേറെ വിഭവങ്ങളെ കർഷകനു സമ്മാനിക്കാനാകുമല്ലോ എന്നു മനസ് പറഞ്ഞുപോകും. കൃഷിയുടെ ഉപാസകനായ വികാരി ഫാ. ജോൺ പൊതീട്ടേൽ പകർന്ന കാർഷിക ദർശനത്തിൽ ഇടവകദേശം അച്ചനൊപ്പം മണ്ണിലേക്കിറങ്ങുകയായിരുന്നു. പള്ളിപ്പറമ്പിലെ കാർഷികവിപ്ലവത്തിന്റെ ആവേശവും തീക്ഷണതയും ഉൾക്കൊണ്ട ഇടവക ജനം സ്വന്തം പുരയിടങ്ങളിലേക്കും വിയർപ്പിന്റെ വഴി തെളിച്ചു.

കാഞ്ഞിരമറ്റം പള്ളിമുറ്റം നാടിനൊരു കൃഷിപാഠമാണ്. വിതക്കാരന്റെയും ഗോതമ്പുമണിയുടെയും മുന്തിരിത്തോട്ടത്തിന്റെയും ഉപമകൾ തിരുവചനങ്ങളിൽ കേട്ടുവളർന്ന തലമുറകൾ അധ്വാനത്തിന്റെ സന്തോഷവും സുഖവും സ്വന്തം ഭൂമികയിൽ അനുഭവിച്ചറിയുകയാണിന്ന്.

ഉപയോഗശൂന്യമായ ടയറുകളിൽ മണ്ണുനിറച്ചാൽ ഗ്രോ ബാഗിനു പകരമാക്കി കോളിഫ്ളവറും കാബേജും നട്ടുവളർത്താമെന്ന് ജോൺ പൊതീട്ടയിലച്ചൻ കാണിച്ചുതരും. അഞ്ഞൂറോളം ടയറുകളാണു പള്ളിമുറ്റത്തും പാർക്കിങ് ഗ്രൗണ്ടിലുമെല്ലാമായി പച്ചപ്പൂക്കുട പോലെ കാഴ്ചയാവുന്നത്.
മലർവാടി പോലെ മനോഹരമായ പച്ചക്കറി തോട്ടം. ടയറുകളിൽ മാത്രമല്ല 1,500ലധികം ഗ്രോ ബാഗുകളിലും പച്ചക്കറികളുണ്ട്. വഴുതന, വെണ്ട, പയർ, പടവലം, കാബേജ്, തക്കാളി, കോളിഫ്ളവർ, കപ്പ, ചേന, ചേമ്പ് തുടങ്ങി പള്ളിപ്പറമ്പ് സമൃദ്ധിക്കാലത്തെ വിളംബരം ചെയ്യുകയാണ്. മൂന്നു കുളങ്ങളിലായി ഗൗര, രോഹു, കട്ല തുടങ്ങി 3,500 മീനുകളെ ഇവിടെ വളർത്തി വിൽക്കുന്നു. അഞ്ഞുറോളം ഔഷധ സസ്യങ്ങളും മുറ്റത്ത് കാണാം. പച്ചക്കറികൾ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ജൈവവിഭവങ്ങൾ മനഃസുഖത്തോടെ വാങ്ങാൻ ഏറെപ്പേർ എത്താറുണ്ട്. ഇഞ്ചി, മഞ്ഞൾ, ചേന, കപ്പ തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. ജൈവ വളങ്ങളും ചാണകവും ഉപയോഗിച്ചുള്ള കൃഷിയിൽ മത്തിക്കഷായം തുടങ്ങിയവയാണ് കീട നിയന്ത്രണത്തിനുപയോഗി ക്കുന്നത്. കൈമോശം വന്നുപോയ അടതാപ്പും തുവരയും നിത്യവഴുതനയുമൊക്കെ മണ്ണിൽ വീണ്ടും വേരുപിടിക്കുകയാണ്. അസിസ്റ്റന്റ് വികാരി ഫാ. ആന്റണി വാഴയിൽ, സുരേഷ് കുന്നേലേമുറിയിൽ, ടോമി മുടന്തിയാനി, ജോസ് തോലാനിക്കൽ, ജയ്മോൻ പുത്തൻപുര, മാത്തുക്കുട്ടി ഞായർകുളം എന്നിവരും ഈ കാർഷികമുന്നേറ്റത്തിന് ഫാ. ജോൺ പൊതീട്ടയിലിനൊപ്പമുണ്ട്.

പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 5000ൽ പരം പച്ചക്കറി തൈകളാണ് ഇടവകയിലെ കർഷകദളങ്ങൾ മുഖാന്തിരം ഇടവകാംഗങ്ങൾക്ക് അച്ചൻ വിതരണം ചെയ്തിരിക്കുന്നത്. ബേബി മരുത്തോംപറമ്പിലിന്റെ ഒരു ഹെക്ടർ പുരയിടത്തിൽ കരനെൽ കൃഷിയും കൊയ്ത്തു കഴിഞ്ഞു. വനിതാ കർഷക ദളങ്ങളാണ് വിഭവങ്ങളുടെ മൂല്യവർധനയിലൂടെ വിപണിയിൽ സജീവമാകുന്നത്. അച്ചാർ, ജാം, സ്ക്വാഷ്, കേക്ക് തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഒരുക്കി പള്ളിയിലും പൊതുമാർക്കറ്റിലും വീട്ടമ്മമാരുടെ അയൽക്കൂട്ടം വിറ്റഴിക്കുന്നു. കാഞ്ഞിരമറ്റത്തു മാത്രമല്ല മല്ലികശേരി, ചേറ്റുതോട് തുടങ്ങി രൂപതയിലെ ഏറെ പള്ളികളിലും ഹരിതസമൃദ്ധി മനസിലും മരങ്ങളിലും പന്തൽവിരിച്ചു പടരുകയാണ്.

റെജി ജോസഫ്