പുതിയ വർഷത്തിൽ നോട്ട്ബുക്ക്
ചെറുപ്പത്തിൽ രോഗം മൂലം അന്ധയായി മാറിയ അമേരിക്കൻ എഴുത്തുകാരിയാണ് ആൻ എമിലി പോൾസൺ (1853–1939). മാസച്യുസെറ്റ്സിലെ വാട്ടൺ ടൗണിലുള്ള പെർക്കിൻസ് അന്ധവിദ്യാലയത്തിൽ പഠിച്ച ആൻ പിന്നീട് അധ്യാപികയും എഴുത്തുകാരിയുമായിത്തീർന്നു. ആൻ എഴുതിയ ‘ദി ഫെയറീസ് ന്യൂ ഇയർ ഗിഫ്റ്റ്’ എന്ന കഥ അൽപം വ്യത്യാസത്തോടെ താഴെക്കൊടുക്കുന്നു.

കുട്ടികളായ ഫിലിപ്പും കാളും കളിച്ചുകൊണ്ടിരിക്കുന്ന അവസരം. അപ്പോൾ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് അവർക്കിരുവർക്കും ഓരോ പാക്കറ്റുകൾ നൽകിക്കൊണ്ട് പറഞ്ഞു, ‘നിങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണിത്.’ അടുത്തനിമിഷം മാലാഖ അപ്രത്യക്ഷയായി.

കുട്ടികൾ രണ്ടുപേരും അവരുടെ പാക്കറ്റുകൾ തുറന്നുനോക്കി. അവ നോട്ടുബുക്കുകൾ ആയിരുന്നു. തൂവെള്ള നിറമുള്ള നോട്ടുബുക്കുകൾ. പക്ഷേ നോട്ടുബുക്കിന്റെ ആദ്യത്തെ പേജ് മാത്രമേ അവർക്കു കാണാൻ സാധിച്ചുള്ളൂ. മറ്റു പേജുകളെല്ലാം പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും അതിവേഗം കടന്നുപോയി. അപ്പോൾ മാലാഖ വീണ്ടും അവരെ കാണാനെത്തി. മാലാഖ അവരോടു പറഞ്ഞു, ‘ഞാൻ നിങ്ങൾക്കു പുതിയ നോട്ടുബുക്കുകൾ കൊണ്ടുവന്നിട്ടുണ്ട്. പഴയത് തിരികെത്തരൂ. അവ എനിക്ക് ദൈവത്തിന്റെ പക്കലേക്ക് മടക്കിക്കൊണ്ടുപോകണം.’

‘പഴയ നോട്ടുബുക്ക് കുറച്ചുകാലംകൂടി ഞാൻ സൂക്ഷിച്ചോട്ടെ?‘ ഫിലിപ്പ് ചോദിച്ചു. ‘അടുത്തകാലത്തൊന്നും ഈ ബുക്കിന്റെ കാര്യം ഓർമിച്ചതുപോലുമില്ല. ബുക്കിന്റെ അവസാന പേജ് ഇപ്പോൾ തുറന്നാണിരിക്കുന്നത്. ആ പേജിൽ ഒരു ചിത്രം വരയ്ക്കാനാണ്.’
ഉടനെ മാലാഖ പറഞ്ഞു, ‘ഇനി അതിനു സമയമില്ല. പഴയ നോട്ടുബുക്ക് അത് ആയിരിക്കുന്നതുപോലെ ഞാൻ കൊണ്ടുപോകണം.’ അപ്പോൾ കാൾ പറഞ്ഞു, ‘എന്റെ നോട്ടുബുക്ക് മുഴുവനൊന്നു മറിച്ചുനോക്കിയാൽ കൊള്ളാമായിരുന്നു. പക്ഷേ അതു സാധിക്കുന്നില്ല. ഓരോ പേജും മറിയുമ്പോഴും അവ മറ്റു പേജുകളുമായി ഒട്ടിപ്പിടിച്ചിരിക്കുന്നു. ഒരു ദിവസം എനിക്ക് അന്നത്തെ പേജ് മാത്രമേ കാണാനാവുന്നുള്ളൂ.’

അപ്പോൾ മാലാഖ പറഞ്ഞു, ‘ശരി, നിങ്ങളുടെ സ്വന്തം ബുക്ക് മറിച്ചുനോക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു.’ അവർ ഇരുവരും വേഗം അവരുടെ ബുക്കുകൾ മറിച്ചുനോക്കി. അപ്പോൾ പല പേജുകളുടെയും തൂവെള്ളനിറം നഷ്ടപ്പെട്ടിരുന്നു. എന്നു മാത്രമല്ല, പല പേജുകളിലും കറുത്തനിറവും വൃത്തിഹീനമായ വരകളും കുറികളുമായിരുന്നു. എന്നാൽ ചില പേജുകൾ തൂവെള്ള നിറം നിലനിർത്തിയിട്ടുണ്ടായിരുന്നു. അതോടൊപ്പം അവയിൽ അസാധാരണ ഭംഗിയുള്ള പുഷ്പങ്ങളും കാണാമായിരുന്നു. എങ്കിൽപോലും അവയിലും ചില കറുത്ത പാടുകൾ കാണാനുണ്ടായിരുന്നു.
‘എന്താണു സംഭവിച്ചത്? ’ അവർ ചോദിച്ചു. ‘ആരാണ് ഈ നോട്ടുബുക്കിൽ വരയ്ക്കുകയും കുറിക്കുകയും ചെയ്തത്?’ ഉടൻ മാലാഖ ഫിലിപ്പിന്റെ നോട്ടുബുക്കിലെ ഒരു പേജ് കാണിച്ചുകൊണ്ടു പറഞ്ഞു, ‘നോക്കൂ ഫിലിപ്, ഈ പേജിൽ മനോഹരമായ ഒരു റോസാപ്പൂവ് കാണുന്നില്ലേ? നിന്റെ കളിപ്പാട്ടം നിന്റെ കുഞ്ഞനുജനുമായി നീ പങ്കുവച്ചപ്പോൾ ഈ റോസാപ്പൂവ് ഇവിടെ പ്രത്യക്ഷപ്പെട്ടു.’
മറ്റൊരു പേജ് കാണിച്ചുകൊണ്ട് മാലാഖ പറഞ്ഞു, ‘ഈ പേജിൽ കാണുന്നതു പാടുന്ന ഒരു പക്ഷിയുടെ ചിത്രമല്ലേ? വഴക്കുണ്ടാക്കുന്നതിനു പകരം നീ നിന്റെ കൂട്ടുകാരനോട് സന്തോഷപൂർവം പെരുമാറിയതുകൊണ്ടു പ്രത്യക്ഷപ്പെട്ട ചിത്രമാണിത്.’
അപ്പോൾ ആ പേജിലെ വലിയ കറുത്ത പാടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫിലിപ് ചോദിച്ചു, ‘എങ്ങനെയാണ് ഈ വലിയ കറുത്ത പാടുകൾ ഉണ്ടായത്?’ ഉടൻ മാലാഖ പറഞ്ഞു, ‘അതു നീ കള്ളം പറഞ്ഞപ്പോൾ ഉണ്ടായതാണ്.’ മറ്റൊരു പേജിലെ ഭീകരചിത്രം കാണിച്ചുകൊണ്ടു മാലാഖ പറഞ്ഞു, ‘ഇതു നീ ഉണ്ടാക്കിയ വഴക്കിന്റെ ഫലമാണ്’.

ഇതു കേട്ടപ്പോൾ ഫിലിപ് പറഞ്ഞു, ‘ഈ ബുക്ക് തിരികെ കിട്ടിയിരുന്നെങ്കിൽ!’ ഉടൻ മാലാഖ പറഞ്ഞു, ‘ഇപ്പോൾ അവസാനിക്കുന്ന വർഷത്തിന്റെ കണക്കുപുസ്തകമാണിത്. ഈ ബുക്ക് ദൈവത്തിന്റെ ബുക്ക് ഷെൽഫിലേക്കു പോകും. എന്നാൽ, ഞാൻ നിങ്ങൾക്കു തരുന്ന പുതിയ നോട്ടുബുക്കുകൾ നിങ്ങൾക്കു മനോഹരമായ ചിത്രങ്ങൾകൊണ്ട് നിറയ്ക്കാനാവും.‘

പുതിയ നോട്ടുബുക്കുകൾ അവർക്കു നൽകിയ ശേഷം മാലാഖ അപ്രത്യക്ഷയായി. ആ നോട്ടുബുക്കുകളുടെ കവറിൽ സ്വർണലിപികളിൽ ഇപ്രകാരം എഴുതിയിരുന്നു. ‘പുതിയ വർഷത്തിനുള്ള നോട്ടുബുക്ക്.’ ആ നോട്ടുബുക്കിന്റെ ആദ്യപേജ് മാത്രമേ അപ്പോൾ അവർക്കു തുറക്കാൻ സാധിച്ചുള്ളൂ.
2016 അതിവേഗം നമ്മെ കടന്നുപോയി. നാം പ്രതീക്ഷിച്ചതിലും വേഗം 2017–ൽ നാം എത്തിക്കഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തിലേക്കു നാം പ്രവേശിക്കുമ്പോൾ നമ്മെ കടന്നുപോയ വർഷത്തെക്കുറിച്ചുള്ള നമ്മുടെ നോട്ടുബുക്ക് നാം ഒന്നു മറിച്ചുനോക്കുന്നതു നല്ലതാണ്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ നാം വായിച്ചതുപോലെ, കഴിഞ്ഞവർഷം നാം ചെയ്ത കാര്യങ്ങളൊന്നും നമുക്ക് മായ്ച്ചുകളയാനാവില്ല. നന്മയാണെങ്കിലും തിന്മയാണെങ്കിലും കഴിഞ്ഞവർഷത്തെ നമ്മുടെ നോട്ടുബുക്കിൽ അവ അങ്ങനെതന്നെ എന്നും നിലനിൽക്കും.

എന്നാൽ, ആൻ തന്റെ കഥയിൽ സൂചിപ്പിക്കുന്നതുപോലെ പുതിയവർഷത്തെ നോട്ടുബുക്ക് നന്മ മാത്രം ചെയ്തുകൊണ്ട് നമുക്ക് ഏറെ മനോഹരമാക്കാനാവും. പക്ഷേ അതിനു നാം തയാറാകണം എന്നു മാത്രം. അതോടൊപ്പം നാം മറ്റൊരു കാര്യംകൂടി ചെയ്യണം. കഴിഞ്ഞവർഷത്തെ നമ്മുടെ തെറ്റുകൾക്കും വീഴ്ചകൾക്കും ദൈവത്തോടു മാപ്പുചോദിക്കുന്ന കാര്യമാണത്.

ദൈവം നമുക്ക് നൽകുന്ന ആയുസിന്റെ ഓരോ നിമിഷവും നാം നന്മകൾകൊണ്ട് സമ്പന്നമാക്കണമെന്നാണ് ദൈവം എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും നന്മയ്ക്കു പകരം തിന്മയാണ് നാം പ്രവർത്തിക്കുന്നത്. തന്മൂലം നാം ദൈവത്തോട് മാപ്പപേക്ഷിച്ചുകൊണ്ടും എപ്പോഴും നന്മ ചെയ്യാനുള്ള അനുഗ്രഹം യാചിച്ചുകൊണ്ടുംവേണം നാം പുതിയവർഷം തുടങ്ങാൻ.
പഴയ തെറ്റുകൾക്കു മാപ്പും പുതിയ വർഷത്തേക്ക് ദൈവാനുഗ്രഹവും യാചിച്ചുകൊണ്ടാണ് പുതിയ വർഷം നാം ആരംഭിക്കുന്നതെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതം നന്മകൾകൊണ്ട് സമ്പന്നമാക്കാൻ നമുക്ക് സാധിക്കും. അപ്പോൾ പുതിയ വർഷത്തേക്കുള്ള നമ്മുടെ നോട്ടുബുക്കിൽ കറുത്ത പാടുകളും വരകളുമൊക്കെ വളരെ അപൂർവമായി മാത്രമേ കടന്നുവരാനിടയുള്ളൂ.

പുതിയവർഷത്തെ നോട്ടുബുക്ക് അതിമനോഹരമായ ചിത്രങ്ങളും വർണങ്ങളും കൊണ്ട് നിറയ്ക്കുന്ന കാര്യത്തിൽ എപ്പോഴും നമുക്ക് ശ്രദ്ധിക്കാം. അപ്പോൾ നാം അറിയാതെതന്നെ നമ്മുടെ പുതുവർഷം നമ്മെ സംബന്ധിച്ചിടത്തോളം അതിസുന്ദരമായി മാറും. എല്ലാവർക്കും പുതുവത്സരത്തിന്റെ ആശംസകൾ!

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ