പാട്ടായ് മരുവിൽ പൊഴിഞ്ഞ മന്ന
എഴുതിക്കിട്ടിയ നാലുവരികൾ മനസിൽ ഉരുക്കിയൊഴിച്ച് കീബോർഡിനു മുന്നിലിരുന്ന് അന്നാദ്യമായാണ് ആ യുവ സംഗീതസംവിധായകൻ ഇത്ര ഹൃദയപൂർവം പ്രാർഥിച്ചത്: ദൈവമേ, ഇത് ജനങ്ങൾ ഏറ്റുവാങ്ങുന്ന ഗാനമാവണേ.., ഇതുവഴി നിന്റെ നാമം മഹത്വപ്പെടണമേ...

ദൈവത്തിന്റെ കരം അത്ഭുതം പ്രവർത്തിച്ചു എന്നുതന്നെ പറയണം., അഞ്ചുമിനിറ്റിൽ താഴെ സമയംകൊണ്ട് ഈണം പിറന്നു. പതിനേഴുകൊല്ലംമുമ്പ് ജനിച്ച ആ പാട്ടിന് ഇന്നും വിശ്വാസത്തിന്റെ ചൂടുണ്ട്.., സ്നേഹത്തിന്റെ തണലുമുണ്ട്. പീറ്റർ ചേരാനല്ലൂരാണ് ആ സംഗീത സംവിധായകൻ. ബേബി ജോൺ കലയന്താനിയാണ് അക്ഷരങ്ങളിൽ പ്രാർഥന പകർന്നുവച്ചത്. ആ പാട്ട് ഇങ്ങനെയാണ് കേൾക്കുന്നത്– ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം.. സത്യജീവമാർഗമാണു ദൈവം...

എങ്ങും, എവിടെയും

ഒരു കാർ പിന്നോട്ടെടുക്കുന്നു.., ഒരു മൊബൈൽ ഫോൺ ശബ്ദിക്കുന്നു.., അതിലേക്കു വിളിക്കുന്നയാൾ ഒരീണംകേൾക്കുന്നു..., ഒരു കോളിംഗ് ബെൽ വിളിക്കുന്നു.... ഇങ്ങനെ ലക്ഷക്കണക്കിനു കാറുകൾ, മൊബൈലുകൾ, കോളിംഗ് ബെല്ലുകൾ– എല്ലായിടത്തും കേൾക്കുന്നത് ഒരേ ഈണമാണ്– ഇസ്രായേലിൻ നാഥനായി.. ഒരു ഭക്‌തിഗാനം ഭക്‌തിയുടെ പരിസരത്തുനിന്നുമാറി ഇത്രയധികം രൂപങ്ങളിൽ കേൾക്കപ്പെടുന്നത് ഇതൊന്നുമാത്രമായിരിക്കും. എന്നാൽ എവിടെ എങ്ങനെ കേട്ടാലും ഈ ഈണം ഓർമിപ്പിക്കുന്ന ഒരു പ്രിയശബ്ദമുണ്ട്. അത് കെ.ജി. മാർക്കോസ് എന്ന ഗായകന്റേതാണ്. മാർക്കോസ് പാടി നൂറിൽ ഇരുനൂറു മാർക്കു വാങ്ങിയ പാട്ടാണിത്. കടവന്ത്രയിലെ ഫ്ളാറ്റിലിരുന്ന് ടെലിഫോണിൽ മാർക്കോസ് ഇതു പാടിക്കേൾപ്പിച്ചപ്പോഴും മനസിൽ സ്നേഹത്തിന്റെ ചെങ്കടൽപ്പാത തുറന്നു.

1999ൽ ഈ പാട്ടുപാടാൻ അവസരമെത്തിയപ്പോൾ പാട്ടു നന്നാകും, ശ്രദ്ധിക്കപ്പെടും എന്ന എളിയ പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂവെന്ന് മാർക്കോസ് പറയുന്നു. സിനിമയിലും ഭക്‌തിഗാനങ്ങളിലും യേശുദാസ് എന്ന ഒരേയൊരു വാക്കേ അന്നുള്ളൂ. അദ്ദേഹത്തെക്കൊണ്ടു പാടിക്കാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലാണ് ഈ പാട്ട് തന്നിലേക്കെത്തിയതെന്നു വിശ്വസിക്കുന്നു മാർക്കോസ്. ‘കാണാത്തവരും കേൾക്കാത്തവരും പോലും എനിക്കെതിരുനിന്ന കാലമാണ്. പല കാരണങ്ങളാലും ഒരുപക്ഷേ പ്രത്യേകിച്ചൊരു കാരണമില്ലാതെയും. ഇഷ്‌ടപ്പെട്ടു വിളിച്ചുപാടിക്കുന്നവർ കുറവ്. എങ്ങനെയെങ്കിലുമൊക്കെ കിട്ടുന്നതാണ് പാട്ടുകൾ. ദൈവകൃപയാൽ കിട്ടിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇസ്രായേലിൻ നാഥൻ വല്ലപ്പോഴുമൊരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതവുമായി’– മാർക്കോസ് പറയുന്നു.

ദൈവം അതിനുമുമ്പുമൊരിക്കൽ മാർക്കോസിന്റെ ജീവിതത്തിൽ വലിയൊരത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്. അത് 1986ലാണ്. നിറക്കൂട്ട് എന്ന ചിത്രത്തിനുവേണ്ടി പാടിയ പൂമാനമേ... എന്ന പാട്ട് സൂപ്പർഹിറ്റായി നിൽക്കുന്ന സമയത്താണ് സ്വന്തം ഓർക്കസ്ട്രയടക്കം മാർക്കോസ് ഗൾഫ് നാടുകളിൽ സ്റ്റേജ് പ്രോഗ്രാമുകൾക്കായി പോയത്. അവിടെ പരിപാടികൾക്കിടെ അബുദാബിയിൽനിന്ന് അൽ ഐനിലേക്കുള്ള യാത്രയ്ക്കിടെ മാർക്കോസും സംഘവും സഞ്ചരിച്ചിരുന്ന കാർ വലിയൊരപകടത്തിൽ പെട്ടു. ഏതാണ്ട് 140 കിലോമീറ്റർ വേഗത്തിൽ പോയിരുന്ന കാറിന്റെ ടയർ പൊട്ടി മീഡിയനിൽ ഇടിച്ചുകയറി. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേർ മരിച്ചു. പരിക്കേറ്റ മാർക്കോസ് മൂന്നുമാസം അവിടെ ആശുപത്രിയിൽ കിടന്നു., അതിലേറെക്കാലം നാട്ടിലും. വിലപ്പെട്ട ഒരു വർഷം നഷ്‌ടപ്പെട്ടെങ്കിലും മാർക്കോസിന്റെ ജീവൻ ദൈവം കൈക്കുമ്പിളിൽ കാത്തു, ശബ്ദസൗകുമാര്യത്തോടെ. നടക്കാനുണ്ടായ പ്രയാസം മാത്രമായിരുന്നു ആ അപകടത്തിന്റെ ബാക്കിപത്രം.

‘എല്ലാവരും വയസുകുറച്ചു പറയുന്ന കാലഘട്ടമാണ്, ഏറ്റവും ചുരുങ്ങിയത് മൂന്നു വയസെങ്കിലും. എന്നാൽ ഞാൻ സത്യമേ പറയൂ, അടുത്ത വർഷം ജൂൺ പത്തിന് എനിക്ക് അറുപതു തികയും’– മാർക്കോസ് പറയുന്നു. വസ്ത്രത്തിന്റെ നിറം മാത്രമല്ല, ഉള്ളിലും തൂവെള്ളനിറം തന്നെയെന്ന് ആ വാക്കുകൾ ഉറപ്പിക്കുന്നു. രൂപത്തിലും ഭാവത്തിലും ശൈലിയിലും വസ്ത്രധാരണത്തിലും യേശുദാസിനെ അനുകരിക്കുന്നു എന്ന വിമർശനം മാർക്കോസ് ഒരുപാടു കേട്ടതാണ്. ‘തിരുവനന്തപുരം കേശവദാസപുരത്തു താമസിക്കുമ്പോൾ വീടിനടുത്തുണ്ടായിരുന്ന സിനിമാ തിയറ്ററിൽനിന്നു കേട്ടുപഠിച്ച പാട്ടുകൾ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. അന്ന് ഏറ്റവുമിഷ്‌ടം യേശുദാസിന്റെയും പി. സുശീലയുടെയും പാട്ടുകളോടായിരുന്നു. എന്നാൽ വെള്ളവസ്ത്രം ധരിച്ചുതുടങ്ങിയത് യേശുദാസിനെ കാണുന്നതിനും വളരെ മുമ്പാണ്. സർക്കാർ സർവീസിൽ ഡോക്ടറായിരുന്ന പിതാവ് ജോർജ് വർഗീസിന്റെ പതിവുവേഷം വെള്ളയായിരുന്നു. അത് അപ്പന്റെ മനസിന്റെ നൈർമല്യത്തിന്റെയും ആതുരശുശ്രൂഷയുടെ മഹത്വത്തിന്റെയും പ്രതീകമായിരുന്നു. അപ്പൻ മക്കൾക്കും വെളുത്ത ഉടുപ്പുകളാണ് വാങ്ങാറുള്ളത്. ഇന്നത്തെപ്പോലെ ഈ നിറം ഇടാൻ എനിക്കു പറ്റില്ല എന്നൊന്നും പറയാവുന്ന കാലമല്ല. സ്കൂളിലെ യൂണിഫോമും വെള്ളയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്തുവച്ചാണ് യേശുദാസിനെ അടുത്തു കാണുന്നതും പാട്ടുകേൾക്കുന്നതും. അന്ന് വെള്ള ഷർട്ടും വാച്ചും ചെരിപ്പും ബെൽറ്റുമെല്ലാം കൗതുകമായി. എന്നാൽ എനിക്കും ഇതുമതി എന്നു തോന്നി. 45 കൊല്ലത്തിലേറെയായി എല്ലാം തൂവെള്ളയാണ്’.

തിരുവല്ലയ്ക്കടുത്ത് നിരണത്തു ജനിച്ച മാർക്കോസ് പിതാവിന്റെ ജോലിമാറ്റങ്ങൾക്കനുസരിച്ച് തിരുവനന്തപുരത്തും കൊല്ലത്തുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അപകടത്തെ തുടർന്നുണ്ടായ യാത്രാ പ്രശ്നങ്ങളാൽ പിന്നീട് കൊച്ചിയിലേക്കു താമസം മാറി. ഭാര്യ മഞ്ജു, മക്കളായ നിഥിൻ, നിഖിൽ, നമിത എന്നിവർക്കൊപ്പം കടവന്ത്രയിലാണ് ഇപ്പോൾ താമസം.

പാട്ടിനെക്കുറിച്ചു കേൾക്കാൻ വിളിച്ചപ്പോൾ ഓസ്ട്രേലിയയിൽ മൂന്നു വേദികളിൽ പാടി തിരിച്ചെത്തിയതേയുള്ളൂ മാർക്കോസ്. മൂന്നിടങ്ങളിലും കേൾവിക്കാർ ഏറെ സ്നേഹത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നത് ഇസ്രായേലിൻ നാഥനായി എന്ന പാട്ടു കേൾക്കാൻതന്നെയായിരുന്നു. ഫെബ്രുവരിയിൽ ഒറ്റപ്പാലത്ത് ഒരു സ്റ്റേജ് പ്രോഗ്രാമുണ്ട്. മാപ്പിളപ്പാട്ടുകൾക്കായുള്ള വേദിയാണ്. ഏതാണ്ട് അയ്യായിരത്തോളം മാപ്പിളപ്പാട്ടുകൾ മാർക്കോസ് പാടിയിട്ടുണ്ട്. ഈ പാട്ടുകൾ പാടണമെന്നാവശ്യപ്പെട്ട് സംഘാടകർ നൽകിയ ലിസ്റ്റിലുള്ള ഒരുപാട്ട് പക്ഷേ മാപ്പിളപ്പാട്ടല്ല. അത് ഇസ്രായേലിൻ നാഥനാണ്!

പ്രതിഭകളുടെ കണ്ടുമുട്ടൽ

ഗാനരചയിതാവിനും സംഗീതസംവിധായകനും പരസ്പരം ധാരാളം കേട്ടറിവുണ്ട്. പാട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും ഇഷ്‌ടം. എന്നാൽ നേരിട്ടു കണ്ടിട്ടില്ല. ബേബി ജോൺ കലയന്താനിയായിരുന്നു ആ രചയിതാവ്. സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരും. ഇരുവർക്കും കണ്ടുമുട്ടാൻ വിശുദ്ധമായൊരു വേദികിട്ടി. മുത്തോലപുരം പള്ളിയിൽ ഒരു ബൈബിൾ കൺവൻഷനിടയ്ക്ക് കണ്ടു പരിചയപ്പെട്ടപ്പോൾ ബേബി ജോൺ കലയന്താനിയോടു പീറ്റർ ചോദിച്ചു– ‘പാട്ടിനുള്ള വരികൾ ഏതെങ്കിലും കൈയിലുണ്ടോ’? അന്നുകിട്ടിയ നാലു വരികളാണ് പീറ്റർ കീബോർഡിനു മുന്നിലിരുന്ന് പ്രാർഥനാപുഷ്പങ്ങളാക്കിയത്. ‘ദൈവം അതിനെ ഉപയോഗിച്ചു, ലോകം ആ പാട്ടുകേട്ടു’– പീറ്റർ ചേരാനല്ലൂർ പറയുന്നു. ‘ദാസേട്ടൻ അല്ലെങ്കിൽ മാർക്കോസ് മാത്രം പാടിയാലേ ഇതു ശരിയാകൂ എന്ന് അന്നേ ഉറപ്പുണ്ടായിരുന്നു. ആൽബത്തിന്റെ നിർമാതാക്കൾക്കും അതേ അഭിപ്രായമായിരുന്നു’.

പാട്ടിനെക്കുറിച്ച് പീറ്റർ ചേരാനല്ലൂരിനുള്ള അനുഭവങ്ങൾ ഇങ്ങനെ: ഒരിക്കൽ ഇസ്രായേലിൽനിന്നെത്തിയ സഞ്ചാരികൾ കൊച്ചിയിലെ കാസറ്റുകടകളിൽനിന്ന് ഈ പാട്ടുകേട്ടു. അന്ന് പീറ്ററിന്റെ ഒരു സ്നേഹിതനായിരുന്നു അവരുടെ ഗൈഡ്. അർഥമറിയാഞ്ഞിട്ടും ഒരുപാടിഷ്‌ടപ്പെട്ട പാട്ടിന്റെ കാസറ്റുകൾ അവർ കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോയി. കൗതുകം അതല്ല, ഏതാനും വർഷത്തിനുശേഷം വീണ്ടും കൊച്ചിയിലെത്തിയ അവർ പഴയ ഗൈഡിനെ വീണ്ടും തേടിപ്പിടിച്ചു. ആവശ്യമിതായിരുന്നു– അന്നത്തെ ആ പാട്ടിന്റെ കാസറ്റുകളോ സിഡികളോ ഇനിയും വേണം!

വേളാങ്കണ്ണിയിൽ സിഡികൾ വ്യാജമായി പകർത്തുന്ന വൻകിടക്കാരുണ്ട്. ഒരിക്കൽ അവിടെയെത്തിയ പീറ്ററിനെ അവർ എങ്ങനെയോ തിരിച്ചറിഞ്ഞു. ഓടിയെത്തി സന്തോഷം പങ്കുവച്ചു. ഈ പാട്ടുൾപ്പെടുന്ന സിഡികൾ അവിടെ ലക്ഷക്കണക്കിനാണ് പകർത്തി നൽകിയതരതേ!. ഒറിജിനലും കോപ്പികളുമായി ഈ പാട്ട് എത്രയിടങ്ങളിൽ സൂക്ഷിക്കപ്പെട്ടു, എത്ര ഭാഷകളിലേക്കു മൊഴിമാറ്റി എന്നുള്ളതിനൊന്നും ഒരു കണക്കുമില്ല.
അല്ലെങ്കിലും എണ്ണത്തിൽ എന്തിരിക്കുന്നു! ദൈവസ്നേഹം വാക്കുകൾക്കും എണ്ണങ്ങൾക്കും കാലദേശങ്ങൾക്കും അപ്പുറമാണല്ലോ...

ഹരിപ്രസാദ്