2017; കരുതാം, കാത്തിരിക്കാം
കൊച്ചിയിലെ മെട്രോ റെയിൽ പാളത്തിലൂടെ മെട്രോ ട്രെയിൻ പായും. കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യും. 83 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ റോക്കറ്റ് കുതിച്ചുയരും. എല്ലാം ശരിയായാൽ ഇന്ത്യയിൽനിന്നുള്ള ഒരു സ്വകാര്യ പര്യവേക്ഷണ വാഹനം ചന്ദ്രോപരിതലത്തിൽ ഇറങ്ങും. സ്വപ്നസാഫല്യങ്ങളുടെ വാഗ്ദാനങ്ങളുമായാണ് 2017 കടന്നുവന്നിരിക്കുന്നത്.

ഇന്ത്യക്കു സ്വാതന്ത്ര്യത്തിന്റെ സപ്തതി വർഷവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിവർഷവുംകൂടിയാണിത്. ലോകം റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ഓർമിക്കുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിന്റെ സുവർണജൂബിലി വർഷംകൂടിയാണിത്.ഇവയോടൊപ്പം ധാരാളം ആശങ്കകളും പേറുന്നുണ്ട് 2017. അമേരിക്കയുടെ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തുചെയ്യും. അവയുടെ

പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നൊക്കെ ലോകം ആലോചിക്കുന്നു. ജർമനിയിലും ഫ്രാൻസിലും നടക്കാനിരിക്കുന്നതും ഇറ്റലിയിൽ നടന്നേക്കാവുന്നതുമായ തെരഞ്ഞെടുപ്പുകൾ തീവ്ര ദേശീയവാദത്തെ മുന്നോട്ടു കൊണ്ടുവന്നാൽ യൂറോപ്യൻ യൂണിയൻ എന്ന ആശയം തകരുമോ, യൂറോപ്പിലെത്തിയ അഭയാർഥികൾ എന്തുചെയ്യും എന്നൊക്കെ ആശങ്കയോടെ ലോകം ചിന്തിക്കുന്നു.

രാജ്യത്ത് പ്രചാരത്തിലിരുന്ന കറൻസിയിൽ 86 ശതമാനം റദ്ദാക്കി ലോകത്തെ ഞെട്ടിച്ച ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണത്തിനെതിരായ പോരാട്ടം ഇനി ഏതുദിശയിലാണു തിരിച്ചുവിടുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കറൻസി റദ്ദാക്കലിന്റെ ഒരു ഗുണഫലമായി പറയപ്പെടുന്ന കുറഞ്ഞ പലിശനിരക്കിനായി ജനങ്ങൾ കാത്തിരിക്കുന്നു.

അതേപോലെ ഇന്ത്യയുടെ അയൽ ബന്ധങ്ങൾ ഏതുവഴി നീങ്ങുമെന്നും ഭീകരപ്രവർത്തനത്തിനെതിരേ എന്തു നടപടി എടുക്കുമെന്നും ലോകത്തോടൊപ്പം രാജ്യവും ആകാംക്ഷയോടെ ശ്രദ്ധിക്കുന്നു. യുപി, പഞ്ചാബ് തെരഞ്ഞെടുപ്പു ഫലങ്ങൾ ദേശീയരാഷ്ര്‌ടീയത്തെ മാറ്റിമറിക്കാം.

പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനം ഉണ്ടായതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഇക്കൊല്ലം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
അനന്തമായ സാധ്യതകളും അദ്ഭുതങ്ങളും ഉള്ളിൽ വഹിക്കുന്ന പുതിയ വർഷത്തിലേക്ക് ഒരു മുൻനോട്ടം...


ഇന്നുമുതൽ...

ജനുവരി ഒന്ന്: കരസേനയുടെ മേധാവിയായി ജനറൽ ബിപിൻ റാവത്തും വ്യോമസേനയുടെ മേധാവിയായി എയർ ചീഫ് മാർഷൽ ബീരേന്ദർ സിംഗ് ധനോവയും സ്‌ഥാനമേൽക്കുന്നു. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ തലവനായി രാജീവ് ജയിനും വിദേശ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗി(റോ)ന്റെ തലവനായി അനിൽ ധസ്മാനയും വരും. മാസാവസാനം പുതിയ വിദേശകാര്യ സെക്രട്ടറികൂടി നിയമിതനാകുന്നതോടെ തന്ത്രപ്രധാന പദവികളിൽ പുതിയ നേതൃത്വമാകും. കേരളത്തിൽ വാഹനങ്ങൾക്കു ഹരിതനികുതി നിലവിൽ വരുന്നു.

ജനുവരി നാല്: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജഗ്ദീഷ് സിംഗ് (ജെഎസ്) ഖെഹർ ചുമതലയേൽക്കും. മുഖംനോക്കാതെ വിധിപറയുന്ന ആൾ എന്ന ഖ്യാതിയുള്ള ജസ്റ്റീസ് ഖെഹർ ജഡ്ജി നിയമന വിഷയത്തിൽ സർക്കാരുമായി കൊമ്പുകോർക്കുമോ എന്ന് എല്ലാവരും ശ്രദ്ധിക്കുന്നു.

ജനുവരി 20: അമേരിക്കയുടെ 45–ാമത്തെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നു. വ്യാപാര ഉടമ്പടികൾ റദ്ദാക്കും, മെക്സിക്കോ അതിർത്തിയിൽ മതിൽകെട്ടി കുടിയേറ്റം തടയും, മുസ്ലിം അഭയാർഥികളെ പുറത്താക്കും, പുറംജോലി കരാർ തടയും തുടങ്ങിയ പ്രഖ്യാപനങ്ങളും കൂടുതൽ മൂലധന നിക്ഷേപം നടത്താനും നികുതി കുറയ്ക്കാനുമുള്ള വാഗ്ദാനങ്ങളും പാലിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. ചൈനയുമായി തുറന്ന പോരുണ്ടാകുമോ, റഷ്യയുമായി അടുപ്പത്തിലാകുമോ, പശ്ചിമേഷ്യയിൽ എന്തു നിലപാടെടുക്കും, യൂറോപ്പിൽനിന്നു സേനയെ പിൻവലിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ലോകത്തെ അലട്ടുന്നു.

ജനുവരി അവസാനം: 83 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ചു റിക്കാർഡ് കുറിക്കാൻ ഇസ്രോ ഒരുങ്ങുന്നു. തീയതി പിന്നീട്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവയാണ് ഉപഗ്രഹങ്ങൾ.

ഫെബ്രുവരി ഒന്ന്: കറൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ ഇന്ത്യൻ ബജറ്റ്. റെയിൽവേ ബജറ്റും ഇത്തവണ മുതൽ പൊതുബജറ്റിന്റെ ഭാഗം. വിപ്ലവകരമായ നികുതി കുറയ്ക്കൽ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കറൻസി റദ്ദാക്കലിനെത്തുടർന്നു വെളിപ്പെട്ട സമ്പാദ്യങ്ങളും ഡിജിറ്റൈസേഷൻ വഴി കണക്കിൽപ്പെടുന്ന ഇടപാടുകളും ഒക്കെ നികുതിവരുമാനം കൂട്ടുന്ന സാഹചര്യത്തിലാണിത്. ബജറ്റ് നേരത്തേയാക്കുന്നതിനാൽ ജിഡിപിയുടെ മുൻകൂർ എസ്റ്റിമേറ്റ് ജനുവരി ഏഴിനു പരസ്യപ്പെടുത്തും. കറൻസി റദ്ദാക്കലിന്റെ ആഘാതം സംബന്ധിച്ച ആദ്യ ഔദ്യോഗിക എസ്റ്റിമേറ്റ് ആകും അത്.

ഫെബ്രുവരി: മാർച്ചിൽ കാലാവധി തീരുന്ന പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ നിയമസഭകളിലേക്കും മേയിൽ കാലാവധി തീരുന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികൾ ഈ മാസം.
ബിജെപിക്കും സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ് എന്നിവയ്ക്കും നിർണായകം. കറൻസി റദ്ദാക്കലിന്റെ മേലുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പുകളെ കാണാം.

മാർച്ച്–ഓഗസ്റ്റ്: കേരളത്തിന്റെ രണ്ടു സ്വപ്ന പദ്ധതികൾ സഫലമാകുന്ന ഇടവേള.
കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും പ്രവർത്തനമാരംഭിക്കും.

ഫെബ്രുവരി–
ഒക്ടോബർ: ജർമനിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് (ഫെബ്രുവരി 12) ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് (ഏപ്രിൽ രണ്ട്), ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പ് (ഒക്ടോബർ 22) എന്നിവ യൂറോപ്പിലെ തീവ്ര വലതുപക്ഷ ദേശീയവാദികളുടെ വളർച്ച എപ്രകാരമെന്നു കാണിക്കും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറാനുള്ള ചർച്ചകൾ മാർച്ചിൽ തുടങ്ങും. തെരഞ്ഞെടുപ്പുകളിൽ തീവ്ര ദേശീയവാദികൾ മുന്നേറിയാൽ യൂറോപ്യൻ ഐക്യം താമസിയാതെ ശിഥിലമാകും. ഇറ്റലിയിലെ രാഷ്്ട്രീയ അസ്‌ഥിരത തെരഞ്ഞെടുപ്പിൽ എത്തുമെന്നു ഭയമുണ്ട്. അവിടെയും തീവ്ര വലതുപക്ഷം ശക്‌തമാണ്.

മേയ് 13: പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ മറിയം മൂന്നു കുട്ടികൾക്ക് (ലൂസി, ഫ്രാൻസിസ്, ജസീന്ത) പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി.
ഫ്രാൻസിസ് മാർപാപ്പ ജൂബിലി ചടങ്ങിൽ പങ്കെടുക്കും. മാർപാപ്പയെ ഇന്ത്യയിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിൽ വരാൻ മാർപാപ്പയും ആഗ്രഹിക്കുന്നു. തീയതി സംബന്ധിച്ചു വത്തിക്കാനും ഇന്ത്യാഗവൺമെന്റും ചർച്ചയിലാണ്.

ജൂലൈ 1: ഏപ്രിലിൽ ചരക്കു–സേവന നികുതി (ജിഎസ്ടി) നടപ്പായില്ലെങ്കിൽ അതു നടപ്പാക്കാനാവുന്ന അടുത്ത തീയതി. സെപ്റ്റംബർ 16–നു മുമ്പ് ജിഎസ്ടി നടപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഭരണഘടന ഭേദഗതിചെയ്തു നിലവിലുള്ള പരോക്ഷ നികുതികൾ തുടരാൻ വ്യവസ്‌ഥ ചെയ്യണം. പ്രണാബ് മുഖർജി കാലാവധി പൂർത്തിയാക്കുന്നതോടെ ഈ മാസം പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കും.

ഡിസംബർ 28: ബംഗളൂരുവിലെ ടീം ഇൻഡസ് ചന്ദ്രനിലേക്കു പര്യവേക്ഷണ വാഹനം അയയ്ക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതി. ഇസ്രോ റോക്കറ്റിലാകും വിക്ഷേപണം.
മൂന്നുകോടി ഡോളറിന്റെ ഗൂഗിൾ ലൂണാർ എക്സ്പ്രൈസിനായി മത്സരത്തിലുള്ള നാലു കമ്പനികളിൽ (മറ്റുള്ളവ രണ്ട് അമേരിക്കനും ഒരു ഇസ്രേലിയും) ഒന്ന്. രത്തൻ ടാറ്റ, നന്ദൻ നിലേകനി, ഫ്ളിപ് കാർട്ടിന്റെ സച്ചിൻ ബൻസൽ, ബിന്നി ബൻസൽ തുടങ്ങിയവർ ടീം ഇൻഡസിൽ പണം മുടക്കി. ഈ രംഗത്തേക്കു കടന്നുവരുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനി.

നിക്ഷേപ മേഖല
സ്വർണം: ലോകവിപണിയിൽ ജനുവരിയിൽ ഔൺസിന് (31.1 ഗ്രാം) 1060 ഡോളറിൽ ആരംഭിച്ച സ്വർണം 1365 ഡോളർ വരെ കയറിയിട്ട് ഇപ്പോൾ 1130 ഡോളറിനടുത്ത്.
കേരളത്തിൽ ജനുവരി ഒന്നിന് 18400 രൂപയായിരുന്ന ഒരു പവൻ ഓഗസ്റ്റിലും സെപ്റ്റംബറിലും പലതവണ 23480 രൂപയിൽ എത്തിയിട്ട് ഇപ്പോൾ 21000 രൂപയ്ക്കു സമീപം. സ്വർണം കൈവശം വയ്ക്കുന്നതിനും വ്യാപാരത്തിനും നിയന്ത്രണങ്ങൾ കൂട്ടും എന്ന ആശങ്കയുണ്ട്.
ഇറക്കുമതിച്ചുങ്കം ഉയർന്ന തോതിലാണ്. ആഗോള
രാഷ്്ട്രീയ അനിശ്ചിതത്വമുണ്ടായാൽ സ്വർണത്തിൽ
നിക്ഷേപം കൂടും.

ഭൂമി, കെട്ടിടം: വലിയ മൂല്യമുള്ള കറൻസികൾ റദ്ദാക്കിയതു റിയൽ എസ്റ്റേറ്റ് മേഖലയെ ദുർബലമാക്കി. കറൻസി ലഭ്യത വർധിച്ചാലും റിയൽ എസ്റ്റേറ്റ് മേഖലയുടെ ഉണർവിനു കാലതാമസമെടുക്കും.

ഉത്പന്ന വിലകൾ: ഡോണൾഡ് ട്രംപിന്റെ നയങ്ങളും യൂറോപ്യൻ രാഷ്ട്രീയവും ചൈനയുമാണു ലോക സാമ്പത്തിക വളർച്ചയെ നിർണയിക്കുക.
ട്രംപിന്റെ നടപടികൾ വളർച്ചയ്ക്കു തടസമായാൽ വ്യാവസായിക അസംസ്കൃത വസ്തുക്കൾക്കു വില കൂടില്ല. ക്രൂഡ് ഓയിൽ
വില കൂടുന്നതു റബറിനു
സഹായകരം.

റ്റി.സി. മാത്യു