വാരിക്കഴിപ്പിച്ചും കോരിക്കുളിപ്പിച്ചും
നാലാം ക്ലാസ് വിദ്യാർഥിനിയാണവൾ, വിനീത. വീട്ടിലെ ഇളയ കുട്ടിയായ അവൾ മാതാപിതാക്കളായ അരുൺ മാത്യുവിനും സിസി മാത്യുവിനും മാത്രമല്ല അവളുടെ മുതിർന്ന സഹോദരങ്ങളായ ജൂലിക്കും ജസ്റ്റിനും പൊന്നോമനയാണ്. മൂന്നാമതൊരു കുട്ടിയെ അരുണും സിസിലിയും ആഗ്രഹിച്ചിരുന്നില്ലങ്കിലും ദൈവനിശ്ചയം എന്ന് കരുതി ഇരുവരും വിനീതയെ പൂർണമനസോടെ സ്വീകരിക്കുകയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും അവൾ മുന്നിലാണെന്നാണ് ഹെഡ്മിസ്ട്രസ് സിസ്റ്റർ റജീനയും ക്ലാസ് ടീച്ചർ അനുവും സാക്ഷ്യപ്പെടുത്തുന്നത്. ഞാൻ ആ വീട്ടിൽ ചെന്നപ്പോൾ വിനീത അവിടെ ഉണ്ടായിരുന്നില്ല. മാതാപിതാക്കളോട് അവളെക്കുറിച്ച് ആരാഞ്ഞപ്പോൾ അവൾ ട്യൂഷന് പോയിരിക്കുകയാണെന്നാണ് അവർ പറഞ്ഞത്. മിടുമിടുക്കിയായ ആ കുട്ടിയെ ട്യൂഷന് വിടുന്നതെന്തിനാണെന്നുളള എന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ആ അപ്പനും അമ്മയും എന്റെ മുമ്പിൽ നിശംബ്ദരായി നിലകൊള്ളുകയാണ് ചെയ്തത്. അരുൺ കർഷകനും എട്ടാം ക്ലാസ് പഠനം മാത്രമുള്ള ഒരു സാധാരണ കുടുംബനാഥനുമാണ്. സിസി പത്താം ക്ലാസ് വരെ പോയെങ്കിലും പാസായില്ല എന്ന കാര്യം സിസി തന്നെയാണ് എന്നോട് പറഞ്ഞത്. തങ്ങൾക്ക് വേണ്ടവിധം പഠിക്കാനായില്ലന്നും അത്തരമൊരു കുറവ് തങ്ങളുടെ മക്കൾക്കുണ്ടാകാതിരിക്കാനാണ് അവർ തങ്ങളുടെ മക്കൾക്ക് ട്യൂഷൻപോലും ക്രമീകരിച്ചു നൽകുന്നതെന്നുമാണ് സാധുക്കളായ ആ മാതാപിതാക്കൾ എന്നോട് പറഞ്ഞത്. ആ അപ്പനമ്മമാരുടെ ആത്മാർഥതയേയും ഉദ്ദേശശുദ്ധിയേയും വിമർശിക്കാനോ ചോദ്യം ചെയ്യാനോ ഞാൻ മുതിരുന്നില്ല.

നാടോടുമ്പോൾ നടുവേ ഓടണം എന്ന വിചാരമായിരിക്കാം അവരെ സ്വാധീനിച്ചത്. വിനീതയെ മാത്രമല്ല മൂത്ത മക്കളായ ജൂലിയേയും ജസ്റ്റിനേയും അവർ ട്യൂഷന് അയയ്ക്കുന്നുണ്ട് എന്ന് അവരുടെ തുടർന്നുളള സംസാരത്തിൽനിന്നും എനിക്ക് മനസിലായി. അവർക്കിരുവർക്കും രാവിലെ മാത്രമേ ട്യൂഷൻ ഉള്ളൂവെന്നും നാലാം ക്ലാസ്കാരി വിനീതയ്ക്ക് രാവിലെയും വൈകുന്നേരവും ട്യൂഷൻ ഉണ്ടെന്നുമാണ് എനിക്കറിയാൻ കഴിഞ്ഞത്. മൂത്തവർ ഇരുവരെക്കാളും മിടുക്കിയാണ് ഇളയവൾ വിനീത എന്ന തിരിച്ചറിവാണ് അവളെ രണ്ടുനേരവും ട്യൂഷനയയ്ക്കാൻ ആ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. മിടുമിടുക്കിയാണ് പഠനത്തിലെങ്കിൽ ആ കുഞ്ഞിന് ട്യൂഷന്റെ ആവശ്യകത എന്താണെന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.


വിനീതയെന്ന നാലാം ക്ലാസുകാരിയുടെ ട്യൂഷനല്ല മുഖ്യമായും ഇവിടെ ചർച്ചാവിഷയം, കുട്ടികളുടെ വ്യക്‌തിത്വ രൂപീകരണത്തിലെ വികല കാഴ്ചപ്പാടുകളാണ്. ദൈവകരങ്ങളാൽ മെനയപ്പെടുന്ന ഓരോ കുഞ്ഞിലും ഒട്ടേറെ അത്ഭുത സാധ്യതകൾ ഒളിഞ്ഞിരുപ്പുണ്ട്. ആ സാധ്യതകളെ യാഥാർഥ്യവൽക്കരിക്കുന്നതിൽ ആ കുട്ടിക്ക് പരിശീലനം നൽകുന്നവർക്ക് പ്രത്യേകിച്ച് മാതാപിതാക്കൾക്ക് മുഖ്യപങ്കാണുള്ളത്. നിരന്തരം മറ്റുള്ളവരിൽ ആശ്രയിക്കുന്ന രീതി കുട്ടികളുടെ വ്യക്‌തിത്വ വളർച്ചയിൽ ആശാവഹമല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള പരിശീലനവും ആത്മവിശ്വാസവുമാണ് കുട്ടികൾക്ക് ലഭിക്കേണ്ടത്. കുട്ടി തന്റെ വളർച്ചയുടെ കാലഘട്ടങ്ങളിലും പിന്നീടും മറ്റാരെയും ആശ്രയിക്കേണ്ടതില്ല എന്നല്ല, വളർച്ചയുടെ തുടക്കത്തിൽ കുട്ടി പുലർത്തുന്ന പൂർണാശ്രയത്വത്തിൽനിന്നും സാവധാനം അവൻ സ്വാതന്ത്ര്യം നേടണം. ആത്മവിശ്വാസം ആർജിച്ച് വളരണം. ഇത്തരത്തിൽ വളരുന്ന കുഞ്ഞിനേ ഭാവിയിൽ പ്രായത്തിനൊത്ത ആലോചനയും അഭിപ്രായവും തീരുമാനങ്ങളും ഉണ്ടാകൂ. മക്കളുടെ വളർച്ചയുടെ വഴിയിൽ വാരിക്കൊടുക്കുന്ന കാലവും കോരിക്കുളിപ്പിക്കുന്ന കാലവുമുണ്ട്. പക്ഷേ, മാതാപിതാക്കൾ അപ്രകാരം ചെയ്യുന്നത് തന്നെ വാരിക്കഴിക്കാനും തന്നെ കോരിക്കുളിക്കാനും അവർക്ക് ഇടയാകേണ്ടതിനാണ്.

ഒരുവിധത്തിൽ പറഞ്ഞാൽ കുട്ടികൾക്ക് സ്കൂളിലെ ക്ലാസ് മുറിയിൽ ലഭിക്കുന്നത് ട്യൂഷൻതന്നെയല്ലേ? മിടുമിടുക്കരായ കുട്ടികളെ ട്യൂഷന്റെ പേരിൽ ക്ലാസ് മുറികൾക്ക് തുല്യമായ മുറികളിൽ പിന്നെയും തളച്ചിടേണ്ടതുണ്ടോ? പാഠ്യവിഷയത്തോട് ബന്ധപ്പെട്ട് കുട്ടിക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഇന്റർനെറ്റ് സംവിധാനം പോലുമുള്ള ഇക്കാലത്ത് വൈവിധ്യങ്ങളായ എത്രയെത്ര വഴികളാണുള്ളത്. സ്വന്തം കഴിവുകളെയും സാധ്യതകളെയും കണ്ടെത്താനും പരമാവധി അവ ഫലപ്രാപ്തിയിലെത്തിക്കാനും സഹായിക്കുന്ന നിർദേശങ്ങളാണ് കുട്ടികളുടെ എല്ലാ വിധത്തിലുമുള്ള രൂപീകരണത്തിന് അനുയോജ്യം. തന്നെയുമല്ല, ക്ലാസ്മുറിയിലിരുന്ന് കുട്ടി മനസിലാക്കുന്ന കാര്യങ്ങൾ അവൻ സ്വന്തമാക്കണമെങ്കിൽ തന്റേതായ രീതിയിൽ പിന്നെയും പഠിക്കേണ്ടേ? സ്കൂളിലെ പഠനവും ട്യൂഷൻ സെന്ററിലെ പരിശീലനവും കഴിഞ്ഞ് വിഷയങ്ങൾ സ്വന്തമാക്കാൻ കുട്ടിക്ക് എവിടെയാണ് സമയം കിട്ടുന്നത്. പഠിക്കാൻ സമയം ലഭിക്കുന്നതുപോട്ടെ സ്വസ്ഥമായി ഒന്ന് ശ്വാസം വിടാനും, ആസ്വദിച്ച് ഭക്ഷണം കഴിക്കാനും, സമപ്രായക്കാരുമായി കൂട്ടുകൂടാനും, കുടുംബാംഗങ്ങളുമായി സ്വാതന്ത്ര്യത്തോടെ ഇടപഴകാനും, വീട്ടുകാര്യങ്ങളിൽ തന്റേതായ രീതിയിൽ ഏർപ്പെടാനുമൊക്കെ അവന് സമയം ലഭിക്കുന്നുണ്ടോ? ഇക്കാര്യങ്ങളിലൊക്കെയുള്ള വീഴ്ച കുട്ടി വൈകാരിക പക്വത ആർജിക്കുന്നതിന് തടസം തന്നെയാണ്. പ്രകൃതിയുടെയും തന്റെ ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെയും സാമിപ്യവും സ്പർശനവും അനുഭവിച്ചു വേണം അവൻ വളരാൻ. അതവനെ വൈകാരിക പക്വതയുള്ളവനാക്കും. താൻ ജീവിക്കുന്ന ചുറ്റുപാടുകളോട് ഇടപഴകാനും ക്രിയാത്മകമായി അവയോട് പ്രതികരിക്കാനും അവന് കഴിയേണ്ടതിന് അക്കാര്യത്തിൽ അവന്റെ മാതാപിതാക്കളുടെയും മുതിർന്നവരുടെയും ശ്രദ്ധയും മാർഗനിർദ്ദേശങ്ങളും മാതൃകയും പ്രധാനപ്പെട്ടതാണ്.

സിറിയക് കോട്ടയിൽ