അച്ഛനുറങ്ങിയ വീട്
ഇലപൊഴിഞ്ഞുതുടങ്ങിയ റബർമരങ്ങൾക്കിടയിലൂടെ വഴി ചെന്നുകയറിയത് അച്ഛൻ പടിയിറങ്ങിയ വീട്ടിലേക്ക്. തലയോലപ്പറന്പിലെ സർക്കാർ ആശുപത്രിക്കടുത്താണ് കാലായിൽ മാത്യുവിൻറെ വീട്. എട്ടുവർഷം മുന്പ് മാത്യു വീട്ടിൽനിന്നിറങ്ങിയതാണ്. ഇക്കഴിഞ്ഞദിവസം വരെ അമ്മയും മൂന്നു പെൺമക്കളും കാത്തിരുന്നു അച്ചായി വരുമെന്ന്. വരുന്പോൾ പറയാൻ നാലുപേർക്കും പരാതികൾ ഏറെയായിരുന്നു. ഇത്രയും കഷ്‌ടപ്പാടുകളിലേക്കും അപമാനത്തിലേക്കും തങ്ങളെ തനിച്ചാക്കിയിട്ട് എവിടെയായിരുന്നുവെന്നു ചോദിക്കാനിരിക്കുകയായിരുന്നു.

ഒന്നും ചോദിക്കേണ്ടിവന്നില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ സത്യം കുഴിമാടം തുറന്ന് പുറത്തുവന്നു. ഭാര്യയും മക്കളും കാത്തിരിക്കുന്പോഴും ഒന്നും മിണ്ടാനാവാതെ അച്ചായി വിളിപ്പാടകലെ കിടന്നുറങ്ങുകയായിരുന്നു. വിശ്വസിച്ചു കൂടെ നടന്നവൻറെ അടിയേറ്റുവീണ് നിത്യനിദ്ര. രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ വൈകിട്ടു തിരികെയെത്തുന്നതുകൊണ്ടാണ് വീടുകൾ ഇങ്ങനെയൊക്കെ നിലനില്ക്കുന്നതെന്നു പലർക്കുമറിയില്ല. മാത്യുവിൻറെ മൂത്തമകൾ നൈസിക്ക് അതിപ്പോൾ നന്നായറിയാം.

2008 നവംബർ 25നാണ് മാത്യു ഇവിടെനിന്നു പോയത് പതിവുപോലെ വൈകുന്നേരം തിരികെയെത്താമെന്ന പ്രതീക്ഷയിലായിരുന്നു. വരുമെന്നു വീട്ടിലിരുന്നവരും കരുതി. വന്നില്ല. അച്ചായിയെ കാണാതായപ്പോൾ നൈസിയുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങളേ ആയിരുന്നുള്ളു. അന്നു വൈകിട്ട് അവൾ ഭർതൃവീട്ടിൽനിന്ന് അച്ചായിയെ മൊബൈൽ ഫോണിൽ വിളിച്ചു. കിട്ടിയില്ല. ഏറെ നാൾ കൂടെ നടന്ന അനീഷ് എന്ന യുവാവ് അപ്പോൾ മാത്യുവിനെ വകവരുത്തി തൻറെ കടയ്ക്കുള്ളിൽ മറവു ചെയ്യുകയായിരുന്നു. പിറ്റേന്നു വൈകുന്നേരം വീട്ടിൽനിന്ന് അമ്മ വിളിച്ചു. തലേന്നു വീട്ടിൽനിന്നു പോയ അച്ചായി ഇതുവരെ വന്നില്ലല്ലോ മോളേന്നു പറഞ്ഞു. മാത്യുവിൻറെ വാഗൺ ആർ കാർ പള്ളിക്കവലയ്ക്കടുത്ത് കിടപ്പുണ്ട്. നൈസി ഭർതൃവീട്ടിൽനിന്നു തലയോലപ്പറന്പിലേക്കു പുറപ്പെട്ടു. അതൊരു മിസിംഗ് കേസായി. തലയോലപ്പറന്പ് കാലായിൽ മാത്യുവിനെ കാണാനില്ല. പോലീസ് അന്വേഷണം നടത്തി. ഒരു തുന്പുമില്ല.

യാത്രയ്ക്കിടയിൽ അച്ചായിയെ പലയിടത്തും കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. വേറേ ഭാര്യയും മക്കളുമായി ജീവിക്കുന്നുണ്ടെന്നു ചിലർ. മറ്റുള്ളവരുടെ പണവുമായി മുങ്ങിയതാണെന്നു മറ്റു ചിലർ. എല്ലാം കണ്ടും കേട്ടും അമ്മയും മൂന്നു പെൺമക്കളും നെഞ്ചുരുകി കാത്തിരുന്നു. പള്ളിക്കവലയ്ക്കടുത്തുള്ള അനീഷിൻറെ സ്റ്റിക്കർ കടയുടെ ഉൾവശം മാത്യുവിൻറെ കല്ലറയായി. അതിനു മുന്നിലൂടെ എത്രയോ തവണ താനും അമ്മയും അനിയത്തിമാരും നടന്നുപോയി.നവംബറിൻറെ നഷ്‌ടം

ആ നവംബറിൻറെ നഷ്‌ടം തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു. ഡിസംബർ നാലിനാണ് അനീഷിൻറെ അച്ഛൻ നൈസിയെ കാണാൻ വീട്ടിലെത്തിയത്. അപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ടു. മോളേ നിൻറെ അച്ഛൻ മരിച്ചതല്ല. കൊന്നതാണ്. എൻറെ മകനാണ് കൊലയാളി. ഇനിയിതു പറയാതിരിക്കാനാവില്ല. എവിടെയും ഞാനിതു പറയാം.

നൈസിയുടെ പ്രാണൻ പിടയുകയായിരുന്നു. വാക്കുകൾ തൊണ്ടയിൽ അതിൻറെ പ്രയാണം അവസാനിപ്പിച്ചു. വീടിനുമുന്നിലെ തേക്കുമരത്തിൻറെ ചുവട്ടിൽനിന്ന് അച്ചായി കരയുകയാണോ അനീഷിൻറെ അച്ഛനോട് ഒന്നും തിരിച്ചു പറഞ്ഞില്ല. നൈസി വീടിനുള്ളിലേക്കു കയറി. എട്ടുവർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അച്ചായി മരിച്ചു. അന്നു രാത്രിയിലാണ് അവൾക്കു മനസിലായത് തനിക്ക് അപ്പനില്ലെന്ന്. എട്ടു വർഷവും വിശ്വസിച്ചത് അച്ചായി എന്നെങ്കിലും തിരിച്ചുവരുമെന്നാണ്. ഇനിയിപ്പോൾ കാത്തിരിക്കേണ്ടതില്ല.

അനീഷിൻറെ അച്ഛൻ പറഞ്ഞത് ഫോണിൽ റിക്കാർഡ് ചെയ്തിട്ടില്ല. അതുകൊണ്ട് പിറ്റേന്നു വീണ്ടും വിളിച്ച് കാര്യങ്ങൾ ഒന്നുകൂടി ചോദിച്ചു. ഉറപ്പാക്കി. പിന്നെ പോലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. കെട്ടിടത്തിൻറെ തറ മാന്തി അന്വേഷണം. അസ്‌ഥികളും വാച്ചും കിട്ടി. അസ്‌ഥി ഫോറൻസിക് വിദഗ്ധർ പരിശോധിച്ച് ഉറപ്പാക്കണം. പക്ഷേ, വാച്ചിൻറെ കാര്യം ആരോടും ചോദിക്കേണ്ടതില്ല. തൻറെ കല്യാണത്തിന് അച്ചായി കെട്ടിയിരുന്ന വാച്ച് നൈസിക്കു നല്ല ഓർമയുണ്ട്. നിലച്ചുപോയ ആ വാച്ചിൻറെ ഉടമ എൻറെ അച്ചായിതന്നെയാണ്.

പ്രകാശം പരത്തുന്ന പെൺകുട്ടി

മാത്യുവിനെ കാണാതായ ദിവസവും അയാളുടെ ചരമദിനവും ഒന്നായിരുന്നു. കൊലയാളി മാത്രമറിഞ്ഞ സത്യം. മൃതദേഹത്തോടൊപ്പം അയാളതു കുഴിച്ചുമൂടാൻ ശ്രമിച്ചു. പക്ഷേ, വിഫലമായി. അതേസമയം, കുടുംബനാഥൻറെ തണൽ നഷ്‌ടപ്പെട്ട വീട്ടിൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു.

മാത്യുവിൻറെ തിരോധാനം ബാക്കിവച്ചത് പണയത്തിലായ വീടും ഒരു കണക്കുബുക്കും മാത്രം. അതിനുമുന്നിലിരുന്ന് മൂത്തമകൾ നൈസി വിഷമിച്ചു. ചിലർക്കതു ലാഭക്കച്ചവടമായി. അവർ വായ്പ വാങ്ങിയ പണം തിരികെ കൊടുത്തില്ല. നാലു പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽനിന്ന് അതു ചോദിക്കാൻ ആരും പോയുമില്ല. പക്ഷേ, ഏതാനും പേർ മനുഷ്യരെപ്പോലെ പെരുമാറി. അതിലൊരാൾ 10 ലക്ഷം രൂപ പലപ്പോഴായി തിരികെ നല്കി. നൈസി അതു കഐസ്എഫ് ഇയിൽ കൊണ്ടുപോയി കൊടുത്തു. അത്രയും ബാധ്യത തീരുമല്ലോ.

അപ്പോഴും അച്ചായി തിരികെ വരുമെന്നു തന്നെ കരുതി. ഇടയ്ക്ക് മംഗലാപുരത്തും കുടകിലുമൊക്കെ അച്ചായിയെ കണ്ടെന്നു ചിലരൊക്കെ പറഞ്ഞു. പോലീസ് കുടകിനു പോയിരുന്നു. ഒരു വിവരവും കിട്ടിയില്ല. പിന്നീട് ഒരു ചാരിറ്റബിൾ സംഘടനയുടെ ഭാഗമായി കുടകിലെത്തിയപ്പോൾ ഞാൻ അവിടെ തെരഞ്ഞത് അച്ചായിയെ മാത്രമാണ്. വഴിയിലും കടകളിലുമെല്ലാം നോക്കിക്കൊണ്ടിരുന്നു പ്രിയപ്പെട്ട മുഖത്തിനായി. എല്ലാം വെറുതെയായി.

അതിവേഗം നൈസി യാഥാർഥ്യങ്ങളെ അംഗീകരിച്ചു. ആളുകൾ പറയുന്നതുപോലെയല്ലല്ലോ പലപ്പോഴും സത്യം. മാത്യു ഇറങ്ങിപ്പോയതോടെ ചോദിക്കാനും പറയാനും ആരുമില്ലാതായ വീട്ടിലേക്കു പട്ടിണി കയറിവന്നു. അമ്മ പലയിടത്തും പണിക്കുപോയി. പാത്രം കഴുകിയും ചാണകം വാരിയും വീട്ടുപണി ചെയ്തും അവർ മക്കളെ പോറ്റാൻ നോക്കി. നൈസിക്കു മനസിലായി തൻറെ വീട് വെറുമൊരു കെട്ടിടമായി മാറുകയാണെന്ന്. മരങ്ങോലിയിലെ ഭർതൃവീട്ടിൽനിന്ന് അവൾ സ്വന്തം വീട്ടിലേക്കു വന്നു. കൂടുതൽ സമയവും അവിടെയായിരുന്നു. കാലക്രമേണ അതു വിവാഹമോചനത്തിൽ കലാശിച്ചു. ഏഴു വയസുള്ള മകളെ കാണാൻ ഇടയ്ക്കു മരങ്ങോലിയിൽ പോകും.

അച്ചായിയുടെ ചേട്ടൻ ജോയി പറ്റുന്നതുപോലെയൊക്കെ സഹായിക്കും. പക്ഷേ, ആരുടെ മുന്നിലും കൈനീട്ടരുതെന്ന് അച്ചായി പറഞ്ഞത് നൈസി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി. ഒരുത്തരോടും സഹായം ചോദിച്ചില്ല. എറണാകുളത്തു സ്വകാര്യ കന്പനിയിൽ ജോലിക്കുപോയിത്തുടങ്ങി. ദിവസം 300 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ജോലിയുള്ള ദിവസം മാത്രമേ കൂലിയുള്ളു. വീടിനോടു ചേർന്നുള്ള ചെറിയൊരു പുര വാടകയ്ക്കു കൊടുത്തിട്ടുണ്ട്. ആയിരം രൂപ കിട്ടും. ഇതു രണ്ടുമാണ് ഇപ്പോൾ വരുമാന മാർഗം. മാത്യു എടുത്ത ലോണിൻറെ പലിശയെല്ലാം ചേർന്ന് ഇനി കഐസ്എഫ്ഇയിൽ 25 ലക്ഷം രൂപ കൊടുക്കാനുണ്ട്. എങ്ങനെ കൊടുക്കുമെന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല. പക്ഷേ, ഒന്നും ഇട്ടിട്ടു പോകാനാവില്ലല്ലോ.

കരയാതെ, കണ്ണീരൊപ്പി

ഇതിനിടെ മറ്റുള്ളവരെ സഹായിക്കാനും കാരുണ്യ പ്രവൃത്തികൾ ചെയ്യാനും നൈസിക്കു സമയവുമുണ്ട്. എറണാകുളത്ത് പരിചയപ്പെട്ട കൂട്ടുകാരിയുടെ ഭർത്താവിന് വൃക്ക നല്കാൻ നൈസിക്കു കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വീട്ടിൽ മാത്രം പറഞ്ഞു. വൃക്ക ദാനം ചെയ്തിട്ട് ആറു മാസമേ ആയുള്ളു. ഒരാഴ്ച മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കിടന്നു. പിന്നെ ജോലിക്കും പോയി. ഇടയ്ക്ക് ഒന്നുരണ്ടു തവണ ഇൻഫെക്ഷൻ ഉണ്ടായി. മറ്റു കുഴപ്പമൊന്നുമില്ല. എറാണാകുളത്തേക്ക് ബസിലായിരുന്നു പോയിരുന്നത്. ബസിൽ മിക്കവാറും സീറ്റ് കിട്ടില്ല. നിന്നുകൊണ്ട് യാത്ര ചെയ്യുന്പോൾ വേദനയുണ്ടായിരുന്നു. അതറിഞ്ഞു കൂട്ടുകാർ ചേർന്ന് ഒരു സ്കൂട്ടർ വാങ്ങാൻ നിർബന്ധിച്ചു. ആദ്യം കൊടുക്കേണ്ട തുക അവർ തന്നു. ഇനി തവണ അടച്ചാൽ മതി.

വൃക്കദാനത്തെക്കുറിച്ച് അറിഞ്ഞത് കൂടെനില്ക്കാൻ ആളില്ലാത്ത ഒരാളെ പരിചരിക്കാൻ ആശുപത്രിയിൽ നിന്നപ്പോഴാണ്. വൃക്ക തകരാറിലായ നിരവധിപേർ ജീവിതത്തിനും മരണത്തിനുമിടയിൽ ആശുപത്രി കയറിയിറങ്ങുകയാണ്. അന്നു നൈസി തീരുമാനിച്ചു, ഒരാളെയെങ്കിലും താൻ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുമെന്ന്. കൂട്ടുകാരി നെടുമങ്ങാട് സ്വദേശി റെജിയുടെ ഭർത്താവ് ജോൺസൺ രോഗിയാണെന്നറിഞ്ഞപ്പോൾ തീരുമാനമെടുത്തു. നൈസിയുടെ ചെറിയ പ്രായവും പ്രാരാബ്ധങ്ങളുമൊക്കെ അറിഞ്ഞ ജോൺസൺ സമ്മതിക്കില്ലായിരുന്നു. ഒടുവിൽ നൈസിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം വൃക്ക സ്വീകരിച്ചത്. അതും മറ്റാരുമറിഞ്ഞില്ല. അടുത്തയിടെ ആരോ ഫേസ്ബുക്കിൽ ഈ വിവരം പോസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാരുപോലും വിവരമറിഞ്ഞത്.

നൈസി ജോലിക്കു പോയിട്ട് ദിവസങ്ങളായി. അച്ചായി കൊല്ലപ്പെട്ടതാണെന്ന് അറിഞ്ഞതുമുതൽ പോലീസും കോടതിയുമൊക്കെയായി പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു. വേറെ ആരാണ് പോകാനുള്ളത്. അമ്മ എൽസിക്ക് ഇത്തരം കാര്യങ്ങളൊന്നും ചെയ്യാനാവില്ല. അനിയത്തി നൈജി സുഖമില്ലാത്ത കുട്ടിയാണ്. ഇളയവൾ ചിന്നു കുടവെച്ചൂരിൽ കോൺവെൻറിൽനിന്ന് പ്ലസ് ടുവിനു പഠിക്കുന്നു. ഓടിനടക്കുകയാണ് നൈസി.

അച്ചായി കൊല്ലപ്പെട്ടതാണെന്ന് അറിഞ്ഞ നിമിഷം സഹിക്കാനാവാത്തതായിരന്നു. പക്ഷേ, വീട്ടിൽ പറഞ്ഞില്ല. ഫോൺവിളിയൊക്കെ കേട്ട് അവർക്കു സംശയമായി. അച്ചായിയെക്കുറിച്ചാണോ പറയുന്നതെന്ന് അനിയത്തി ചോദിച്ചു. അതേയെന്നു പറഞ്ഞു. അതോടെ അച്ചായി തിരിച്ചുവരുമെന്നായി അവളുടെ ധാരണ. ക്രിസ്മസിന് എത്തുമോ ചേച്ചീയെന്നായിരുന്നു അവളുടെ സംശയം. ചിലപ്പോൾ വരുമെന്നു മറുപടി പറഞ്ഞു. അച്ചായിയെ കാണാതാകുന്പോൾ നൈജി ആറാം ക്ലാസിലായിരുന്നു. വർഷങ്ങൾക്കുശേഷം അച്ചായിയുമൊത്ത് ക്രിസ്മസിനു പാതിരാക്കുർബാനയ്ക്കുപോകുമെന്ന് അവൾ തീരുമാനിച്ചു. പക്ഷേ, ഇത്രയുംനാൾ നമ്മളെ പറ്റിച്ചതല്ലേ, ഇനി എന്തുപറഞ്ഞാലും അച്ചായിയുടെ അലമാര തിരിച്ചുകൊടുക്കില്ലെന്ന് അവൾ പറഞ്ഞു. അച്ചായി ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരി ഇപ്പോൾ അവളാണ് ഉപയോഗിക്കുന്നത്. ഇനിയൊരിക്കലും മക്കളോട് അലമാര തിരികെ ചോദിക്കാൻ അച്ചായി വരില്ലെന്ന് എങ്ങനെ അവളോടു പറയും. നൈസി മുറി അടച്ചിരുന്നു കരഞ്ഞു. 10 ദിവസത്തോളം ഭക്ഷണം കഴിച്ചില്ലെന്നു പറയുന്നതാവും ശരി. പേരിനുമാത്രം എന്തെങ്കിലും കഴിച്ചാലായി. ഭക്ഷണമെടുത്തുവയ്ക്കുന്പോൾ അച്ചായിയുടെ മുഖമാണു തെളിയുന്നത്. പണ്ടൊക്കെ സ്കൂളിൽനിന്നു മടങ്ങിവരുന്നതുവഴി തലയോലപ്പറന്പിൽവച്ച് അച്ചായിയെ കാണും. പിന്നീടു ഘാതകനായി മാറിയ അനീഷിൻറെ കടയിലായിരുന്നു മിക്കവാറും ഉണ്ടായിരുന്നത്.

ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അച്ചായി എന്തെങ്കിലുമൊക്കെ തിന്നാൻ വാങ്ങിത്തരുമായിരുന്നു. മരണത്തെക്കുറിച്ച് അറിഞ്ഞ ദിവസങ്ങളിൽ ചോറിനു മുന്നിലിരിക്കുന്പോൾ അതൊക്കെയോർത്തിട്ട് എനിക്കു കഴിക്കാനാവുമായിരുന്നില്ല. നൈസി മുഖം മറച്ചു കരഞ്ഞു. ഈ ദിവസങ്ങളിലും നൈസി ജോലിക്കുപോയി. അല്ലെങ്കിൽ വീട്ടിലെ കാര്യം നടക്കില്ല. കെട്ടിടത്തിൻറെ അടിത്തറ മാന്തി മൃതദേഹം തെരയുന്നതിന് പോലീസ് വരുന്പോഴാണ് നൈസി അമ്മയോടും അനിയത്തിമോരോടും വിവരം പറഞ്ഞത്. എന്നിട്ട് സംഭവസ്‌ഥലത്ത് പോലീസുകാർക്കൊപ്പം പോയി നിന്നു.

ആരോടും പകയില്ലാതെ

വേദനയുണ്ട്. ചങ്കു പൊട്ടിപ്പോകുന്ന വിഷമം. എൻറെ അച്ചായിയെ തിരികെ തരാൻ ഇനി ആർക്കുമാവില്ല. പക്ഷേ, എനിക്ക് ആരോടും പകയില്ല. കണ്ടില്ലേ, ഈ വീട്. ബാങ്കുകാര് ഇടയ്ക്കൊക്കെ ജപ്തിനോട്ടീസ് ഈ കതകിൽ ഒട്ടിച്ചുവയ്ക്കും. ആരും കാണാതെ ഞാനതു പറിച്ചുകളയും. അല്ലാതിപ്പോൾ എന്തു ചെയ്യും. എങ്കിലും ഞങ്ങൾക്ക് ആരുടെയും ഒന്നും വേണ്ട. എൻറെ അച്ചായിയെ കൊന്നവൻ പണയമായി തന്നിരുന്ന പറന്പും വേണ്ട. അതും ഞങ്ങൾ തിരികെ കൊടുക്കും. നിയമപരമായി എത്രവേഗം സാധിക്കുമോ അത്ര വേഗം. അവൻറെ ഭാര്യയും മക്കളും അനുഭവിക്കേണ്ട സ്വത്താണ് അത്. അവർ തെറ്റു ചെയ്തിട്ടില്ല. അവർ ശിക്ഷിക്കപ്പെടരുത്.

ഇതാണു നൈസി. കൊലപാതകത്തിനും പട്ടിണിക്കും കഷ്‌ടനഷ്‌ടങ്ങൾക്കും മധ്യേ വെറുതെയങ്ങു ജീവിക്കുകയല്ല. കഠിനാധ്വാനം ചെയ്തും ആത്മവിശ്വാസം കൈവിടാതെ മറ്റുള്ളവർക്കു താങ്ങും തണലുമായി മാറിയ ജീവിതം. പ്രകാശം പരത്തുന്ന പെൺകുട്ടി.

ജോസ് ആൻഡ്രൂസ്

ഫോട്ടോ: അനൂപ് ടോം