ഒരുക്കാം, ഈസ്റ്റർ വിഭവങ്ങൾ
ബ്രേക്ക് ഫാസ്റ്റിന് പാൻ കേക്ക്

ആവശ്യമുള്ള ചേരുവകൾ:
ഒന്നര കപ്പ് മൈദ, ഒന്നര സ്പൂണ്‍ പഞ്ചസാര, ഒന്നര സ്പൂണ്‍ ബേക്കിംഗ് പൗഡർ, കാൽ സ്പൂണ്‍ സോഡ പൊടി, ഉപ്പ് ആവശ്യത്തിന്. പാൽ മുക്കാൽ കപ്പ്, മുട്ട 1, രണ്ടു സ്പൂണ്‍ ഉരുക്കിയ വെണ്ണ, ഒരു നുള്ള് ഉപ്പ്.

ഉണ്ടാക്കുന്ന വിധം:
ആദ്യം പറഞ്ഞ പൊടികൾ എല്ലാംകൂടി ചേർത്ത് ഇളക്കി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള ചേരുവകൾ എല്ലാംകൂടി ചേർത്ത് അടിച്ചു വയ്ക്കുക. ഈ നനഞ്ഞ കൂട്ടിലേക്കു പൊടിക്കൂട്ടു കുറേശെയിട്ട് അടിച്ചെടുക്കുക. ഒരു മുട്ട നല്ല പോലെ യോജിപ്പിക്കുക. പത്തു മിനിറ്റ് നേരം ഇതു പൊങ്ങാൻ വയ്ക്കുക.

ഒരു നോണ്‍സ്റ്റിക് പാൻ ചൂടാക്കി അല്പം വെണ്ണ പുരട്ടി ഓരോ തവി വീതം കോരി ഒഴിക്കുക. ഓരോന്നും ഓരോ പൂരിയുടെ വലുപ്പത്തിൽ താനെ പരക്കും. ദോശപോലെ പരത്തരുത്. നേരിയ തീയിൽ ഇരു വശവും ചുട്ടെടുക്കാം. ഇവ തേൻ ഒഴിച്ചാണ് കഴിക്കാറ്. വേണമെങ്കിൽ ജാം കൂട്ടിയും കഴിക്കാം.ന

പനിനീർ പുലാവ്

ആവശ്യമുള്ള ചേരുവകൾ:
ബസുമതി അരി രണ്ടു കപ്പ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്. നെയ്യ് നാല് സ്പൂണ്‍, കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയുംകൂടി 1 കപ്പ്, പട്ട 1 കഷണം, ഗ്രാന്പു 6, ഏലയ്ക്ക 6, കുരുമുളക് അര സ്പൂണ്‍, പഞ്ചസാര 1 സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, ഉണങ്ങിയ റോസാപ്പൂ ഇതളുകൾ അര കപ്പ്.

ഉണ്ടാക്കുന്ന വിധം:
നെയ്യ് ചൂടാക്കി, അണ്ടിപ്പരിപ്പും മുന്തിരിയും വഴറ്റി കോരി മാറ്റുക. ഇതിലേക്ക് പട്ട, ഗ്രാന്പു എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് രണ്ടു സ്പൂണ്‍ വെള്ളം ചേർത്ത് പഞ്ചസാരയും ഉപ്പും പനിനീർ ഇതളുകൾ ഇട്ട് ഇളക്കിയതിനുശേഷം അരിയും ചേർത്തിളക്കുക.

അതിലേക്ക് 4 കപ്പ് ചൂടുവെള്ളം ചേർത്ത് ഒന്നു തിളച്ചുകഴിഞ്ഞാൽ റോസ് എസൻസ് ചേർത്ത് തീ കുറച്ച് മൂടിയിട്ട് വേവിക്കുക. വെന്തു കഴിഞ്ഞാൽ വെള്ളം തീരെ വറ്റിയിരിക്കും. പുതുമയുള്ള ഒരു ഐറ്റമാണ് ഇത്.

വെള്ള ചിക്കൻകറി

ആവശ്യമുള്ള ചേരുവകൾ:
കോഴി ഇറച്ചി കഷണങ്ങൾ അര കിലോ, ഇഞ്ചി, വെളുത്തുള്ളി അരച്ചത് രണ്ടു സ്പൂണ്‍, പച്ച മുളക് നീളത്തിൽ കീറിയത് 4, സാവോള അരിഞ്ഞത് 3 എണ്ണം, പെരുംജീരകപൊടി 1 സ്പൂണ്‍, ജീരകപൊടി ഒരു സ്പൂണ്‍, ഗരം മസാലപ്പൊടി രണ്ടു സ്പൂണ്‍, തേങ്ങയുടെ ഒന്നാംപാൽ 1 കപ്പ്, ഉപ്പ്, കറിവേപ്പില, കടുക്.

ഉണ്ടാക്കുന്നവിധം:
4 സ്പൂണ്‍ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട, 3 ഏലയ്ക്ക ഇട്ട് ഇളക്കി സവോളയും പച്ചമുളകും ഇട്ട് ഒന്നു മൂത്തുതുടങ്ങിയാൽ അരച്ച പേസ്റ്റ് ചേർത്ത് ഇളക്കുക. ഇതിലേക്ക് മസാല പൊടികൾ ഓരോന്നായി ചേർത്തിളക്കുക. ഈ കൂട്ടിലേക്കു ഇറച്ചിയിട്ട് നല്ലതുപോലെ വഴറ്റി അല്പം ചൂടുവെള്ളവും ഉപ്പും ചേർത്തു ഇറച്ചി വേവിക്കുക. ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ച് ഒന്നു തിളവന്നാൽ ഇറക്കിവയ്ക്കുക. അവസാനം 1 സ്പൂണ്‍ എണ്ണയിൽ കടുകും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.

മീൻ ചിക്കിപ്പൊരിച്ചത്

ആവശ്യമുള്ള ചേരുവകൾ:
നല്ല ദശക്കട്ടിയുള്ള മീൻ കഷ്ണങ്ങൾ 200 ഗ്രാം. മീനിനുള്ള അരപ്പ്: ആവശ്യത്തിന് ഉപ്പ്, മഞ്ഞൾ, കുരുമുളക് പൊടി, 2 സ്പൂണ്‍ എണ്ണ സവാള അരിഞ്ഞത് 2, പച്ചമുളക് 2, കറിവേപ്പില, മുട്ട -2.

ഉണ്ടാക്കുന്ന വിധം:
മീൻ കഷ്ണങ്ങളിൽ മുകളിൽ പറഞ്ഞ അരപ്പ് പുരട്ടി അര മണിക്കൂർ വയ്ക്കുക. പിന്നെ ഇത് അല്പം എണ്ണയിൽ ഇരുവശവും ഒന്നു ചീപ്പിച്ചെടുക്കുക-അധികം മൊരിയരുത്. മറ്റൊരു പാനിൽ രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റി മുട്ട ഓരോന്നായി പൊട്ടിച്ചൊഴിക്കുക. ഇത് ഇളക്കി ചിക്കിപ്പൊരിച്ചതിലേക്ക് വറുത്തുവച്ച മീൻ നല്ലതുപോലെ പൊടിച്ചെടുത്ത് ചേർത്തു നല്ലതു പോലെ ഇളക്കിയോജിപ്പിക്കുക. വളരെ രുചിയുള്ള വിഭവം ചോറിനൊപ്പം വിളന്പാം.

മീൻ പാൽ കറി

ആവശ്യമുള്ള ചേരുവകൾ:
അര കിലോ നല്ല മീൻ കഷ്ണങ്ങൾ, സവാള സ്ലൈസ് ആക്കിയത്. വെളുത്തുള്ളി അരിഞ്ഞത് 8 അല്ലി, ഇഞ്ചി അരിഞ്ഞത് ഒരു സ്പൂണ്‍, പച്ചമുളക് കീറിയത് 5, തക്കാളി അരിഞ്ഞത് 1, മുളകുപൊടി 2 സ്പൂണ്‍, മല്ലിപ്പൊടി 2 സ്പൂണ്‍, മഞ്ഞൾപൊടി അരസ്പൂണ്‍, നെല്ലിക്ക വലിപ്പത്തിൽ വാളൻപുളി പിഴിഞ്ഞ വെള്ളം, ഉപ്പ്, തേങ്ങാപാൽ ആദ്യത്തേത് 1 കപ്പ്, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ 2 സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞു വച്ചതെല്ലാം ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ഇട്ട് വഴറ്റി എണ്ണ തെളിഞ്ഞാൽ മസാല പൊടികൾ എല്ലാം ചേർത്തിളക്കുക ഇതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേർക്കുക, പിന്നെ ഒരുകപ്പ് വെള്ളവും ചേർക്കുക. തിളച്ചു തുടങ്ങിയാൽ മീൻ ഇട്ട് ചെറുതീയിൽ വേവിക്കുക. മീൻ വെന്താൽ തേങ്ങാപ്പാലും കറിവേപ്പിലയും ഇട്ട് ഒന്നു തിളച്ചാൽ വാങ്ങിവയ്ക്കാം.

കാട റോസ്റ്റ്

ആവശ്യമുള്ള ചേരുവകൾ:
5 കാട പക്ഷികളുടെ തൊലിമാറ്റി വൃത്തിയാക്കിയത് (മുഴുവനോടെ), തൈര് 1 കപ്പ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു സ്പൂണ്‍, മല്ലിപ്പൊടി 2 സ്പൂണ്‍, മുളകുപൊടി 1 സ്പൂണ്‍, മഞ്ഞൾ പൊടി1 സ്പൂണ്‍, ജീരകം അര സ്പൂണ്‍, കുരുമുളക് പൊടി 1 സ്പൂണ്‍, ഉപ്പ്, എണ്ണ2 സ്പൂണ്‍.

ഉണ്ടാക്കുന്ന വിധം:
ഓരോ കാടയുടെയും കാലിലും മുകൾ ഭാഗത്തും നല്ലതുപോലെ വരയുക പിന്നീട് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം ചേർത്തിളക്കി കാടയിൽ നല്ലതുപോലെ പുരട്ടി 5 മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക. ഒരു കട്ടിയുള്ള പാൻ ചൂടാക്കി അതിൽ കാട ഓരോന്നും വച്ചു വേവാനുള്ള ചൂടുവെള്ളം ഒഴിച്ച് വേവിക്കുക. ഒരു പരന്ന പാനിൽ 2സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി ഓരോ വെന്ത കാടയും നിരത്തി വയ്ക്കുക. ഇരുവശവും മൊരിച്ചെടുക്കുക. ഇത് ഒരു പരന്ന പ്ലേറ്റിൽ നിരത്തി മൂപ്പിച്ച സവാള മുകളിൽ വിതറി വിളന്പാം.

മാങ്ങാക്കറി

ആവശ്യമുള്ള ചേരുവകൾ:
പച്ചമാങ്ങ 2, പഞ്ചസാര അരകപ്പ്, 2 കപ്പ് വെള്ളം, തരിമുളക് 1 സ്പൂണ്‍, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1 സ്പൂണ്‍, ഉപ്പ്, വിന്നാഗിരി 1 സ്പൂണ്‍.

ഉണ്ടാക്കുന്ന വിധം:
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി വയ്ക്കുക. രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അര കപ്പ് പഞ്ചസാരയിട്ട് അലിയിക്കുക. ഇതിലേക്ക് മാങ്ങയിട്ട് വേവിക്കുക ഇതിലേക്ക് വിന്നാഗിരി ഒഴിച്ച് മറ്റെല്ലാ ചേരുവകളും ചേർക്കുക.
മാങ്ങ കഷണങ്ങൾ വെന്ത് ചാറുപറ്റിയാൽ ഇറക്കിവച്ചു വിന്നാഗിരി ഒഴിക്കുക. കുറെ നാൾ കേടാകാതെയിരിക്കും. ചോറിനും ചപ്പാത്തിക്കും ഒപ്പം കൂട്ടാം.

റവ-ശർക്കര ഹൽവ

ആവശ്യമുള്ള ചേരുവകൾ:
റവ 1 കപ്പ്, ശർക്കര ഉരുക്കിയത് 1 കപ്പ്, നെയ്യ് കാൽ കപ്പ്, നട്ട്സ്, ബദാം, മുന്തിരി എല്ലാം കൂടി 1 കപ്പ്, ഏലം പൊടി 1 സ്പൂണ്‍.

ഉണ്ടാക്കുന്ന വിധം:
ചുവട് കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഒഴിച്ച് ഉരുകിയാൽ ബദാമും നട്ട്സും മുന്തിരിയും ഓരോന്നായി ഇട്ട് വറുത്തുകോരുക. റവ അരമണിക്കൂർ നേരം കുതിരാൻ വച്ചത് ഈ നെയ്യിലേക്ക് ഒഴിക്കുക. കൈവിടാതെ ഇളക്കി കുറുകി തുടങ്ങിയാൽ ശർക്ക പാനി ഇതിലേക്ക് ഒഴിക്കുക. വീണ്ടും ഇളക്കി വറ്റുന്നതിന് മുന്പ് വറുത്തു കോരിയ ഡ്രൈ ഫ്രൂട്ട്സ് ഇതിൽ ചേർത്ത് ഇളക്കുക. അവസാനം ഏലം പൊടിയും ഇട്ട് ഇളക്കി വാങ്ങി വയ്ക്കുക, ഇതും ചാടോടെ കഴിക്കാം. അല്ലെങ്കിൽ ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തി ആറിയശേഷം മുറിച്ചെടുക്കാം.

തയാറാക്കിയത്: ഓമന ജേക്കബ്