പാവങ്ങൾക്കു കൊടുത്താൽ സ്വർഗത്തിൽ കിട്ടും
മഹാനായ അക്ബർ ചക്രവർത്തിയുടെ മുഖ്യ ഉപദേശകരിലൊരാളായിരുന്നു ബീർബൽ (1528–1586). അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങളും തന്ത്രങ്ങളും അക്ബർ ചക്രവർത്തിക്ക് എപ്പോഴും വലിയ സഹായമായിരുന്നു. എന്നാൽ, അദ്ദേഹത്തോട് അസൂയ ഉണ്ടായിരുന്ന പലരും ചക്രവർത്തിയുടെ കൊട്ടാരത്തിലുണ്ടായിരുന്നു. അവരിലൊരാൾ ചക്രവർത്തിയുടെ അളിയനായിരുന്നു. ഒരു ദിവസം അയാൾ ചക്രവർത്തിയെ സമീപിച്ചു ബീർബലിനെ പിരിച്ചുവിടണമെന്ന് ഉപദേശിച്ചു. ബീർബലിനു പകരം താൻ ഉപദേശം നൽകാമെന്നായിരുന്നു അയാളുടെ നിർദേശം.

അധികം താമസിയാതെ ഈ വാർത്ത ബീർബലിന്റെ ചെവിയിലെത്തി. അദ്ദേഹം വേഗം പോയി ചക്രവർത്തിക്കു തന്റെ രാജി സമർപ്പിച്ചു. ബീർബൽ രാജിവച്ചപ്പോൾ ആ ഒഴിവിൽ ചക്രവർത്തി തന്റെ അളിയനെ നിയമിച്ചു. അതിനുശേഷം അയാളെ ഒരു പാഠം പഠിപ്പിക്കാനായി 300 സ്വർണനാണയം അയാൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു: ഇതിൽനിന്നു 100 നാണയം എടുത്തു ചെലവാക്കി അതുവഴിയായി 100 നാണയം എനിക്ക് ഈ ലോകത്തിൽ നേടിത്തരണം. അതിൽനിന്നു വേറെ 100 നാണയം എടുത്ത് അതു ചെലവാക്കി എനിക്കു പരലോകത്തിൽ 100 നാണയം നേടിത്തരണം. എന്നാൽ ബാക്കിയുള്ള 100 നാണയമെടുത്തു ചെലവാക്കി അതുവഴിയായി എനിക്ക് ഈ ലോകത്തിലോ പരലോകത്തിലോ ഒന്നും നേടിത്തരരുത്.

ചക്രവർത്തിയുടെ വാക്കുകൾ കേട്ട അദ്ദേഹത്തിന്റെ പുതിയ ഉപദേശകൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അയാൾ വിവരം ഭാര്യയോടു പറഞ്ഞു. അപ്പോൾ ഭാര്യ പറഞ്ഞു: വേഗം പോയി ബീർബലിന്റെ ഉപദേശം തേടൂ. അല്ലെങ്കിൽ ചക്രവർത്തി നിങ്ങളുടെ കഥ കഴിക്കും.

അയാൾ ഉടനെ പോയി ബീർബലിന്റെ കാലുപിടിച്ച് അദ്ദേഹത്തിന്റെ സഹായം തേടി. അപ്പോൾ ബീർബൽ പറഞ്ഞു: പണം എന്റെ കൈവശം തരൂ. ബാക്കികാര്യം ഞാൻ നോക്കിക്കൊള്ളാം.

പണവും വാങ്ങി ബീർബൽ നഗരവീഥിയിലൂടെ നടക്കുമ്പോൾ ധനികനായ ഒരു വ്യാപാരി തന്റെ പുത്രന്റെ വിവാഹം ആഘോഷിക്കുന്നതു കാണാനിടയായി. ബീർബൽ ഉടനെ ആ വ്യാപാരിയെ സമീപിച്ചു 100 സ്വർണനാണയം കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളുടെ പുത്രന്റെ വിവാഹത്തിനു ചക്രവർത്തിയുടെ ആശംസകൾ. അദ്ദേഹം തന്നുവിട്ട 100 സ്വർണനാണയം നിങ്ങൾ സ്വീകരിക്കൂ.

വ്യാപാരിക്കു വലിയ സന്തോഷമായി. അദ്ദേഹം വേഗം പോയി വിലപിടിപ്പുള്ള കുറെ രത്നങ്ങളും മറ്റു സമ്മാനങ്ങളും ചക്രവർത്തിക്കു നൽകാനായി ബീർബലിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷപൂർവം അവ സ്വീകരിച്ചു.

പിന്നീട് ബീർബൽ പോയതു പാവപ്പെട്ടവർ താമസിച്ചിരുന്ന സ്‌ഥലത്തേക്കായിരുന്നു. 100 സ്വർണനാണയം ഉപയോഗിച്ച് അദ്ദേഹം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വാങ്ങി ചക്രവർത്തിയുടെ പേരിൽ പാവങ്ങൾക്കിടയിൽ വിതരണംചെയ്തു. അതിനുശേഷം ബീർബൽ വീണ്ടും പട്ടണത്തിലെത്തി 100 സ്വർണനാണയം മുടക്കി ഒരു സംഗീത–നൃത്ത കലസാസന്ധ്യ സംഘടിപ്പിച്ചു. ധാരാളം പേർ അത് ആസ്വദിക്കാനെത്തുകയും ചെയ്തു.

പിറ്റേ ദിവസം ബീർബൽ ചക്രവർത്തിയുടെ സമീപമെത്തി ചക്രവർത്തി തന്റെ പുതിയ ഉപദേശകനോട് ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം ചെയ്തു എന്നറിയിച്ചു. അപ്പോൾ ബീർബൽ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാൻ ചക്രവർത്തി ആവശ്യപ്പെട്ടു.

ഉടനെ ബീർബൽ പറഞ്ഞു: ധനികനായ ഒരു വ്യാപാരിക്ക് അയാളുടെ പുത്രന്റെ വിവാഹാവസരത്തിൽ 100 നാണയം ചക്രവർത്തിയുടെ പേരിൽ ഞാൻ സമ്മാനം കൊടുത്തു. അതിനുള്ള പ്രതിഫലം ഈ ലോകത്തിൽവച്ചുതന്നെ അങ്ങേയ്ക്കു ലഭിച്ചു. പിന്നീട് 100 നാണയം അങ്ങയുടെ പേരിൽ പാവങ്ങൾക്കു വേണ്ടി ഞാൻ ചെലവാക്കി. അതിനുള്ള പ്രതിഫലം പരലോകത്തിൽ അങ്ങേയ്ക്കു ലഭിക്കും. 100 നാണയം ഒരു സംഗീത–നൃത്ത പരിപാടിക്കുവേണ്ടി ചക്രവർത്തിയുടെ പേരിൽ ഞാൻ ചെലവാക്കി. അതിനുള്ള പ്രതിഫലം ഈ ലോകത്തിലോ പരലോകത്തിലോ അങ്ങേയ്ക്കു ലഭിക്കില്ല.

ബീർബലിന്റെ വിവരണം കേട്ടപ്പോൾ ചക്രവർത്തിയുടെ പുതിയ ഉപദേശകൻ സ്വയം രാജിവച്ചൊഴിഞ്ഞു. അപ്പോൾ ബീർബലിനു തന്റെ ജോലി തിരികെ ലഭിച്ചതായിട്ടാണു കഥ.

അക്ബർ ചക്രവർത്തിയെയും ബീർബലിനെയും ചുറ്റിപ്പറ്റിയുള്ള ഈ കഥയിലെ സന്ദേശം ഏറെ വ്യക്‌തമാണല്ലോ. നാം നമ്മുടെ ബന്ധുക്കൾക്കും സ്നേഹിതർക്കും വേണ്ടി എന്തു ചെലവഴിച്ചാലും അതിൽ കുറെയെങ്കിലും വിവിധ രീതികളിൽ നമുക്കു തിരികെ ലഭിക്കും. ഉദാഹരണമായി നാം നമ്മുടെ ബന്ധുക്കളെയും സ്നേഹിതരെയുമൊക്കെ ഒരു ഡിന്നറിനു വിളിക്കുകയാണെന്നു കരുതുക. തീർച്ചയായും അവരിൽ ചിലരെങ്കിലും നമ്മെയും അവരുടെ ആഘോഷങ്ങൾക്കു വിളിക്കും.
നാം മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ കാര്യവും അതുപോലെതന്നെയാണ്. തീർച്ചയായും ചില അവസരങ്ങൾ വരുമ്പോൾ അവരും അവരുടെ സമയം നമുക്കായി ചെലവഴിക്കുകതന്നെ ചെയ്യും. അവർ അങ്ങനെ ചെയ്യുന്നതു നല്ല കാര്യവുമാണ്.
എന്നാൽ, നാം പാവങ്ങൾക്കുവേണ്ടി നമ്മുടെ പണവും സമയവും ചെലവഴിച്ചാൽ സാധാരണഗതിയിൽ ഈ ലോകത്തിൽവച്ച് എന്തെങ്കിലും നമുക്കു തിരികെ ലഭിക്കുമോ? തീർച്ചയായും അവർ നമ്മോടു നന്ദിയുള്ളവരായിരിക്കും. അതിൽ അധികമായി നമുക്കുവേണ്ടി അവർക്കൊന്നും ചെയ്യാൻ സാധിച്ചുവെന്നു വരില്ല. എന്നാൽ, ബീർബൽ ചക്രവർത്തിയോടു സൂചിപ്പിച്ചതുപോലെ പാവങ്ങൾക്കു വേണ്ടി നാം നമ്മുടെ പണവും സമയവും വിനിയോഗിച്ചാൽ തീർച്ചയായും പരലോകത്തിൽ അതിനു നമുക്കു പ്രതിസമ്മാനം ലഭിക്കും.

ദരിദ്രരോടു കരുണകാണിക്കുന്നവൻ കർത്താവിനു കടം കൊടുക്കുന്നു. കർത്താവ് ആ കടം വീട്ടും – എന്നാണ് ബൈബിളിൽ നാം വായിക്കുന്നത്. (സുഭാഷിതങ്ങൾ 19: 17). അതുപോലെ കർത്താവായ യേശു പഠിപ്പിച്ചതനുസരിച്ച് അന്തിമവിധിനാളിൽ സ്വർഗപ്രവേശനത്തിനു അർഹത ലഭിക്കുന്നതു വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നവർക്കും ദാഹിക്കുന്നവർക്കു കുടിക്കാൻ കൊടുക്കുന്നവർക്കും വസ്ത്രമില്ലാത്തവർക്കു വസ്ത്രം കൊടുക്കുന്നവർക്കും രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നവർക്കുമൊക്കെയാണല്ലോ (മത്തായി 25. 31–46). അതായത് പാവങ്ങൾക്കു വേണ്ടി നാം ചെലവഴിക്കുന്ന പണത്തിനും സമയത്തിനുമൊക്കെ സ്വർഗരാജ്യത്തിൽ നമുക്കു പ്രതിസമ്മാനം ലഭിക്കുമെന്നു സാരം.

എന്നാൽ, ജീവിതത്തിലെ സുഖസന്തോഷങ്ങൾക്കായി നാം ചെലവഴിക്കുന്ന പണത്തിനും സമയത്തിനുമൊക്കെ നിമിഷനേരം നീണ്ടുനിൽക്കുന്ന ഫലം മാത്രമല്ലേ ലഭിക്കൂ. അവ വഴിയായി ശാശ്വതമായ എന്തെങ്കിലും നന്മ നമുക്കുണ്ടാകുമോ? ശാശ്വതമായ നന്മ ലഭിക്കുന്ന വഴി തെരഞ്ഞെടുക്കാൻ എപ്പോഴും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ ഈ ലോകത്തിലെന്നപോലെ പരലോകത്തിലും നാം ധന്യരാകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ