മറ്റുള്ളവരിലെ നന്മ കാണാം, നല്ലവരാകാം
അമേരിക്കൻ ടെലിവിഷൻ സീരിയലുകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സീരിയലാണ് ’ഓൾ ഇൻ ദ ഫാമിലി.’ 1971 മുതൽ 1979 വരെ ഒൻപതു സീസണിൽ പ്രത്യക്ഷപ്പെട്ട ഈ സീരിയൽ ആദ്യത്തെ അഞ്ചുവർഷം തുടർച്ചയായി ടെലിവിഷൻ റേറ്റിംഗിൽ ഒന്നാംസ്‌ഥാനം നേടിയിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ നോർമൻ ലിയർ മറ്റൊരു തിരക്കഥാകൃത്തും സംവിധായകനുമായ ബഡ് യോർക്കുമായി സഹകരിച്ചു നിർമിച്ച ഈ സീരിയലിലെ മുഖ്യകഥാപാത്രം മർക്കടമുഷ്‌ടിക്കാരനും വർഗീയവാദിയുമായ ആർച്ചി ബങ്കർ ആണ്.

ആർച്ചിയെപ്പോലെതന്നെ ഈ സീരിയലിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് ആർച്ചിയുടെ ഭാര്യയായ ഈഡിത്. സ്നേഹസമ്പന്നയും വിനയാന്വിതയുമായ ഈഡിത് ആരെയും ആകർഷിക്കുന്ന ഒരു കഥാപാത്രമാണ്. ഈ രണ്ടു കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതിനു ലിയറിനു ഭാഗികമായ പ്രചോദനം ലഭിച്ചത് അദ്ദേഹത്തിന്റെ മാതാപിതാക്കളിൽനിന്നാണത്രേ!

പുതുമയുള്ള നിരവധി വിഷയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഈ സീരിയലിലെ ഒരു എപ്പിസോഡ് ആർച്ചിയുടെയും ഈഡിത്തിന്റെയും ഹൈസ്കൂൾ ക്ലാസിന്റെ റീയൂണിയനെക്കുറിച്ചുള്ളതാണ്. ഒരേ ക്ലാസിൽ പഠിച്ചവരായ ആർച്ചിയും ഈഡിത്തും അവരുടെ ക്ലാസ് റീയൂണിയന് എത്തിയപ്പോൾ അവർ പഴയ സഹപാഠിയായ ബക്കിനെ കണ്ടുമുട്ടി. ചെറുപ്പകാലത്തു മെല്ലിച്ചിരുന്ന ബക്ക് പ്രായംചെന്നപ്പോൾ വലിയ പൊണ്ണത്തടിയനായി മാറിയിരുന്നു.

ബക്കിനെ കണ്ടപ്പോൾ ഈഡിത്തിന് വലിയ സന്തോഷമായി. ഈഡിത് ഏറെ സമയം ബക്കുമായി സൗഹൃദസംഭാഷണത്തിലേർപ്പെട്ടു. എന്നാൽ ബക്ക് പൊണ്ണത്തടിയനായി മാറിയ കാര്യം ഈഡിത് പ്രത്യേകം ശ്രദ്ധിക്കുകയോ അതു ചർച്ചാവിഷയമാക്കുകയോ ചെയ്തില്ല. കുറേ കഴിഞ്ഞപ്പോൾ ഈഡിത് ആർച്ചിയുടെ സമീപമെത്തി. അപ്പോൾ ബക്കിന്റെ നേരേ നോക്കിക്കൊണ്ട് ഈഡിത് തന്റെ പ്രത്യേക ഈണമുള്ള സ്വരത്തിൽ പറഞ്ഞു, ‘ആർച്ചി, ബക്ക് എത്ര സുന്ദരനായിരിക്കുന്നു!‘
അപ്പോൾ വെറുപ്പ് തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ആർച്ചി പറഞ്ഞു, ‘ഈഡിത്, അല്ലേലും നീ ഒരു മണ്ടിയാണ്. നീയും ഞാനും ഒരേ ആളിനെത്തന്നെ നോക്കുന്നു. ഞാൻ കാണുന്നത് ഒരു പൊണ്ണത്തടിയനെ. എന്നാൽ നീ കാണുന്നതാകട്ടെ ഒരു സുന്ദരക്കുട്ടനെയും!‘
ഉടനെ അമ്പരപ്പോടെ ഈഡിത് പറഞ്ഞു, ‘ശരി, അതത്ര മോശമായ കാര്യമല്ലല്ലോ.‘
മറ്റുള്ളവരിലെ നന്മ കാണുക എന്നത് ഈഡിത് പറഞ്ഞതുപോലെ, അത്ര മോശമായ കാര്യമല്ല. എന്നു മാത്രമല്ല, അത് ഏറെ നല്ലകാര്യവുമാണ്. എന്നാൽ ആർച്ചിയെപ്പോലുള്ളവർക്ക് മറ്റുള്ളവരിലെ നന്മ കാണാൻ അത്ര എളുപ്പമല്ല. നേരേമറിച്ച് അവരിലെ പോരായ്മകൾ കാണാൻ എളുപ്പം. ആർച്ചി എന്ന കഥാപാത്രം എപ്പോഴും മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും കാണുന്ന വ്യക്‌തിയാണ്. എന്നാൽ, ഈഡിത് ആകട്ടെ നേരേ മറിച്ചും.

ഈഡിത് മറ്റുള്ളവരെ നോക്കുമ്പോൾ അവരിൽ കാണുന്നത് അവരുടെ നല്ല ഗുണങ്ങളാണ്. ഇനി അവരിൽ വലിയ പോരായ്മകൾ ഉണ്ടെങ്കിൽപോലും ഈഡിത് അതു വകവയ്ക്കാറില്ല. ബക്കിനെ കണ്ടുമുട്ടിയപ്പോൾ ഈഡിത്തിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. ബക്ക് പ്രായംചെന്നപ്പോൾ വലിയ പൊണ്ണത്തടിയനായി മാറിയെങ്കിലും അക്കാര്യത്തിലല്ല ഈഡിത്തിന്റെ ശ്രദ്ധ പോയത്. ഈഡിത്തിനെ ആകർഷിച്ചതും ഈഡിത് ശ്രദ്ധിച്ചതും ബക്കിന്റെ നല്ല പെരുമാറ്റശൈലിയും സൗഹൃദപൂർവമായ സംഭാഷണവുമായിരുന്നു.

പലപ്പോഴും നന്മയുടെ നിറകുടമായി പ്രത്യക്ഷപ്പെടുന്ന ഈഡിത്തിനെപ്പോലെ നമുക്കെല്ലാവർക്കും പ്രവർത്തിക്കാൻ സാധിച്ചു എന്നു വരില്ല. എങ്കിൽപോലും നമുക്ക് ശ്രദ്ധിക്കാനും അംഗീകരിക്കാനുമാവില്ലേ? പക്ഷേ, അതു സാധിക്കണമെങ്കിൽ നമ്മിലും നന്മയുള്ള ഒരു ഹൃദയമുണ്ടാകണം.
ഈഡിത്തിന്റെ ഹൃദയത്തിൽ നന്മയുള്ളതുകൊണ്ടാണ് ഈഡിത്തിനെപ്പോഴും മറ്റുള്ളവരിൽ നന്മ കാണാൻ സാധിക്കുന്നത്. അതായത് ഈഡിത്തിലെ നന്മ ഒരുപരിധിവരെ മറ്റുള്ളവരിൽ പ്രതിഫലിക്കുന്നു എന്നു സാരം. നമ്മിൽ നന്മയുണ്ടെങ്കിൽ അതെപ്പോഴും മറ്റുള്ളവരിൽ പ്രതിഫലിക്കുമെന്നതാണു വസ്തുത. അതായത് നമ്മുടെ നന്മമൂലം നമുക്ക് മറ്റുള്ളവരുടെ നന്മ കാണാൻ സാധിക്കുമെന്നു സാരം.
നാം മറ്റുള്ളവരെ നോക്കുമ്പോൾ അവരിൽ കാണുന്നത് നന്മയെക്കാളേറെ തിന്മയാണോ? എങ്കിൽ നമ്മിലെ നന്മയുടെ അളവിനെക്കുറിച്ച് നമുക്ക് സംശയിക്കേണ്ടിവരും. എന്നാൽ, നാം മറ്റുള്ളവരെ നോക്കുമ്പോൾ അവരുടെ നന്മ നമുക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു കാരണം നമ്മിലുള്ള നന്മ ആണെന്നതാണു വസ്തുത. നമ്മിലുള്ള ഈ നന്മയുടെ തോത് വർധിപ്പിക്കാൻ നമുക്ക് സാധിച്ചാൽ മറ്റുള്ളവരിൽ മറഞ്ഞിരിക്കുന്ന പല നന്മകളും നമുക്ക് കാണാൻ സാധിക്കും.

നമ്മുടെ കുടുംബത്തിലും സമൂഹത്തിലുമൊക്കെ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും ആ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് നാം മറ്റുള്ളവരിലെ നന്മ കാണാതെപോകുന്നതുകൊണ്ടല്ലേ? മറ്റുള്ളവർ എന്തുപറഞ്ഞാലും പ്രവർത്തിച്ചാലും അതിൽ ഒരു പോരായ്മയും ഉണ്ടാകരുതെന്നതാണ് നമ്മുടെ നിലപാട്. കാര്യങ്ങൾ എപ്പോഴും അങ്ങനെയായിരുന്നുവെങ്കിൽ അതു നല്ലകാര്യവുമായിരുന്നു.

എന്നാൽ സംഭവിക്കുന്നത് അങ്ങനെയല്ലല്ലോ. മറ്റുള്ളവർ പലപ്പോഴും പറയുന്നതും പ്രവർത്തിക്കുന്നതും നമുക്ക് ഇഷ്ടമുള്ള രീതിയിലായിരിക്കുകയില്ല. അങ്ങനെയുള്ള അവസരങ്ങളിൽ അവരിലെ നന്മ കാണാതെ അവരിലെ പോരായ്മകളിൽ മാത്രം നാം ശ്രദ്ധിച്ചു എന്നു വരും. അങ്ങനെവരുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാവുകയേയുള്ളൂ.

നേരേമറിച്ച് മറ്റുള്ളവരിലെ നന്മ നാം കാണുന്നവരാണെങ്കിൽ അവരുടെ വാക്കും പ്രവൃത്തിയും ശരിയല്ലാത്തപ്പോൾപോലും അവരിൽ മറഞ്ഞിരിക്കുന്ന നന്മ കാണാനാണ് നാം ശ്രമിക്കുക. അങ്ങനെയുള്ള പ്രതികരണശീലമാണ് നമ്മുടേതെങ്കിൽ നാംവഴിയായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയല്ലാതെ വർധിക്കില്ല.
നമുക്ക് മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കാം. അപ്പോൾ നാം അറിയാതെതന്നെ നമ്മിലെ നന്മ വർധിച്ചുകൊള്ളും. അതുവഴിയായി നമുക്കും മറ്റുള്ളവർക്കും ഏറെ സന്തോഷം ഉണ്ടാകുമെന്നു തീർച്ചയാണ്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ