തിഹാറിലെ നക്ഷത്രങ്ങൾ
ക്രിസ്മസ് പ്രകാശത്തിന്റെ ഉത്സവം കൂടിയാകുന്നു. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പ്രകാശത്തിന്റെ ക്രിസ്മസ് ഗീതം ആലപിക്കുന്നുണ്ട്. ആട്ടിടയന്മാർക്കും രാജാക്കന്മാർക്കും അതു വഴിതെളിച്ചു. തടവറയുടെ ഇരുട്ടിൽ തിരുപ്പിറവിയുടെ വെട്ടം പകർന്നു നൽകിയതിന്റെ ആഹ്ലാദവും അഭിമാനവുമാണു ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ പ്രിസൺ മിനിസ്ട്രി ഇന്ത്യ പ്രവർത്തകർക്കുള്ളത്. രാജ്യത്തെ ഏറ്റവും വലിയ തടവറയായ ഡൽഹിയിലെ തിഹാർ ജയിലിൽ ദിവസങ്ങൾ നീളുന്ന ക്രിസ്മസ് ആഘോഷങ്ങൾ വർഷങ്ങളായി സംഘടിപ്പിച്ചുവരികയാണു പ്രിസൺ മിനിസ്ട്രി പ്രവർത്തകർ. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ പ്രിസൺ മിനിസ്ട്രിയുടെ കോ ഓർഡിനേറ്ററായിരുന്ന ഫാ. ജോൺ പുതുവ, ചുമതലയൊഴിഞ്ഞിട്ടും ഇക്കുറിയും ജയിലിലെത്തി തടവുപുള്ളികൾക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങളിൽ കൈകോർത്തു.

ഒമ്പതു ജയിലുകളുടെ സമുച്ചയമാണു തിഹാർ ജയിൽ. ആകെ 14000 തടവുപുള്ളികൾ. ഒമ്പതു ജയിലുകളിൽ ഒമ്പതു ദിവസമായാണ് പ്രിസൺ മിനിസ്ട്രിയിലെ വൈദികരും സന്യസ്തരും വോളണ്ടിയർമാരും എത്തി ക്രിസ്മസ് ആഘോഷങ്ങൾ ഒരുക്കുന്നത്. ഡൽഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ കലാപരിപാടികൾ നടത്തും. ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യേച്ചറിലെ മോൺസിഞ്ഞോർമാർ, വൈദികർ, ജസ്റ്റീസുമാർ, മത, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തും. കരോൾഗാനങ്ങളും കേക്കുമുറിക്കലും സമ്മാനവിതരണവുമെല്ലാമായി തിഹാർ ജയിലിന് ആഘോഷത്തിന്റെ ഒമ്പതു ദിനങ്ങളാണു പ്രിസൺ മിനിസ്ട്രി പ്രവർത്തകർ സമ്മാനിക്കുന്നത്.

കഴിഞ്ഞ ക്രിസ്മസിനു ഡൽഹിയിൽ സലേഷ്യൻ വൈദികർ നടത്തുന്ന ആശാലയം ബാലഭവനിലെ കുട്ടികളുടെ കലാപരിപാടികൾ ഒരുക്കിയിരുന്നു. പാട്ടും നൃത്തവുമെല്ലാമായി കുഞ്ഞുങ്ങൾ തടവറയിലുള്ളവരുടെ മനം കവർന്നു. പരിപാടിക്കൊടുവിൽ ഹിന്ദിക്കാരനായ ഒരു തടവുപുള്ളിയുടെ കരച്ചിൽ ഹൃദയഭേദകമായിരുന്നുവെന്നു ഫാ. ജോൺ പുതുവ പറയുന്നു. കാര്യം തിരക്കിയപ്പോഴാണു, തന്റെ കുടുംബത്തെക്കുറിച്ചും ഇവിടെ നൃത്തമാടിയവരെപ്പോലുള്ള തന്റെ കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ഓർമയാണു കരച്ചിലിനു കാരണമെന്നു വ്യക്‌തമായത്. തനിക്കു സംഭവിച്ച തെറ്റിലൂടെ വീട്ടുകാരെ വിട്ടു ജയിലിൽ ക്രിസ്മസ് ആഘോഷിക്കേണ്ടിവന്നതിന്റെ ദുഃഖം അദ്ദേഹത്തിനു നിയന്ത്രിക്കാനായില്ല. ഇനി തെറ്റിന്റെ വഴിയിലേക്കു പോകില്ലെന്നുള്ള പ്രതിജ്‌ഞ കൂടിയായിരുന്നു അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ വാക്കുകളിൽ വായിച്ചെടുത്തതെന്നും ഫാ. പുതുവ.

ഡിസംബറായാൽ പ്രിസൺ മിനിസ്ട്രി പ്രവർത്തകരുടെ വരവിനായി തടവുപുള്ളികളുടെ കാത്തിരിപ്പാണെന്നു ജയിൽ അധികൃതർ പറയാറുണ്ട്. ജയിൽ അധികൃതരുടെ നിറഞ്ഞ പ്രോത്സാഹനവും പിന്തുണയും ജയിൽ മിനിസ്ട്രി പ്രവർത്തനങ്ങൾക്കുണ്ട്. തടവറയുടെ നിശബ്ദതകളിലും സങ്കടങ്ങളിലും ആശ്വാസമായി കടന്നുവരുന്ന വൈദികരിലും സന്യസ്തരിലുമെല്ലാം ജയിൽപ്പുള്ളികൾ ക്രിസ്മസ് ദർശിക്കും. പതിനാലായിരത്തോളം തടവുകാർക്കായി പ്രിസൺ മിനിസ്ട്രി ഒരുക്കുന്ന സ്നേഹവിരുന്നും ക്രിസ്മസിന്റെ ഹൃദ്യമായ ഓർമയാണ്. കമ്പിളി, ഷർട്ടുകൾ, ബനിയനുകൾ, കായിക ഉപകരണങ്ങൾ, കേക്കുകൾ... തങ്ങൾക്കായി കൈമാറുന്ന സമ്മാനങ്ങളിലും തടവുകാർക്കു നിറഞ്ഞ സന്തോഷം.

ജയിൽ മിനിസ്ട്രിയിലെ ശുശ്രൂഷകൾക്കു ശേഷം ഇപ്പോൾ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയാണു ഫാ. പുതുവ. ജയിലുകളിലെ പ്രേഷിതപ്രവർത്തനം പ്രത്യേക വിളിയായി സ്വീകരിച്ച ഇദ്ദേഹം ഇടവകാംഗങ്ങളുമൊത്തു കേരളത്തിലെ വിവിധ ജയിലുകളിലും സാന്ത്വനത്തിന്റെ സന്ദർശനങ്ങൾ നടത്തിവരുന്നു. ഡൽഹിയിലെ സൈക്കിൾറിക്ഷാ ഡ്രൈവർമാരെ ഒരുമിച്ചുകൂട്ടി ഫാ. പുതുവയുടെ നേതൃത്വത്തിൽ ഒരുക്കിയ ആഘോഷ പരിപാടികൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സിജോ പൈനാടത്ത്