സമ്മാനം
സമ്മാനം! എത്ര ഹൃദ്യവും മധുരവുമായ പദമാണത്. ബാല്യകൗമാരങ്ങളിൽ മാത്രമല്ല, ഇന്നും അതങ്ങനെതന്നെ. ദുഃഖവും യാതനയും സങ്കീർണതകളിൽനിന്നും വിടർത്തി ഉണർവും ഉന്മേഷവും പകർന്നു ഹൃദയപരതയുടെ പച്ചപ്പിലേക്കു നയിക്കാൻ ഒരു കുഞ്ഞുസമ്മാനത്തിനുപോലും കഴിയുമെന്നതാണു വാസ്തവം.

ഒരു സമ്മാനം നൽകുമ്പോൾ ഒരാൾ തന്റെ സ്നേഹം മുഴുവനായി നമ്മിലേക്കു ചൊരിയുകയാണ്. ചിലപ്പോഴതൊരു കുഞ്ഞു വാക്കാകാം. അല്ലെങ്കിൽ ഒരു പുഞ്ചിരി. ഒരു മൃദുസ്പർശം... സമ്മാനമാകാത്തതായി ഒന്നുമില്ലെന്നു തോന്നുന്നു. കുചേലനെന്ന ചങ്ങാതി കൊണ്ടുവന്ന അവലിൽനിന്ന് ഒരുപിടി വാരിയെടുക്കുമ്പോൾ ഭഗവാന്റെ മനസിൽ ബാല്യസൗഹൃദത്തിന്റെ മഴവില്ല് തെളിഞ്ഞിട്ടുണ്ടാകും. ഓരോ സമ്മാനത്തിൽനിന്നും ഒരായിരം ഓർമകളുടെ സുഗന്ധം പരക്കുന്നുണ്ടെന്ന് വെറുതേ പറയുന്നതല്ല.

അതുകൊണ്ടാണ് ദമ്പതിമാർ വേർപിരിഞ്ഞുവെന്നോ ജീവനെക്കാളധികം സ്നേഹിച്ചവർ വഞ്ചിച്ചുവെന്നോ ഒക്കെ കേൾക്കുമ്പോൾ സ്നേഹത്തിന്റെ ഉജ്വലപ്രതീകങ്ങളായ ജിമ്മും ഡെല്ലയും ഇന്നും ഓർമയിൽവരുന്നത്. ദരിദ്രരായിരുന്നു അവർ. ഭർത്താവിന്റെ വാച്ചിന് ചെയിൻ വാങ്ങാനായി തന്റെ തലമുടി മുറിച്ചു വിറ്റ ഡെല്ലയെയും ഭാര്യയുടെ മനോഹരമായ മുടിയിലണിയാൻ കേശാലങ്കാരം വാങ്ങുന്നതിന് തനിക്കേറെ പ്രിയപ്പെട്ട വാച്ച് വിറ്റ ജിമ്മിനെയും മറക്കുന്നതെങ്ങനെ!

സമ്മാനവുമായി വന്ന ജിം, മുടിമുറിച്ച ഡെല്ലയെ കണ്ടപ്പോൾ സ്തബ്ധനായി. അതുതന്നെയായിരുന്നു തനിക്കുവേണ്ടി വാച്ച് നഷ്‌ടപ്പെടുത്തിയ ജിമ്മിനെ കണ്ടപ്പോൾ ഡെല്ലയുടെ അവസ്‌ഥയും. ഒരു സമ്മാനം, അതെത്ര ചെറുതായാലും അസാധാരണമായ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമല്ലെന്നു പറയാനാവുമോ? നിസാരമെന്നു കരുതുമ്പോഴും തളരാതിരിക്കാനുള്ള ഊർജം ഒളിപ്പിച്ചുവച്ച നിധികുംഭങ്ങളാണ് സമ്മാനമെന്നു തോന്നിയിട്ടുണ്ട്.

ക്രിസ്മസിന് കൈമാറാൻ രണ്ടുപേരും കരുതിയ സമ്മാനം ആ സമയത്ത് പ്രയോജനമില്ലാതെ പോയല്ലോ എന്ന് വായനക്കാരും കേഴ്വിക്കാരും സങ്കടപ്പെടുമ്പോഴും അവരുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ കണ്ണാടിത്തിളക്കം പുതിയൊരു തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നുണ്ട്. എല്ലാറ്റിലുമുപരിയായുള്ള സ്നേഹം വിലമതിക്കാനാവാത്തതാണ്. അതിനു തുല്യമായി മറ്റൊരു സമ്മാനവുമില്ലതന്നെ. അങ്ങനെയൊരു സമ്മാനം ലഭിക്കുന്നത് എത്ര പവിത്രമായൊരു അനുഭവമാണ്!

ഒ. ഹെൻറിയുടെ ക്രിസ്മസ് സമ്മാനം ( The Gift of the Magi) എന്ന കഥയായിരുന്നു അതെന്ന് തെല്ലു മുതിർന്ന ശേഷമാണ് മനസിലായത്. ഈശ്വരീയമെന്നുപോലും വിശേഷിപ്പിക്കാവുന്ന അത്യുദാത്ത തലത്തിലേക്ക് മനസിനെ പരിവർത്തിപ്പിക്കാൻ അതെത്രമാത്രം പ്രചോദനം നൽകിയെന്ന് ഇന്നുപോലും പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഏതൊരു ബന്ധത്തിലാണ് അത്രയും ശുദ്ധവും ഹൃദ്യവുമായൊരു സ്നേഹം നമുക്ക് കണ്ടെത്താനാവുക. തങ്ങൾ ഏറെ വിലമതിക്കുന്ന കാര്യങ്ങൾ നഷ്‌ടപ്പെടുത്തിയാണ് പങ്കാളിക്ക് സമ്മാനം വാങ്ങാനുള്ള പണം സ്വരൂപിച്ചതെന്നതാണ് ആ സമ്മാനത്തെ ഏറെ വിശിഷ്ടമാക്കുന്നത്. അത്രമാത്രം തീവ്രമായ സ്നേഹത്തിന്റെ പൊൻനൂലിഴ അവർക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടാണ് തന്നെക്കാളുപരി പങ്കാളിക്ക് മുൻഗണന നൽകാൻ അവർക്കായത്. സ്നേഹത്തിലേക്ക്, ഒന്നല്ല ഒരായിരം വാതിലുകളുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്!

കണ്ണിൽ കണ്ണിൽ നോക്കാതെ, ഹൃദയംകൊണ്ട് ചേർത്തുപിടിക്കാതെ, ഒരു പുഞ്ചിരിപോലും കൈമാറാതെ എന്തു സ്നേഹവും സൗഹൃദവും കൈമാറുന്നുവെന്നാണ് നമ്മൾ കരുതുന്നത്. വീട്ടിലും പണിസ്‌ഥലത്തും നിരത്തിലും ബസിലും എന്നുവേണ്ട മനുഷ്യർ ഇടപെടുന്ന ഇടങ്ങളിലൊക്കെ സ്നേഹത്തിൽ മായം കലർന്നിട്ടുണ്ട്. നിനക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും എന്നതിലുപരി എനിക്കെങ്ങനെ വളരാനാകും എന്ന സ്വാർഥചിന്തയാണ് നമ്മിൽ മുന്നിട്ടു നിൽക്കുന്നതെന്ന് തിരിച്ചറിയുന്നില്ലെന്നു മാത്രം.

മക്കളെ ഇല്ലായ്മ ചെയ്യുന്ന അമ്മമാരും മാതാപിതാക്കളെ ക്ഷേത്രാങ്കണങ്ങളിലോ വൃദ്ധഗേഹങ്ങളിലോ തള്ളുന്ന മക്കളും പങ്കാളിയെ അവഗണിക്കുകയോ അവിശ്വസ്തത കാണിക്കുകയോ ചെയ്യുന്ന പ്രിയപ്പെട്ടവരുമൊക്കെ ഒന്നുമറിയാത്തതുപോലെ മുഖംമിനുക്കി നടക്കുന്നത് കാണുന്നില്ലേ. ഓരോ ബന്ധവും അതാവശ്യപ്പെടുന്ന ചില ഉത്തരവാദിത്വങ്ങൾകൂടി ചേർന്നതാണെന്ന് അംഗീകരിക്കുമ്പോഴേ നമ്മൾ പരസ്പരം സമ്മാനമായി മാറുന്നുള്ളൂ. അവിടെ ഞാനും നീയുമല്ല. നമ്മൾ അന്യോന്യം സമ്മാനങ്ങളാവുകയാണ്.

പരസ്പരം സമ്മാനമായി മാറേണ്ട നിയോഗത്തെ അവസരപൂർവം മറക്കുന്ന മനുഷ്യരെക്കുറിച്ച് ഖേദിക്കാതെങ്ങനെ. ‘സേതുവിന് എന്നും സേതുവിനോടു മാത്രമേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ’ എന്ന എംടിയുടെ പ്രയോഗം ശരിയെന്ന് ഓർമിപ്പിക്കുന്നവരെ തേടി ദൂരെദൂരെ അലയുകയൊന്നും വേണ്ട. ഇതാ, നമ്മുടെ അടുത്തുതന്നെയുണ്ട്. ചിലപ്പോൾ നമ്മൾതന്നെയും അങ്ങനെയല്ലെന്നു വരുമോ?

സമ്മാനത്തിന്റെ സൗന്ദര്യശാസ്ത്രം ക്രിസ്തുവിനോളം മനോഹരമായി ഈ ഭൂമിക്ക് കൈമാറിയ മറ്റാരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല എന്ന മൊഴികളിലുണ്ട് അവന്റെ ജീവിതദർശനം. അവൻ മനുഷ്യവംശത്തിനു നൽകിയ സമ്മാനവും അതുതന്നെയായിരുന്നു, സ്വജീവൻ. ആത്മത്യാഗത്തോളമെത്തുന്ന വലിയ സ്നേഹസമ്മാനത്തിന്റെ മറുപേരാണ് ക്രിസ്തുവെന്ന് ആർക്കാണറിയാത്തത്. ലോകത്തെ രക്ഷിക്കാനുള്ള ഏകമാർഗം കരുണയിലധിഷ്ഠിതമായ സ്നേഹമാണെന്ന് അവന്റെ പിറവി ഓർമിപ്പിക്കുന്നുണ്ട്.

പ്രപഞ്ചത്തിലെ സർവവസ്തുക്കളുടെയും ഉടയവൻ ഒരു ശിശുവായി തന്നെത്തന്നെ നൽകിയ വലിയ സമ്മാനത്തിന്റെ ഓർമയല്ലാതെ മറ്റൊന്നുമല്ല ക്രിസ്മസ്. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനുമാണ് അവൻ ഭൂമിയെ സന്ദർശിച്ചത്. ഭയത്തിന്റെയും മറ്റ് അശാന്തികളുടെയും ചൂടിൽ ഉരുകുന്ന ലോകത്തിനു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമപോലും നറുനിലാവാകുന്നത് അതുകൊണ്ടാണ്. അമേരിക്കയും ഇന്ത്യയും പാക്കിസ്‌ഥാനും ആഫ്രിക്കൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ ഇന്ന് ഭയത്തിന്റെ നിഴലിലാണ്. ഭീകരവാദവും തീവ്രവാദവും നമ്മുടെ ഉറക്കം കെടുത്തുന്നു. എല്ലാ അശാന്തികൾക്കുമുള്ള ഒറ്റമൂലി കാലിത്തൊഴുത്തിലെ പൈതൽ പറഞ്ഞുതരുന്നുണ്ട്. ചെറുതാവുക, അപരനെ വലിയവനായി കരുതുക.

ക്രിസ്മസ് ഇന്നും സമ്മാനങ്ങൾ കൈമാറുന്ന ആഹ്ലാദത്തിന്റെ കാലമാണ്. എന്റെയും നിന്റെയും ജീവിതം സമസ്ത ലോകത്തിനുമുള്ള ഒരു സമ്മാനമായി രൂപാന്തരപ്പെട്ടിരുന്നെങ്കിൽ!

സിസ്റ്റർ എലൈസ്മേരി ചേറ്റാനി എഫ്സിസി