അവധിക്കാലം വെള്ളത്തിൽ
ക്രിസ്മസ് അവധിക്കാലത്തെ കുട്ടികളുടെയും മുതിർന്നവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു വിനോദ യാത്ര. പക്ഷെ എല്ലാം പ്ലാൻ ചെയ്തു വരുമ്പോഴേക്കും അവധി തീർന്നുപോകും. പിന്നെ ഒരു സിനിമയ്ക്കോ വൈകുന്നേരം ഒരുമിച്ച് പുറത്തെവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചോ ആ ആഗ്രഹം തീർക്കും. ഈ ക്രിസ്മസ് പ്രകൃതിയുടെ ദാനമായ വെള്ളച്ചാട്ടങ്ങൾക്കും ബീച്ചിലും മനുഷ്യനിർമിതമായ അണക്കെട്ടുകൾക്കും ഒപ്പം ആഘോഷിച്ചാലോ? ഇതാ കേരളത്തിലെ ചില പ്രശസ്തമായ വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും.

അതിരപ്പിള്ളി–വാഴച്ചാൽ

വെള്ളച്ചാട്ടങ്ങളെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയുടെ നയാഗ്രയായ അതിരപ്പിള്ളി– വാഴച്ചാൽ വെള്ളച്ചാട്ടങ്ങളെ മറക്കാൻ പറ്റുമോ. എത്ര തവണ സന്ദർശിച്ചാലും മടുപ്പിക്കാത്ത ഏറ്റവും ആകർഷകമായ അതിരപ്പിള്ളി–വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ തൃശൂർ ജില്ലയിൽ ചാലക്കുടിയിൽനിന്ന് 32 കിലോ മീറ്റർ അകലെ ചാലക്കുടി–മലക്കപ്പാറ സംസ്‌ഥാനപാതയിലൂടെ പോകുമ്പോൾ ചാലക്കുടിപ്പുഴയിലാണ് സ്‌ഥിതിചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടം ആണ് അതിരപ്പിള്ളി–വാഴച്ചാൽ വെള്ളച്ചാട്ടം. ഉയരങ്ങളിൽനിന്ന് കുത്തനെ ചിതറി വീഴുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാൽ വെള്ളച്ചാട്ടവും മലയാളികൾ കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടേക്കുള്ള ഒരു ട്രിപ്പ് വിനോദസഞ്ചാരികൾക്ക് ഒരിക്കലും നഷ്‌ടമല്ല. റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂർന്ന വനത്തിൽ അവസരം ഒത്തുവന്നാൽ മാനുകളെയും മറ്റു മൃഗങ്ങളെയും കാണാം. കൂടാതെ വിനോദസഞ്ചാരികൾക്കായി വിവിധ റൈഡുകളുള്ള വാട്ടർ തീം പാർക്കുകളുമുണ്ട്.

ബാണാസുര സാഗർ അണക്കെട്ട്

കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്‌ഥിതിചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979ലാണ് ഈ അണക്കെട്ട് നിർമിച്ചത്. കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. അണക്കെട്ടിനു മുകളിലേക്കു നടന്നുകയറാം. അതിനു പ്രയാസമുള്ളവർക്ക് മറ്റൊരുവഴിയിലൂടെ ജീപ്പിനു പോകാം.

ചെറായി ബീച്ച്

എല്ലാത്തരം കാഴ്ചകളുടെയും മിശ്രണമാണ് കൊച്ചി. കൊച്ചിയിൽ നിന്ന് അധികം ദൂരമില്ല ചെറായി ബീച്ചിലേക്ക്. വടക്കൻ പറവൂരിൽ നിന്ന് മൂന്നു കിലോമീറ്റർ മാത്രം. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. കടലിൽ കുളിക്കാനെത്തുന്നവർക്ക് പ്രിയപ്പെട്ട ചെറായി ബീച്ചിൽ നിന്നാൽ അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ കാണാം. ടൂറിസ്റ്റുകൾക്കായി കടൽവിഭവങ്ങൾ വിളമ്പുന്ന നിരവധി ഹോട്ടലുകൾ ഇവിടെയുണ്ട്. ഒപ്പം മികച്ച താമസസൗകര്യവും ചെറായിയിൽ ലഭ്യമാണ്. കൊച്ചി സന്ദർശിക്കുന്നവർ നിർബന്ധമായും ചെറായി ബീച്ചിൽ വൈകുന്നേരം ഒന്നു പോകണം. പിന്നീട് ഇവിടെനിന്ന് തിരിച്ചുപോരാൻ മടിയാകും, തീർച്ച.

ഏഴരക്കുണ്ട് വെള്ളച്ചാട്ടം

മലബാറിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ നവവസന്തമൊരുക്കുകയാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കണ്ണൂർ കുടിയാൻമലയിൽ പൈതൽമലയിലേക്കുള്ള യാത്രയിൽ മലയടിവാരത്തായാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. എട്ട് തട്ടുകളിലൂടെയാണ് വെള്ളം താഴേക്കു വീഴുന്നത്. ഇതിൽ ഒരെണ്ണം അൽപം ചെറുതായതിനാലാണ് ഈ വെള്ളത്തിന് ഏഴരക്കുണ്ട് എന്ന വിളിപ്പേര് വന്നത്. കാടുകൾ നിറഞ്ഞുനിൽക്കുന്നതും വെള്ളച്ചാട്ടത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. മഴ ശക്‌തമാകുമ്പോൾ അതിരപ്പിള്ളിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യാനുഭവമാണ് ഏഴരക്കുണ്ട് വെള്ളാട്ടം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പൈതൽ റിസോർട്ടിന്റെ ആഭിമുഖ്യത്തിൽ സഞ്ചാരികൾക്ക് ഏഴരക്കുണ്ട് വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മാട്ടുപ്പെട്ടി ഡാം

സമുദ്രനിരപ്പിൽ നിന്ന് 1700 അടി ഉയരത്തിൽ കിടക്കുന്ന തടാകമാണ് മാട്ടുപ്പെട്ടി ഡാം. മൂന്നാറിൽ നിന്നു 13 കിലോമീറ്റർ ദുരമോ ഉള്ളു ഇവിടേക്ക്. നിബിഡവനങ്ങളും പുൽമേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ താൽപര്യമുള്ളവർ വിട്ടുകളയാൻ പാടില്ലാത്തൊരു സ്‌ഥലമാണിത്. ഫോട്ടോഗ്രഫിക്കും മികച്ച സാധ്യതകളുണ്ടിവിടെ. ഇൻഡോസ്വിസ് ലൈവ്സ്റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളർത്തുകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളിൽപ്പെട്ട കന്നുകാലികളെ ഫാമിൽ കാണാം. തടാകത്തിൽ ബോട്ടിങ്ങിന് സൗകര്യമുണ്ട്. തിരിച്ചു പോരുന്നതിമുമ്പ് ഡാമിലൂടെ സ്പീഡ് ബോട്ടുകളിലും പെഡൽ ബോട്ടുകളിലും ഒരു കറക്കവും നടത്താൻ മറക്കേണ്ട.

തൂവാനം വെള്ളച്ചാട്ടം

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം. മറയൂർ – ഉടുമലൈ സംസ്‌ഥാന പാതയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം. കാലവർഷം കനക്കുന്നതോടെ 84 അടി ഉയരത്തിൽനിന്ന് പതഞ്ഞ് തൂവെള്ള നിറത്തിൽ കുത്തിയൊഴുകുന്നതിെൻറ ദൃശ്യചാരുതയിലാണ് വെള്ളച്ചാട്ടത്തിന് തൂവാനം എന്ന വിളിപ്പേര് വന്നത്. വനംവന്യജീവി വകുപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റോഡിൽനിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനു പുറമേ വനത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വെള്ളച്ചാട്ടം കാണുന്നതിനും സൗകര്യമുണ്ട്. വെള്ളച്ചാട്ടത്തിൽ എത്തിയിട്ട് ഒന്നു കുളിക്കാതെ എങ്ങനെയാണ് മടങ്ങുക? അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക പരിശീലനം നൽകിയ ട്രക്കേഴ്സിെൻറ സേവനവും ലഭ്യമാണ്.

സോനു തോമസ്