എംജിക്ക് ഒന്നാം റാങ്ക്
മൂന്നര പതിറ്റാണ്ട് മുൻപ് രാഷ്ര്‌ടപിതാവിന്റെ പാവനനാമത്തിൽ കോട്ടയത്ത് സ്‌ഥാപിതമായ ഗാന്ധിജി സർവകലാശാല. കോട്ടയം പട്ടണത്തിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തനം തുടങ്ങി പിന്നീട് അതിരമ്പുഴ നാൽപാത്തിമലയിലെ 80 ഏക്കർ കുന്നിൻ ചെരുവിൽ ഭരണകേന്ദ്രം തുറന്ന സർവകലാലയം അന്നു മുതൽ നേട്ടങ്ങളുടെ ആകാശ ഉയരങ്ങൾ താണ്ടുകയാണ്. എത്ര ചെറുതും പരിമിതവുമായിരുന്നു ഗാന്ധിജി സർവകലാശാലയുടെ തുടക്കം. തിരുവിതാംകൂറിൽ ഒരു സർവകലാശാല വരുന്നതിൽ ചിലരൊക്കെ ഉയർത്തിവിട്ട എതിർപ്പുകളും വിമർശനങ്ങളും ചെറുതായിരുന്നില്ല.

ടിൻഷീറ്റു പുതച്ച ഷെഡ്ഡുകളിൽ ഞെങ്ങിഞെരുങ്ങി ഇരുപ്പിടങ്ങളും ആളുയരത്തിൽ ഫയലുകളുമായി പ്രവർത്തനം തുടങ്ങിയ കാലത്ത് കലാശാലയ്ക്കുണ്ടായിരുന്നത് 64 കോളജുകളും 4335 അധ്യാപകരും 60,000 വിദ്യാർഥികളും മാത്രം. പ്രൈവറ്റ് വിദ്യാർഥികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കാലത്തിന്റെ കുതിപ്പിൽ പ്രതിഭാധനൻമാരായ വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗാന്ധിജി സർവകലാശാല അതിരമ്പുഴയിലെ പ്രിയദർശിനി കുന്നിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലകൾ കെട്ടിപ്പൊക്കി. ഗാന്ധിജി സർവകലാശാല എംജി കലാശാലയായി പേരുമാറ്റവും നടത്തി.

വൈദ്യം മുതൽ വേദാന്തം വരെയും കായികം മുതൽ കൃഷിവരെയും സാമ്പത്തികം മുതൽ സാഹിത്യം വരെയും നീളുന്ന പഠന, ഗവേഷണ കേന്ദ്രമായി കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായി മാറിയ എംജിയുടെ ഇന്നത്തെ ഉള്ളടക്കം ഇങ്ങനെ: അഞ്ചു ജില്ലകളിലായി 198 കോളജുകൾ. 32 സ്വാശ്രയ സ്‌ഥാപനങ്ങൾ. വിദ്യാർഥികൾ 3.5 ലക്ഷം. ഒരു വർഷം 12800 പരീക്ഷകൾ. മൂല്യനിർണയം നടത്തുന്നത് 35 ലക്ഷം ഉത്തരക്കടലാസുകൾ. എംജി സർകലാശാല ഇതോടകം സമ്മാനിച്ചത് 2230 ഡോക്ടറേറ്റുകൾ.
എംജി സർവകലാശാലയുടെ അഭിമാനനേട്ടങ്ങളെപ്പറ്റിയും ഒപ്പം ഉന്നതവിദ്യാഭ്യാസത്തിലെ വർത്തമാനങ്ങളെപ്പറ്റിയും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രതികരിക്കുന്നു.

വൈസ് ചാൻസലറായി രണ്ടാം വർഷം സർവകലാശാലകളിൽ
ഒന്നാം സ്‌ഥാനത്തേക്ക് എംജിയെ ഉയർത്താനായതെങ്ങനെ?


പരാതികൾക്കും പരിമിതികൾക്കും നടുവിലാണ് വൈസ് ചാൻസലറായി ഞാൻ എംജിയിലേക്ക് കടന്നുവരുന്നത്. സ്കൂൾ തലത്തിൽ പരീക്ഷാ നടത്തിപ്പിലുള്ള പതിറ്റാണ്ടിന്റെ അനുഭവവും ഐടി രംഗത്തെ അറിവും സർവകലാശാലയെ ചട്ടക്കൂട്ടിലാക്കുന്നതിൽ പ്രയോജനപ്പെട്ടു. റിസേർച്ച് വിദ്യാർഥികൾക്ക് ഫണ്ടും ജെആർഎഫ് ഫെലോഷിപ്പുകളും മുടങ്ങിക്കിടന്ന സാഹചര്യത്തിലാണ് ഞാൻ ചുമതമലയേൽക്കുന്നത്.പ്രശ്നപരിഹാരങ്ങളിൽ സർവകലാശാല ജീവനക്കാരും അധ്യാപകരും ഗവേഷകരും വിദ്യാർഥികളും ഒക്കെച്ചേർന്ന് ഒരുമിച്ചുള്ള പരിശ്രമമാണ് നടത്തിയത്.

യൂണിവേഴ്സിറ്റിക്ക് 2016ൽ നാക് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന സാഹചര്യത്തിൽ റീ അക്രഡിറ്റേഷന് അപേക്ഷ നൽകേണ്ടതുണ്ടായിരുന്നു. ഇതിനായി 2010 മുതലുള്ള റിപ്പോർട്ടുകൾ തയാറാക്കേണ്ട സാഹചര്യത്തിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ രൂപീകരിച്ചു. ഇതിൽ യൂണിവേഴ്റ്റിയിലെ പ്രമുഖ ഗവേഷകനും സ്കോളറുമായ ഡോ. സാബു തോമസിന്റെ ചുമതലയിൽ വകുപ്പുമേധാവികളെയും നോൺ ടീച്ചിംഗ് സ്റ്റാഫിനെയും ഉൾപ്പെടുത്തി കൃത്യതയോടെ ഫയലുകൾ പൂർത്തിയാക്കി.
സുതാര്യമായ പ്രവർത്തനശൈലിയാണ് എന്റേത്. വിദ്യാർഥികൾക്കോ അധ്യാപകർക്കോ ജീവനക്കാർക്കോ മുൻകൂർ അനുവാദമില്ലാതെ വൈസ് ചാൻസലറെ കാണാനും ഏതു കാര്യവും സംസാരിക്കാനും അനുവാദം നൽകി. കുട്ടികളും അധ്യാപകരും എന്നോടു നേരിട്ടു സംസാരിക്കാനും അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും തുടങ്ങി. മുടങ്ങിക്കിടന്നിരുന്ന ജെആർഫ് ഫെലോഷിപ്പിനായി ഡൽഹിയിൽ പോയി 11 കോടി രൂപ വാങ്ങി ഫെലോഷിപ്പ് പുനഃസ്‌ഥാപിച്ചു. അധ്യാപകർക്ക് സെമിനാറിനും വർക്ക് ഷോപ്പിനുമായി 10 ലക്ഷം രൂപ ബജറ്റിൽ വക കൊള്ളിച്ചു. അധ്യാപകർക്ക് പഠനത്തിനും ഗവേഷണത്തിനും പുറത്തേക്കു പോകാൻ അവസരം നൽകി. സർവകലാശാലയുടെ ലൈബ്രറി ഇലകട്രോണിക് സജ്‌ജീകരണങ്ങളോടെ ശക്‌തമാക്കി. ലോകത്ത് എവിടെയും ലഭ്യമായ ഇലക്ട്രോണിക് പുസ്തകങ്ങളും യൂണിവേഴ്സിറ്റിയിൽ ലഭ്യമാക്കി.

വിദ്യാർഥികളുടെയും ജീവനക്കാരുടെയും രാഷ്ട്രീയ താൽപര്യങ്ങളും യൂണിയൻ പ്രവർത്തനങ്ങളും തടസമാകുന്നില്ലേ ?

ജീവനക്കാരുടെ രാഷ്ര്‌ടീയ ആഭിമുഖ്യം എന്തായാലും യൂണിവേഴ്സിറ്റിയുടെ വളർച്ചയ്ക്കും വിദ്യാർഥികളുടെ ഉയർച്ചയ്ക്കും തടസമാകരുത്. ജീവനക്കാരുമായി നല്ല ബന്ധവും സഹകരണവും പുലർത്തുന്നു. വിദ്യാർഥികളുമായും സൗഹാർദപരമായ ബന്ധം പുലർത്തുന്നു. ഹോസ്റ്റലിൽ വെള്ളമോ വെളിച്ചമോ ഇല്ലെങ്കിൽ കുട്ടികൾ എന്നെ നേരിട്ട് ഫോണിൽ വിളിക്കാറുണ്ട്. സിൻഡിക്കേറ്റിൽ രാഷ്ട്രീയ നിയമനങ്ങളുണ്ടെങ്കിലും രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം യൂണിവേഴ്സിറ്റിയുടെ നൻമയ്ക്കും വളർച്ചയ്ക്കും വേണ്ടി അവരും പ്രവർത്തിക്കുന്നു. വിദേശത്തുള്ള 364 സർവകലാശാലകളിൽ ബിസിനസ് ഇൻകുബേഷന് സാധ്യത തെളിയുകയാണ്. ബിസിനസ് ഇൻകുബേഷൻ വേണമെങ്കിൽ എംജിയിൽ സയൻസ് പാർക്ക് വേണം. സയൻസ് ലാബുകൾ വേണം.

നാനോ സയൻസ്, ബയോ സയൻസ്, കെമിക്കൽ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കേരളത്തിലെ മറ്റ് സർവകലാശാലകളെക്കാൾ എംജി ഏറെ മുന്നിലാണ്. ഈ ആറു വിഭാഗങ്ങളെ ബന്ധിച്ച് രാജ്യത്താദ്യമായി ഒരു സയൻസ് പാർക്ക് തുടങ്ങുന്നത് എംജിയിലാണ്.

പരീക്ഷകളുടെയും ഫലപ്രഖ്യാപനത്തിന്റെയുംകാലതാമസത്തിന് പരിഹാരമുണ്ടോ ?

ഒന്നാം വർഷ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ 24 മാസം വരെ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെയുണ്ടായി. നിലവിൽ എല്ലാ സെമസ്റ്റർ പരീക്ഷകളും സമയബന്ധിതമായി മൂല്യനിർണയം നടത്താൻ നടപടിയെടുത്തു. കോളജുകളും അധ്യാപകരും ഇതിനോടു സഹകരിക്കുന്നുണ്ട്. പരീക്ഷ, മൂല്യനിർണയ താമസം ഒഴിവാകണമെന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ട്. റീ വാല്യുവേഷൻ ഒരു വർഷം വരെ മുടങ്ങിയിരുന്നത് ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കി കുട്ടികളുടെ ഉപരിപഠന സാധ്യത നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നു. പിജി കോഴ്സുകൾ രണ്ടു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുന്നു.

മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടാകുന്നതായി പരാതിയുണ്ടല്ലോ ?

അധ്യാപകരോടു വൈസ് ചാൻസലർ മൂല്യനിർണയ ക്യാമ്പുകളിലെത്തി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. മൂല്യ നിർണയം നീതിപൂർവകമായിരിക്കണമെന്നു നിർദേശിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്ന അധ്യാപകകരെ ശിക്ഷണ നടപടിക്കു വിധേയരാക്കുന്നുണ്ട്. അധ്യാപരുടെ പദവിക്കു വീഴ്ച വരാതിരിക്കാൻ ഇത്തരം ശിക്ഷണ നടപടികൾ മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്നു മാത്രം. പതിനായിരം രൂപ പിഴ നൽകിയവർ പലരാണ്. 34 പേരുടെ കൂട്ടത്തോൽവി സംഭവത്തിൽ ഉൾപ്പെടെ വീഴ്ച വരുത്തിയവരെ ഡീബാർ ചെയ്യുകയുമുണ്ടായി. ഇൻക്രിമെന്റ് തടയുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചുവരികയാണ്.

ഓൺലൈൻ ചോദ്യക്കടലാസും മൂല്യനിർണയവുമല്ലേ കാലതാമസം ഒഴിവാക്കാൻ ശാശ്വത പരിഹാരം ?

ഇക്കാര്യത്തിൽ വലിയൊരു പരിഷ്കാരം അവസാന ഘട്ടത്തിലാണ്. അങ്ങനെയെങ്കിൽ ഏറെ പരാതികൾക്കു പരിഹാരമാകും. മൂല്യനിർണയം സുതാര്യമാകും. ചോദ്യങ്ങൾ പരീക്ഷയുടെ ഒരു മണിക്കൂർ മുൻപ് ഓൺലൈനായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ആലോചന. ചോദ്യക്കടലാസ് കോപ്പികൾ എക്സ്റ്റേണൽ എക്സാമിനറും പ്രിൻസിപ്പലും ചേർന്ന് കോളജിൽ തന്നെയെടുക്കും. ഇതിനുള്ള പാസ് വേർഡ് രണ്ടു പേരും ചേർന്നാലേ എടുക്കാനാകൂ എന്നതിനാൽ ക്രമക്കേടുവരില്ല. യൂണിവേഴ്സിറ്റി വൈകാതെ ഇതിനായി തനതായ ഒരു സെർവർ വികസിപ്പിക്കും. പരീക്ഷ കഴിഞ്ഞാൽ അന്നു തന്നെ ഉത്തരക്കടലാസ് സ്കാൻ ചെയ്ത് യൂണിവേഴ്സിറ്റി സെർവറിലേക്ക് കോളജുകൾ അപ്ലോഡ് ചെയ്യും. അതേ വേളയിൽ തന്നെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ ഇ മെയിലിൽ എത്തും. ഡീ കോഡ് ചെയ്ത് അയയ്ക്കുന്നതിനാൽ ഏതു കോളജിലെ ഏതു വിദ്യാർഥിയുടെ ഉത്തരക്കടലാസാണെന്നു തിരിച്ചറിയാനാവില്ല. മൂല്യനിർണയം കഴിഞ്ഞാലുടൻ മാർക്ക് സർവകലാശാലയുടെ സെർവറിൽ ലഭിക്കും.സർവകലാശാലയ്ക്ക് 15 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിൽ എംജി ഒന്നാമതെത്തി. പ്രതീക്ഷകൾ?

നിലവിൽ കേരളത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നു. എംജിയെ അന്താരാഷ്ട്ര പദവിയിൽ എത്തിക്കാനാണ് കൂട്ടായ ശ്രമങ്ങൾ. വേൾഡ് ക്ലാസ് നിലവാരം പുൽത്തുന്ന മികച്ച് പത്ത് സർവകലാശാലകൾക്ക് 500 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ ഒരു ഓഫർ നൽകിയിരുന്നു. ഞങ്ങളുടെ അടുത്ത ശ്രമം വേൾഡ് ക്ലാസിലേക്ക് ഉയരുക എന്നതാണ്. നാക് അക്രഡിറ്റേഷൻ അതിന് അനിവാര്യമാണ്. ഇന്ത്യയിൽ നാക് എ പ്ലസ് രണ്ടു സർവകലാശാലകൾക്ക് മാത്രമേയുള്ളു. എംജി സർവകലാശാലയുടെ അക്രഡിറ്റേഷൻ ഈ ജൂണിനു മുൻപായി നടക്കും. നാകിൽ എ പ്ലസ് നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദേശീയ റേറ്റിംഗിൽ എത്തിയാൽ അടുത്ത ലക്ഷ്യം ഇന്റർനാഷണൽ റേറ്റിംഗാണ്.

പരീക്ഷാ ഹാളുകളിൽ കാമറ വച്ചത് ഉദ്ദേശിച്ച നേട്ടം നൽകിയോ ?

പരീക്ഷാ കേന്ദ്രങ്ങളിൽ കാമറ വച്ചതോടെ പരീക്ഷാ ക്രമക്കേടുകൾ പൂർണമായി ഇല്ലാതായി. അടുത്ത ഘട്ടമായി സർവകലാശാലകളെയും കോളജുകളെയും തമ്മിൽ കാമറ നെറ്റു വർക്കിൽപ്പെടുത്താൻ ആലോചിക്കുകയാണ്.

ഒരുപാട് ഗവേഷണങ്ങൾ യൂണിവേഴ്സിറ്റിയിൽ നടന്നു, നടക്കുന്നു. പൊതുസമൂഹത്തിന് ഇതെങ്ങനെ പ്രയോജനപ്പെടുത്താനാകും ?

ഗവേഷണത്തിന് ദിശാബോധം അനിവാര്യമാണ്. നിലവിൽ നടക്കുന്ന സോളാർ പാനൽ, നാനോ വാട്ടർ ഫിൽറ്റർ തുടങ്ങിയവയിൽ നടക്കുന്ന ഗവേഷണം ജനങ്ങൾക്ക് പ്രയോജനപ്പെടും. ജൈവകൃഷിയുമായി ബന്ധപ്പെട്ട കേന്ദ്രം യൂണിവേഴ്സിറ്റി തുടങ്ങി. പച്ചക്കറി ഉത്്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള സാമൂഹിക ക്ഷേമ പരിപാടികളിലേക്ക് യൂണിവേഴ്സിറ്റി കടക്കുകയാണ്. ഒന്നാം ഘട്ടമായി സർവകലാശാല ആസ്‌ഥാനം ഉൾപ്പെടുന്ന ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലേക്കും ഒരു സെന്റിൽ വീതം ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ്. അടുത്ത ഘട്ടമായി കോട്ടയം ജില്ലയിലെ എല്ലാ വീടുകളിലേക്കും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും.

കോഴ്സുകളും കോളജുകളും ഏറെയുണ്ടായി. പല എൻജിനീയറിംഗ് കോളജുകളിലും കുട്ടികളില്ല. ചിലതെങ്കിലും അടച്ചുപൂട്ടിലിന്റെ വക്കോളമെത്തിയിരിക്കുന്നു ?

അത് അംഗീകരിക്കുന്നു. പക്ഷെ അഭിരുചിയും യോഗ്യതയും ഉള്ളവരല്ല പല കോഴ്സുകളിലും ചേരുന്നത്. മാതാപിതാക്കളുടെ മിഥ്യാഭിമാനവും അമിതപ്രതീക്ഷയും ആസ്തിയും കൊണ്ട് കുട്ടികളെ അവർക്കു താങ്ങാനാവാത്ത കോഴ്സുകളിലേക്ക് തള്ളിവിടുകയാണ്. കണക്ക്, സയൻസ് വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർ അതുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിനിറങ്ങിയാൽ അത് ഭാരമായി മാറും. വിദ്യാർഥിയുടെ ഭാരവും തകർച്ചയും രക്ഷിതാവിനു മനസിലാകില്ല.

കേരളത്തിൽ എസ്എസ്എൽസി, പ്ലസ് ടു കോഴ്സുകളിൽ ഗണിതം, ഇംഗ്ളീഷ് വിഷയങ്ങളുടെ ശരാശരി മാർക്ക് 14 ശതമാനത്തിൽ താഴെയാണ്. മോഡറേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളിൽ പാസായി ഇറങ്ങുന്നവരെ രക്ഷിതാക്കൾ അമിതപ്രതീക്ഷയിലും മിഥ്യാഭിമാനത്തിലുമാണ് എൻജിനീയറിംഗ് കോഴ്സുകളിൽ ചേർക്കുക. പാസാകുന്ന എല്ലാവർക്കുമുള്ള അവസരങ്ങൾ ഉറപ്പാക്കാനും കഴിയുിന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ ഫലം നോക്കിയാൽ എംജി സർവകലാശാലയിൽ 30,000 കുട്ടികൾ എൻജിനീയറിംഗ് പാസാകാതെ സപ്ലിമെന്ററി പരീക്ഷകൾ തുടരെ എഴുതിക്കൊണ്ടിരിക്കുന്നു. ഇത്രയും പേരുടെ ഭാവിയും സാധ്യതയുമാണ് ഇരുളടയുന്നത്. കുട്ടികളുടെ മാത്രമല്ല അവരുടെ കുടുംബങ്ങളുടെ ഭാവിയും ആശങ്കയിലാകുന്നു. ഇവരേറെയും ഭാഷയോ ഹ്യുമാനിറ്റീസോ പഠിച്ചിരുന്നെങ്കിൽ എന്തെങ്കിലുമൊരു സാധ്യതയിലേക്ക് കടക്കാമായിരുന്നു.

അധ്യാപക നിയമനങ്ങളിലെ കോഴ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നില്ലേ ?
അധ്യാപകനിയമനത്തിൽ മെറിറ്റ് എവിടെ അട്ടിമറിക്കപ്പെടുന്നുവോ അവിടെയെല്ലാം അതിന്റെ പ്രത്യാഘാതമുണ്ടാകും. അത് തലമുറകളുടെ ഗുണമേൻമയിൽ കുറവുവരുത്തും. മുൻകാലങ്ങളിൽ അക്കാദമിക് രംഗങ്ങളിലെ ജോലികൾക്ക് മെറിറ്റും സാമൂഹിത നീതിയും മാത്രമായിരുന്ന പരിഗണയ്ക്കുള്ള അടിസ്‌ഥാനം. അയോഗ്യർ എവിടെ നിയമിക്കപ്പെടുന്നുവോ ക്ലാസ് മുറികളിലും അക്കാദമിക് രംഗത്തും അതിന്റെ പ്രത്യാഘാതങ്ങൾ വ്യക്‌തമാണ്. എൻജിനീയറിംഗിൽ ഉൾപ്പെടെ അധ്യാപകരായി പ്രവേശിക്കുന്നവരിൽ ഒരു വിഭാഗത്തിന് പഠിപ്പിക്കാനുള്ള വിഷയത്തിൽ ആവശ്യത്തിനുള്ള വിജ്‌ഞാനം പോരാ. ഇങ്ങനെയുള്ളവർക്ക് വിദ്യാർഥികളെ ഇന്നത്തെ സിലബസ് പഠിപ്പിച്ച് വിജയത്തിലെത്തിക്കാനാവില്ല.

ഡോ. ബാബു സെബാസ്റ്റ്യൻ

പാലാ പൂവരണിയിലെ കാർഷിക പശ്ചാത്തലമുള്ള നടുവക്കുന്നേൽ കുടുംബത്തിൽ പരേതനായ എൻ.സി. സെബാസ്റ്റ്യന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ഡോ. ബാബു സെബാസ്റ്റ്യൻ. ചങ്ങനാശേരി എസ്ബി കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്്ടറേറ്റും നേടി.

1982ലാണ് പാലാ സെന്റ് തോമസ് കോളജ് മലയാളം ഡിപ്പാർട്ടുമെന്റിൽ അധ്യാപനം തുടങ്ങിയത്. 19 വർഷം അധ്യാപകനായും 17 വർഷം എംജി യൂണിവേഴ്സിറ്റിയുടെ റിസേർച്ച് ഗൈഡായും പ്രവർത്തിച്ചു. അധ്യാപന ജോലിയിൽ നിന്നു ഡെപ്യൂട്ടേഷനിലാണു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്്ടറായി പോയത്. സിസ്റ്റർ മേരി ബനീഞ്ഞ ഫൗണ്ടേഷന്റെ കോ–ഓർഡിനേറ്ററാണ്. ഭാര്യ ലിസി ജോസഫ് മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറും ഗൈഡുമാണ്. മകൻ സെബാസ്റ്റ്യൻ ബാബു മദ്രാസിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ്.

റെജി ജോസഫ്