വിവേകപൂര്‍വം തീരുമാനമെടുക്കാം
പുരാതന ഗ്രീസിന്‍റെ ഭാഗമായിരുന്ന സ്പാർട്ടയിലെ രാജാവായിരുന്നു അജിസിലാവൂസ് രണ്ടാമൻ (444-360 ബിസി). സ്പാർട്ടയിലെ ജനറൽ ആയിരുന്ന ലിസാൻഡറിന്‍റെ സഹായത്തോടെ അധികാരത്തിലെത്തിയ അദ്ദേഹം ചരിത്രകാരനായ സെനോഫോണിനാൽ പ്രശംസിക്കപ്പെട്ടിട്ടുള്ള ഭരണാധികാരിയാണ്. അജിസിലാവൂസിന് ഉയരം കുറവായിരുന്നു. എങ്കിലും അതൊന്നും ശത്രുക്കളോട് ഏറ്റുമുട്ടുന്നതിൽ ഒരിക്കലും അദ്ദേഹത്തിന് തടസമായിരുന്നില്ല.

ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് ഗറില്ലാ യുദ്ധതന്ത്രത്തിൽ ഏറെ വിരുതനായിരുന്നു അദ്ദേഹം. യുദ്ധരംഗത്ത് അദ്ദേഹം നേടിയിട്ടുള്ള വിജയങ്ങളൊക്കെ അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയും നേതൃവാസനയും വ്യക്തമാക്കുന്നവയാണ്. സ്വന്തം രാജ്യത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന അദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്.

ഒരിക്കൽ സ്പാർട്ടയ്ക്കെതിരായി ഗ്രീസിനു പുറത്തുനിന്ന് ഒരു ആക്രമണം ഉണ്ടാകുമെന്ന വാർത്ത വന്നു. അപ്പോൾ ആക്രമണമുണ്ടായാൽ അത് ചെറുത്തുതോൽപിക്കാൻ അജിസിലാവൂസ് തന്‍റെ സൈന്യങ്ങളെ സജ്ജമാക്കി. അതിനിടെ തന്‍റെ അയൽരാജാവിന്‍റെ സഹായം തേടാൻ അദ്ദേഹം പ്രതിനിധികളെ അയച്ചു.

എന്നാൽ അയൽരാജാവിന്‍റെ മറുപടി അത്ര പ്രോത്സാഹജനകമായിരുന്നില്ല. പറഞ്ഞകാര്യം ആലോചിക്കാം എന്നു മാത്രമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഈ മറുപടി അജിസിലാവൂസിന്‍റെ പക്കൽ എത്തിയപ്പോൾ അജിസിലാവൂസ് പറഞ്ഞു, "അദ്ദേഹം ആലോചിക്കുന്ന സമയത്ത് പ്രതിരോധത്തിനായി ഞങ്ങൾ മാർച്ചുചെയ്യാൻ തുടങ്ങി എന്ന് അദ്ദേഹത്തോടു പറഞ്ഞേക്കൂ.''

ഏതു കാര്യത്തിനും നാം ആലോചിച്ചു തീരുമാനമെടുക്കുന്നതു നല്ലതുതന്നെ. അബദ്ധം പിണയാതിരിക്കാനും അപകടത്തിൽ ചാടാതിരിക്കാനും അതു സഹായിക്കും. എന്നാൽ, തീരുമാനം എടുക്കേണ്ട സമയത്ത് തീരുമാനമെടുത്തില്ലെങ്കിൽ അതു പലപ്പോഴും അപകടത്തിലേക്കു നയിക്കും എന്നതാണ് വസ്തുത.

തീരുമാനം എടുക്കുന്ന കാര്യത്തിൽ മടിച്ചുനിൽക്കുന്ന ആളായിരുന്നില്ല അജിസിലാവൂസ്. രാജ്യം ഒരു വലിയ പ്രതിസന്ധി നേരിട്ടപ്പോൾ അതു നേരിടാൻ അദ്ദേഹം ഉടൻ തീരുമാനമെടുത്തു. അദ്ദേഹത്തിന്‍റെ അയൽരാജാവ് ആലോചിക്കാം എന്നു പറഞ്ഞു മാറിനിന്നപ്പോഴും ഒരു തീരുമാനം എടുക്കുന്ന കാര്യത്തിൽ അജിസിലാവൂസ് വൈമനസ്യം കാണിച്ചില്ല.

നമുക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട അവസരം വരികയാണെന്നു കരുതുക. അപ്പോൾ അതേക്കുറിച്ച് ആലോചിക്കാം എന്നാണ് നാം പറയുന്നതെങ്കിൽ അതിന്‍റെ അർഥമെന്താണ്? തീരുമാനം എടുക്കേണ്ട കാര്യത്തെക്കുറിച്ച് ശരിക്ക് ആലോചിച്ചു തീരുമാനിക്കാം എന്നാണ് നാം അർഥമാക്കുന്നതെങ്കിൽ അതു നല്ലതുതന്നെ. എന്നാൽ തീരുമാനമെടുക്കുന്നത് വെറുതേ നീട്ടിവയ്ക്കാൻ വേണ്ടിയാണ് നാം ആലോചിക്കാം എന്നു പറയുന്നതെങ്കിൽ അതുവഴി എന്തെങ്കിലും നന്മ ഉണ്ടാകുമെന്നു തോന്നുന്നില്ല. നേരേമറിച്ച്, തീരുമാനം എടുക്കുന്നതു താമസിക്കുംതോറും അത് വേറേ പ്രശ്നങ്ങളിലേക്ക് നയിക്കാനാണു സാധ്യത.

ഒരു തീരുമാനം എടുത്താൽ അതുവഴി എന്തു സംഭവിക്കും എന്നതിനെക്കുറിച്ചു തീർച്ചയില്ലാത്തതാവാം തീരുമാനമെടുക്കുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്നത്. എന്നാൽ നാം ഒരു തീരുമാനം എടുക്കാതിരുന്നാൽ അതുതന്നെ മറ്റൊരു പ്രതിസന്ധിക്കു വഴിതെളിക്കുകയില്ലെന്ന് ആർക്കു പറയാനാകും?

നമ്മുടെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങൾ എപ്പോഴും നമുക്ക് ഉണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ ബുദ്ധി ഉപയോഗിച്ചു വിവേകപൂർവം നാം തീരുമാനങ്ങളെടുക്കുകതന്നെ വേണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ വിജയം നേടാൻ നമുക്ക് സാധിക്കൂ.

അജിസിലാവൂസിന്‍റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. അജിസിലാവൂസ് അയൽരാജാവിന്‍റെ സഹായം ചോദിച്ചപ്പോൾ ആലോചിക്കാം എന്നല്ലേ അദ്ദേഹം മറുപടി പറഞ്ഞത്. ആലോചിക്കാം എന്ന് അദ്ദേഹം പറഞ്ഞതിന്‍റെ അർഥം അജിസിലാവൂസിനെ സഹായിക്കാൻ അദ്ദേഹത്തിനു താത്പര്യം ഇല്ലായിരുന്നു എന്നതായിരുന്നോ? അങ്ങനെയുമാകാൻ സാധ്യതയുണ്ട്.

നമ്മുടെയും ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ നമുക്കുണ്ടാകാറില്ലേ? നാം മറ്റുള്ളവരോട് ഒരു സഹായം ചോദിക്കുകയാണെന്നു കരുതുക. അപ്പോൾ നോക്കട്ടെ, ആലോചിക്കാം എന്ന് അവർ പറഞ്ഞെന്നിരിക്കും. അങ്ങനെ പറയുന്നവരിൽ പലരും നാം ചോദിച്ച സഹായം തരാതിരിക്കാനാണ് സാധ്യത.

വെറുതേ എന്തിനു നാം മറ്റുള്ളവരെ കുറ്റം പറയണം? മറ്റുള്ളവർ നമ്മോടു സഹായം ചോദിക്കുന്പോൾ ആലോചിക്കാം, നോക്കട്ടെ എന്നൊക്കെ നാമും പറയാറില്ലേ. എന്നാൽ അതിനുശേഷം നാം അവർ ആവശ്യപ്പെട്ട സഹായം കൊടുക്കാറുണ്ടോ? അവർ ആവശ്യപ്പെട്ട സഹായം നാം കൊടുക്കുന്നവരാണെങ്കിൽ അത് തീർച്ചയായും നല്ലതുതന്നെ.
എന്നാൽ, മറ്റുള്ളവർ ചോദിക്കുന്ന സഹായം നിഷേധിക്കാനുള്ള തന്ത്രമായിട്ടാണ് ആലോചിക്കട്ടെ, നോക്കട്ടെ എന്നൊക്കെ നാം പറയുന്നതെങ്കിൽ നമ്മളും കുറ്റക്കാർതന്നെയല്ലേ?

നമ്മുടെ ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിൽ നമുക്ക് ശ്രദ്ധിക്കാം. അതുപോലെ, തീരുമാനങ്ങൾ കാരണം കൂടാതെ നീട്ടിവയ്ക്കാതിരിക്കുന്നതിനും നമുക്ക് ശ്രദ്ധിക്കാം. അപ്പോൾ നമ്മുടെ ജീവിതവിജയത്തിന് അത് ഏറെ സഹായകമാകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ