ചീനന്‍റെ വിഐപി കോഴിമുട്ട
സാധാരണ ഒരു കോഴിമുട്ടയുടെ ഭാരം 60 ഗ്രാമോ അതിൽ കുറവോ ആയിരിക്കും. ഏറിയാൽ 100 ഗ്രാം. എന്നാൽ ചൈനയിലെ ഹെയ്‌ലോങ് ജിയാങ് പ്രവിശ്യയിലെ സൂയിഹുവയിലുള്ള ഷാങ് യിൻഡെ എന്ന വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍റെ വീട്ടിലെ വളർത്തുകോഴി ഇട്ട മുട്ടയാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ മുട്ട എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്.

കോഴി വളർത്തൽ ഷാങ് യിൻഡെയുടെ ഒരു വരുമാനമാർഗം കൂടിയാണ്. ഭാര്യയും മക്കളുമാണ് അതിനു മുൻകൈയെടുക്കുന്നത്.
ഒരു സാധാരണ കോഴിയാണ് ഈ ഭീമൻ മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അന്പരപ്പിച്ചത്. 6.3 സെന്‍റി മീറ്റർ വിസ്തീർണവും 9.2 സെന്‍റി മീറ്റർ നീളവും 201 ഗ്രാം ഭാരവുമാണ് ഈ മുട്ടയ്ക്കുള്ളത്. നമ്മുടെ നാട്ടിലെ വലിപ്പമുള്ള ഒരു കോഴിമുട്ടയുടെ മൂന്നിരട്ടി വലിപ്പമാണ് ഈ മുട്ടയ്ക്കുള്ളത്. മുട്ടയുടെ വാർത്ത കേട്ട് പത്രപ്രതിനിധികളും ഗിന്നസ് അധികാരികളും യിൻഡെയുടെ വീട്ടിൽ പാഞ്ഞെത്തി, മുട്ടയിട്ട കോഴിയെ വിഐപിയായി പരിഗണിച്ച നാട്ടുകാരും അയൽവാസികളും കോഴിക്ക് പ്രത്യേക ഭക്ഷണ സാധനങ്ങൾ തീറ്റയായിനൽകി.

സോവിയറ്റ് റഷ്യയിലെ ഉക്രോവ് ഗ്രാമത്തിലെ കർഷകനായ അലക്സാണ്ടർ എ ചിർക്കോവിന്‍റെ കോഴി വർഷങ്ങൾക്കു മുന്പ് 190 ഗ്രാം ഭാരമുള്ള മുട്ടയിട്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. ഷാങ് യിൻഡെ സൂയിഹുവ ഗ്രാമത്തിലെ ഒരു വിഐപി ആണ് ഇപ്പോൾ. ഭരണകൂടവും പ്രത്യേക ബഹുമതികളും കോഴി വളർത്തലിനുള്ള ധനസഹായവും നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഏറ്റവും വലിയ കോഴിമുട്ടയെക്കുറിച്ചു കേൾക്കുന്പോൾ ലോകത്തിലെ ഏറ്റവും ചെറിയ കോഴിമുട്ട ഏതാണെന്നു കൂടി അറിയേണ്ട. അമേരിക്കയിലെ ചാൾസ്ട്ടണിലെ ഒരു വൈദികനായ റവ.ഡോ. റസലിന്‍റെ വീട്ടിലെ കോഴി ഇട്ട മുട്ടയാണത്. അതിന്‍റെ നീളം 2.1 സെന്‍റീമീറ്ററും ഭാരം 3.45 ഗ്രാമും. കണ്ടാൽ ഒരു ചെറിപ്പഴത്തിന്‍റെ വലിപ്പമേ തോന്നിക്കുകയുള്ളുവെന്നു സാരം.