കുട്ടികളെ വസ്തുക്കളായി കാണരുത്
കടുംപിടിത്തക്കാരനാണയാൾ. ഈയൊരഭിപ്രായത്തെ അയാളുടെ വീട്ടുകാരും നാട്ടുകാരുമൊക്കെ പിൻതുണയ്ക്കുന്നുമുണ്ട്. അയാളുടെ ഭാര്യ ആശ അധ്യാപികയാണ്, പഠിപ്പിക്കുന്നത് ടൗണിലുള്ള അൺഎയ്ഡഡ് സ്കൂളിലാണ്. അയാൾ തോമസ് ജോസഫ്, കെ.എസ്.ഇ. ബിയിലെ ഉദ്യോഗസ്‌ഥനാണ്. മക്കൾ രണ്ടുപേരാണവർക്ക്, അഖിലയും അനൂപും. അഖില പത്തിലും അനൂപ് ഏഴിലുമാണ് പഠിക്കുന്നത്. കുട്ടികൾ ഇരുവരും പഠനത്തിൽ മിടുക്കരായിരുന്നെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ പിന്നാക്കമാണെന്നുള്ള അഭിപ്രായമാണ് മാതാപിതാക്കൾക്കിരുവർക്കും ഉള്ളത്. തോമസ് ജോസഫിൻറെയും ഭാര്യ ആശയുടെയും അത്തരമൊരു നിരീക്ഷണവും അഭിപ്രായവും ശരിയാണെന്നുള്ള പക്ഷത്താണ് കുട്ടികളിരുവരുടെയും ടീച്ചർമാരും ഉള്ളത്. കർക്കശക്കാരനായ തൻറെ ഭർത്താവിൻറെ കടുംപിടിത്തത്തോടെയുളള നിലപാടുകൾക്കൊണ്ടാണ് കുട്ടികൾ പഠനത്തിൽ പിന്നാക്കം പോയതെന്ന അഭിപ്രായക്കാരിയാണ് ആശ.

തോമസ് ജോസഫ് തൻറെ കുട്ടികളെ വളർത്തുന്നത് പട്ടാളച്ചിട്ടയിലാണ്. കുട്ടികളുടെ ഇഷ്‌ടാനിഷ്‌ടങ്ങളൊന്നും അയാൾ മാനിക്കാറില്ല. പിതൃസഹജമായ അടുപ്പവും വാൽസല്യവും അയാൾ തൻറെ കുട്ടികളോട് തെല്ലും കാട്ടാറില്ല. അത്തരത്തിൽ പോയാൽ കുട്ടികൾ നന്നാവില്ല, വഷളാകുകയേ ഉള്ളൂ എന്ന നിലപാടിലാണയാൾ. തൻറെ ഭർത്താവിൻറെ ഇത്തരമൊരു നിലപാടിനോട് യോജിപ്പുള്ള ആളല്ല വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ആശ. കുട്ടികൾ വ്യക്‌തികളാണെന്നും ഒരു പരിധിവരെ അവരെ കേൾക്കേണ്ടതും ആദരിക്കേണ്ടതുമാണെന്ന പക്ഷക്കാരിയാണവർ. ബന്ധുക്കളുടെ വീടുകളിൽ പോകാനോ സ്കൂളിൽനിന്നു ക്രമീകരിക്കുന്ന പിക്നിക്കിന് പോകാനോ കുട്ടികളെ അനുവദിക്കാത്ത തൻറെ ഭർത്താവ് ഏകാധിപതിയുടെ മനോഭാവമുള്ള ആളാണെന്നും അതിനാൽതന്നെ കുട്ടികൾക്കിരുവർക്കും തങ്ങളുടെ ഡാഡിയോട് ആദരവല്ല, അറപ്പും വെറുപ്പുമാണെന്നും പറയുന്ന ആശയ്ക്കും മനസുകൊണ്ട് തൻറെ ഭർത്താവിനോട് വെറുപ്പാണ്. ഇക്കാര്യത്തെപ്രതി മാത്രമല്ല, കുടുംബജീവിതത്തോട് ബന്ധപ്പെട്ട തൻറെ ഭർത്താവിൻറെ പല നിലപാടുകളെക്കുറിച്ചും വിരുദ്ധാഭിപ്രായമുള്ള വ്യക്‌തിയാണ് ആശ. കടുംപിടിത്തം കുട്ടികളുടെയെന്നല്ല ആരുടെ രൂപീകരണത്തിലും അവലംബിക്കാൻ പറ്റാത്തതുതന്നെയാണെന്നു പറയുന്ന ആശ തൻറെ മക്കളുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കയിലാണിപ്പോൾ.

എനിക്കൊരു കുടുംബനാഥനെ അറിയാം. കേരളത്തിന് പുറത്ത് പതിനഞ്ച് വർഷത്തോളം ജോലി ചെയ്ത ആളാണയാൾ. അന്നയാളെ ഞാൻ പരിചയപ്പെടുന്പോൾ അയാളുടെ മക്കൾ എട്ടും പതിനൊന്നും വയസ് പ്രായമുള്ളവരാണ്. മാഷ് എന്ന് നാട്ടുകാരേവരും ആദരപൂർവം വിളിച്ചിരുന്ന അയാൾക്ക് കുട്ടികളുടെ ശിക്ഷണത്തെ സംബന്ധിച്ച് അനന്യവും പക്വവുമായ അഭിപ്രായമാണുണ്ടായിരുന്നത്.

ബലപ്രയോഗവും കർക്കശ നിലപാടുകളും അക്കാര്യത്തിൽ പാടില്ല എന്ന പക്ഷക്കാരനായിരുന്നു അയാൾ. അതുകൊണ്ടുതന്നെ കുട്ടികൾക്ക് തിരിച്ചറിവായ പ്രായംമുതൽ അവരെക്കൂടി കേട്ട് അവരുടെ പഠനത്തെ സംബന്ധിച്ചുപോലും അഭിപ്രായ സമന്വയത്തിലെത്തുന്ന ശൈലിയായിരുന്നു മാഷിൻറെത്. പപ്പയും മമ്മിയും പറഞ്ഞതുകൊണ്ട് തങ്ങൾ ഇതൊക്കെ ചെയ്യുന്നു എന്നതിനെക്കാൾ ഇത് തങ്ങളുടെ ആവശ്യവും തങ്ങൾക്കുവേണ്ടിയുമാണ് എന്ന ബോധ്യത്തോടെയാണ് അവർ ശുഷ്കാന്തിയോടെ പഠനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്. ആ ഒരു കാര്യംകൊണ്ടുതന്നെ കുട്ടികൾ തങ്ങളുടെ പഠനവിഷയങ്ങളെ ഇഷ്‌ടപ്പെടുകയും ചെയ്തിരുന്നു എന്ന് കുട്ടികളുടെ ശിക്ഷണത്തിൽ ഏവർക്കും മാതൃകയായ അയാൾ പറയുന്നു. ഉപദേശം ആർക്കും ഇഷ്‌ടമല്ലെന്നും കുട്ടികൾക്ക് ഉൾക്കാഴ്ചയും ബോധ്യവും നൽകുന്ന ഇടപെടലുകളും മാതൃകകളുമാണ് ഇന്നേറെ ഗുണം ചെയ്യുന്നതെന്നുമാണ് മാഷിൻറെ അഭിപ്രായം.

കുട്ടികളെ വസ്തുക്കളായി കാണാതെ വ്യക്‌തികളായി കാണുന്ന മനോഭാവം അവരുടെ രൂപീകരണത്തിൽ മുഖ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം അനുഭവിച്ചുവേണം കുട്ടികൾ വളരാൻ. പക്വതയോടും പരസ്പരാദരവോടും തുറവിയോടുംകൂടെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവർ പരിശീലിപ്പിക്കപ്പെടണം. മാതാപിതാക്കൾ അതിനവരെ പ്രോൽസാഹിപ്പിക്കുകയും വേണം. മാതാപിതാക്കളോട് മക്കൾക്ക് സ്നേഹത്തിൽനിന്നുളവാകുന്ന ബഹുമാനം തോന്നാൻ അഭിപ്രായ സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്ന വിചാരം അവർക്കുണ്ടാകേണ്ടതാണ്. വ്യക്‌തികളായി വളരാനും വളർത്താനും കുട്ടികളുടെ പരിശീലന വഴിയിൽ ഇത് പ്രധാനപ്പെട്ടതുമാണ്. സാമൂഹ്യജീവിതത്തിൽ പക്വതയാർന്ന വ്യക്‌തികളായി നിലകൊള്ളാനും സമൂഹത്തിൻറെ വളർച്ചയ്ക്ക് തൻറേതായ പങ്ക് നിർവഹിക്കാനും മക്കളുടെ രൂപീകരണത്തിൽ ഈയൊരു ശൈലി അനുവർത്തിക്കേണ്ടതുതന്നെയാണ് എന്നാണ് എൻറെ തോന്നൽ.

സിറിയക് കോട്ടയിൽ