വിവാഹം വച്ചുതാമസിപ്പിച്ചാൽ
ആനന്ദിൻറെ ഭാര്യയാണ് മേഴ്സി. മേഴ്സിയാണ് എന്നെ കാണാൻ ആദ്യം എത്തിയത്. മക്കൾ മൂന്ന് പേരാണിവർക്ക്. മൂന്നുപേരും നന്നായി പഠിക്കുന്നവരാണ്. പഠനത്തിൽ ശ്രദ്ധയുള്ളവരായതിനാൽ അവരെ പഠിപ്പിക്കുന്ന കാര്യത്തിൽ ആനന്ദും മേഴ്സിയും ഏറെ തൽപരരാണ്. മക്കളിൽ മൂത്തത് അന്നയാണ്. അന്നയുടെ നേരേ ഇളയത് ടോണ്‍. ടോണിൻറെ ഇളയത് പെണ്‍കുട്ടിയാണ്, ജിലു. അന്ന എം.എസ്സി പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിക്കുന്ന കാലത്താണ് പൂവരണിയിൽനിന്ന് ആദ്യത്തെ കല്യാണാലോചന വന്നത്. എൽ.പി സ്കൂളിൽ അധ്യാപകനായ ജോണ്‍സിയായിരുന്നു ചെറുക്കൻ. തനിക്കിനി പഠിക്കണമെന്നും ഒരു ജോലി സ്വന്തമാക്കിയതിനുശേഷം മാത്രം കല്യാണം മതിയെന്നു പറഞ്ഞ് അന്നാ കല്യാണം മുടക്കിയത് അന്നതന്നെയായിരുന്നു. ഇപ്പോൾ അന്നയ്ക്ക് പ്രായം മുപ്പത്തിമൂന്നായി. അവൾ ഇപ്പോൾ പിഎച്ച്.ഡിക്കാരിയും സഭയുടെ കീഴിലുള്ള എയ്ഡഡ് കോളജിലെ ഗസ്റ്റ് ലക്ചററുമാണ്. ഇനിയും കല്യാണം കഴിപ്പിക്കാതെ പെണ്ണിനെ വീട്ടിൽ നിർത്തുന്നത് പന്തിയല്ലെന്നുള്ള ആനന്ദിൻറെയും മേഴ്സിയുടെയും ചിന്തയും അതിനോടനുബന്ധിച്ചുള്ള തീരുമാനവുമാണ് അവരിരുവരെയും അന്നയ്ക്കുവേണ്ടി വിവാഹാലോചനകൾ തുടങ്ങാൻ ഇപ്പോൾ നിർബന്ധിതരാക്കിയിരിക്കുന്നത്.

ആലോചനകൾ കാര്യമായി തുടങ്ങിയെങ്കിലും പെണ്ണിൻറെ പ്രായത്തിൻറെ കാര്യത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്നപ്പോൾ ആനന്ദും മേഴ്സിയും വല്ലാതെ അസ്വസ്ഥരായി. ഏതായാലും ഇപ്പോൾ ആനന്ദിൻറെ അകന്ന ബന്ധുവായ സേവ്യറിൻറെ പരിചയത്തിൽപ്പെട്ട ഒരു കുടുംബത്തിലെ രണ്ടാമത്തെ ചെറുക്കൻറെ ആലോചന കല്യാണം ഉറപ്പിക്കലിൻറെ പടിക്കൽവരെ എത്തിയിരിക്കുകയാണ്. ചെറുക്കന് പ്രായം മുപ്പത്തിയൊൻപത്. എം.കോം കാരനും പ്രൈവറ്റ് കോളജിലെ അധ്യാപകനുമാണ്. പയ്യന് പ്രായം കൂടുതലാണെന്നും വിദ്യാന്ധ്യാസയോഗ്യതയും ജോലിയും പോരെന്നുമുള്ള അഭിപ്രായം അന്നക്കുണ്ടെങ്കിലും ഈ കല്യാണത്തിന് സമ്മതം നൽകാൻ അവൾ നിർബന്ധിതയായിരിക്കുകയാണ്. അന്നയുടെ മാതാപിതാക്കളും മനസില്ലാമനസോടെ പ്രസ്തുത വിവാഹത്തിന് ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.

വിദേശത്ത് ജോലി ചെയ്യുന്ന ഒരെൻജിനിയറും അയാളുടെ ഭാര്യയും മകളുംകൂടി കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നിരുന്നു. ബിടെക് കഴിഞ്ഞ് എംബിഎ പാസായ ആ പെണ്‍കുട്ടിക്ക് പ്രായം ഇരുപത്തിമൂന്നായി. മേയ് മാസത്തിൽ അവളുടെ കല്യാണമാണ്. ഇരുപത്തിമൂന്നാമത്തെ വയസിൽ മകളെ വിവാഹിതയാക്കാൻ മാതാപിതാക്കളും വിവാഹത്തിലേക്കു പ്രവേശിക്കാൻ അവളും തയാറായിരിക്കുകയാണ്. എംടെക്കും ജോലിയുമൊക്കെ വിവാഹശേഷം ആകാമെന്ന ചിന്തയിലാണ് ആ പെണ്‍കുട്ടിയും അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും. അവർ ഇരുകൂട്ടരേയും അത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് വിദ്യാഭ്യാസത്തെയും ജോലിയേയും പണത്തെയുംകാൾ ഉപരിയായത് ഒരാൾക്ക് അയാളുടെ ജീവിതം തന്നെയാണെന്ന വിചാരമാണ്.

ശരിയല്ലേ, മക്കളുടെ വിദ്യാഭ്യാസവും ജോലിയും സാന്പത്തികനേട്ടങ്ങളുമെല്ലാം അവരുടെ ജീവിതത്തിനുവേണ്ടിയുള്ളതല്ലേ ആദ്യം പറഞ്ഞവയുടെയൊക്കെ പിന്നാലെ ആലോചനയില്ലാതെ പോയിട്ട് ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ നിസ്സഹായരായി നിൽക്കേണ്ടിവരുന്ന അനേകരില്ലേ വായനക്കാരുടെ ഇടയിൽ നേട്ടങ്ങളേയും അവയോടനുബന്ധിച്ചുള്ള ഓട്ടങ്ങളേയും സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ പ്രായം ഏറെ മുന്നോട്ട് പോയിട്ട് ഇഷ്ടമില്ലാത്തതും പൊരുത്തപ്പെടാൻ പറ്റാത്തതുമായ വിവാഹ ആലോചനയോട് മനസില്ലാ മനസോടെ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന ശോച്യാവസ്ഥ നമ്മുടെ കുടുംബങ്ങളിലെ കുട്ടികളുടെയൊന്നും ജീവിതത്തിൽ വന്നുഭവിക്കരുത്. പ്രായം ഒന്നിനുവേണ്ടിയും കാത്തുനിൽക്കുകയില്ലെന്ന കാര്യം മക്കളുടെയും മാതാപിതാക്കളുടെയും തിരിച്ചറിവായി മാറേണ്ടതാണ്. ഭക്ഷണത്തെക്കാൾ ജീവൻ പ്രധാനമല്ലയോ എന്ന ബൈബിളിലെ ചോദ്യം ഇവിടെ പ്രസക്തമാണ്. മേൽപ്പറഞ്ഞവ നേരെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മക്കൾക്ക് വിവാഹപ്രായം ആകുന്നതുമുതൽ അവർക്കായി വിവാഹം ആലോചിച്ച് തുടങ്ങാം.

യുവാവിനത് ഇരുപത്തൊന്നും യുവതിക്കത് പതിനെട്ടുമാണല്ലോ. വിവാഹപ്രായമായാൽ ഉടൻതന്നെ വിവാഹം നടത്തണമെന്നൊന്നും നിർബന്ധമില്ലങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് അത് വച്ചുതാമസിപ്പിക്കുന്നത് നന്നല്ല. മാത്രമല്ല, പണ്ടത്തെക്കാളേറെ വിവാഹപൂർവ്വ സ്ത്രീപുരുഷബന്ധങ്ങളിലേക്ക് പോകാൻ യുവജനങ്ങൾക്കും മറ്റും ഇന്ന് അനുയോജ്യമായ സാഹചര്യങ്ങൾ ഉള്ളതിനാൽ ഞാനിപ്പറഞ്ഞ കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ വളരെ ഗൗരവമായി ചിന്തിക്കേണ്ടതാണ്. ആരോഗ്യകരമായ സന്താനോൽപ്പാദനത്തിനും മാതാപിതാക്കൾ ആരോഗ്യത്തിൽ ആയിരിക്കുന്പോൾതന്നെ തങ്ങളുടെ കുട്ടികളുടെ ശിക്ഷണം, വളർച്ച ,വിദ്യാഭ്യാസം തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നതിനും ഈയൊരു രീതി സഹായിക്കുമെന്നാണ് എൻറെ പക്ഷം. കെട്ടിയാൽ മാത്രം പോരല്ലൊ കുടുംബം പോറ്റാനും കുടുംബജീവിതത്തിൻറെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അത്തരക്കാർക്ക് കഴിയേണ്ടതല്ലേ എന്ന് ചോദിക്കുന്നവരോട് സമയത്തും കാലത്തുമുള്ള വിവാഹം അവരെ ചെറുപ്പത്തിൽത്തന്നെ ഉത്തരവാദിത്വമുള്ളവരും കുടുംബത്തോട് ബന്ധമുള്ളവരുമാക്കുമെന്നാണ് എനിക്ക് പറയാനുളളത്.