ഉദയഗിരി ചുവന്നു.., ഒരു യുഗമുണരുന്നു...
പ്രതീക്ഷ.., ആകാംക്ഷ..
ഓരോ പുതുവർഷപ്പുലരിയിലും മനസുകൾക്ക് വെളിച്ചംപകരുന്നത് ഇതു രണ്ടുമാണ്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമപ്പുറം കൺപോളകൾക്കകത്ത് ഒരു പ്രിയമുഖമുണ്ടാകും, ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണ്ടാകും, ഉള്ളിൽ ഒരു മൂളിപ്പാട്ടുമുണ്ടാകും. എല്ലാ പരിമിതികളെയും ചവിട്ടിത്താഴ്ത്താൻ ആ മുഖവും ചിരിയും മൂളിപ്പാട്ടും ധാരാളം മതിയാകും.
ചിറകോടെ ദൂരെ
പറന്നോട്ടെ ഞാൻ...
മേഘമേ മേഘമേ.. തോളേറി
പോകാനെൻ ചാരേ വാ
കാലമേ കാലമേ
തേടാനായോരോ തീരങ്ങൾ താ..
അങ്ങകലെ.. അങ്ങകലെ..
അങ്ങകലെ...

ഇരുട്ടിനെ നമുക്കു വേണ്ടാത്ത അകലേക്കാട്ടിപ്പായിക്കാനും, വെളിച്ചംതേടി അകലെത്തന്നെയുള്ള സ്വപ്നങ്ങളിലേക്കു പറക്കാനും ആവശ്യപ്പെടുകയാണ് കാലം. അതിനു കൂട്ടാവുകയാണ് പ്രിയതരമായ പാട്ടുകൾ. മനസിനെ അകലെയുമരികെയും മാറിമാറിയിരുത്തും അവ. പ്രതീക്ഷയുടെയും പ്രണയത്തിന്റെയും വഴികളിലൂടെ നടത്തിക്കുകയും ചെയ്യും.

‘‘ആകാശവാണി, ചലച്ചിത്രഗാനങ്ങൾ’’ എന്നുകേട്ടാൽ ഒരുനിമിഷം അവിടെനിൽക്കും മനസ്. പാട്ടിൻ കൊട്ടാരങ്ങൾ തീർക്കുന്ന മന്ത്രവാദമാണ് ആകാശവാണി ചലച്ചിത്രഗാന പരിപാടികളിലൂടെ നടത്താറുള്ളത്. പാട്ടുകേൾക്കാനുള്ള ഒരേയൊരുപാധി അതായിരുന്നിരിക്കേ കടലിനക്കരെ പോകുന്നവർ കൊണ്ടുവരുന്ന കാണാപ്പൊന്നും നാണത്തിൻമുത്തുമൊക്കെ വരച്ചുകാട്ടാറുള്ള കാലം. പാട്ടിന്റെ കാട്ടാറൊഴുകിയിരുന്നകാലം. തലമുറകളെ പാട്ടുകേൾക്കൽ ശീലിപ്പിച്ച കാലം. എംപി3 യുഗത്തിലും ചലച്ചിത്രഗാനങ്ങൾ എന്നുകേട്ടാൽ തുടിക്കുന്ന നെഞ്ചുകളുണ്ട്. അവരിൽ പ്രതീക്ഷ നിറയ്ക്കുന്ന പാട്ടുകളുടെ നീരുറവ വറ്റിയിട്ടുമില്ല.

ഉദയഗിരി ചുവന്നൂ ഒരു യുഗമുണരൂന്നൂ
അശ്വരഥത്തിലെഴുന്നള്ളുന്നൂ ശില്പീ യുഗശില്പീ...
പുതുവർഷപ്പുലരികളിൽ ഏറ്റവുമധികം തവണ ഇഷ്‌ടത്തോടെ പ്രക്ഷേപണം ചെയ്ത പാട്ട് ഏതെന്ന ചോദ്യത്തിന് തൃശൂർ ആകാശവാണിയിലെ സീനിയർ അനൗൺസർ കെ.ആർ. ചാർളിയുടെ ഉത്തരം ഇതായിരുന്നു. ഒട്ടേറെ വർഷങ്ങളായി ഈ നിലയത്തിൽനിന്ന് ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണത്തിനായി ക്രമീകരിക്കുന്നത് ചാർളിയാണ്. കവിത തുളുമ്പുന്ന, മെലഡി നിറയുന്ന പാട്ടുകളാണ് സാധാരണ തെരഞ്ഞെടുക്കാറ്., അവയാണ് ശ്രോതാക്കൾക്ക് കേൾക്കാൻ ഏറെയിഷ്‌ടവും– അദ്ദേഹം പറയുന്നു. വയലാർ, ഭാസ്കരൻ മാസ്റ്റർ, ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, കാവാലം തുടങ്ങിയവരിൽനിന്ന് ഗിരീഷ് പുത്തഞ്ചേരി വരെ എത്തുന്ന കവികളെയാണ് അദ്ദേഹം ചേർത്തുവയ്ക്കുന്നത്.

അരനൂറ്റാണ്ടാവുന്നു, അശ്വമേധത്തിലെ ഉദയഗിരി ചുവന്നു എന്ന പാട്ടുപിറന്നിട്ട്. ചരിത്രത്തിന്റെ ഭാഗമായ വയലാർ–ദേവരാജൻ കൂട്ടുകെട്ടിന്റെ എല്ലാ ഗുണങ്ങളുമുള്ള, ശക്‌തിയും സൗന്ദര്യവും നിറഞ്ഞ ഗാനം. പ്രതീക്ഷ പകരുന്ന അന്തരീക്ഷം. പി. സുശീലയുടെ അനന്യമായ ആലാപനം. പാട്ടിൽ കവി എഴുതിയതുപോലെ അന്ധകാരമകറ്റുന്ന പുതിയ പുനരുജ്‌ജീവനഗീതമാണത്. രാജവീഥികളിൽ ഉയരുന്ന ശാസ്ത്രയുഗത്തിന്റെ പുതിയ കുളമ്പടിനാദംപോലും കവി അരനൂറ്റാണ്ടുമുമ്പു കേട്ടു! കവി ക്രാന്തദർശി എന്ന ചൊല്ല് വീണ്ടുമോർക്കാം. കഥാസന്ദർഭത്തിനു തീർത്തും യോജിച്ച ഗാനങ്ങളാണ് അശ്വമേധത്തിലേത്. പ്രതീക്ഷയുടെ കാറ്റുവീശുന്ന ഈ ഗാനം കേൾക്കാതിരിക്കുവതെങ്ങിനെ!
പ്രതീക്ഷയ്ക്കൊപ്പം പ്രണയവും ഭക്‌തിയും ഒരല്പം തത്വചിന്തയുമെല്ലാം പുതുവർഷപ്പുലരിയിൽ ശ്രോതാക്കൾ നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ടെന്ന് ചാർളി പറയുന്നു.

ചന്ദനപ്പല്ലക്കിൽ... (വയലാർ/ എം.എസ് ബാബുരാജ്/ എ.എം. രാജ, പി. സുശീല– ചിത്രം: പാലാട്ടു കോമൻ), പെരിയാറേ... (വയലാർ/ ദേവരാജൻ/ എ.എം. രാജ, പി. സുശീല– ചിത്രം: ഭാര്യ), ചന്ദ്രനുദിക്കുന്ന ദിക്കിൽ... (വയലാർ/ ദേവരാജൻ/ യേശുദാസ്, ബി. വസന്ത– ചിത്രം: ഒതേനന്റെ മകൻ), നീലക്കണ്ണുകളോ.. തൊട്ടേനേ ഞാൻ... (വയലാർ/ ദേവരാജൻ/ പി. ജയചന്ദ്രൻ, പി. മാധുരി– ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്), കടവത്തു തോണി അടുത്തപ്പോൾ... (പി. ഭാസ്കരൻ/ ബി.എ. ചിദംബരനാഥ്/ എസ്. ജാനകി, ശാന്ത പി. നായർ– ചിത്രം: മുറപ്പെണ്ണ്), കണ്ണുകൾ കണ്ണുകളിടഞ്ഞു... (എം.ഡി. രാജേന്ദ്രൻ/ ദേവരാജൻ/ പി. ജയചന്ദ്രൻ, വാണി ജയറാം– ചിത്രം: ശാലിനി എന്റെ കൂട്ടുകാരി) എന്നിങ്ങനെയാണ് എക്കാലവും ശ്രോതാക്കൾ ഇഷ്‌ടപ്പെടുന്ന ഗാനങ്ങളുടെ പട്ടിക നീളുന്നത്. ഇതിൽ തൊട്ടേനേ ഞാൻ ദേവരാജൻ മാസ്റ്ററുടെയും പ്രിയഗാനമായിരുന്നെന്ന് ചാർളി ഓർമിക്കുന്നു. പൂജയ്ക്കെടുക്കാത്ത പൂക്കൾ എന്ന ചിത്രത്തിനുവേണ്ടി സാക്ഷാൽ ബാലമുരളീകൃഷ്ണ ആലപിച്ച കണ്ണന്റെ കവിളിൽ എന്ന ഗാനത്തിനും ഒട്ടേറെ ആവശ്യക്കാരുണ്ട്, ഇന്നും. ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് ഈണമൊരുക്കിയത് കെ. രാഘവൻ മാസ്റ്ററാണ്.

ഭക്‌തിഗാനങ്ങളെടുത്താൽ തുഷാരമണികൾ തുളുമ്പിനിൽക്കും എന്നുതുടങ്ങുന്ന ആനന്ദഭൈരവി ഗാനമാണ് ചാർളി ആദ്യമോർക്കുന്നത്. ഇളക്കങ്ങൾ എന്ന ചിത്രത്തിനുവേണ്ടി കാവാലം എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട ഗാനം ആലപിച്ചത് എസ്. ജാനകിയാണ്. കേശാദിപാദം തൊഴുന്നേൻ... (പി. ഭാസ്കരൻ/ ബി.എ. ചിദംബരനാഥ്/ എസ്. ജാനകി– ചിത്രം: പകൽക്കിനാവ്), നന്ദസുതാവര... (എം.ഡി രാജേന്ദ്രൻ/ ജോൺസൺ/ വാണി ജയറാം– ചിത്രം: പാർവതി), വാതിൽ തുറക്കൂ നീ കാലമേ... (യൂസഫലി കേച്ചേരി/ ബോംബെ രവി/ യേശുദാസ്, ചിത്ര– ചിത്രം: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ), പാവനനാം ആട്ടിടയാ... (പി. ഭാസ്കരൻ/ എം.എസ്. ബാബുരാജ്/ ബി. വസന്ത, എസ്. ജാനകി– ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയവയാണ് പതിവായി പ്രക്ഷേപണം ചെയ്യാറുള്ള മറ്റു ഗാനങ്ങൾ.

തത്ത്വചിന്തയിലേക്കു വന്നാൽ പ്രഭാതഗോപുരവാതിൽ തുറന്നു എന്ന ഗാനം ആദ്യം ചാർളിയുടെ ഓർമയിലെത്തും. തുലാഭാരം എന്ന ചിത്രത്തിലെ വയലാർ–ദേവരാജൻ ദ്വയത്തിന്റെ സൃഷ്‌ടി യേശുദാസിന്റെയും ജാനകിയുടെയും ശബ്ദത്തിലാണ് ലോകം കേൾക്കുന്നത്. കാവ്യപുസ്തകമല്ലോ ജീവിതം... (പി. ഭാസ്കരൻ/ ദക്ഷിണാമൂർത്തി/ യേശുദാസ്– ചിത്രം: അശ്വതി), മനസിന്റെ മലർമിഴി... (പി. ഭാസ്കരൻ/ എം.എസ്. ബാബുരാജ്/ എം.എസ്. ബാബുരാജ്– ചിത്രം: ബാല്യകാലസഖി), അദ്വൈതാമൃത മന്ത്രം... (ഷിബു ചക്രവർത്തി/ എം.എം. കീരവാണി/ യേശുദാസ്, കീരവാണി– ചിത്രം: പുന്നാരം കുയിൽ), ഈശ്വരനൊരിക്കൽ വിരുന്നിനുപോയി... (ശ്രീകുമാരൻ തമ്പി/ എം.എസ്. വിശ്വനാഥൻ/ യേശുദാസ്– ചിത്രം: ലങ്കാദഹനം), ഏകാന്തതയുടെ അപാരതീരം... (പി. ഭാസ്കരൻ/ എം.എസ്. ബാബുരാജ്/ കമുകറ പുരുഷോത്തമൻ– ചിത്രം: ഭാർഗവീനിലയം) തുടങ്ങിയ ഒട്ടേറെ സുന്ദരഗാനങ്ങൾ പിന്നാലെ ഒഴുകിയെത്തും. പുതിയ ചുവടുകൾക്കൊരുങ്ങുന്ന ജീവിതത്തിന് ഒപ്പംനിൽക്കും.

വർഷങ്ങൾക്കപ്പുറം വീട്ടിൽ ആദ്യം റേഡിയോ വാങ്ങിയ കാലത്തെക്കുറിച്ചുള്ള ഒരോർമക്കുറിപ്പിൽ കഥാകൃത്ത് അഷ്‌ടമൂർത്തി ഇങ്ങനെ എഴുതുന്നു: രാത്രി ഏഴുമണിക്കുള്ള ചലച്ചിത്രഗാനങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പരിപാടി. അതുവരെ സിനിമാപ്പാട്ടുകൾ കേട്ടിരുന്നത് അടുത്തുള്ള വല്ല വീട്ടിലും കല്യാണം വരുമ്പോഴാണ്. അന്ന് കല്യാണങ്ങൾക്ക് പെട്ടിപ്പാട്ടുകൾ വയ്ക്കുന്ന പതിവുണ്ടായിരുന്നു. സ്വന്തം വീട്ടിൽനിന്ന് സിനിമാപ്പാട്ടുകൾ കേൾക്കാൻ കഴിയുന്നത് ഞങ്ങൾക്ക് ഒരുത്സവംപോലെയായി...
കേടുവന്ന റേഡിയോയ്ക്കു പകരം മൊബൈലിൽ ആകാശവാണി കേട്ടതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞുനിർത്തുന്നു: അല്ലെങ്കിൽ എന്തിനാണ് പുതിയ റേഡിയോ? എഫ്എം കേൾക്കാനാണെങ്കിൽ മൊബൈൽ ഫോൺ മതിയല്ലോ. വീട്ടിൽ തിരിച്ചെത്തി മൊബൈലിൽ ഇയർഫോൺ പിടിപ്പിച്ചു. എഫ്എം റേഡിയോവിന്റെ ഐക്കൺ അമർത്തി 101.1 ഡയൽ ചെയ്തു. കനത്ത ശബ്ദത്തിൽ ചാർളി സ്വാഗതമരുളി: ‘ആകാശവാണി, തൃശൂർ’.
*** *** ***
തുടക്കത്തിൽ കണ്ട പ്രതീക്ഷയുടെ ചിറകുപിടിപ്പിച്ച വരികൾ മിലി എന്ന ചിത്രത്തിലെ പാട്ടിന്റേതാണ്. അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അത്യപൂർവമായ ഊർജപ്രവാഹമാണ് ആ വരികളും സംഗീതവും നൽകുന്നത്. മൺപാത നീട്ടുന്ന മോഹങ്ങളേ... എന്നുതുടങ്ങുന്ന വരികൾ എഴുതിയത് ബി.കെ. ഹരിനാരായണനാണ്. ഈണമിട്ട് സ്വയം പാടിയത് യുവ സംഗീതകാരൻ ഷാൻ റഹ്മാൻ.
കൺപീലികൾ സ്വപ്നങ്ങളെ പുല്കട്ടെ.., പുതിയകാലം ആ സ്വപ്നങ്ങളെയും മോഹങ്ങളെയും പ്രതീക്ഷകളെയും നെഞ്ചോടു ചേർക്കട്ടെ...

ഹരിപ്രസാദ്