ഹാപ്പി ന്യൂ ഇയർ 2017; കൗതുകമുണർത്തുന്ന പുതുവത്സരാഘോഷങ്ങളെക്കുറിച്ച്
പുതുവത്സരം കെങ്കേമമായി ആഘോഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ജപ്പാൻ. ആഘോഷത്തിലെ പ്രധാന ഇനമായ ഭക്ഷ്യവിഭവമേളയുടെ പേരാണ് ’ഒസെഷി’.
ജനുവരി ഒന്നിന് നടക്കുന്ന ഭക്ഷ്യവിഭവമേളയിൽ പ്രധാനമായും പുഴുങ്ങിയ കടൽ വിഭവങ്ങൾ, മത്സ്യംകൊണ്ടുള്ള കട്ലറ്റുകളും കേക്കുകളും, മധുരക്കിഴങ്ങും കശുവണ്ടിയും ചേർത്തുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം, സോയാബീൻ സൂപ്പ് എന്നിവ അവർ ഉപയോഗിക്കുന്നു.
ഡിസംബർ 31 അർധരാത്രിയിൽ ജപ്പാനിലെ എല്ലാ ബുദ്ധമത ക്ഷേത്രങ്ങളിലും 108 പ്രാവശ്യം മണി മുഴങ്ങും. ജനങ്ങളുടെ 108 പാപങ്ങൾ അതോടെ പരിഹരിക്കപ്പെടുമെന്നാണ് പാരമ്പര്യ വിശ്വാസം. ജപ്പാനിലെ തപാൽ ഓഫീസുകളിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് ഡിസംബർ അവസാന വാരത്തിലാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുതുവർഷ കാർഡ് അയയ്ക്കുക എന്നതാണ് ജനങ്ങളുടെ പ്രധാനഹോബി. ഡിസംബർ അവസാനവാരത്തിൽ അയയ്ക്കുന്ന കാർഡുകൾ ജനുവരി ഒന്നിന് രാവിലെ എല്ലാ വീടുകളിലും തപാൽ ജീവനക്കാർ എത്തിക്കും. കാർഡുകൾ വിതരണം ചെയ്യുന്നതിന് വിദ്യാർഥികളെയും ഭരണകൂടം നിയോഗിക്കാറുണ്ട്.

പുതുവർഷദിനത്തിൽ കുട്ടികൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങും ആഘോഷങ്ങളിൽപ്പെടുന്നു. ‘ഓട്ടോഷിഡാമ’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ചാണ് ’കൈനീട്ടം’ നൽകുക. ’പോഷിബുകുറോ’ എന്നറിയപ്പെടുന്ന അലങ്കരിച്ച കവറിലാണ് പണം കൊടുക്കുന്നത്. ഏറ്റവും കൂടിയ കൈനീട്ടം 10,000 യെൻ ആയിരിക്കും.

കുട്ടികൾക്കായി ’ലിറ്റിൽ ന്യൂ ഇയർ’ ആഘോഷവും നടന്നുവരുന്നു. പട്ടം പറപ്പിക്കലാണ് ഇതിലെ മുഖ്യ ഇനം. പുതുവർഷത്തിലെ ’ആദ്യ പൂർണചന്ദ്രദിനമായ ജനുവരി 15–നാണ് ഈ ആഘോഷം അരങ്ങേറുക. ജാപ്പനീസ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന എലി, കാള, കടുവ, മുയൽ, വ്യാളി, കുതിര, ആട്, കുരങ്ങ്, നായ, പന്നി, കോഴി, പാമ്പ് എന്നിവയുടെ ചിത്രങ്ങളായിരിക്കും ’ന്യൂ ഇയർ കാർഡിലും പട്ടത്തിലും’ രേഖപ്പെടുത്തിയിരിക്കുക.

’ലൂണാർ ന്യൂ ഇയർ’ എന്ന പേരിൽ അറിയപ്പെടുന്ന പുതുവർഷം ചൈനീസ് കലണ്ടർ പ്രകാരം വരുന്ന ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം ചീനർ ആചരിക്കുന്നു. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1873 ജനുവരി ഒന്നു മുതൽ ’ഒമിസോക’ എന്ന പേരിൽ ജപ്പാൻ ജനത പുതുവർഷം ആചരിച്ചു വരുന്നു. ’നൗറസ്’ എന്ന പേരിലാണ് ഇറാൻ ജനത മാർച്ച് 20ന് പുതുവർഷം കൊണ്ടാടുന്നത്.

*അസീറിയൻ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഇറാക്കിൽ ’റിഷ് നിസാനു’ എന്ന പേരിൽ ഏപ്രിൽ ഒന്നിന് പുതുവർഷം ആഘോഷിക്കുന്നു.

* 1797 ൽ റിപ്പബ്ലിക് ഓഫ് വെനീസ് ഇല്ലാതാകുന്നതു വരെ വെനീസ് ജനത മാർച്ച് 1 ന് പുതുവർഷം ആചരിച്ചുവന്നിരുന്നു.

* എ.ഡി. 1582 ൽ പോപ്പ് ഗ്രിഗറി 13, ജൂലിയൻ കലണ്ടർ പരിഷ്കരിക്കുകയും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 പുതുവർഷമായി പ്രഖ്യാപിക്കുകയും ചെയ്തു.

* ദീപാവലിക്കു ശേഷം വരുന്ന നാലാം ദിവസമാണ് നേപ്പാൾ ജനത പുതുവർഷമായി കൊണ്ടാടുന്നത്.
* കോപ്റ്റിക് ഓർത്തഡോക്സ് ജനത ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 11–ന് ’നെയ്റൂസ്’ എന്ന പേരിൽ പുതുവർഷം ആചരിക്കുന്നു.

* ആഫ്രിക്കൻ കടൽ ദേവതയായ ’ലെമഞ്ജ’യുടെ ഓർമദിനമായ ഡിസംബർ 31–ന് ബ്രസീലുകാർ പുതുവർഷം ആചരിക്കുന്നു.

* സ്വിറ്റ്സർലൻഡിലെ വീട്ടമ്മമാർ ഡിസംബർ 31 രാത്രി ഉറക്കമിളച്ച് പ്രത്യേക ബ്രഡ് നിർമിച്ച് പുതുവർഷം കൊണ്ടാടുന്നു.

* ഭാഗ്യം വരുമെന്ന പ്രതീക്ഷയിൽ ചീട്ടുകളിയോടുകൂടിയാണ് ഗ്രീസിലെ ജനങ്ങൾ പുതുവർഷം ആഘോഷിക്കുന്നത്.

* ആദ്യം വീട്ടിൽ വരുന്ന ആൾ കറുത്ത തലമുടിക്കാരനാണെങ്കിൽ വർഷം മുഴുവനും ഭാഗ്യം എന്നു വിശ്വസിക്കുന്ന സ്കോട്ലൻഡിൽ ’ഹോഗ്മോണ’ എന്ന പേരിൽ പുതുവർഷം അറിയപ്പെടുന്നു.

* പുരാതന ഈജിപ്റ്റിൽ (മിസ്രയീം) നൈൽ നദി കരകവിഞ്ഞൊഴുകിയിരുന്ന സെപ്റ്റംബർ അവസാന ദിവസങ്ങളിൽ ഒന്നിലാണ് പുതുവർഷം ആചരിച്ചിരുന്നത്.

* ‘സിൽവസ്റ്റർ ഡേ’ എന്ന പേരിൽ പാതിരാക്കുർബാനയോടുകൂടി ഓസ്ട്രിയയിൽ പുതുവർഷം കൊണ്ടാടുന്നു.

* നീലക്കുപ്പായവും വെള്ളത്തൊപ്പിയും ധരിച്ച ഫ്രോസ്റ്റ് മുത്തച്ഛനെ അനുസ്മരിച്ച് റഷ്യയിൽ പുതുവർഷാചരണം നടക്കുന്നു.
* പരസ്പരം ചുംബനം നൽകിയും വിരുന്നു സത്കാരം നടത്തിയും സമ്മാനങ്ങൾ കൈമാറ്റംചെയ്തും ബൽജിയത്തിൽ പുതുവത്സരം ആഘോഷിക്കുന്നു.

* ഓസ്ട്രേലിയൻ ജനത ജനുവരി 1 ന് പിക്നിക് നടത്തിയും ബീച്ചുകൾ സന്ദർശിച്ചും കാർഹോൺ മുഴക്കിയും ദേവാലയമണികളടിച്ചും പുതുവത്സരം ആചരിക്കുന്നു.

* ക്രിസ്മസ് ട്രീകൾ കത്തിച്ചാണ് നെതർലൻഡ്സിൽ പുതുവർഷം കൊണ്ടാടുക.

ജോർജ് മാത്യു പുതുപ്പള്ളി