കലാലയ മുത്തശിമാർക്ക് കലണ്ടർ കീർത്തി
നവവർഷത്തെ വരവേൽക്കാൻ ഒരു പുതുമയാർന്ന കലണ്ടർ. ‘കാൻഡിൽസ് ഓഫ് വിസ്ഡം’ എന്ന നവീനമായ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത് കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ജേർണലിസം ക്ലബ്ബാണ്. കേരളത്തിലെ ശതാബ്ദി പിന്നിട്ട പത്ത് കോളജുകളുടെ വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന കലണ്ടർ കലാലയ മുത്തൾിമാർക്കുള്ള കോളജിന്റെ ആദരമാണ്. കോളജിലെ ചരിത്ര വിഭാഗം മേധാവിയും, ജേർണലിസം ക്ലബ്ബ് കോ–ഓർഡിനേറ്ററുമായ പ്രഫ. എം.സി.വസിഷ്ഠ്, ജേർണലിസം ക്ലബ്ബ് വിദ്യാർഥികളായ റിഹാല, ആസിഫ ഷെറിൻ, സൈനുൾ ആബിദ് എന്നിവർ ചേർന്നാണ് കലണ്ടർ തയ്യാറാക്കിയത്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളേജ്, ഗവ. വിമൻസ് കോളജ്, കോട്ടയത്തെ സി.എം.എസ്. കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട്ടെ വിക്ടോറിയ കോളജ്, പട്ടാമ്പി സംസ്കൃത കോളജ്, കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, തലേൾരിയിലെ ബ്രണ്ണൻ കോളജ് എന്നീ പത്തു കലാലയങ്ങളാണ് ‘കാൻഡിൽസ് ഓഫ് വിസ്ഡ’ത്തെ അലങ്കരിക്കുന്നത്.

മഹാഭൂരിപക്ഷത്തിന് അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത്, കൂരിരുട്ടിൽ വിജ്‌ഞാനത്തിന്റെ മെഴുകുതിരികൾ തെളിയിച്ച മഹത്തായ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള ആദരവാണ് കാൻഡിൽസ് ഓഫ് വിസ്ഡം. പരസ്പര ബന്ധമില്ലാതെ, തുരുത്തുകളായി കിടക്കുന്ന കേരളത്തിലെ കലാലയങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള എളിയ ശ്രമംകൂടിയാണ് കാൻഡിൽസ് ഓഫ് വിസ്ഡം എന്ന് കലണ്ടറിന്റെ ശില്പി പ്രഫ. എം.സി.വസിഷ്ഠ് പറയുന്നു.