രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​റ​യാ​ത്ത പ്ര​മേ​യ​മാ​ണു ടേക്ക്ഓഫിന്‍റേത്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തെ തു​ട​ർ​ന്ന് ഇ​റാ​ക്കി​ൽ അ​ക​പ്പെ​ട്ടു​പോ​യ കു​റേ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോചനദൗ​ത്യ​മാ​ണു പ്ര​മേ​യം. 2014 ൽ ​ഇ​റാ​ക്കി​ൽ ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ചെ​യ്ത സി​നി​മ. അ​തി​നോടൊ​പ്പം ത​ന്നെ ന​ഴ്സു​മാ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ഒ​രെ​ത്തി​നോ​ട്ട​വു​മാ​ണ് ടേ​ക്ക് ഓ​ഫ്. ഞാ​നും പാ​ർ​വ​തി​യും ന​ഴ്സു​മാ​രാ​യി​ട്ടാ​ണു വേ​ഷ​മി​ടു​ന്ന​ത്... ”
എ​ഡി​റ്റ​ർ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത ടേ​ക്ക് ഓ​ഫി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ ഷ​ഹീ​ദാ​യി വേ​ഷ​മി​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

രാ​ജേ​ഷ്പി​ള്ള ഫി​ലിം​സി​ന്‍റെ ആ​ദ്യ​ചി​ത്രം...

രാ​ജേ​ഷ്പി​ള്ള​യു​ടെ വി​യോ​ഗ​ശേ​ഷം അ​ദ്ദേ​ഹ​ത്തോ​ടു സ്നേ​ഹ​മു​ള്ളവ​ർ പെ​ട്ടെ​ന്നു​കൂ​ടി തീ​രു​മാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ങ്ങ​നെ ഒ​രു സി​നി​മ. മേ​ഘ രാ​ജേ​ഷ്പി​ള്ള നേ​തൃ​ത്വം ന​ല്കു​ന്ന രാ​ജേ​ഷ്പി​ള്ള ഫി​ലിംസു​മാ​യി ചേ​ർ​ന്നാ​ണ് ടേ​ക്ക് ഓ​ഫി​ന്‍റെ നി​ർ​മാ​ണം. ആ​ന്‍റോ ജോ​സ​ഫും ഷെ​ബി​ൻ ബെ​ക്ക​റു​മാ​ണ് നി​ർ​മാ​താ​ക്ക​ൾ. 2011 ൽ ​വ​ന്ന ട്രാ​ഫി​ക് മ​ല​യാ​ള​സി​നി​മ​യ്ക്ക് ഒ​രു ചെ​യ്ഞ്ച് ത​ന്ന​തു​പോ​ലെ​ ഒ​രു ഫീ​ൽ 2017ൽ ​ടേ​ക്ക്ഓ​ഫ് വ​ന്നപ്പോ​ൾ ന​മു​ക്കു കി​ട്ടു​ന്നു​ണ്ട്. കാ​ര​ണം, മേ​ക്കിം​ഗി​ലും ടെ​ക്നി​ക്ക​ൽ കാ​ര്യ​ങ്ങ​ളി​ലും പ്ര​മേ​യ​ത്തി​ലു​മൊ​ക്കെ അ​തു​മാ​യി ഏ​റെ സാ​ദ്യ​ശ്യ​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. ക​ലാ​പ​ത്തി​ൽ കു​ടു​ങ്ങി​യ ഒ​രു കൂ​ട്ടം ന​ഴ്സു​മാ​രെ അ​ന്യ​രാ​ജ്യ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണു ടേക്ക്ഓഫ്.

ന​ഴ്സു​മാ​രുടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ഥ പ​റ​യു​ന്പോ​ൾ...

കേ​ര​ള​ത്തി​ൽ ന​ഴ്സു​മാ​രു​ടെ എ​ണ്ണം വ​ള​രെ​യ​ധി​ക​മാ​ണ്. ന​ഴ്സു​മാ​രെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ഏറെ കു​ടും​ബ​ങ്ങ​ളു​ണ്ട്. അ​വ​ർ​ക്കൊ​ക്കെ ഈ ​സി​നി​മ​യു​ടെ പ്ര​മേ​യം ത​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി പെ​ട്ടെ​ന്നു ബ​ന്ധ​പ്പെ​ടു​ത്താ​നാ​വും. ട്രാ​ഫി​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ അതിൽ പറയുന്നതുപോലെ​യൊ​ക്കെ സം​ഭ​വി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​ളു​ക​ൾ​ക്കു സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ൽ പ​റ​യു​ന്ന​തൊ​ക്കെ റി​യ​ലി​സ്റ്റി​ക് ആ​ണോ എ​ന്ന മ​ട്ടി​ൽ സ​ന്ദേ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ടേ​ക്ക് ഓ​ഫി​ൽ അ​തി​നു സാ​ധ്യ​ത​യി​ല്ല. ഇ​തു ന​ട​ന്ന സം​ഭ​വ​മാ​ണ്. ഈ സിനിമ ന​ഴ്സു​മാ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഏ​റെ ക​ട​ന്നു​ചെ​ല്ലു​ന്നു​ണ്ട്. കു​ടും​ബ​പ​ര​മാ​യും തൊഴിൽപരമായും ന​ഴ്സു​മാ​ർ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​തേ​രീ​തി​യി​ൽ ത​ന്നെ സി​നി​മ​യി​ൽ കാ​ണി​ക്കുന്നുണ്ട്.

ഈ ചിത്രം രാ​ജേ​ഷ്പി​ള്ളയോട് നീതിപുലർത്തുന്നതാണോ..‍?

രാ​ജേ​ഷ് പി​ള്ള​യു​മാ​യി ബ​ന്ധ​മു​ള്ള സി​നി​മ ത​ന്നെ​യാ​ണി​ത്. രാ​ജേ​ഷിന്‍റെ മനസിലുണ്ടായിരുന്ന ഒരു സിനിമ ; അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സിനിമ - അതാണു ടേ​ക്ക് ഓ​ഫ്. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ആ​ദ്യം ഈ ക​ഥ പ​റ​യു​ന്പോ​ൾ വ​ള​രെ ചെ​റി​യ ഒ​രു സി​നി​മ, ചെ​റി​യ ഒ​രു​ കു​ടും​ബ ക​ഥ, ഒ​രു ഫീ​ൽ ഗു​ഡ് സി​നി​മ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. അ​തി​നു​ശേ​ഷ​മാ​ണ് ഇ​തു ബി​ഗ് ബ​ജ​റ്റ് ചി​ത്രമായത്. ഏ​റെ ആ​ർ​ട്ടി​സ്റ്റു​ക​ളു​ണ്ട്. ഏ​റെ പ്ര​ഗ​ല്ഭ​രാ​യ ടെ​ക്നീ​ഷ​ൻ​സു​ണ്ട്. മേ​ക്കിം​ഗി​ന്‍റെ കാ​ര്യ​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം പു​ല​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ടെ​ക്നി​ക്ക​ലി​യും ഒ​രു ക്വാ​ളി​റ്റി സി​നി​മ​യാ​ണു ടേ​ക്ക്ഓ​ഫ്. ഇ​തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത് വി​ശ്വ​രൂ​പം പോ​ലെ​യു​ള്ള സി​നി​മ​ക​ൾ ചെ​യ്ത​് അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള സാ​നു ജോ​ണ്‍ വ​ർ​ഗീ​സാ​ണ്. ഈ ക​ഥയോടും രാ​ജേ​ഷ് പി​ള്ള എ​ന്ന സം​വി​ധാ​യ​ക​നോ​ടു​മുള്ള താ​ത്പ​ര്യ​ം കൊണ്ടാ​ണ് സാനു ഇ​വി​ടെ വ​ന്ന​ത്.

മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്...

ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ പാ​ർ​വ​തി, ഫ​ഹ​ദ്, ആ​സി​ഫ്, ഞാ​ൻ... ഞ​ങ്ങ​ളെ​ല്ലാ​വ​രും ഇ​തു​വ​രെ ചെ​യ്യാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണു മെ​യി​ൽ ന​ഴ്സി​ന്‍റെ കാ​ര​ക്ട​ർ ചെ​യ്യു​ന്ന​ത്. പാ​ർ​വ​തി ആ​ദ്യ​മാ​യി​ട്ടാ​ണ് ന​ഴ്സാ​കു​ന്ന​ത്. പാ​ർ​വ​തി ഇ​തി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സ​മീ​റ. റി​യ​ൽ​ലൈ​ഫ് കാ​ര​ക്ട​റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റുടെ വേ​ഷമാണു ചെ​യ്യു​ന്ന​ത്. ആ​സി​ഫ് അ​ലി​യു​ടേ​ത് വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ഒ​രു കാ​ര​ക്ട​റാ​ണ്. ഇ​തെ​ല്ലാം ഈ ​സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​വേ​ശം നി​റ​യ്ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ഒ​രു ന​ല്ല സി​നി​മ​യു​ടെ ബാ​ക്ക്ഡ്രോ​പ്പും കൂ​ടി​യാ​കു​ന്പോ​ൾ, പ്ര​ത്യേ​കി​ച്ചും രാ​ജേ​ഷി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​നു​ള്ള സി​നി​മ കൂ​ടി​യാ​കു​ന്പോ​ൾ എ​ല്ലാ​വ​രും ഏ​റ്റ​വും ന​ല്ല​രീ​തി​യി​ൽ സ​ഹ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ഹേ​ഷ് നാരായണന്‍റെ സം​വി​ധാ​നം...

മഹേഷ് നാരായണന്‍റെ ക​ഥ​യ്ക്ക് അദ്ദേഹവും കഥാകൃത്ത് പി.വി. ഷാജികുമാറും ചേർന്നു തിരക്കഥയും സംഭാഷണവുമൊരുക്കി. മ​ഹേ​ഷ് ഈ സിനിമയ്ക്കുവേ​ണ്ടി ഏ​റെ ഹോം​വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. പ്രമേയവുമായി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക​യും യഥാർഥ സംഭവത്തിലെ ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. അതിനാൽ അഭിനേതാക്കളുടെ സം​ശ​യങ്ങൾ നി​വ​ർ​ത്തി​ച്ചു​ത​രാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധ്യ​മാ​യി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദ്, എ​റ​ണാ​കു​ളം, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഏ​റെ ഗ്രാ​ഫി​ക്സ് വ​ർ​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ വ​ലി​യ ബ​ജ​റ്റി​ൽ തീ​ർ​ന്ന സി​നി​മ​യാ​ണി​ത്. എഡിറ്റിംഗും മഹേഷാണു ചെയ്തത്.

മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മെന്ന നിലയിൽ...

എ​ല്ലാ​വ​ർ​ക്കും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ളു​ക​ളാ​ണ് ഈ ​സി​നി​മ​യി​ലു​ള്ള​ത്. അ​തു സി​നി​മ​യ്ക്കു മൊ​ത്ത​ത്തി​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നു ക​രു​തു​ന്നു. ഈ ​സി​നി​മ​യു​ടെ ക​ഥ കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ടി​ട്ടു കൂ​ടി​യാ​ണ് ഇ​വ​രെ​ല്ലാ​വ​രും അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യി വ​ന്ന​ത്. രാ​ജേ​ഷ്പി​ള്ള​യോ​ടു​ള്ള സ്നേ​ഹം എ​ന്ന​തി​നൊ​പ്പം ന​ല്ല ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​വു​ക എ​ന്ന ഘ​ട​കം കൂ​ടി​യു​ണ്ട​ല്ലോ. അ​തു​കൂ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും ഈ ​സി​നി​മ​യോ​ടു സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്.

ഇ​റാ​ക്കി​ലെ സീ​നു​ക​ൾ ചി​ത്രീ​ക​രി​ച്ച​ത്...

ഇ​റാ​ക്കി​ൽ പോ​യി ഷൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​വിടെ പെ​ർ​മി​ഷ​ൻ കിട്ടിയില്ല. അ​തി​നാ​ൽ റാ​സ​ൽ​ഖൈ​മ​യി​ലാ​ണു ഷൂ​ട്ട് ചെ​യ്ത​ത്. അ​വി​ടെ ഗോ​സ്റ്റ് വി​ല്ലേ​ജ് എ​ന്ന ഒ​രു പ്ര​ദേ​ശ​മു​ണ്ട്. യു​ദ്ധ​ത്തി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ക്കെ ഫീ​ൽ ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള റി​യ​ലി​സ്റ്റി​ക്കാ​യ ഒ​രു പ്ര​ദേ​ശ​മാ​ണ​ത്. അ​വി​ടെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് ഏ​റെ​യും. പി​ന്നെ ഗ്രാ​ഫി​ക്സ് സാ​ങ്കേ​തി​ക​ത ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിനാൽ പ്രേക്ഷകന് അ​വി​ടം ഒ​രു​ത​ര​ത്തി​ലും ഇ​റാ​ക്ക് അ​ല്ല എ​ന്നു പ​റ​യാ​നുമാ​വി​ല്ല. അ​ത്ര​യും മി​ക​ച്ച ക്വാ​ളി​റ്റി​യി​ലാ​ണു നി​ർ​മാ​ണം. ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ടെ​ക്നി​ക്ക​ലി ത​ന്നെ​യാ​യി​രു​ന്നു. യു​ദ്ധ​ത്തി​ന്‍റെ​യും ക​ലാ​പ​ത്തി​ന്‍റെ​യും ക​ഥാ​പ​ശ്ചാ​ത്ത​ല​മു​ള്ള​തി​നാ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു സ്പെ​ഷ​ൽ മേ​ക്ക​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ര​ഞ്ജി​ത്ത് അ​ന്പാ​ടി​യാ​ണ് അ​തു നി​ർ​വ​ഹി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച വ​ർ​ക്കു​ക​ളി​ലൊ​ന്നാ​ണിത്. സന്തോഷ് രാ​മ​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ർ​ട്ട് ഡ​യ​റ​ക് ഷൻ നി​ർ​വ​ഹി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ന​ല്ല വ​ർ​ക്കു​ക​ളി​ലൊ​ന്നാ​ണു ടേ​ക്ക് ഓ​ഫ്.

പ്ര​ണ​യ​ത്തി​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മുണ്ടോ...

ത്രി​ല്ല​ർ പ​ടം എന്നതിനപ്പുറം ടേക്ക് ഓഫിൽ കു​ടും​ബ​ജീ​വി​ത​മു​ണ്ട്. ബ​ന്ധ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ളു​ണ്ട്. മോ​ച​ന​ദൗ​ത്യ​മു​ണ്ട്. അ​ങ്ങ​നെ എ​ല്ലാ​ത്ത​ര​ത്തി​ലും ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ എ​ന്ന കാ​റ്റ​ഗ​റി​യി​ൽപ്പെ​ടു​ത്താ​വു​ന്ന സി​നി​മ​യാ​ണു ടേ​ക്ക് ഓ​ഫ്. ഒ​ട്ടും സി​നി​മാ​റ്റി​ക് ആ​വാ​തെ വ​ള​രെ റി​യ​ലി​സ്റ്റി​ക്കാ​യി എ​ടു​ക്കാ​നാ​ണു ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. അങ്ങനെ യാണു ഞങ്ങൾ ഈ ​സി​നി​മ​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ. റീ ​റി​ക്കോ​ർ​ഡിം​ഗ് ഗോ​പീ​സു​ന്ദ​ർ. അദ്ദേഹം ഏ​റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. കാ​ര​ണം, ഇ​ത്ത​രം ബാ​ക്ക്ഡ്രോ​പ്പി​ലു​ള്ള ഒ​രു സി​നി​മ ഗോ​പി ആ​ദ്യ​മാ​യി​ട്ടാ​ണു ചെ​യ്ത​ത്. ഒ​രു ക്രി​യേ​റ്റ​ർ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ആ​വേ​ശ​വും സം​തൃ​പ്തി​യും ന​ല്കി​യ പ്രോ​ജ​ക്ടാ​ണി​ത്.

ടേ​ക്ക്ഓ​ഫി​ന്‍റെ മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ...

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​നു​ശേ​ഷ​മു​ള്ള ഫ​ഹ​ദി​ന്‍റെ ചി​ത്ര​മാ​ണു ടേ​ക്ക് ഓ​ഫ്. ഞാ​നും ഷാ​നു​വും(​ഫ​ഹ​ദ് ഫാ​സി​ൽ) ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ. ഞാ​നും പാ​ർ​വ​തി​യും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ. പാ​ർ​വ​തി​യും ഫ​ഹ​ദും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ. അ​നി​യ​ത്തി​പ്രാ​വ് റി​ലീ​സാ​യി 20 വ​ർ​ഷ​മാ​യി. അ​നി​യ​ത്തി​പ്രാ​വി​ലൂ​ടെ എ​ന്നെ കൊ​ണ്ടു​വ​ന്ന പാ​ച്ചി​ക്ക​യു​ടെ(​ഫാ​സി​ൽ) മ​ക​നാ​ണു ഷാ​നു. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും​കൂ​ടി ഒ​രു പ​ടം ചെ​യ്യ​ണ​മെ​ന്ന് ഒ​രു​പാ​ടു നാ​ളാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ്. അ​ത് ഇ​ങ്ങ​നെ​യൊ​രു ന​ല്ല സി​നി​മ​യി​ലൂ​ടെ ആ​യ​തി​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​ർ​ക്കും വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ട്.

ടി.ജി.ബൈജുനാഥ്