ദൈവത്തെ അറിയാം, സ്നേഹിക്കാം
1938–ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അമേരിക്കൻ എഴുത്തുകാരിയാണ് പേൾ എസ് ബക്ക് (1892–1973). ’ക്രിസ്മസ് ദിവസം രാവിലെ’ എന്ന പേരിൽ പേൾ എഴുതിയിട്ടുള്ള ചെറുകഥ ഏറെ പ്രസിദ്ധമാണ്. ആ കഥ ചുരുക്കമായി ഇവിടെ വിവരിക്കാം.

രാത്രി നാലുമണി. അദ്ദേഹം പെട്ടെന്ന് ഉറക്കമുണർന്നു. എന്നും പതിവുള്ളതുപോലെ. എന്നാൽ, എന്നും പതിവുള്ളതുപോലെ അദ്ദേഹം വീണ്ടും ഉറങ്ങാൻ ശ്രമിച്ചില്ല. അദ്ദേഹം ഉറക്കമുണർന്നുതന്നെ കിടന്നു. അതൊരു ക്രിസ്മസ് പ്രഭാതം ആയിരുന്നു.

പെട്ടെന്ന് അൻപതു വർഷം മുൻപു നടന്ന സംഭവം അദ്ദേഹം ഓർമിച്ചു. അന്ന് എനിക്ക് പതിനഞ്ചുവയസേ ആയിട്ടുള്ളൂ. അന്നൊക്കെ എന്നും രാവിലെ നാലുമണിക്ക് പിതാവ് വന്നു വിളിച്ചെഴുന്നേൽപിക്കും. പശുക്കളെ കറക്കാനുള്ള സഹായത്തിനുവേണ്ടിയാണ്.

ഒരുദിവസം മകനെ വിളിച്ചെഴുന്നേൽപിക്കുന്നതിനു മുൻപ് ഭാര്യയോടു പറഞ്ഞു, ‘മേരി, എല്ലാ ദിവസവും അതിരാവിലെ റോബിയെ വിളിച്ചെഴുന്നേൽപിക്കുന്നതിന് എനിക്കു മനസുവരുന്നില്ല. അവൻ വളരുന്ന പ്രായമാണ്. അവന് നല്ല ഉറക്കം വേണം. അവൻ ഉറങ്ങുന്ന രീതി കണ്ടാൽ അവനെ വിളിച്ചുണർത്താനേ തോന്നില്ല. ജോലി എനിക്കു തന്നെ ചെയ്യാൻ സാധിച്ചെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്.‘
അപ്പോൾ മേരി പറഞ്ഞു, ‘പാല് കറക്കുന്ന ജോലി നിങ്ങൾക്കു തന്നെ സമയത്ത് തീർക്കാൻ പറ്റില്ല. പിന്നെ, അവൻ അത്ര കൊച്ചുകുട്ടിയല്ലല്ലോ. അവൻ ജോലി ചെയ്യേണ്ട പ്രായമായി.‘

‘ശരിയാണ്, അയാൾ പറഞ്ഞു. എന്നാലും അവനെ വിളിച്ചുണർത്താൻ എനിക്കത്ര മനസുവരുന്നില്ല. പാതി ഉറക്കത്തിലായിരുന്നെങ്കിലും റോബി ഈ സംഭാഷണം കേട്ടു. തന്റെ പിതാവ് തന്നെ അത്യധികം സ്നേഹിക്കുന്നു! അതല്ലേ അദ്ദേഹം പറഞ്ഞതിന്റെ അർഥം? അന്നുമുതൽ റോബിയുടെ മനോഭാവത്തിനു മാറ്റംവന്നു. അതിരാവിലെ പിതാവ് വിളിക്കുമ്പോഴേ ചാടിയെണീൽക്കും. ജോലികളെല്ലാം ഉത്സാഹപൂർവം ചെയ്യും. ഒരുകാര്യവും പിതാവ് രണ്ടാമത് ആവശ്യപ്പെടാൻ റോബി അന്നുമുതൽ അവസരം നൽകിയില്ല.
അക്കൊല്ലം ക്രിസ്മസ് അടുത്തുവന്നപ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ റോബിയും തന്റെ കുടുംബാംഗങ്ങൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങി. പണത്തിന്റെ കുറവുകൊണ്ട് വിലപിടിപ്പുള്ള വലിയ സമ്മാനങ്ങളൊന്നും റോബി വാങ്ങിയില്ല. തന്റെ പിതാവിനുവേണ്ടി ഒരു ടൈ വാങ്ങാൻ മാത്രമേ റോബിക്കു സാധിച്ചുള്ളൂ.

ക്രിസ്മസ് തൊട്ടടുത്തെത്തിയപ്പോഴേക്കം പിതാവിനായി താൻ വാങ്ങിയ സമ്മാനം പോരെന്നു റോബിക്കു തോന്നി. അപ്പോൾ റോബി കൊച്ചുകുട്ടിയായിരുന്നപ്പോൾ നടന്ന ഒരു സംഭാഷണം പെട്ടെന്ന് ഓർമയിലെത്തി.

‘ഡാഡ്,‘ റോബി പിതാവിനോടു ചോദിച്ചു, ‘എവിടെയാണ് ഉണ്ണീശോ പിറന്നത്?‘ അപ്പോൾ പിതാവ് പറഞ്ഞു, ‘നമ്മുടേതുപോലെയുള്ള ഒരു കാലിത്തൊഴുത്തിൽ.‘
കൊച്ചുന്നാളിൽ നടന്ന ഈ സംഭാഷണം ഓർമിച്ചപ്പോൾ തന്റെ പിതാവിനു കാലിത്തൊഴുത്തിൽ ഒരു ക്രിസ്മസ് സമ്മാനം നൽകാൻ റോബി തീരുമാനിച്ചു. അ–––– ക്രിസ്മസിന്റെ രാത്രിയിൽ ആരുമറിയാതെ രണ്ടേമുക്കാലിന് റോബി ഉറക്കമുണർന്നു പശുത്തൊഴുത്തിൽ പോയി പശുക്കളെ കറക്കാൻ ആരംഭിച്ചു. അന്ന് ആദ്യമായിട്ടായിരുന്നു റോബി പിതാവിനെക്കൂടാതെ പശുക്കളെ കറന്നത്.
രാവിലെ നാലുമണിയാകുന്നതിനു മുൻപ് പശുക്കളെയെല്ലാം കറന്ന് പാൽ വലിയ പാൽപാത്രങ്ങളിൽ ഒഴിച്ചുവച്ചു തിരികെ കിടക്കയിൽ പോയി കിടന്നു. നാലുമണിയായപ്പോൾ പിതാവ് വന്ന് റോബിയെ വിളിച്ചു. റോബി വിളി കേട്ടെങ്കിലും അനങ്ങാതെ അവിടെ കിടന്നു. കുറേസമയം കഴിഞ്ഞപ്പോൾ പിതാവ് വന്ന് റോബിയെ വീണ്ടും വിളിച്ചു. അപ്പോൾ റോബി ചാടിയെണീറ്റു.
‘എന്നെ നീ ശരിക്കും പറ്റിച്ചു, അല്ലേ?‘
ചിരിച്ചുകൊണ്ട് പിതാവ് ചോദിച്ചു. ഉടനെ റോബി പറഞ്ഞു, ‘ഇതെന്റെ ക്രിസ്മസ് സമ്മാനമാണ് ഡാഡ്.‘
അപ്പോൾ ഗദ്ഗദകണ്ഠനായി പിതാവ് പറഞ്ഞു, ‘മകനെ നിനക്കു നന്ദി. ഇതിലും മനോഹരമായ ഒരു കാര്യവും ആരും ഇതുവരെ എനിക്കു ചെയ്തിട്ടില്ല.‘ ഉടനെ റോബി പറഞ്ഞു, ‘ഡാഡ്, നല്ലതുമാത്രം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.‘
അപ്പോൾ പിതാവ് പറഞ്ഞു, ‘എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണിത്. മരിക്കുന്നതുവരെ ഞാൻ ഇത് ഓർമിക്കും.‘

ഈ സംഭവം നടന്നിട്ട് അമ്പതുവർഷം കഴിഞ്ഞിട്ടും തന്റെ ഹൃദയത്തിൽ സ്നേഹം നിറഞ്ഞുനിൽക്കുന്നുവല്ലോ എന്നു റോബി ഓർമിച്ചു. ആ സ്നേഹം തന്റെ ഹൃദയത്തിൽ ആദ്യം ഉണ്ടായത് തന്റെ പിതാവ് തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷമാണെന്നും അദ്ദേഹം ഓർമിച്ചു. അതുപോലെ, സ്നേഹം സ്നേഹത്തെ ജനിപ്പിക്കുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പെട്ടെന്ന് അദ്ദേഹത്തിന്റെ ഹൃദയം തന്റെ ഭാര്യയോടുള്ള സ്നേഹത്താൽ നിറഞ്ഞു. ക്രിസ്മസ് ദിവസമായ അന്ന് ഭാര്യക്കു നൽകാൻ സ്നേഹം നിറഞ്ഞ ഒരു കത്തെഴുതാൻ അദ്ദേഹം ആരംഭിച്ചു. അതോടെ പേൾ എഴുതിയ ചെറുകഥ അവസാനിക്കുകയാണ്.

ക്രിസ്മസ് അടുത്തെത്തിക്കഴിഞ്ഞു. നമ്മുടെ പിതാവായ ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അനുസ്മരിക്കുന്ന മഹാസംഭവമാണ് ക്രിസ്മസ്. ദൈവം നമ്മെ അതിയായി സ്നേഹിച്ചതുകൊണ്ടാണല്ലോ നമ്മെ രക്ഷിക്കാനായി അവിടുത്തെ പുത്രനെ ലോകത്തിലേക്കയച്ചത്. തന്റെ പുത്രനെ നമുക്ക് തരാൻ തക്കവണ്ണം ദൈവം നമ്മെ അത്ര അധികമായി സ്നേഹിച്ചതുകൊണ്ട് നാമും അവിടുത്തെ അധികമായി സ്നേഹിക്കേണ്ടതല്ലേ?
തന്റെ പിതാവ് തന്നെ അത്യധികം സ്നേഹിക്കുന്നുവെന്നു റോബി അറിഞ്ഞ നിമിഷം മുതൽ റോബിയുടെ ഹൃദയത്തിൽ തന്റെ പിതാവിനോടുള്ള സ്നേഹം നിറഞ്ഞുനിന്നു. ഇതുപോലെതന്നെ, നമ്മുടെയും ഹൃദയത്തിൽ നമ്മുടെ പിതാവായ ദൈവത്തോടുള്ള സ്നേഹം നിറഞ്ഞുനിൽക്കേണ്ടതല്ലെയോ?
നമ്മുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹം നിറഞ്ഞുനിൽക്കുന്നില്ലെങ്കിൽ അതിന്റെ പ്രധാന കാരണം നാം അവിടുത്തെ സ്നേഹം ശരിക്കും അറിഞ്ഞിട്ടില്ലെന്നുള്ളതാണ്. ദൈവത്തിനു നമ്മോടുള്ള സ്നേഹം അറിയാനും അനുഭവിക്കാനും നമുക്കിടയായാൽ നമ്മുടെയും ഹൃദയം ദൈവത്തോടുള്ള സ്നേഹത്താൽ നിറയുമെന്നു തീർച്ചയാണ്.

അതുപോലെ, ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം ശരിക്കും മനസിലാക്കിയാൽ അവിടുന്നാഗ്രഹിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും നാം ചെയ്യുമെന്നു തീർച്ചയാണ്. തന്റെ പിതാവ് തന്നെ അത്യധികം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷം മുതൽ റോബി തന്റെ പിതാവ് ആഗ്രഹിച്ചതുപോലെയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അതുവഴിയായി റോബിയുടെ ജീവിതത്തിൽ വലിയ സന്തോഷം ലഭിക്കുകയും ചെയ്തു.

നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ആഗ്രഹമനുസരിച്ച് എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാം. അങ്ങനെ അവിടത്തോടുള്ള നമ്മുടെ സ്നേഹം നമുക്കു പ്രകടിപ്പിക്കാം. അപ്പോൾ നമ്മുടെ ജീവിതത്തിൽ എന്നും ക്രിസ്മസ് അനുഭവം നിറഞ്ഞുനിൽക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ