ഓ ജറുസലേം...!
ഇതാണ് ഒലിവുമല. ഫെബ്രുവരിയിലെ ഒറ്റപ്പെട്ട ചാറ്റൽ മഴ ഒലിവുമരങ്ങളിൽനിന്നു കണ്ണീർത്തുള്ളികൾപോലെ മണ്ണിലേക്കു പൊഴിയുന്നു. സ്വെറ്ററുകളും അതിനു പുറമേ വിവിധ വർണങ്ങളിലുള്ള ഷാളുകളും ധരിച്ച വിശുദ്ധനാട് തീർഥാടകരുടെ സംഘങ്ങളാണ് എവിടെയും. ഇവിടെനിന്നു നോക്കിയാൽ എതിരേയുള്ള മലഞ്ചെരിവിലും താഴ്വരയിലുമായി പഴയ ജറുസലേം പട്ടണം കാണാം. യേശുവുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങൾ ആ പട്ടണത്തിൽ തന്നെയുണ്ട്. എല്ലായിടത്തും ആളുകൾ കയറിയിറങ്ങുന്നു.

താഴേക്കുള്ള ഈ വഴിയിലൂടെയാണ് 2000 വർഷങ്ങൾക്കു മുന്പ് ദരിദ്രൻറെ രാജാവായ യേശു ഒരു കഴുതപ്പുറത്ത് പട്ടണത്തിലേക്കു പ്രവേശിച്ചത്. ടാറും ചിലയിടത്ത് സിമൻറും ഇട്ടു നിരപ്പാക്കിയിരിക്കുന്ന വഴി. ഇടയ്ക്കിടെ വശങ്ങളിലായി മുകളിലേക്ക് ഉയർന്നു നില്ക്കുന്ന പാറക്കല്ലുകൾ യേശുവിൻറെ കാലത്തുണ്ടായിരുന്നവയായിരുന്നെന്നും സംരക്ഷിക്കുന്നവയാണെന്നും ഗൈഡ് പറഞ്ഞു. അയാളുടെ പേര് നബീൽ അഹ്ദുൾ എലീജ. യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിച്ച കാനായിലാണ് വീട്.

കല്ലുകളിൽ തീർഥാടകർ സ്പർശിക്കുന്നു. ചിലരാകട്ടെ വലതുവശത്തെ മതിലിൽ ചാരിനിന്നുകൊണ്ട് വിദൂരതയിലേക്കു കണ്ണയച്ചു നില്ക്കുകയാണ്. ഓർമകളിൽ ഓശാനയുടെ ആർപ്പുവിളികളും മരച്ചില്ലകളുടെ മർമരവും. താഴെ ദാവീദിൻറെ പട്ടണവും ബഥനിയാ ഗ്രാമവും ഗദ്സമേൻ തോട്ടവും ചരിത്രത്തിൻറെ മുദ്ര പതിഞ്ഞുകിടക്കുന്നു. അതിനടുത്ത് ഇപ്പോഴും വിജനമെന്നപോലെ ഒറ്റപ്പെട്ടു കിടക്കുന്ന അക്കൽദാമ. യേശുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസ് തൂങ്ങിമരിച്ച ഇടം. ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗത്തിൻറെ സെൻറ് ഓണഫ്രിയസ് ആശ്രമം അതിനടുത്തുണ്ട്. കെട്ടിടങ്ങളാൽ നിറഞ്ഞിരിക്കുന്ന ജറുസലേം പട്ടണത്തിൽ യൂദാസിൻറെ പറന്പ് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്, രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷവും. അന്നുവരെ കുശവൻറെ പറന്പ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം യൂദാസിൻറെ ദുർമരണത്തിനുശേഷം രക്തത്തിൻറെ മണ്ണ് എന്ന് അർഥമുള്ള അക്കൽദാമയായി. യേശുവിനെ ഒറ്റിക്കൊടുത്തതിൻറെ വിലയായി കിട്ടിയ മുപ്പതു വെള്ളിക്കാശുകൊടുത്തു വാങ്ങിയ സ്ഥലമാണിത്.



ഓശാന വഴി ഇപ്പോഴും ശബ്ദമുഖരിതമാണ്. വിദൂരദേശങ്ങളിൽനിന്നെത്തിയവർ താന്താങ്ങളുടെ ഭാഷയിൽ ഓശാന പാടുന്നു. പലരും ഒലിവുമരത്തിൻറെ ചെറു ശിഖരങ്ങളും പനയുടെ കുരുത്തോലകളും ഉയർത്തിപ്പിടിച്ച് ഓർമ പുതുക്കുകയാണ്. അക്കൂട്ടത്തിൽ വലിയൊരുപങ്കും മലയാളികളാണ്. ഓശാനയുടെ ഓർമ പുതുക്കിയുള്ള ഇപ്പോഴത്തെ ഘോഷയാത്ര അവസാനിക്കുന്നത് താഴെ ലയണ്‍ഗേറ്റിനടുത്തുള്ള സെൻറ് ആൻ പള്ളിയിലാണ്. ഇതിനു സമീപത്തുനിന്നാണ് കാൽവരിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.

ബേത്ഫഗെയിലെ സന്നാഹം

ഒലിവുമലയിൽനിന്നു തുടങ്ങി കെദ്രോണ്‍ വാലിയും ഗദ്സമെൻ തോട്ടവും കടന്ന് നഗരകവാടത്തിലൂടെയാണ് ജറുസലേം പട്ടണത്തിലേക്ക് യേശു പ്രവേശിച്ചത്. ഇപ്പോഴും അതിൻറെ ഓർമ പുതുക്കി ആയിരക്കണക്കിനു തീർഥാടകർ ഓശാനഞായറാഴ്ച ഇവിടെയെത്തുന്നു. ഫെബ്രുവരിയിൽ ഞങ്ങൾ തിരക്കിയപ്പോൾതന്നെ മനസിലായി ഇസ്രയേലിലെയും പലസ്തീനിലെയും ഹോട്ടലുകളിൽ മുറികളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുകയാണ്. വാടക ഇരട്ടി കൊടുത്താലും മുറി കിട്ടാൻ പ്രയാസം. ജറുസലേം പ്രവേശനത്തിനുള്ള ക്രിസ്തുവിൻറെ സന്നാഹം ലളിതവും അപ്രതീക്ഷിതവുമായിരുന്നു. അതാകട്ടെ, തനിക്കു സഞ്ചരിക്കാൻ ഒരു കഴുതക്കുട്ടിയെ കൊണ്ടുവരാൻ ശിഷ്യരോടു പറയുന്നതിൽ ഒതുങ്ങി.

ജറുസലേമിലേക്കുള്ള യാത്രാമധ്യേ ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയ എന്നീ സ്ഥലങ്ങൾക്കടുത്തെത്തിയപ്പോഴാണ് ക്രിസ്തു എതിരേയുള്ള ഗ്രാമത്തിലേക്കു ചെന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ അഴിച്ചുകൊണ്ടുവരാൻ പറഞ്ഞത്.

ശിഷ്യ·ാർ അതിനെ കൊണ്ടുവന്ന് തങ്ങളുടെ വസ്ത്രങ്ങൾ കഴുതയുടെ പുറത്തു വിരിച്ചുകൊടുത്തു. അവൻ കയറിയിരുന്നു. ഒലിവുമലയ്ക്കു സമീപമാണ് ബേത്ഫഗേ. ഇപ്പോൾ ഇവിടെ ഒരു ദേവാലയമുണ്ട്. ഫ്രാൻസിസ്കൻ വൈദികരുടെ സംരക്ഷണയിലുള്ള ഇവിടുത്തെ ദേവാലയത്തിൻറെ ശില്പി ലോകമെങ്ങും പ്രശസ്ത ദേവാലങ്ങൾ പണിതീർത്ത അൻറോണിയോ ബർലൂസിയാണ്. ഓശാന ഘോഷയാത്ര തുടങ്ങുന്നത് ഇവിടെനിന്നാണ്.

എന്തൊരു രാജാവ്!

കുതിരപ്പുറത്ത് വാളുമായി സർവപ്രതാപത്തോടെയും കുതിച്ചെത്തുന്ന രാജാക്ക·ാരുടെയും സൈന്യാധിപ·ാരുടെയും എഴുന്നള്ളത്തു കണ്ടിട്ടുള്ള ജനം അത്ഭുതപ്പെട്ടു. ഇതാ ആയാസപ്പെട്ടു നീങ്ങുന്ന കഴുതയുടെ പുറത്ത് ആടയാഭരണങ്ങളൊന്നുമില്ലാതെ ഒരു മനുഷ്യൻ! മുന്തിയ മേലങ്കിയോ പാദരക്ഷകളോ ഒന്നുമില്ല. ഇസ്രയേലിലോ പലസ്തീനിലോ ഈജിപ്തിലോ എവിടെയുമാകട്ടെ യേശുവുമായി ബന്ധപ്പെട്ട ഒരിടത്തുമില്ല ആർഭാടങ്ങൾ. ബേദ്ലഹേമിലെ തൊഴുത്തുമുതൽ കാൽവരി വരെയുള്ള സ്ഥലങ്ങൾ ഇവിടെനിന്നു ദൂരെയല്ല. എല്ലാം ഒറ്റമുറി വീടുകളോ ഗുഹകളോ മാത്രം.

കുരിശിൽ തറയ്ക്കപ്പെടുന്നതിന് ഒരാഴ്ചമുന്പാണ് യേശു ഈ വഴിയിലൂടെ കഴുതപ്പുറത്തു കടന്നുപോയത്. ഈ വഴിയുടെ ഇരുവശങ്ങളിലുമാണ് ആളുകൾ നിരയായി നിന്ന് ഓശാനയെന്നു വിളിച്ചുപറഞ്ഞത്. ഈ നിലത്താണ് അവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് വിരിച്ചിട്ടത്. ഇതിനടുത്തുള്ള വയലിൽനിന്നാണ് മരച്ചില്ലകൾ അടർത്തിയെടുത്ത് നിരത്തിയിട്ടത്.

യേശുവിൻറെ മുന്നിലും പിന്നിലും നടന്നിരുന്ന ജനങ്ങൾ ദാവീദിൻറെ പുത്രന് ഓശാനയെന്ന് ആർത്തുവിളിച്ചത് ഇവിടെവച്ചാണ്. താഴേക്ക് ഇറങ്ങുന്പോൾ ഈ വഴിയുടെ ഇരുവശത്തും ഇളം മഞ്ഞനിറത്തിലുള്ള കല്ലുകളാൽ തീർത്ത മതിലാണ്. താഴേക്കുള്ള പാത വളവു തിരിയുന്പോൾ അകലെ ജറുസലേം പഴയ പട്ടണം കാണാം. കഷ്ടിച്ച് ഒരു ചതുരശ്രകിലോമീറ്റർ പ്രദേശത്താണ് പഴയ ജറുസലേം സ്ഥിതിചെയ്യുന്നത്. 1981ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇവിടം ഉൾപ്പെടുത്തി. ഓശാന വീഥിയിലേക്ക് എതിരേ നടന്നുകയറുന്നവർ തീരെയില്ലെന്നു പറയാം. കുത്തനെയുള്ള കയറ്റമായതാണ് കാരണം.

തീർഥാടകരെ ലക്ഷ്യമിട്ട് കച്ചവടക്കാർ വിവിധ വസ്തുക്കളുമായി എത്തുന്നുണ്ട്. ചിലർ ചെറിയ വാനിൽ ബാഗുകളും കൗതുകവസ്തുക്കളും കൊണ്ടുനടന്നു വില്ക്കുന്നു. ഇവിടെയും പരിസരത്തമുള്ള പാതകളിലൂടെ യേശു നടന്നതാണ്. അവൻറെ സാമീപ്യം പോലും ആളുകളെ സാന്ത്വനപ്പെടുത്തി, സുഖപ്പെടുത്തി, പാപമോചിതരാക്കി. മനുഷ്യപുത്രനായ യേശു എന്ന പുസ്തകത്തിൽ ന്ധമഗ്ദലന മറിയം പറഞ്ഞത്’ എന്ന അധ്യായത്തിൽ ഖലീൽ ജിബ്രാൻ ക്രിസ്തുവിൻറെ സ്നേഹത്തെക്കുറിച്ചു പറയുന്നുണ്ട്. ക്രിസ്തുവിൻറെയും മഗ്ദലനമറിയത്തിൻറെയും വാക്കുകൾ ഗുരു നിത്യചൈതന്യയതി ഇങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു:
ന്ധഎല്ലാവരും അവർക്കുവേണ്ടി മാത്രം നിന്നെ സ്നേഹിക്കുന്നു. ഞാൻ മാത്രം നിനക്കുവേണ്ടി നിന്നെ സ്നേഹിക്കുന്നു.

പിന്നെ അവൻ നടന്നുമറഞ്ഞു. അവൻ നടന്നുപോയതുപോലെ വേറൊരു പുരുഷനും നടക്കുന്നതു ഞാൻ കണ്ടിട്ടില്ല. എൻറെ തോട്ടത്തിൽനിന്ന് ഉയർന്നുവന്ന ഒരു നിശ്വാസം കിഴക്കേ ദിക്കിലേക്കു നീങ്ങുകയായിരുന്നോ അതോ എല്ലാറ്റിനെയും അവയുടെ തായ്വേരിൽനിന്നു പൊട്ടിച്ചെറിയുന്ന ഒരു കൊടുങ്കാറ്റു രൂപം കൊള്ളുകയായിരുന്നോ എനിക്കറിഞ്ഞുകൂടാ. ആ സായാഹ്നത്തിൽ അവൻ യാത്ര പറയുന്പോൾ അവൻറെ കണ്ണിലെ തീനാളങ്ങൾ എന്നിലെ പിശാചിനെ എരിച്ചുകളഞ്ഞിരുന്നു. ഞാൻ വീണ്ടും ഒരു സ്ത്രീയായി. മറിയം. മഗ്ദലനത്തിലെ മറിയം.

ജറുസലേം ദേവാലയത്തിൽ

ഈ വഴിയിലൂടെയുള്ള കഴുതപ്പുറത്തെ യാത്രയ്ക്കൊടുവിൽ യേശു ജറുസലേം ദേവാലയത്തിൽ പ്രവേശിച്ചു. ന്ധഅവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകിവശായി, ആരാണിവൻ എന്നു ചോദിച്ചു’ (മത്തായി 21:10). ജനക്കൂട്ടത്തിൻറെ ഇളക്കം കണ്ട് രോഷാകുലരായ പ്രധാനപുരോഹിത·ാരോടും നിയമജ്ഞരോടും യേശു ചോദിച്ചത്, ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽ നീ സ്തുതി ഒരുക്കി എന്ന് നിങ്ങൾ വായിച്ചിട്ടില്ലേയെന്നായിരുന്നു.

ദേവാലയത്തിലെത്തിയപ്പോഴും ജനങ്ങൾ ഓശാന വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നാണ് യേശു ദേവാലയത്തിൽ പ്രവേശിച്ച് കച്ചവടക്കാരുടെ ഇരിപ്പിടങ്ങൾ തട്ടിമറിച്ചിടുകയും അവരെയെല്ലാം ചാട്ടവാറിന് അടിച്ചു പുറത്താക്കുകയും ചെയ്തത്. രോഷാകുലനായിരുന്ന യേശു അന്നു ദേവാലയത്തിൽവച്ച് തൻറെ അടുത്തെത്തിയ അന്ധരെയും മുടന്തരെയും സുഖപ്പെടുത്തുകയും ചെയ്തു. ഏറെ നാളായി യേശുവിനെ നോട്ടമിട്ടിരുന്ന പ്രമാണിമാർ ഓശാന ഞായറാഴ്ചത്തെ സംഭവവികാസങ്ങളോടെ രഹസ്യചർച്ചകൾ സജീവമാക്കി.

ഡൊളോറോസ

ഈ ഓശാനവീഥിയിൽനിന്ന് ഏറെ ദൂരമില്ല, 600 മീറ്റർ ദീർഘമായ ഡൊളോറോസയിലേക്ക്. അതിലേയാണ് യേശുവിനെ വധിക്കാനുള്ള കുരിശും തോളിൽ വയ്പിച്ച് കാൽവരിയിലേക്കു കൊണ്ടുപോയത്. ഗാഗുൽത്താമലയെന്നു പേരുണ്ടെങ്കിലും ചെറിയ കയറ്റം മാത്രമുള്ള ഒരു ഇടുങ്ങിയ വഴിയാണ് അത്. ഇരുവശങ്ങളിലും വീടുകളും കച്ചവടസ്ഥാപനങ്ങളും നിറഞ്ഞിരിക്കുന്നു. അതിനിടെ കുരിശിന്‍റെവഴിയിലെ ഒന്പതു സ്ഥലങ്ങളും കാണാം. ബാക്കി അഞ്ചു സ്ഥലങ്ങൾ ഹോളി സെപ്ൾക്കർ ദേവാലയത്തിനുള്ളിലാണ്. ക്രിസ്തുവിൻറെ കുരിശു നാട്ടിയ സ്ഥലവും കല്ലറയുമെല്ലാം ഇവിടെയാണ്.

പെസഹ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയുമായാണ് യേശുവിനെ വിചാരണ ചെയ്തതും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തത്. അഞ്ചുദിവസം മുന്പ് ഓശാന പാടിയവരിൽ പലരും അവനെ ക്രൂശിക്കുക എന്നു വിളിച്ചുകൂവി. അങ്ങനെ ചരിത്രം കാൽവരിയുടെ മുകളിൽ ഒരു കുരിശു നാട്ടി. പിതാവേ, അവരെന്താണു ചെയ്യുന്നതെന്ന് അവർക്കറിയില്ല, അവരോടു ക്ഷമിക്കണമേ എന്നു പറഞ്ഞ് കൊടിയ മർദനങ്ങൾക്കൊടുവിൽ കുരിശിൽ പിടഞ്ഞു മരിച്ച യേശു സ്നേഹത്തിൻറെ അടയാളമായി. ക്രിസ്തുവിനു മുന്പും ക്രിസ്തുവിനു ശേഷവുമെന്ന് കാലം രണ്ടായി വഴിപിരിഞ്ഞു. എല്ലാത്തിനും സാക്ഷിയായി കാൽവരിയിൽ ശിരസു ചായ്ച്ച് ജറുസലേം പട്ടണം ശയിക്കുന്നു, ഇസ്രയേലിൻറെ മടിത്തട്ടിൽ. ഓ.. ജറുസലേം..!

ജോസ് ആൻഡ്രൂസ്