സ്ത്രീവിഹിതം എന്തിനുവേണ്ടി
അയാൾക്ക് മക്കൾ മുന്നുപേരാണ്. മുന്നും പെണ്‍കുട്ടികളാണ്. അയാൾ സൈമണ്‍ ജേക്കബ്, ഭാര്യ ഏലമ്മ., സൈമണ്‍ ഗവണ്‍മെന്‍റ് പ്രസ്സിൽനിന്ന് റിട്ടയർചെയ്തിട്ട് മൂന്ന് വർഷമായി. മൂത്തവൾ ജോമോൾ, എം കോംകാരിയാണ്.പഠനം കഴിഞ്ഞ് മുന്ന് വർഷം ഒരു ബിസിനസ് സ്ഥാപനത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. രണ്ടാമത്തവൾ ശാലിനി ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ഇപ്പോൾ നഴ്സായി ജോലി നോക്കുകയാണ്. മുന്നാമത്തവൾ സിന്‍റ ബി എഡ്കാരിയാണ്. പളളിവക അണ്‍എയ്ഡഡ് സ്കൂളിലാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. ജോമോളുടെ കല്ല്യാണമാണ്. ഇരുപത്തൊന്പതുകാരനായ വരൻ പാലക്കാടുകാരനാണ്,ജസ്റ്റിൻ. കർഷകകുടുംബമാണ് അയാളുടേത്. ജസ്റ്റിൻ ഡിഗ്രിക്കാരനാണ്. സോളാർ കന്പനിയിലെ ജോലിക്കാരനാണ്.
ജസ്റ്റിന്‍റെ പിതാവ് അയാളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം വർഷങ്ങൾക്കുമുന്പ് മുത്തോലിയിൽനിന്ന് പാലക്കാട് കുടിയേറിയവരാണ്. സൈമണ്‍ ജേക്കബിന് കുടുംബസ്വത്തെന്ന് പറയാൻ ഒരേക്കർ ഇരുപത് സെന്‍റ് ഭൂമിയും പ്രസ്സിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ രണ്ടരലക്ഷത്തോളം വരുന്നതും ഇപ്പോൾ ബാങ്കിൽ സ്ഥിരനിക്ഷേപമായി കിടക്കുന്നതുമായ തുകയുമാണുളളത്. കല്ല്യാണത്തിനുമുന്പ് പത്തുലക്ഷം രൂപ പണമായിത്തന്നെ കിട്ടണമെന്ന് ജസ്റ്റിന്‍റെ അപ്പൻ നിർബന്ധം പിടിക്കുന്നതിനാൽ ഭൂമിയുടെ ആധാരം പണയംവെച്ചോ സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റോ ആ പണവും ചിലവുകാശും ഉണ്ടാക്കാനുളള നെട്ടോട്ടത്തിലാണ് സൈമണ്‍ ജേക്കബ് ഇപ്പോൾ. സ്വർണ്ണം ഇത്തിരി കുറഞ്ഞാലും സ്ത്രീവിഹിതമായി നൽകുന്നത് പണമായിത്തന്നെ കിട്ടണമെന്ന് ചെറുക്കന്‍റെ പിതാവ് നിർബന്ധം പിടിക്കുന്നതെന്തിനാണെന്ന് സൈമണ്‍ ജേക്കബിനോട് പലരും ആരാഞ്ഞാപ്പോൾ അയാൾ കൈമലർത്തുകയാണ് ചെയ്തത്. സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരം അക്കാര്യത്തിന്‍റെ പിന്നിലെ നിഗൂഢത മനസിലാക്കാനുളള അയാളുടെ അന്വേഷണത്തിലാണ് അവസാനം കാര്യം വെളിച്ചത്തായത്. ജസ്റ്റിൻ മക്കളിൽ മൂന്നാമനാണ്. അയാളുടെ നേരേ മൂത്തത് പെണ്ണാണ,് ജസീന. ജസീനയുടെ കല്ല്യാണം മൂന്നുവർഷങ്ങൾക്കുമുന്പാണ് നടന്നത്. പാലക്കാടുകാരൻതന്നെയാണ് ജസീനയുടെ ഭർത്താവ്. കല്ല്യാണസമയത്ത് വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയിൽ രണ്ടരലക്ഷം മാത്രമാണ് ഇതിനോടകം ജസ്റ്റിനും കുടുംബത്തിനും അവർക്ക് നൽകാൻ കഴിഞ്ഞിട്ടുളളത്.

അക്കാര്യത്തെപ്രതി ഇരുകുടുംബങ്ങളും തമ്മിൽ ഇപ്പോഴും അകൽച്ച നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ജസ്റ്റിന്‍റെ ജ്യേഷ്ഠൻ കുര്യൻ പ്ലസ്ടൂ വിദ്യാഭ്യാസം മാത്രമുളള വ്യക്തിയാണ.് ഡ്രൈവറായ അയാൾ വാഹനക്കച്ചവടം നടത്തിയ വഴിയിൽ കുടുംബത്തിന് അത്ര ചെറുതല്ലാത്ത കടം വരുത്തിവച്ച ആളാണെന്ന കാര്യം നാട്ടിൽ പലർക്കും അറിയാവുന്നതാണ്. ഈ രണ്ട് സാന്പത്തിക ബാധ്യതയും വീടിന്‍റെ അറ്റകുറ്റപണികൾ ചെയ്ത വഴിയിലുണ്ടായ ബാധ്യതയും തീർക്കുന്നതിനും കല്ല്യാണച്ചിലവുകൾക്കുമായാണ് പത്തുലക്ഷം പണമായിത്തന്നെ കിട്ടണമെന്ന് ജസ്റ്റിന്‍റെ പിതാവ് സൈമണ്‍ ജേക്കബിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടത്. ഇത്തരത്തിലുളള അയാളുടെ നിലപാട് വിവാഹനടപടികൾ മന്ദഗതിയിലാക്കാൻ കാരണമാക്കിയെങ്കിലും കല്ല്യാണം ഉറപ്പിച്ചു പോയതിനാൽ പറഞ്ഞ തുകയായ പത്തുലക്ഷം രൂപ സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റ് കല്ല്യാണത്തിനുമുന്പ് ജോമോളുടെ പിതാവായ സൈമണ്‍ ജേക്കബ് ജസ്റ്റിനും കുടുംബത്തിനും നൽകുകയായിരുന്നു.

സ്ത്രീധനം വാങ്ങാനും കൊടുക്കാനും ഇന്ന് നിയമം അനുവദിക്കുന്നില്ലല്ലൊ.സ്ത്രീക്ക് ജനിച്ചുവളർന്ന കുടുംബത്തിൽനിന്നും വിവാഹാവസരത്തിൽ ലഭിക്കുന്നത് കുടുംബവിഹിതമാണ്.കുടുംബസ്വത്തിൽ അവൾക്കർഹതപ്പെട്ട ഓഹരിയാണ്. ആ ഓഹരി അവൾക്ക് ലഭിക്കുന്നത് അവളുടെയും അവളുടെ ഭാവി കുടുബത്തിന്‍റെയും ഭൗതികമായ നിലനിൽപ്പിനും വളർച്ചക്കുംവേണ്ടിയാണ്. സ്ത്രീയെ ഏറ്റെടുക്കുന്നതിനുളള പ്രതിഫലമായോ പുരുഷനും അവന്‍റെ കുടുംബത്തിനും പെണ്ണിന്‍റെ കുടുംബം നൽകുന്ന ധനമായോ വിവാഹാവസരത്തിൽ സ്ത്രീക്ക് ലഭിക്കുന്ന കുടുംബവിഹിതത്തെ കണ്ടാൽ അത് ശരിയാവില്ലല്ലൊ. ഭർതൃവീട്ടിലെ കടം വീട്ടാനോ,അവിടെ വീട് പണിയാനോ, കല്യാണാവസരത്തിൽ നാട്ടുകാർക്ക് ഫൈവ്സ്റ്റാർ മുതൽ ത്രീസ്റ്റാർ ലെവൽ വരെയുളള ഭക്ഷണം നൽകാനോ ആ തുക ചെലവഴിക്കുന്നത് അന്യായമല്ലേ? ഭർതൃവീട്ടിലെ ഏതെങ്കിലും ഒരാവശ്യത്തിനുവേണ്ടി ആ പണമോ അതിന്‍റെ ഒരു ഭാഗമോ ചിലവഴിക്കാൻ പാടില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അങ്ങനെ വന്നാൽകൂടി അക്കാര്യങ്ങൾക്കൊക്കെ ഒരു നിയന്ത്രണം ഉണ്ടാവേണ്ടതല്ലേ? ഒരാൾക്ക് അവകാശമായ സ്വത്ത് ആ വ്യക്തിയുടെ സമ്മതംപോലും ആരായാതെ അയാളുടേതല്ലാത്ത ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് അനീതിയല്ലേ? എന്‍റെ ചെറുക്കൻ തന്‍റെ പെണ്ണിനെ കെട്ടണമെങ്കിൽ ഞങ്ങളുടെ സാന്പത്തിക ബാധ്യത മുഴുവൻ തീർക്കാൻ പറ്റുന്നത്ര തുക തന്നേ മതിയാകൂ എന്ന മനോഭാവം മനഃസാക്ഷി വിരുദ്ധമല്ലേ?. പുരുഷന് മാത്രമേ വിലയുള്ളോ? സ്ത്രീക്കും അവൾ നേടിയ വിദ്യാഭ്യാസത്തിനും സന്പാദിച്ച ജോലിക്കും അവളുടെ ജീവിതത്തിനുമൊന്നും തെല്ലും വിലയില്ലേ? സ്ത്രീവിഹിതം ചോദിച്ചുവാങ്ങേണ്ടതോ പിടിച്ചുപറിക്കേണ്ടതോ ആയ ഒന്നാണോ? പെണ്ണിന്‍റെ കുടുംബത്തിന്‍റെ സാന്പത്തിക നിലവാരമനുസരിച്ച് കാര്യങ്ങൾ മനസിലാക്കി കുടുംബസ്വത്തിൽ അവൾക്കർഹതപ്പെട്ടതുമാത്രം സ്വീകരിക്കുന്നതായിരിക്കേണ്ടതല്ലേ അത്?

സിറിയക് കോട്ടയില്‍