കരിക്കട്ടയെ വൈഡൂര്യമാക്കുന്ന സ്നേഹം
വിശ്വാസം പ്രഭചൊരിഞ്ഞുനിന്ന ഒരു ധ്യാനവേദി. ധ്യാനം നയിച്ചുകൊണ്ടിരുന്ന ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി ഒരു നിമിഷം ഇങ്ങനെ പറഞ്ഞു– എല്ലാവരും കൈകളുയർത്തി ദൈവത്തെ സ്തുതിക്കുവിൻ. ഒരുപാടു കൈകൾ മുകളിലേക്കുയർന്നു. ചില കൈകൾ ഉയർന്നതേയില്ല. എന്നാൽ ഉയർന്ന കൈകൾക്കിടയിൽ രണ്ടെണ്ണം അച്ചന്റെ മനസിനെ അപൂർവമായൊരു കരുത്തോടെ പിടിച്ചുനിർത്തി– അവ മുട്ടിനുകീഴെ മുറിഞ്ഞുപോയവയായിരുന്നു!

മുഴുവനോടെയുണ്ടായിട്ടും ദൈവത്തിനുവേണ്ടി ഉയരാത്ത കൈകൾ.., സംസാരശേഷിയുണ്ടായിട്ടും ദൈവനാമം ഉരുവിടാത്ത നാവുകൾ.., സ്തുതിഗീതമാലപിക്കാത്ത ചുണ്ടുകൾ... ഇതിനൊന്നിനും ഉതകുന്നില്ലെങ്കിൽ എന്തിനാണീ കൈകളും നാവും ചുണ്ടുകളും...? പനച്ചിക്കലച്ചന്റെ ഹൃദയത്തിൽ ഈ വരികൾ ആ നിമിഷം എഴുതപ്പെട്ടു:
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ...

പിന്നീട് ഒരാൽബത്തിനായി പാട്ടിന്റെ വരികൾ ചോദിച്ചെത്തിയ സംഗീത സംവിധായകൻ സണ്ണി സ്റ്റീഫന് അച്ചൻ ഈ വരികൾ കൈമാറി. കോട്ടയം അടിച്ചിറയിലെ പരിത്രാണ ഭവനിൽവച്ച് അവിടെയുണ്ടായിരുന്ന പഴയൊരു ഹാർമോണിയത്തിൽ സണ്ണി ആ വരികൾക്ക് ആദ്യ ഈണമിട്ടു. പനച്ചിക്കലച്ചൻ വൈകാതെ വരികൾ എഴുതി പൂർത്തിയാക്കി. യശൾരീരയായ ഗായിക രാധികാ തിലകിന്റെ പ്രാർഥനാഭരിതമായ ശബ്ദത്തിലാണ് 1992ൽ ആ ഗാനം ഹൃദയങ്ങളിലേക്കൊഴുകിയത്. ജാതിമതചിന്തകളില്ലാതെ മലയാളികൾ ആ ഗാനത്തെ ഏറ്റുവാങ്ങി. ഗാനമടങ്ങിയ കാസറ്റിന്റെ പത്തുലക്ഷത്തിലേറെ കോപ്പികൾ വിറ്റു.. യുട്യൂബിൽ പതിനഞ്ചു ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു..., ഇന്നും കേട്ടുകൊണ്ടേയിരിക്കുന്ന ആ പാട്ടു പറയും, എന്തിനാണ് ജീവിതമെന്ന്.

ഫാ. മൈക്കിൾ പനച്ചിക്കലിന് ജീവിതം വചനത്തിന്റെ പാതയിലൊഴുകുന്ന ഒരു ഗീതംതന്നെയാണ്. അദ്ദേഹമത് എഴുതിയും പറഞ്ഞും ലോകത്തെ കേൾപ്പിക്കുന്നു. ആ തൂലികയിൽ വിരിഞ്ഞ് ആദ്യം റെക്കോർഡ് ചെയ്യപ്പെട്ട നിത്യത തീർക്കുന്ന നിമിഷങ്ങളേ എന്ന ഭക്‌തിഗാനത്തിന് നാല്പതു വയസു തികയുകയാണ്. എൽപി ഡിസ്കിൽ ഒരു ഗാനം റെക്കോർഡ് ചെയ്യപ്പെടുക എന്നത് അഭിമാനകരമായിരുന്ന കാലത്താണ് ആദ്യമായി ആ ഭക്‌തിഗാനം പിറന്നത്.

പ്രശസ്തമായ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം എന്ന ഗാനം ഒരുക്കിയ ജോബ് ആണ് വരികൾക്ക് ഈണമിട്ടത്. യേശുദാസിന്റെ അനുപമ ശബ്ദത്തിൽ പുറത്തുവന്ന ആ ഗാനം ക്രിസ്തീയ ഭക്‌തിഗാന ശാഖയിൽ പുതുവസന്തത്തിന്റെ വരവറിയിച്ചു. കാലത്തെ കടന്ന് ഇന്നും പുതുമയോടെ നിലനിൽക്കുന്ന ഗാനം ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടേണ്ടതുതന്നെ. സ്നേഹിച്ചു സ്നേഹിച്ചീ കൽക്കരിക്കട്ടയെ വൈഡൂര്യമാക്കിയ ദൈവപുത്രന്റെ അവതാരത്തെ വാഴ്ത്തുന്നതാണ് ഈ ഗാനത്തിന്റെ വരികൾ.

ഭരണങ്ങാനം പനച്ചിക്കൽ ദേവസ്യ–ഏലി ദമ്പതികളുടെ മകനായി 1948 സെപ്റ്റംബർ ആറിനാണ് ഫാ. മൈക്കിൾ പനച്ചിക്കൽ ജനിച്ചത്. 1974 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. വചനോത്സവം സ്‌ഥാപക പത്രാധിപർ, പോപ്പുലർ മിഷൻ ഡയറക്ടർ, നോവിസ് മാസ്റ്റർ, വികാർ പ്രൊവിൻഷ്യൽ എന്നിങ്ങനെ പ്രവർത്തനങ്ങളിൽ മുഴുകി. ചെറുപ്പത്തിലേ എഴുത്തിന്റെ വഴിയിലേക്കെത്തി. 1976ൽ ദീപികയിലൂടെയാണ് ആദ്യ നോവൽ സൂര്യഗ്രഹണം ഖണ്ഡൾ പ്രസിദ്ധീകരിച്ചത്. അന്നത് ഏറെ സ്വീകാര്യത നേടി. പിന്നീട് നാടകങ്ങളും ഗീതങ്ങളും ആധ്യാത്മിക ഗ്രന്ഥങ്ങളുമെഴുതി. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരമാർഥം തുടങ്ങിയ പുസ്തകങ്ങൾ ഏറെ ശ്രദ്ധനേടിയവയാണ്.
എൺപതുകളുടെ തുടക്കത്തിൽ ഭക്‌തിഗാന രചനയിൽ കൂടുതൽ മുഴുകിയ ഫാ. പനച്ചിക്കലിന്റെ അമൃതവർഷിണി, ഡിവൈൻ മെല്യൂ, ആത്മതരംഗിണി, ആർദ്രവീണ തുടങ്ങിയ ആൽബങ്ങൾ മലയാളികൾ ഹൃദയപൂർവം സ്വീകരിച്ചു. യേശുദാസിന്റെ തരംഗിണി തിളങ്ങിനിന്നിരുന്ന സമയമാണ്. അതേ നിലവാരത്തിലുള്ള കാസറ്റുകൾ ഇറക്കാൻ അന്ന് ബാംഗളൂരിലെ ഡെക്കാൺ റെക്കോർഡ്സിനെയാണ് ആശ്രയിച്ചത്. അതിന്റെ ചുമതലക്കാരനായിരുന്ന ജോർജ് തങ്കയ്യ ഒപ്പംനിന്നു. ജെറി അമൽദേവ് ആണ് കൂടുതൽ ഗാനങ്ങൾക്കും ഈണമൊരുക്കിയത്. പിന്നീട് തരംഗിണിക്കുവേണ്ടിയും പനച്ചിക്കലച്ചൻ ഗാനങ്ങളെഴുതി. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, വിജയ് യേശുദാസ്, മനോ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, സതീഷ് ബാബു, ജോളി ഏബ്രഹാം, കെസ്റ്റർ, വിൽസൺ പിറവം എന്നിവർ തുടങ്ങി ശ്രേയ ജയദീപ് എന്ന കുരുന്നു വരെയുള്ള ഗായകരോടും, എം. ജയചന്ദ്രൻ, റെക്സ്, എൽഡ്രിജ് ഐസക്സ്, ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ, ടോമിൻ ജെ. തച്ചങ്കരി, വിൻസെന്റ് തലക്കോട്ടുകര, ഫാ. തദേവൂസ് അരവിന്ദത്ത്, ജേക്കബ് കൊരട്ടി, ഫാ. അഗസ്റ്റിൻ പുത്തൻപുര വി.സി, ജിന്റോ ജോൺ തുടങ്ങിയ സംഗീതസംവിധായകരോടും ഒപ്പം പനച്ചിക്കലച്ചൻ പാട്ടുകളൊരുക്കി. യശൾരീരരായ ജോബ് ആൻഡ് ജോർജ്, വയലിൻ ജേക്കബ്, ആദ്യഗാനരചനയ്ക്ക് പ്രേരണയായ ആബേലച്ചൻ, കരിങ്കുന്നം ചന്ദ്രൻ, മാത്യു കാച്ചപ്പിള്ളിയച്ചൻ, ഗാനരചയിതാവ് ഫാ. മൈക്കിൾ പനയ്ക്കൽ തുടങ്ങിയവരും പനച്ചിക്കലച്ചന്റെ ഗാനസപര്യയ്ക്ക് പിന്തുണയേകിയവരാണ്.

ഇതിനകം അറുനൂറിലേറെ ഗാനങ്ങളാണ് ഫാ. മൈക്കിൾ പനച്ചിക്കൽ എഴുതിയത്. ഒരു വരിയായി മാത്രം പോലും തുടങ്ങിവയ്ക്കുന്നവയാണ് ചില പാട്ടുകൾ. എഴുതി പൂർത്തിയാക്കുന്നത് വളരെ സാവധാനത്തിലുള്ള പ്രക്രിയ. എന്നാൽ ട്യൂണിട്ട ശേഷം പാട്ടെഴുതുന്ന രീതിയും പനച്ചിക്കലച്ചന് വഴങ്ങും. പ്രശസ്തമായ ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം എന്ന പാട്ട് അങ്ങനെ എഴുതിയതാണ്. ടോമിൻ തച്ചങ്കരി നൽകിയ ഈണം ഒരുപാടുതവണ കേട്ടശേഷമാണ് വരികൾ എത്തിയത്. ഈണത്തിനൊപ്പിച്ച് വരികളെഴുതുമ്പോൾ സ്വന്തം എഴുത്തിലെ ചട്ടക്കൂടുകളൊന്നും ആവർത്തിക്കാതിരിക്കുമെന്ന് ഫാ. പനച്ചിക്കൽ പറയുന്നു.

ശ്രേയ ജയദീപ് എന്ന കൊച്ചു ഗായികയുടെ ശബ്ദത്തിൽ ഏറെ പ്രശസ്തമായ പുതിയ ഗാനം മേലേ മാനത്തെ ഈശോയേ ഒരുക്കിയത് പനച്ചിക്കലച്ചനും സംഗീത സംവിധായകൻ എം. ജയചന്ദ്രനും ചേർന്നാണ്. അതേക്കുറിച്ച് അച്ചൻ പറയുന്നു: ‘ജയചന്ദ്രനും ഞാനും ഒരിടത്തു ക്യാമ്പ് ചെയ്താണ് ആ പാട്ടുണ്ടാക്കിയത്. ഒരു കുട്ടിക്കു പാടാനുള്ളതാണ്, ലാളിത്യം വേണം എന്നായിരുന്നു സംഗീത സംവിധായകന്റെ ആവശ്യം. എന്റെ വരികളിൽ അല്പം ഗഹനമായ പ്രയോഗങ്ങളും സംസ്കൃത വാക്കുകളുമൊക്കെ കടന്നുവരുമെന്ന പരാതിയുണ്ടാകാറുണ്ട്. അതു ശരിയുമാണ് (ചിരിക്കുന്നു). ഈ പാട്ട് ഒരു കുട്ടിയുടെ മനസോടെ തന്നെയാണ് എഴുതിയത്. ഒരുദിവസം ഉച്ചമുതൽ പിറ്റേന്ന് ഉച്ചവരെ സമയമെടുത്തു എഴുത്തിനും ഈണമൊരുക്കലിനും. ശ്രേയക്കുട്ടിയുടെ ശബ്ദത്തിൽ പാട്ടു കേട്ടപ്പോൾ എന്റെ മനസിലെ സങ്കല്പത്തിനപ്പുറത്തേക്കുവന്നു. ഈശോയേ എന്ന വിളിയൊക്കെ ഭക്‌തിയുടെ വൈകാരിക തലത്തിലേക്കെത്തിയിരിക്കുന്നു. എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട പാട്ടാണത്’.
സോഷ്യൽ മീഡിയ ആഘോഷിച്ച ഈ ഗാനം ശ്രേയ എന്ന ബാലികയെ സംഗീതാസ്വാദകർക്ക് പ്രിയങ്കരിയാക്കി. ഈ സീസണിൽ വിവിധ ആൽബങ്ങൾക്കായി 12 ഗാനങ്ങളാണ് ഫാ. മൈക്കിൾ പനച്ചിക്കൽ എഴുതിയത്. മികച്ച ഗാനരചനയ്ക്കുള്ള കെ.സി.ബി.സി പുരസ്കാരം രണ്ടുതവണയും, മാധ്യമരംഗത്തെ സംഭാവനകൾക്കുള്ള ശാലോം അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി കന്മഴ പെയ്യുംമുമ്പേ എന്ന സിനിമ നിർമിക്കാനും ഫാ. പനച്ചിക്കൽ മുന്നിട്ടിറങ്ങി.

കേരളസഭയിലെ ആദ്യ ബൈബിൾ ഓഡിയോ ബുക്ക് ഫാ. മൈക്കിൾ പനച്ചിക്കലിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ശക്‌തമായ ചുമയും ശ്വാസംമുട്ടലും ശല്യപ്പെടുത്തിയിരുന്ന 62–ാം വയസിൽ ഇങ്ങനെയൊരു ദൗത്യം അസാധ്യമാവുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ തുടക്കത്തിൽ അതിൽനിന്നു പിന്മാറി. എന്നാൽ ദൈവനിശ്ചയത്താൽ വീണ്ടും അതിലേക്കെത്തി. 171 ദിവസം നീണ്ട കഠിനപ്രയത്നമായിരുന്നു ആ റെക്കോർഡിംഗ്. തുടങ്ങിവച്ചപ്പോൾ അതൊരു ലഹരിയായി. തീർന്നപ്പോൾ സംതൃപ്തിയും നഷ്‌ടബോധവും ഒരുപോലെ തോന്നി. എന്നാൽ ആ സപര്യ അച്ചനിൽ രണ്ട് അത്ഭുതങ്ങളുണ്ടാക്കി. ഏറെ നാളായി വലച്ചിരുന്ന ശ്വാസംമുട്ടൽ ഒഴിവായതിനൊപ്പം വർഷങ്ങളോളം കഠിനവേദന സമ്മാനിച്ച ഉള്ളംകാലിലെ സോറിയാസിസും പ്രത്യേകിച്ചൊരു മരുന്നുമില്ലാതെ മാറി. വേദന ഉറക്കംകെടുത്തുമ്പോൾ കാലിനടിയിൽ കറ്റാർവാഴപ്പോള വച്ചുകെട്ടിയാണ് അച്ചൻ രാത്രികൾ തള്ളിനീക്കിയിരുന്നത്. അദ്ദേഹം പറയുന്നു– ‘വചനം സൗഖ്യപ്പെടുത്തും’.
ആ സുഗന്ധമുള്ള പാട്ടുകൾ മനസുകളെയും സുഖപ്പെടുത്തുന്നുണ്ട്.

ഹരിപ്രസാദ്