കരുതലില്ലെങ്കിൽ എല്ലുകൾ വില്ലനാകും
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്‌ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊ’ട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുമ്പോഴാണ് ഓസ്റ്റിയോ പൊറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ മുതുക്, നടുവ് ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെട്ടേക്കാം.

പ്രായമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാവരിലും എല്ലുകളുടെ ഡെൻസിറ്റി കുറഞ്ഞുവരാറുണ്ട്. അതു ക്രമേണ ഓസ്റ്റിയോപൊറോസിസിലേക്ക് എത്തുന്നു. സ്ത്രീകളുടെ എല്ലുകൾക്ക് പുരുഷന്മാരുടെ എല്ലിനെ അപേക്ഷിച്ചു കട്ടി കുറവാണെന്നതും സ്ത്രീകൾക്ക് 50 വയസിനു ശേഷം ആർത്തവവിരാമം നേരിടേണ്ടി വരുന്നു എന്നതും സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് സാധ്യത വർധിപ്പിക്കുന്നു.

എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. പ്രായമായവർ, സ്ത്രീകൾ, ആർത്തവം നിലച്ചവർ, പുകവലിക്കാർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതൽ. കാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെൻറുകൾ നൽകിയും മറ്റുമരുന്നുകളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗശാന്തി സാധ്യമാണ്. പരസ്യങ്ങളിൽ കണ്ണടച്ചു വിശ്വസിച്ച് മരുന്നുകൾ സ്വീകരിക്കുന്നത് ഉചിതമല്ല. സ്വയംചികിത്സ പാടില്ലെന്ന് അർഥം. എല്ലുരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ കുറവ്, പുകവലി, എന്നിവ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടുന്നു. കോർട്ടിക്കോ സ്റ്റിറോയ്ഡുകൾ, ആൻറി ഇൻഫ്ളമേറ്ററി മരുന്നുകൾ എന്നിവയുടെ നിരന്തര ഉപയോഗവും എല്ലുകളുടെ നാശത്തിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്.

ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവ വിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കനം കുറയുന്നു. ദുർബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധം ഒന്നുമാത്രം; എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം സ്വീകരിക്കണം.

* കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണം
കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ...

* വിറ്റാമിൻ ഡി അടങ്ങിയ ആഹാരം
അയല തുടങ്ങിയ മീനുകൾ, മീനെണ്ണ(കോഡ് ലിവർ ഓയിൽ), സോയാബീൻ ഉത്പന്നങ്ങൾ, മുട്ട, കൂൺ, പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, കൊഴുപ്പു നീക്കംചെയ്ത പാലും പാലുത്പന്നങ്ങളും, നട്സ്....

ഹൃദയത്തിൽ സൂക്ഷിക്കാൻ
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.
* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.
* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം.
* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സമ്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.
* ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം.
* കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതമ്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം.
* വാൽനട്ട് പോലെയുളള നട്സ് ഇനങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം.
* മൂത്രത്തിലൂടെ കാൽസ്യം നഷ്‌ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്സിലെ പ്രോട്ടീൻ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയർ, വൻപയർ, കൂവരക് എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.
* ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്‌ടമാവും.
* സൂര്യപ്രകാശത്തിെൻറ സാന്നിധ്യത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഡി ശരീരം കാൽസ്യം ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ സഹായിക്കുന്നു. വിറ്റാമിൻ ഡി സപ്ലിമെൻറുകൾ ഡോക്ടറുടെ നിർദേശം കൂടാതെ സ്വീകരിക്കരുത്.
* ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിെൻറ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്. ചെടികൾ നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുള്ള വഴികൾ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനിൽ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം.

ഓർക്കുക വല്ലപ്പോഴും
* കാൽസ്യം ഗുളികകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്.
അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
* സംസ്കരിച്ച മാംസവിഭവങ്ങൾ ഒഴിവാക്കുക. ശരീരത്തിൽ നിന്നു കാൽസ്യം നഷ്‌ടമാകുന്നതു തടയാൻ അതു സഹായകം.
* കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായ കാപ്പികുടി ഒഴിവാക്കുക.
* അതുപോലെതന്നെ ആൽക്കഹോളിെൻറ(മദ്യത്തിെൻറ) ഉപയോഗവും എല്ലുകൾക്കു ദോഷകരം.

തയാറാക്കിയത്– ടി.ജി ബൈജുനാഥ്