വിഘ്നങ്ങൾ സൃഷ്ടിക്കുന്നവർ
ട്രെയിനിൽ കോഴിക്കോട്ടേക്ക് ഞാൻ യാത്ര ചെയ്യുകയാണ്. പിറ്റേന്ന് ശാലോം സ്റ്റുഡിയോയിൽ വച്ച് ചെയ്യേണ്ട ഷൂട്ടാണ് എന്റെ യാത്രയുടെ ലക്ഷ്യം. ഞാൻ ഇരിക്കുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒരേ കുടുംബത്തിലെതന്നെ അംഗങ്ങളാണ്. അവരുടെ സംസാരത്തിൽനിന്നും പെരുമാറ്റത്തിൽ നിന്നുമാണ് അക്കാര്യം എനിക്ക് മനസിലായത്. അപ്പനും അമ്മയും മക്കൾ മൂന്നുപേരുമാണ് അക്കൂട്ടത്തിലുണ്ടായിരുന്നത്. മൂത്ത കുട്ടിക്ക് പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായം കാണും. അത് പെൺകുട്ടിയാണ്. ഇളയത് രണ്ടും ആൺകുട്ടികളാണ്. പത്തു വയസിന് താഴെ പ്രായമുള്ളവരാണ് ഇരുവരും. കുട്ടികൾക്കാവശ്യമുള്ള ഭക്ഷണവും വെള്ളവുംമറ്റും ആ സ്ത്രീ ഇടയ്ക്കൊക്കെ എടുത്തുകൊടുക്കുന്നുണ്ടെങ്കിലും അയാളിൽനിന്നും മുഖം തിരിച്ചിരിക്കുന്നതായാണ് എനിക്ക് തോന്നിയത്. കുടുംബപ്രശ്നങ്ങൾ നിരന്തരം കൈകാര്യം ചെയ്യുന്ന ആളായതിനാൽ എന്റെ നോട്ടത്തിന്റെ പിശകായിരിക്കും അങ്ങനെ തോന്നിയതിന് പിന്നിൽ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. അര മണിക്കൂർ മുന്നോട്ട് പോയില്ല. പരിചയപ്പെടാനെന്നവണ്ണം അയാൾ എന്നെ ശ്രദ്ധാപൂർവ്വം നോക്കി. ഞാൻ അയാളുടെ പേരും വിവരങ്ങളും ചോദിച്ചു. തങ്കച്ചനെന്ന് വിളിപ്പേരുള്ള അയാൾ കുടുംബസമേതം ദുബായിലാണ്. അവധിക്ക് നാട്ടിലെത്തിയതിനുശേഷം അയാളുടെ വീട്ടിൽനിന്നും കോഴിക്കോട്ടുള്ള ഭാര്യയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. അയാളെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചും അത്യാവശ്യം പറയാനുള്ളവ അയാൾ പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. ഞാൻ അയാളോട് സംസാരിക്കുന്നതൊക്കെ അയാളുടെ ഭാര്യയും ശ്രദ്ധിക്കുന്നുണ്ടയായിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ഇറങ്ങുന്ന സമയത്ത് അയാൾ എന്റെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ എന്റെ നമ്പർ കൊടുക്കുകയും ചെയ്തു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞുപോയ അയാൾ മറക്കാതെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു.

ജ്യോതി എന്നാണ് അയാളുടെ ഭാര്യയുടെ പേര് . ജ്യോതി ദുബായിൽ നഴ്സാണ്. അയാൾ അതേ ഹോസ്പിറ്റലിലെതന്നെ അക്കൗണ്ടന്റുമാണ്. മൂത്ത കുട്ടി നയൻത് സ്റ്റാൻഡേർഡിലും രണ്ടാമത്തെ ആൾ ഫിഫ്ത്തിലും മൂന്നാമത്തെ ആൾ സെക്കൻഡ് സ്റ്റാൻഡേർഡിലുമാണ് പഠിക്കുന്നത്. ദുബായിൽ ജീവിതച്ചെലവും കുട്ടികളുടെ പഠനച്ചിലവുകളും കൂടുതലാണെന്ന് പറഞ്ഞ അയാൾ കുടുംബത്തിന്റെയും കുട്ടികളുടെയും നല്ല ഭാവിയെ കരുതിയാണ് സകുടുംബം ഒരിടത്തുതന്നെ കഴിയുന്നതെന്നാണ് എന്നോട് പറഞ്ഞത്. നേരത്തെ ഏറ്റ ഒരു പരിപാടിക്ക് പോകാൻ സമയമായതിനാൽ ഞാൻ അയാളോട് പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു. പിന്നീടൊരു ദിവസം ഫോൺ ചെയ്ത് അപ്പോയിന്റ്മെന്റ് എടുത്തശേഷം അയാളെന്നെ കാണാൻ വന്നു. സാമാന്യം നല്ല ഉയരമുണ്ടെങ്കിലും അതിനൊത്ത വണ്ണമൊന്നും അയാൾക്കില്ല. മുഖവുരയൊന്നും കൂടാതെ അയാളെന്നോട് സംസാരിക്കാൻ തുടങ്ങി. ഞാൻ ഊഹിച്ചത് ശരിയായിരുന്നു, അയാളും ഭാര്യയും തമ്മിൽ അത്ര നല്ല ബന്ധമല്ല ഇപ്പോഴുളളത്. ഒരു വീട്ടിൽ കഴിഞ്ഞ് ഒരു കട്ടിലിൽ ഉറങ്ങി ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ് അവരിരുവരുമെങ്കിലും മാനസികമായി അവർ ഏറെ അകലെയാണ്. ജ്യോതി വിവാഹിതയായിട്ട് ഏറെ വർഷമായെങ്കിലും അവൾക്ക് ഇപ്പോഴും മമത സ്വന്തം അമ്മയോടും അനുജത്തിമാരോടുമാണെന്നും തന്റെയും മക്കളുടെയും കാര്യത്തിൽ അവൾക്ക് തെല്ലും ശ്രദ്ധയും താൽപര്യവുമില്ലന്നും തങ്കച്ചൻ ആരോപിക്കുന്നു. ഇക്കാര്യം പല തവണ താൻ തന്റെ ഭാര്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും അണുവിട തിരുത്തുവാനോ വിട്ടുവീഴ്ച ചെയ്യുവാനോ അവൾ തയ്യാറായിട്ടില്ലെന്നും തങ്കച്ചൻ പരിഭവത്തോടെ പറയുന്നു. തന്റെ അമ്മയേയും കൂടപ്പിറപ്പുകളെയുമാണ് താൻ ആദ്യം കണ്ടതെന്നും അതിനാൽതന്നെ തനിക്ക് ആദ്യമുണ്ടാകേണ്ട കടപ്പാടും സ്നേഹവും അവരോടുതന്നെയാണെന്നുമുള്ള നിലപാടിലാണ് ജ്യോതി. കടുംപിടുത്തക്കാരിയായ തന്റെ ഭാര്യക്കൊപ്പമുള്ള ഓരോ ദിനവും അഗ്നികുണ്ഡത്തിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് തനിക്ക് സമ്മാനിക്കുന്നതെന്നെന്നോട് പറഞ്ഞ തങ്കച്ചൻ എന്റെ മുറി വിട്ടു പോകുന്നതിന്മുമ്പ് എന്നോട് ചോദിച്ചത് തന്റെ ഈ ദുരവസ്‌ഥയിൽനിന്ന് തനിക്കെന്നെങ്കിലുമൊരു മോചനമുണ്ടാകുമോ എന്നാണ്.

കുടുംബജീവിതം നയിക്കുന്നവർക്ക് ആ അവസ്‌ഥ എപ്പോഴാണ് ദുരവസ്‌ഥയായി മാറുന്നത്? അന്യോന്യം സുഖാവസ്‌ഥ സൃഷ്ടിക്കേണ്ടവർ തന്നിഷ്ടവും പിടിവാശിയുമായി മുന്നേറുമ്പോൾ സുഖാവസ്‌ഥയാവില്ലല്ലൊ, ദുരവസ്‌ഥയും ദുഃഖാവസ്‌ഥയുമല്ലേ ഉണ്ടാകൂ. ജനിച്ചുവളർന്ന വീട്ടിലെ അപ്പനമ്മമാർ ഉൾപ്പെടെ കുടുംബാംഗങ്ങൾ സകലരും വിവാഹിതരാകുന്ന ഏവർക്കും എന്നും പ്രിയപ്പെട്ടവർതന്നെയായിരിക്കണം. പക്ഷേ, അതിന് സാമാന്യബോധത്തിൽനിന്നും ഉരുത്തിരിയുന്ന, പാലിക്കപ്പെടേണ്ടുന്ന അതിർവരമ്പുകൾ ഉണ്ടാവേണ്ടതാണ്. ആ ബന്ധങ്ങൾ അയാളുടെ കുടുംബജീവിത വഴികളിൽ ഒരിക്കലും വിഘ്നങ്ങൾ സൃഷ്ടിക്കുന്നതും അതിന് ഉപരിയായുള്ളതുമാകരുത് എന്നു മാത്രം.

സിറിയക് കോട്ടയിൽ