'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓ​ട്ടി​സം കു​ട്ടി​ക​ളോ​ടു​ള്ള നമ്മുടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റമുണ്ടാകണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ആ​ർ. ശ​ര​ത്തി​ന്‍റെ കുടുംബചിത്രം"സ്വ​യം' തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. സാ​യാ​ഹ്നം, സ്ഥി​തി, പ​റു​ദീ​സ, ശീ​ലാ​ബ​തി, അന്തർദേശീയ പുരസ്കാരം നേടിയ ദ ഡിസയർ(ഹിന്ദി), ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത ആർ. ശ​ര​ത്തി​ന്‍റെ ഏ​ഴാ​മ​തു ചി​ത്ര​മാ​ണ് "സ്വ​യം'. ഫുട്ബോൾ കളിക്കുന്ന ഓ​ട്ടി​സ്റ്റി​ക്കാ​യ ഒ​രു കു​ട്ടി​യും അ​വ​ന്‍റെ അ​മ്മ​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സ്വ​യം. മധു, നന്ദു, ലക്ഷ്മി​പ്രി​യ മേ​നോ​ൻ, മാ​സ്റ്റ​ർ നി​മ​യ് തുടങ്ങിയവർ മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ്വ​യ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളുമായി സംവി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത്...

സ്വ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം...‍‍?

സ​മൂ​ഹ​ത്തി​ൽ മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്ന ഒ​ര​വസ്ഥ​യു​ണ്ട് ​ഓ​ട്ടി​സം കു​ട്ടി​ക​ൾ​ക്ക്. മെ​ന്‍റ​ലി റി​ട്ടാ​ർ​ഡ​ഡ് ആ​ണെ​ന്ന് ഓ​ട്ടി​സ​ക്കാ​രെ​ക്കു​റി​ച്ചു മൊ​ത്ത​ത്തി​ൽ ഒ​രു ധാ​ര​ണ​യു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഓ​ട്ടി​സ​മു​ള്ള ഒ​രു കു​ട്ടി ജ​നി​ച്ചാ​ൽ അ​തി​ന്‍റെ അ​ച്ഛ​ൻ അ​മ്മ​യെ ഡി​വോ​ഴ്സ് ചെ​യ്തു പോ​കും. അ​ല്ലെ​ങ്കി​ൽ കു​ട്ടി​യെ അ​വ​ഗ​ണി​ക്കും. എ​ല്ലാ ഭാ​ര​വും അ​മ്മ​യി​ലാ​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള ഒ​രു അ​മ്മ ഓ​ട്ടി​സ്റ്റി​ക് ആ​യ കു​ട്ടിയുമായി ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു ന​ട​ത്തു​ന്ന പോ​രാ​ട്ട​വും ആ ​കു​ട്ടി​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ടാ​ല​ന്‍റ് ക​ണ്ടെ​ത്തി അ​തു വി​ക​സി​പ്പി​ച്ച് അ​വ​നെ സോ​ഷ്യ​ലി കോം​പീ​റ്റ​ന്‍റ് (സു​ഹൃ​ത്തു​ക്ക​ളു​മാ​യും സ​മൂ​ഹ​വു​മാ​യും ഇ​ട​പ​ഴ​കാ​നു​ള്ള ക​ഴി​വ്) ആ​ക്കി അ​തി​ലൂ​ടെ ഈ ​സ​മൂ​ഹ​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന​തും അ​തി​ൽ വി​ജ​യി​ക്കു​ന്ന​തു​മാ​ണ് സ്വ​യം എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം.

ക​ഥാപ​ശ്ചാ​ത്ത​ലം..‍‍?

ജ​ർ​മ​നി​യി​ൽ സെ​റ്റി​ൽ ചെ​യ്ത ഒ​രു മ​ല​യാ​ളി ഫാ​മി​ലി​യി​ലെ ഓ​ട്ടി​സ​മു​ള്ള ഒ​രു കു​ട്ടി​ക്ക് ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​മു​ട്ടി​ൽ പ​രി​ക്കുണ്ടാകുന്നു(​നീ ലോ​ക്ക്). പെ​ട്ടെ​ന്നു നീ ​ലോ​ക്ക് വ​രു​ന്പോ​ൾ അ​വ​ൻ ത​ള​ർ​ന്നു​പോ​കു​ന്നു. കാ​ര​ണം, ക​ളി​ക്കാ​ൻ പ​റ്റാ​തെ വ​രി​ക​യ​ല്ലേ പി​ന്നീ​ട്. പ്ര​ത്യേ​കി​ച്ചും ഓ​ട്ടി​സ്റ്റി​ക്കു​മാ​ണ്. ആയുർവേദ ചികിത്സ തേടി അവർ നാട്ടിലെ കുടുംബത്തിലെത്തുന്നു. ഈ ​കു​ട്ടി​ക്ക് ഓ​ട്ടി​സ​മാ​ണെ​ന്ന് അ​തു​വ​രെ നാ​ട്ടി​ൽ ആ​ർ​ക്കു​മ​റി​യി​ല്ലായിരുന്നു. ഇ​വ​രുടെ വരവോടെ കുടുംബത്തിലുണ്ടാകുന്ന പ്ര​ശ്ന​ങ്ങ​ളും ര​ണ്ടു മാ​സ​ത്തെ ചി​കി​ത്സ​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന മറ്റു ചില സം​ഭ​വ​ങ്ങ​ളും ആ ​കു​ട്ടി​യെ സോ​ഷ്യ​ലി കോം​പീ​റ്റ​ന്‍റ് ആ​ക്കാ​നു​ള്ള ആ അമ്മയുടെ ശ്ര​മ​ങ്ങളും അ​തി​ലു​ണ്ടാ​കു​ന്ന വി​ജ​യ​വു​മാ​ണ് സി​നി​മ.

മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്...?

ഓട്ടിസ്റ്റിക്കായ കു​ട്ടിയും അവന്‍റെ അമ്മയുമാണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. ഈ സിനിമയുടെ നി​ർ​മാ​താവ് ​ജർമൻ മലയാളി വി​നോ​ദ് ബാ​ല​കൃ​ഷ്ണ​ന്‍റെ​യും സ്മി​ത​യു​ടെ​യും മ​ക​നാ​ണ് ഓ​ട്ടി​സ്റ്റി​ക് കു​ട്ടി​യാ​യി അ​ഭി​ന​യി​ക്കു​ന്ന നി​മ​യ്. മ​റൂ​ണ്‍ എ​ന്നാ​ണ് സി​നി​മ​യി​ലെ പേ​ര്. മ​റ​ഡോ​ണ​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഫു​ട്ബോ​ൾ ഇ​ഷ്ട​മു​ള്ള അ​വ​നു മ​റൂ​ണ്‍ എ​ന്നു പേ​രു കൊ​ടു​ത്ത​ത്. മ​റൂ​ണി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ല​ക്ഷ്മി​പ്രി​യ മേ​നോ​ൻ. അ​ച്ഛ​ൻ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നാ​ൽ ഈ ​അ​മ്മ ത​ന്നെ​യാ​ണ് എ​ല്ലാ​ത്തി​നോ​ടും പൊ​രു​തി നി​ൽ​ക്കു​ന്ന​ത്. കഥാപാത്രത്തിന്‍റെ പേര് ആഗ്നസ്. ല​ക്ഷ്മി​പ്രി​യ ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ന​ന്നാ​യി സ്ട്ര​ഗി​ൾ ചെ​യ്തി​ട്ടു​ണ്ട്. ഷൂ​ട്ടി​നു മു​ന്പ് ല​ക്ഷ്മി​യെ ഓ​ട്ടി​സ​ക്കാ​രു​ള്ള മൂ​ന്നാ​ലു സെ​ന്‍റ​റു​ക​ളി​ൽ കൊ​ണ്ടു​പോ​യി, അ​വി​ടെ നി​ർ​ത്തി അ​ത്ത​രം കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ സ്റ്റ​ഡി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി. ല​ക്ഷ്മി​പ്രി​യ ആ​റു മാ​സം ഈ ​സി​നി​മ​യ്ക്കു പി​ന്നാ​ലെ നി​ന്നു. അ​വ​ർ ന​ന്നാ​യി ആ​ക്ട് ചെ​യ്തി​ട്ടു​മുണ്ട്. ബിന്ദു മുരളിയും ശ്രദ്ധേയമായ ഒരു വേഷത്തിൽ വരുന്നു.

ഫു​ട്ബോ​ൾ താ​രം റോ​ബ​ർ​ട്ടോ പിന്‍റോ ...

മ​റൂ​ണിന്‍റെ ഫുട്ബോൾ പരിശീലകന്‍റെ വേഷത്തിലാണ് നിരവധി ലോക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ജർമൻ ദേശീയ താരം റോ​ബ​ർട്ടോ പി​ന്‍റോ വരുന്നത്. ഓ​ട്ടി​സ​ത്തെ​ക്കു​റി​ച്ചു​ള്ള സി​നി​മ ആ​യ​തി​നാ​ൽ ഒ​രു ഫു​ട്ബോ​ൾ മാ​ച്ച് ത​ന്നെ സി​നി​മ​യ്ക്കു വേ​ണ്ടി കുറച്ചുസമയം ഫ്രീ ആയി ഷൂട്ട് ചെ​യ്യാ​ൻ ജർമനിയിലെ ഫു​ട്ബോ​ൾ ക്ല​ബ് അ​നു​വാ​ദം ന​ല്കി.

ഈ ​സി​നി​മ ചെ​യ്യാ​നു​ണ്ടാ​യ പ്ര​ചോ​ദ​നം..?

ഒ​രി​ക്ക​ൽ ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് ഓ​ട്ടി​സ്റ്റി​ക്കാ​യ 10 വ​യ​സു​ള്ള ഒ​രു കു​ട്ടി ഫ്ളൈ​റ്റി​ൽ ക​യ​റാ​ൻ കൂട്ടാക്കാതെ ബ​ഹ​ളം വ​യ്ക്കു​ന്ന​തു ഞാ​ൻ ക​ണ്ടു. ടി​ക്ക​റ്റും അ​മ്മ​യു​ടെ ബാ​ഗു​മൊ​ക്കെ എ​ടു​ത്തു​ക​ള​ഞ്ഞ് ഹൈ​പ്പ​ർ ആ​ക്ടീ​വാ​യി നി​ൽ​ക്കു​ക​യായിരുന്നു അവൻ. പി​ടി​ച്ചു വ​ലി​ച്ചി​ട്ടു​പോ​ലും ഫ്ളൈ​റ്റി​ലേ​ക്കു പോ​കു​ന്നി​ല്ല. ഫ്ളൈ​റ്റ് അ​നൗ​ണ്‍​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. എ​ല്ലാ​വ​രും സ്ത​ബ്ധ​രാ​യി നി​ൽ​ക്കു​ക​യാ​ണ്. ആ ​സി​റ്റ്വേ​ഷ​നി​ൽ പെ​ട്ട ആ ​അ​മ്മ വേ​റെ നി​വൃ​ത്തി​യി​ല്ലാതെ പൊ​ട്ടി​ക്ക​രയാൻ തുടങ്ങി. എ​യ​ർ​പോ​ർട്ട് ജീ​വ​ന​ക്കാ​രാകട്ടെ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ഇ​വ​രെ നി​ർ​ബ​ന്ധി​ച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞ​പ്പോ​ൾ ആ ​കു​ട്ടി ഓ​ടി​വ​ന്ന് സ്ത്രീ​യു​ടെ ഷാ​ൾ വാ​ങ്ങി ക​ണ്ണൊ​ക്കെ തു​ട​ച്ച് ശാന്തനായി. അ​മ്മ അ​വ​നെ ഫ്ളൈ​റ്റി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. അതോടെ അ​വ​ൻ തി​ക​ച്ചും നോ​ർ​മ​ലായി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ഞാ​ൻ ആ ​കു​ട്ടി​യെ​പ്പ​റ്റി തിരക്കി. അ​പ്പോ​ഴാ​ണ് അ​വ​ൻ ഓ​ട്ടി​സ്റ്റി​ക്കാ​ണെ​ന്ന് ആ അമ്മ പ​റ​ഞ്ഞ​ത്. മെ​ന്‍റ​ലി റി​ട്ടാ​ർ​ഡഡ് അല്ല. കാഴ്ചയ്ക്ക് നോ​ർ​മ​ൽ കു​ട്ടി. അ​ച്ഛ​നാ​രാ​ണ്, അ​മ്മയാ​രാ​ണ് എ​ന്നൊ​ന്നു​ം അവനു തിരിച്ച​റി​യി​ല്ല. പ​ക്ഷേ, ഏ​റെ ഇ​ന്‍റ​ലി​ജ​ന്‍റാ​ണ്. അ​വ​ൻ ഭം​ഗി​യാ​യി ത​ബ​ല വാ​യി​ക്കു​മെ​ന്ന് പിന്നീട് ഞാനറിഞ്ഞു. ഒ​രു​ദി​വ​സം ആ ​കു​ട്ടി​യെ കാ​ണാ​ൻ പോ​യി. അ​പ്പോ​ൾ അ​വ​ൻ ന​ന്നാ​യി ത​ബ​ല വാ​യി​ച്ചു. അ​ങ്ങ​നെ​യൊ​രു ഫോ​ക്ക​ൽ​റ്റി അ​വ​നു​ണ്ട്. പ​ക്ഷേ, ഹൈ​പ്പ​ർ ആ​ക്ടീ​വ് ആയതിനാൽ പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ടു പോ​കാ​നാവില്ല.

വ​ർ​ത്ത​മാ​ന​കാ​ല​പ്ര​സ​ക്തി...?

കേ​ര​ള​ത്തി​ലും ഓ​ട്ടി​സ്റ്റി​ക് കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ര​ണ്ടു വ​യ​സി​ല​ല്ലേ ഇ​ത് അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളൂ. ക​ണ്ടെ​ത്തി​യാ​ൽ ത​ന്നെ മരുന്നില്ല്ല. ഇ​വ​ർ ഇ​ന്‍റ​ലി​ജന്‍റാണ്. ജൈ​വ​പ​ര​മാ​യ എ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നമ്മളെപ്പോലെ ത​ന്നെ. പ​ക്ഷേ, ഇ​വ​രു​ടെ ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി​യും ഇ​വ​രു​ടെ പെ​രു​മാ​റ്റ രീ​തി​ക​ളും മ​റ്റാ​രെ​യും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത​തും ഇ​മോ​ഷ​ണ​ൽ അ​ല്ലാ​തു​മൊ​ക്കെ​യാ​യ വ​ല്ലാ​ത്ത ഒ​രു ലോ​കം.

ര​ണ്ടു വ​ർ​ഷം ഞാ​ൻ ഇ​തി​നു പി​ന്നാ​ലെ ന​ട​ന്നു. ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന​തും ദ​യ​നീ​യ​വു​മാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ഓ​ട്ടി​സ്റ്റി​ക് കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ. നമ്മുടെ നാട്ടിൽ ഓട്ടിസ്റ്റിക് കുട്ടികൾക്കു മാത്രമായി പ്രത്യേകം റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഇ​ല്ല. രക്ഷിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ കാലശേഷം ഇ​വരുടെ ജീവിതം എങ്ങനെയാവും.‍ ? സാ​ധാ​ര​ണ മ​നു​ഷ്യ​രെ​പ്പോ​ലെ എ​ല്ലാ ബ​യോ​ള​ജി​ക്ക​ൽ പ്ര​ത്യേ​ക​ത​ക​ളും ഉ​ള്ള​വ​ര​ല്ലേ ഇവരും. അ​തി​നാ​ൽ 30 വ​യ​സി​നു​ശേ​ഷം ഇ​വ​രു​ടെ ലൈ​ഫ് വ​ലി​യ ട്രാ​ജ​ഡി​യാ​ണ്.

സ്വ​യം എ​ന്ന ടൈറ്റിലിനു പിന്നിൽ..‍?

ഓ​ട്ടി​സം കു​ട്ടി​യുടെ മു​ന്പി​ൽ എപ്പോഴും തോ​റ്റുകൊ​ടു​ത്ത് ജീ​വി​ത​ത്തി​ൽ ജ​യി​ക്കു​ന്ന​ ഒരമ്മയുടെ കഥയാണ് സ്വയം. ഓ​ട്ടി​സം കു​ട്ടി​യു​ണ്ടാ​യാ​ൽ അ​തി​ന്‍റെ എല്ലാ പ്ര​ശ്നങ്ങളും നേരി‌ടുന്നത് അ​മ്മ​യാ​ണ്. ഈ ​സ്ത്രീ ത​ന്നെ​യാ​ണ് - സ്വ​യ​മാ​ണ് - ഇ​തെ​ല്ലാം ചെ​യ്യേ​ണ്ട​ത്, എ​ല്ലാ​ത്തി​നോ​ടും പൊ​രു​തി നി​ൽ​ക്കു​ന്ന​ത്. എ​ല്ലാം സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ഒ​രു സ്ത്രീ. ​മാ​ത്ര​മ​ല്ല ഈ ​കു​ട്ടി​ക​ൾ​ക്കും സ്വ​യം ഒ​ന്നും അ​റി​ഞ്ഞു​കൂ​ടാ. ഈ ​കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രും സ്വ​യ​മാ​ണ് എ​ല്ലാം ചെ​യ്യു​ന്ന​ത്. അ​വ​ർ​ക്ക് വേ​റൊ​രു ലോ​ക​മി​ല്ല​ല്ലോ. അ​വ​ർ​ക്ക് വേ​റെ ആ​രെ​ക്കു​റി​ച്ചും ഒ​രു ചി​ന്ത​യു​മി​ല്ല. ഒ​രു ഓ​ട്ടി​സം കു​ട്ടി​യു​ടെ ലോ​ക​മാ​ണ് സ്വ​യം.

ഈ സി​നി​മ സമൂഹ​ത്തി​ൽ വരുത്തുന്ന മാറ്റം..‍?

ഓട്ടിസ്റ്റിക്കായ കുട്ടികളെ കടകളിലും ഫങ്ഷനുകളിലും കൊണ്ടുപോയൽ ചിലപ്പോൾ ഐ​സ്ക്രീം തട്ടിയെടുത്ത് ഓടിയെന്നു വരാം. അത്തരത്തിൽ ഹൈപ്പർ ആക്ടീവാണ് അവർ. പക്ഷേ, മെ​ന്‍റ​ലി റി​ട്ടാ​ർ​ഡ​ഡ് അല്ലെങ്കിൽ മാ​ന​സി​ക​രോ​ഗി - സമൂഹം അവരെ അങ്ങനെയാണു കാ​ണു​ന്ന​ത്. അതിനാൽ ഇപ്പോൾ ഫാ​മി​ലി ച​ട​ങ്ങു​ക​ളി​ലും വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റും ഓ​ട്ടി​സം കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാറില്ല. അ​വ​ർ പോ​വു​ക​യു​മി​ല്ല. അ​വ​ർ ഒ​റ്റ​പ്പെ​ട്ട​വ​രാ​യി മാ​റു​ക​യാ​ണ്. ഓ​ട്ടി​സം ഒ​രു അ​വ​സ്ഥ​യാ​ണെ​ന്നു സ​മൂ​ഹം മ​ന​സി​ലാ​ക്കി അ​വ​രെ അം​ഗീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. കു​ടും​ബ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ലും മ​റ്റും അ​വ​രെ ക്ഷണിക്കണം. ഈ ​കു​ട്ടി​ക​ൾ​ക്ക് അ​തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ക​ണം.​ ഓ​ട്ടി​സം എ​ന്ന അ​വ​സ്ഥ കൊ​ണ്ടാ​ണ് ആ ​കു​ട്ടി ഐ​സ്ക്രീം എ​ടു​ത്തു​കൊ​ണ്ട് ഓ​ടി​യ​ത് എ​ന്നു നാം വി​ചാ​രി​ച്ചാ​ൽ പ്ര​ശ്നം തീ​ർ​ന്നു. ന​മ്മ​ളാ​ണു മാ​റേ​ണ്ട​ത്, സ​മൂ​ഹ​മാ​ണ് മാ​റേ​ണ്ട​ത്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ കാ​ണാ​നെ​ങ്കി​ലു​മു​ള്ള മ​ന​ഃസ്ഥി​തി ഉ​ണ്ടാ​ക​ണം. ഓ​ട്ടി​സം എ​ന്താ​ണെ​ന്നും ഓ​ട്ടി​സ്റ്റു​ക​ളു​ടെ അ​മ്മ​മാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്താ​ണെ​ന്നും അ​റി​യാ​നു​ള്ള ഒ​രു മ​നഃ​സ്ഥി​തി നമുക്ക് ഉണ്ടാകണം.

അണിയറയിൽ...?

ഇ​ന്തോ- ജ​ർ​മ​ൻ കോ ​പ്രൊ​ഡ​ക്ഷ​നാ​ണു സ്വയം. 15 ദി​വ​സം ജ​ർ​മ​നി​യി​ൽ ഷൂ​ട്ട് ചെ​യ്തു; 20 ദി​വ​സം ഇ​വി​ടെ​യും. ഞാനും സജീവ് പാഴൂരും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണം സജൻ കളത്തിൽ. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂർ. സം​ഗീ​തം എ. ​ആ​ർ. റ​ഹ്മാ​ന്‍റെ ശി​ഷ്യന്മാ​രി​ൽ ഒ​രാ​ളാ​യ സ​ച്ചി​ൻ ശ​ങ്ക​ർ മ​ന്ന​ത്ത്. പാട്ടെഴുത്ത്
ഡോ.​സു​രേ​ഷ് കു​മാ​ർ. പാ​ടി​യത് ഉ​ണ്ണി​മേ​നോ​ൻ.

ടി.​ജി.​ബൈ​ജു​നാ​ഥ്