സ്നേഹപൂർവം ക്രിസ്മസ്
സാഹിത്യത്തിനുള്ള നൊബേൽസമ്മാനം നേടിയ ആദ്യവനിതയാണ് സെൽമ ലാഗർലോഫ് (1858–1940). സ്വീഡനിൽ ജനിച്ച സെൽമ ആദ്യകാലത്ത് ഒരു ഹൈസ്കൂൾ അധ്യാപികയായിരുന്നു. പിന്നീടാണ് അവർ ഫുൾടൈം സാഹിത്യസേവനത്തിലേക്കു തിരിഞ്ഞത്. ബാലസാഹിത്യത്തിൽ അമൂല്യസംഭാവനകൾ നൽകിയിട്ടുള്ള സെൽമയുടെ അതിസുന്ദരമായ ഒരു ചെറുകഥയാണ് ’വിശുദ്ധരാത്രി’. ആ കഥ ചുരുക്കമായി ഇവിടെ വിവരിക്കാം.

കൊടുംതണുപ്പുള്ള ഒരു രാത്രി. അസ്‌ഥി തുളച്ചുകയറുന്ന ആ കൊടുംതണുപ്പിൽ ഒരു മനുഷ്യൻ അടുത്തുകണ്ട വീടുകളുടെ വാതിലുകളിൽ മുട്ടിവിളിച്ചു പറഞ്ഞു, ‘സ്നേഹിതരേ, എന്നെ സഹായിക്കൂ. എന്റെ ഭാര്യ ഒരു കുട്ടിയെ പ്രസവിച്ചു.തണുപ്പിൽനിന്ന് അവരെ രക്ഷിക്കണം. അവർക്കു തീകൂട്ടാൻ കുറേ ഉണങ്ങിയ വിറക് തരണം. രാത്രി വൈകിയ സമയമായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നതുകൊണ്ട് ആരും എണീറ്റ് ആ മനുഷ്യന് വിറക് നൽകിയില്ല. അപ്പോൾ അദ്ദേഹം മുന്നോട്ടു നടന്നു. അങ്ങനെയാണ് അകലെ ഒരിടത്ത് തീകത്തുന്നത് കണ്ടത്.

അദ്ദേഹം അവിടേക്കു നടന്നു. അവിടെ ഒരു ഇടയൻ തന്റെ ആടുകൾക്കു കാവലിരിക്കുകയായിരുന്നു. അയാൾക്കു കൂട്ടിനായി മൂന്നു കാവൽനായ്ക്കളും ഉണ്ടായിരുന്നു. അദ്ദേഹം അടുത്തെത്തിയപ്പോഴേക്കും ആ നായ്ക്കൾ വായ് പിളർന്നു കുരയ്ക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തെ കടിക്കാൻ അവയ്ക്കു സാധിച്ചില്ല. നായ്ക്കളെ അവഗണിച്ച് അദ്ദേഹം ഇടയന്റെ അടുത്തേക്ക് നീങ്ങി. അപ്പോൾ തന്റെ കൈയിലിരുന്ന വടിയെടുത്ത് അദ്ദേഹത്തെ ആക്രമിക്കാൻ ഇടയൻ ശ്രമിച്ചു. പക്ഷേ വടി കൈയിൽനിന്നു താഴെ വീഴുകയാണുണ്ടായത്. ഇടയന്റെ ശത്രുതാ മനോഭാവം വകവയ്ക്കാതെ അദ്ദേഹം പറഞ്ഞു, ‘എനിക്ക് കുറച്ചു വിറക് വേണം. എന്റെ ഭാര്യ പ്രസവിച്ചു. അവൾക്കും കുഞ്ഞിനും തീകൂട്ടാൻ വേണ്ടിയാണ്.‘

വിറക് കൊടുക്കാൻ ഇടയനു മനസില്ലായിരുന്നു. എങ്കിലും അതുവരെ കണ്ട അദ്ഭുതകരമായ സംഭവങ്ങൾ മൂലം ഇടയൻ പറഞ്ഞു, ‘ആവശ്യമുള്ളിടത്തോളം എടുത്തോളൂ.‘ പക്ഷേ അദ്ദേഹം നോക്കിയപ്പോൾ അവിടെ അൽപംപോലും വിറക് ബാക്കിയില്ലായിരുന്നു. ഉടനെ ഇടയൻ വീണ്ടും പറഞ്ഞു, ‘കത്തുന്ന കനൽക്കട്ടകൾ എടുത്തോളൂ.‘ കനൽക്കട്ടകൾ എടുക്കാൻ കോരിയോ പാത്രമോ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം അവ എടുക്കുകയില്ലെന്നാണ് ഇടയൻ കരുതിയത്. എന്നാൽ അൽപംപോലും മടിക്കാതെ അദ്ദേഹം കൈകൊണ്ട് കനൽക്കട്ടകൾ എടുത്ത് തന്റെ മേൽവസ്ത്രത്തിൽ അവ ശേഖരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ കൈ പൊള്ളുകയോ വസ്ത്രത്തിനു തീപിടിക്കുകയോ ചെയ്തില്ല. ഇതു കണ്ടപ്പോൾ അദ്ഭുതസ്തബ്ധനായ ഇടയൻ ചോദിച്ചു, ‘എന്തുതരം രാത്രിയാണിത്? നായ്ക്കൾക്കു കടിക്കാനാവാത്ത രാത്രി! തീക്ക് പൊള്ളിക്കാനാവാത്ത രാത്രി!! ഈ രാത്രിയിൽ എല്ലാം നിങ്ങളോടു കരുണകാണിക്കുന്നു.‘

ഉടനേ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾക്കിതു തനിയെ മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ എനിക്കു നിങ്ങളോട് പറഞ്ഞുതരാനാവില്ല.‘ ഇത്രയും പറഞ്ഞിട്ട് ഇടയനു നന്ദിപറഞ്ഞ് അദ്ദേഹം യാത്രയായി. അപ്പോൾ ഇടയനും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. കുറേ കഴിഞ്ഞപ്പോൾ അവർ ഒരു ഗുഹയിലെ കാലിത്തൊഴുത്തിൽ എത്തി. അപ്പോൾ കാലികൾക്കിടയിൽ ഒരു കുഞ്ഞിനെ പരിചരിക്കുന്ന അമ്മയെ ഇടയൻ കണ്ടു. ആ അമ്മയും കുഞ്ഞും തണുപ്പത്ത് വിറയ്ക്കുന്നതു കണ്ടപ്പോൾ അയാൾ തന്റെ തോളിൽ കിടന്ന ഉണങ്ങിയ ആട്ടിൻതോൽ എടുത്ത് അവർക്കു നൽകി.

ആ നിമിഷം അയാളുടെ കണ്ണുകൾ തുറക്കപ്പെട്ടു. ആ കുഞ്ഞിനും അമ്മയ്ക്കും ചുറ്റുമായി അസംഖ്യം മാലാഖമാർ ആഹ്ലാദപൂർവം നിൽക്കുന്നതും അവർ ആ പൈതലിനെ ആരാധിക്കുന്നതും അയാൾ കണ്ടു. അവരുടെ ശ്രുതിമധുരമായ ഗാനാലാപം അയാൾ കേട്ടു. അടുത്തനിമിഷം അയാൾ മുട്ടിന്മേൽ വീണു ദൈവത്തെ സ്തുതിച്ചു – കരുണാർദ്രമായ ആ രാത്രിയുടെ പേരിൽ! ദൈവം ലോകത്തിനു നൽകിയതും മാലാഖമാർ ആരാധിക്കുന്നതുമായ ആ ദിവ്യപൈതലിന്റെ പേരിൽ!

പാപത്തിൽ മുഴുകിയ മനുഷ്യവംശത്തെ രക്ഷിക്കാൻ ദൈവത്തിനു കരുണ തോന്നിയതുകൊണ്ടാണല്ലോ അവിടുന്ന് തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചത്. ലോകരക്ഷകനായ അവിടുന്ന് രണ്ടായിരം വർഷം മുൻപ് ബേദ്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നതുമൂലം അവിടുന്ന് പിറന്ന രാത്രി കരുണാർദ്രമായ രാത്രിയായി മാറി. ആ കരുണാർദ്രമായ രാത്രിയുടെ പേരിലായിരുന്നല്ലോ സെൽമയുടെ ഭാവന സൃഷ്ടിച്ച ആട്ടിടയൻ ദൈവത്തെ സ്തുതിക്കുകയും അവിടത്തേക്ക് നന്ദിപറയുകയും ചെയ്തത്. ഈ ആട്ടിടയനെപ്പോലെ ക്രിസ്മസ് രാത്രിയിൽ ദൈവത്തിന്റെ വലിയ കരുണയെ ഓർത്ത് നാമും അവിടത്തെ സ്തുതിക്കുകയും അവിടത്തോടു നന്ദിപറയുകയും ചെയ്യുകയാണ്. ദൈവത്തിന്റെ കരുണകൊണ്ടു മാത്രമാണല്ലോ നമ്മെ രക്ഷിക്കാൻ അവിടുന്ന് തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്.

ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹമാണ് നമ്മുടെ രക്ഷയ്ക്കു വഴിതെളിച്ചതെന്ന ഓർമ എപ്പോഴും നമ്മുടെ മനസിലുണ്ടാവണം. അതോടൊപ്പം, അവിടുത്തേതുപോലെയുള്ള കരുണാർദ്രമായ സ്നേഹം നമ്മിലുണ്ടായിരിക്കുമെന്നു നാം ഉറപ്പുവരുത്തുകയും വേണം.
സെൽമ പറഞ്ഞ കഥയിലേക്ക് ഒന്നു മടങ്ങിവരട്ടെ. തീ കത്തിക്കാൻ ഇടയനോട് വിറക് ചോദിച്ച മനുഷ്യനോട് ക്രൂരമായിട്ടാണ് ആദ്യം ഇടയൻ പ്രവർത്തിച്ചത്. എന്നാൽ, അന്നത്തേതു കരുണാർദ്രമായ രാത്രിയാണെന്നു മനസിലാക്കിയപ്പോൾ തന്റെ ആട്ടിൻതോൽ നൽകിക്കൊണ്ട് അയാളും കരുണ കാണിച്ചു. അപ്പോഴാണ് ദിവ്യപൈതലിനെ ആരാധിക്കുന്ന മാലാഖമാരെ അയാൾ കണ്ടത്. അവരുടെ ഗാനാലാപം അയാൾ ശ്രവിച്ചത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ അപ്പോഴാണ് അയാൾക്കൊരു ദിവ്യാനുഭൂതി ഉണ്ടായത്.

ദൈവപുത്രനായ യേശുവിന്റെ ജനനം അനുസ്മരിക്കുന്നതുകൊണ്ട് ക്രിസ്മസ് ആഡംബരമായി നാം ആഘോഷിക്കണം. എന്നാൽ, കരുണാർദ്രമായ സ്നേഹമില്ലാതെയാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ നമ്മിൽ ആധ്യാത്മികമായ ഉണർവോ ദിവ്യപൈതൽ നൽകുന്ന സമാധാനമോ ശാന്തിയോ ഉണ്ടാകില്ലെന്നു തീർച്ചയാണ്. അപ്പോൾ നമ്മുടെ ക്രിസ്മസ് ആഘോഷം നിരർഥകമായി മാറും. എന്നാൽ, കരുണാർദ്രമായ സ്നേഹം പ്രകടമാകുന്ന രീതിയിലാണ് നാം ക്രിസ്മസ് ആഘോഷിക്കുന്നതെങ്കിൽ നമ്മിൽ സമാധാനവും ശാന്തിയും നിറഞ്ഞുനിൽക്കുകതന്നെ ചെയ്യും. കരുണാർദ്രമായ ആ രാത്രിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നമ്മുടെ ക്രിസ്മസ് ആഘോഷം എന്നു നമുക്ക് ഉറപ്പുവരുത്താം. എല്ലാവർക്കും ക്രിസ്മസിന്റെ ശാന്തിയും സമാധാനവും നേരുന്നു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ