ചിരിക്കും ചിന്തയ്ക്കും 100
അപൂർവതകളിലേക്കു നടന്നു നീങ്ങുകയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ഏപ്രിൽ 27ന് നൂറാം വയസിലേക്ക് പ്രവേശിക്കുന്ന വലിയ മെത്രാപ്പോലീത്തയുടെ ജീവിതം പൗരോഹിത്യ ശുശ്രൂഷയിൽ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹം മെത്രാനായിട്ട് ആറര പതിറ്റാണ്ടിലേക്കടുക്കുന്നു. പ്രായം കൊണ്ടും ഇടയ ശുശ്രൂഷയിലും മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കൊപ്പം നിൽക്കാൻ മറ്റാരുമില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവസഭകൾക്കു മാത്രമല്ല, കേരളീയ സമൂഹത്തിനാകമാനം അദ്ദേഹം വലിയ തിരുമേനി തന്നെയാണ്.

ചിരിയുടെ തന്പുരാനെന്ന് മുദ്ര കുത്തുന്പോഴും ക്രിസോസ്റ്റം തിരുമേനിയുടെ ചിന്തകൾക്ക് അർഥവും ആഴവും വലുതാണ്. നിത്യജീവിതത്തെ ആധ്യാത്മികതയുമായി കൂട്ടിയോജിപ്പിക്കുന്ന കണ്ണി പ്രസംഗമായാലും പ്രവൃത്തിയായാലും ആരാധനയായാലും വേഷത്തിലായാലും ഭക്ഷണത്തിലായാലും ജീവിതത്തിൽ മുഴുവൻ ഇത്തരമൊരു ടച്ച് അദ്ദേഹത്തിനുണ്ട്. സമൂഹം അദ്ദേഹത്തെ ഇഷ്ടപ്പെടാൻ പ്രധാന കാരണവും ഇതു തന്നെയാണ്. തൻറെ മുന്പിൽ എത്തുന്നവരാരെയും അദ്ദേഹം വെറുതെയങ്ങു വിടാറില്ല. ഓർമയിൽ സൂക്ഷിക്കാൻ എന്തെങ്കിലും ഒരു അനുഭവം തരും. ഇംഗ്ലണ്ടുകാരനായ ഒരു ബിഷപ് ഒരിക്കൽ അദ്ദേഹത്തെ കണ്ടു. ഇപ്പോഴും സിംഹവും കരടിയും ആനയുമൊക്കെ ഇന്ത്യയിലെ റോഡുകളിലേക്ക് ഇറങ്ങുമോയെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഫലിതപ്രിയനായ ക്രിസോസ്റ്റം തിരുമേനി തിരിച്ചടിച്ചു - അതൊക്കെ 1947നു മുന്പായിരുന്നു.

നൂറിന്‍റെ നിറവിലേക്ക്

ഇനി ദൈവം എന്നെ ഈ ലോകത്തേക്കു വിടുമെന്ന പ്രതീക്ഷ എനിക്കില്ല. അതുകൊണ്ടാകാം അധികംപേർക്കും സാധിക്കാത്ത നൂറിൻറെ അനുഭവവും എനിക്കു നൽകിയതെന്നാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആമുഖമായി പറഞ്ഞു തുടങ്ങിയത്. ദൈവം എന്നിൽനിന്ന് ആഗ്രഹിച്ചതൊക്കെ നടന്നിട്ടുണ്ടാകില്ല. ദൈവം എനിക്കു തന്നത് ഞാൻ മറ്റുള്ളവർക്ക് കൊടുത്തിട്ടില്ല. അതുകൊണ്ടൊക്കെയാകാം ആരോഗ്യമുള്ള മനസിൻറെ ഉടമയായി എന്നെ ഇപ്പോഴും ലോകത്തു നിർത്തിയിരിക്കുന്നത്. പിന്നെ ദൈവം എൻറെ ജീവിതത്തിൽ ചെയ്തതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനുണ്ടെന്നു ഞാൻ കരുതുന്നില്ല. ദൈവത്തിൻറെ കരുതലും സ്നേഹവുമാണ് എൻറെ ധനം. ഇത് ഞാൻ ആവോളം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

അടുത്ത 27നു നൂറാം പിറന്നാൾ ആഘോഷിക്കുന്പോൾ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരക്കുകളുടെ ലോകത്താണ്. മേയ് മധ്യംവരെ അദ്ദേഹത്തിൻറെ ഡയറിയിൽ തിരക്കിനൊഴിവില്ല. നൂറാം ജ·ദിനവുമായി ബന്ധപ്പെട്ട ആശംസാ സമ്മേളനങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി.
നമ്മൾ ആർക്കാണ് വോട്ടു ചെയ്യുന്നത്. നമ്മളെ കരുതുമെന്നുള്ളവർക്ക്. അഞ്ചുവർഷം കഴിഞ്ഞ് അവർ വീണ്ടും വോട്ടു തേടുന്പോൾ ആദ്യം നമ്മൾ അന്വേഷിക്കുന്നതാകട്ടെ കഴിഞ്ഞതവണ ജയിച്ചശേഷം ഇയാൾ എന്തു ചെയ്തുവെന്നതാണ്. ഓരോരുത്തരെയും ഓരോ ചുമതലയിലേക്ക് ദൈവം അയയ്ക്കുന്പോൾ അവർക്ക് ഉത്തരവാദിത്വങ്ങളും നൽകുന്നു.

എന്നെ ഓരോ പദവിയിലേക്കും ദൈവം കൊണ്ടുവന്നുവെങ്കിൽ അവിടെയെല്ലാം എനിക്ക് ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. മറ്റുള്ളവരുടെ കരുതലാണ് ഇതിൽ പ്രധാന ഉത്തരവാദിത്വമായി ദൈവം എന്നെ ഏല്പിച്ചത്. ഇത് പൂർണമായി നിറവേറ്റാൻ എനിക്കു കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല. എൻറെ പുരയിടത്തിൽ നിന്ന് രണ്ട് വാഴക്കുല ആരോ എടുത്തപ്പോൾ ഞാൻ അയാളെ മോഷ്ടാവ് എന്നു വിളിച്ചുവെങ്കിൽ അവിടെ എൻറെ ഉത്തരവാദിത്വത്തിൽ വീഴ്ചയുണ്ടായി. മറ്റുള്ളവരും ജീവിക്കട്ടെയെന്ന ചിന്ത എൻറെ മനസിൽ നിന്ന് മാഞ്ഞുപോയതുകൊണ്ടാണ് ആവശ്യക്കാരെ മോഷ്ടാവെന്നു വിളിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. സാധാരണ മനുഷ്യനായ എന്നെ ദൈവം എന്തെങ്കിലും ഫലം പുറപ്പെടുവിക്കുമോയെന്നറിയാനാണ് നിർത്തിയിരിക്കുന്നത്.

തിരുമേനിയുടെ വിശാല വീക്ഷണവും മാനുഷികദർശനവുമെല്ലാം സാധാരണക്കാർക്ക് എത്തിക്കാൻ സഹായിച്ചത് രചനയേക്കാൾ നർമരസം തുളുന്പുന്ന പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും കൂടിയാണ്.



ചിരിക്കൊപ്പം ചിന്തകളും

ക്രിസോസ്റ്റം തിരുമേനിയെ കാണുന്പോൾ തന്നെ ആളുകൾ ചിരിക്കാൻ തുടങ്ങും..... അദ്ദേഹത്തിൻറെ പ്രസംഗം കേൾക്കാനിരിക്കുന്നവർക്ക് നിരാശയുണ്ടാകില്ല. നർമം കലർന്നതും ഹാസ്യത്തിൽ പൊതിഞ്ഞതുമായ പ്രസംഗശൈലിയാണ് തിരുമേനിയെ വ്യത്യസ്തനാക്കുന്നത്. നൂറാം വയസിൽ ഇക്കാര്യത്തിൽ അദ്ദേഹത്തിനു പകരക്കാരനില്ല. ഓരോ ചിരിക്കിടയിലും അദ്ദേഹം നൽകുന്നത് മഹത്തായ സന്ദേശങ്ങളാണ്.

ചിരിയെക്കുറിച്ച് ചോദിച്ചാൽ തിരുമേനി പറയും - ഞാൻ പറയുന്നതു കേട്ട് നിങ്ങൾ ചിരിക്കുന്നത് നമുക്ക് രണ്ട് കൂട്ടർക്കും ഭ്രാന്തുള്ളതുകൊണ്ടാണ്. പണ്ട് ഞാൻ ഒരു ഭ്രാന്തനെ കാണാൻ പേരൂർക്കട ആശുപത്രിയിൽ പോയി. ഇയാൾ പണ്ട് എൻറെകൂടെ പഠിച്ചയാളാണ്. ചെറുപ്പം മുതലേ ഞാൻ എന്തെങ്കിലും പറയും ,,, ആളുകൾ ചിരിക്കും. ഇങ്ങനെ ആളുകളെ ചിരിപ്പിക്കുകയെന്നത് എൻറെ ഒരു അനുഭവമായിരുന്നു. ഇതറിയാമായിരുന്ന ഭ്രാന്തൻ എന്നോടു പറഞ്ഞത് - നിൻറെ സോക്കേട് എനിക്കും പിടിച്ചുവെന്നതാണ്. കാരണം അവൻ പറയുന്നതു കേട്ട് ആളുകൾ ചിരിക്കാൻ തുടങ്ങിയപ്പോൾ അവൻറെ മനസിൽ ഓടിയെത്തിയത് എൻറെ മുഖമാണ്.

സ്വർണനാവുകാരൻ മാർ ക്രിസോസ്റ്റം

വിശുദ്ധനായ ജോണ്‍ ക്രിസോസ്റ്റമിൻറെ പേരാണ് 1953 മേയ് 23 മുതൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. മാർത്തോമ്മാ സഭയിലെ റവ.ഫിലിപ്പ് ഉമ്മനെ ബിഷപ്പായി അവരോധിച്ചപ്പോൾ നൽകിയ പേരാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്നത്. മലങ്കര പൈതൃകത്തിലുള്ള സഭയിൽ മാർ ക്രിസോസ്റ്റമിൻറെ പേര് ആദ്യമായി ഉപയോഗിച്ചതും ഇദ്ദേഹമാണ്.

സ്വർണനാവുകാരനെന്ന് അറിയപ്പെട്ട ജോണ്‍ ക്രിസോസ്റ്റം തന്നെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരുമേനി. ഗാന്ധിജി എന്ന പേരു സ്വീകരിച്ചതുകൊണ്ട് എല്ലാവരും മഹാത്മാഗാന്ധി ആകില്ലല്ലോ. അതേപോലെ മാർ ക്രിസോസ്റ്റമെന്ന പേര് എനിക്കുണ്ടെന്നു പറഞ്ഞ് ഞാൻ ജോണ്‍ ക്രിസോസ്റ്റമൊന്നുമായിട്ടില്ല. സാധാരണനിലയിൽ മാർത്തോമ്മാ സഭാധ്യക്ഷനായപ്പോൾ തിരുമേനിയുടെ പേരിൽ മാറ്റം വരേണ്ടതായിരുന്നു. അതുവരെയുണ്ടായിരുന്ന പാരന്പര്യം തത്കാലം മാറ്റിവച്ച് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്തയെന്നുതന്നെ അദ്ദേഹം അറിയപ്പെട്ടു. മാർ ക്രിസോസ്റ്റം എന്ന പേര് അത്രകണ്ട് പൊതുസമൂഹത്തിൽ സ്വീകാര്യമാണ്.

മോഷ്ടാവിനെയും കൊലപാതകിയെയും
സൃഷ്ടിക്കുന്നത് സമൂഹം


വിശാലമായ ലോകത്ത് ജീവിക്കുന്പോൾ നമ്മുടെ ഹൃദയവും വിശാലമാകണമെന്ന് മാർ ക്രിസോസ്റ്റം. മറ്റുള്ളവരുടെ തി·കളാണ് നാം പലപ്പോഴും കാണുന്നത്. പക്ഷേ എല്ലാവരിലും ന·യുടെ ഒരംശം എങ്കിലും ഉണ്ടാകും. അതു കണ്ടെത്തുകയെന്നതാണ് പ്രയാസം. നമ്മുടെ പ്ലാവിൽ നിന്ന് ഒരാൾ ചക്കയിട്ടാൽ അതു മോഷണമായി നാം കാണും. പക്ഷേ ആ ചക്ക പഴുത്ത് പൊഴിഞ്ഞുപോയാൽ നമ്മുടെ മനസ് വേദനിക്കാറില്ല. എന്നാൽ ഒരാൾ ചക്ക ചോദിച്ചാൽ നാം കൊടുക്കാൻ മടിക്കും. നാം അറിയാതെ ചക്ക ഇട്ടാൽ മോഷണവുമാകും. ചക്ക ഒരു പക്ഷേ അദ്ദേഹത്തിന് ആഹാരമായിട്ടായിരിക്കാം. അല്ലെങ്കിൽ ചക്ക വിറ്റിട്ട് അയാൾ അരി വാങ്ങിയിട്ടുണ്ടാകും. ചക്ക വേണമെന്നത് അവൻറെ ആവശ്യമായിരുന്നു. ആ ആവശ്യത്തിൽ കൂട്ടായി നിൽക്കാൻ പലപ്പോഴും നമുക്ക് കഴിയുന്നില്ല.

അന്യൻറെ ആവശ്യങ്ങളിൽ നാം കരുതാൻ തയാറാകാത്തപ്പോഴാണ് കള്ള·ാരും കൊലപാതകികളുമൊക്കെ സൃഷ്ടിക്കപ്പെടുന്നതെന്നാണ് തിരുമേനിയുടെ അഭിപ്രായം. ഓട്ടോറിക്ഷ സ്റ്റാൻഡിൽ ടിവി വാങ്ങി നൽകി അവരുടെ നേരന്പോക്കുകൾക്ക് അർഥം നൽകിയത് മാർ ക്രിസോസ്റ്റമാണ്. വഴിയരികിൽ വിശന്നിരിക്കുന്നവർക്ക് എല്ലാദിവസവും ഉച്ചഭക്ഷണം നൽകാൻ മീൽസ് ഓണ്‍ വീൽസ് പദ്ധതിക്കു തുടക്കമിട്ടത് അദ്ദേഹമാണ്. ഓട്ടോറിക്ഷക്കാരെ സന്പാദ്യശീലത്തിലേക്കു കൊണ്ടുവരാൻ പഠിപ്പിച്ച ബാങ്കിംഗ് പദ്ധതി അദ്ദേഹത്തിൻറെതാണ്. തിരുവല്ല റെയിൽവേ കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ പദ്ധതിയിട്ടതും പഠിക്കാൻ നിർവാഹമില്ലാതിരുന്ന കുട്ടികളെ പഠിപ്പിച്ചു വളർത്തിയതുമെല്ലാം അദ്ദേഹത്തിൻറെ ക്രിസ്തീയ ദർശനങ്ങളുടെ ഭാഗമായാണ്.

കള്ളിനെങ്കിലും അത്യാർത്തി ഒഴിവാക്കിക്കൂടെ

മദ്യത്തിൻറെ ഉപഭോഗത്തെക്കുറിച്ച് തിരുമേനി പറഞ്ഞുവരുന്പോൾ പലപ്പോഴും കരുതും അദ്ദേഹം മദ്യപാനത്തെ അനുകൂലിക്കുകയാണോയെന്ന്. അങ്ങനെയല്ല. മദ്യപാനിയുടെ പക്ഷം ചേർന്നുകൊണ്ടായിരിക്കും അദ്ദേഹം അഭിപ്രായം പറയുക. കാരണം കുടിക്കുന്നവനു പറയാനുള്ളത് നാം കേൾക്കാൻ തയാറാകണമെന്നും അവനെ ഒറ്റപ്പെടുത്തിക്കൂടെന്നും തിരുമേനി പറയും.

പലരെയും കുടുംബപ്രശ്നങ്ങളാണ് മദ്യപാനത്തിലേക്കു നയിക്കുന്നത്. അംഗീകാരം ലഭിക്കാതെ പോകുന്പോൾ കള്ള് കുടിക്കണമെന്നു തോന്നുന്നവരുണ്ട്. ഭാര്യയുടെ മുന്പിൽ തല ഉയർത്തി നിൽക്കാൻ രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ കയറുന്നവരുണ്ട്. അത്തരത്തിൽ തല ഉയർത്തണമെന്ന് അയാൾക്ക് തോന്നുന്നെങ്കിൽ ആ ഭാര്യയ്ക്കും എന്തെങ്കിലും കുഴപ്പം കണ്ടേക്കാം.

കള്ളുഷാപ്പ് നിർത്തണമെന്ന സമരങ്ങൾക്കെത്തുന്പോൾ പലപ്പോഴും ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതായി വരുന്നുണ്ട്. കേരളീയൻറെ കുടിയാണ് പലപ്പോഴും നമ്മെ നശിപ്പിക്കുന്നതെന്ന് വിദേശ സായ്പൻമാർ എന്നോടു പറഞ്ഞിട്ടുണ്ട്. അവർ ഒരു മണിക്കൂറെടുത്ത് അകത്താക്കുന്നത് നമ്മൾ അഞ്ചു മിനിട്ടിൽ ഉള്ളിലാക്കുമത്രേ. അമിത താത്പര്യവും അത്യാർത്തിയുമാണ് കള്ളുകുടിയിലും മലയാളിയെ മുന്പിലെത്തിച്ചത്.

കള്ള് കുടിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ആളുകൾക്കു സ്വയം ബോധ്യപ്പെടണം. ലഭ്യത കുറയ്ക്കുന്നത് ഇതിനൊരു പരിധിവരെ സഹായം ചെയ്യും. സാധനം ഇല്ലാതെ വരുന്പോൾ കുടിച്ചേ മതിയാകൂവെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് എൻറെ വിശ്വാസം. മറ്റുള്ളവരെ നശിപ്പിച്ചുകൊണ്ടുള്ള വരുമാനം വേണ്ടെന്നു വയ്ക്കാൻ സർക്കാരും തയാറാകണം.

അപൂർവതകൾ അനുഗ്രഹമാക്കി

ജീവിതത്തിൽ നിരവധി ആഘോഷങ്ങൾക്ക് തനിക്ക് അവസരമുണ്ടായിട്ടുണ്ടെന്ന് തിരുമേനി. തിരുമേനിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഓരോ ആഘോഷത്തിനും മാർത്തോമ്മാ സഭ പ്രത്യേക പദ്ധതികൾ നടപ്പാക്കി. ജീവകാരുണ്യത്തിനു പ്രാധാന്യം നൽകിയുള്ള പ്രോജക്ടുകളായിരുന്നു ഇവയിലേറെയും. ഇതേക്കുറിച്ച് സ്വന്തം ശൈലിയിൽ മറ്റൊരു വിശദീകരണം കൂടി മാർ ക്രിസോസ്റ്റമിനുണ്ട്. സാധാരണ ആളുകൾക്ക് അറുപതും എഴുപതും വർഷംകൊണ്ടു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് ദൈവം കൂടുതൽ വർഷം നൽകി. സാധാരണക്കാർക്ക് വേഗത്തിൽ സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് 100 വർഷമെങ്കിലും വേണമെന്ന് ദൈവത്തിനറിയാം. മുടന്തുള്ളവർക്ക് സാധാരണക്കാരെക്കാൾ കൂടുതൽ സമയം വേണമല്ലോ. ദൈവം നൽകിയതിനെയെല്ലാം ഞാൻ അനുഗ്രഹമായി കണ്ടു.

ശതാഭിഷേക വേളയിലാണ് കാൻസറെന്നെ പിടികൂടിയത്. അതുമൊരു അനുഗ്രഹമായി. ഞാൻ കാൻസറിനെ പിടികൂടിയെന്നാണ് ചികിത്സിച്ചവർ പറയുന്നത്. കാൻസർ രോഗം വന്നപ്പോൾ ഞാൻ ഏറെ ചിന്തിച്ചു. കാൻസറൊപ്പമുണ്ടെന്ന് ഡോക്ടർമാരേക്കാൾ മുന്പേ ഞാൻ മനസിലാക്കി. എൻറെ സഭാജനം എനിക്കുവേണ്ടി പ്രാർഥിച്ചു. പിന്നീട് ഈ രോഗത്തിൻറെ ചികിത്സാരീതികൾ, ചെലവുകൾ എല്ലാം ഞാൻ പഠിച്ചു. ഇതനുസരിച്ച് പ്രവർത്തിക്കാനും ആളുകളെ ബോധവത്കരിക്കാനുമൊക്കെ ഞാൻ ശ്രമിച്ചു.

ലോകം തന്നെ സ്വർഗം

ലോകം സ്വർഗമാക്കാനാണ് ദൈവം നമ്മെ ഇങ്ങോട്ട് അയച്ചത്.നാം ഇതിനെ നരകമാക്കി. അന്യൻ എൻറെ ആവശ്യമാണ്. ഞാൻ അന്യൻറെ ആവശ്യവുമാണ്. ഇങ്ങനെ വരുന്പോൾ പ്രകൃതിയെ നമുക്ക് തള്ളാനാകില്ല. പന്പയുടെ തീരത്താണ് എൻറെ കുട്ടിക്കാലം. വാർധക്യത്തിലും ഇവിടെതന്നെ എത്തിയിരിക്കുന്നു. ലോകജീവിതത്തിൽ എനിക്കു നിരാശയില്ല. ദൈവം പലപ്പോഴും ഇതെന്നോടു ചോദിച്ചിട്ടുണ്ട്. ലോകം ദൈവത്തിൻറെ ദാനമല്ലേ.. അതു നമുക്കു നൽകിയ ദൈവത്തോടു നിരാശ പറഞ്ഞിട്ടെന്താണ് കാര്യം. പന്പാനദിയും ഗ്രാമവും കൃഷികളുമൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

അരമനയുടെ പരിസരത്ത് അദ്ദേഹത്തിന് ഇന്നും ധാരാളം കൃഷികളുണ്ട്. വളർത്തു മൃഗങ്ങളും പക്ഷികളുമൊക്കെ കൂട്ടിനുണ്ട്. ആർഭാടങ്ങൾ പലപ്പോഴും നമ്മെയും പ്രകൃതിയെയും നശിപ്പിക്കുന്നു. അമിതഭക്ഷണമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. നമ്മുടെ അനാവശ്യങ്ങൾ പലതും പലരുടെയും ആവശ്യമായേക്കാം. ഇതു മനസിലാക്കാതെ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം മുഖവിലയ്ക്കെടുക്കുന്പോൾ സാമൂഹികമായ ചിന്തകളും താത്പര്യങ്ങളും നാം വിസ്മരിക്കുകയാണ്.

ക്രിസ്തുശൈലിയിൽ അതിഗഹനമായ സത്യങ്ങൾ, വളരെ ലളിതമായി കഥകളിലൂടെയും സാധാരണ മനുഷ്യൻറെ ജീവിതവ്യാപാരങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഉദാഹരണങ്ങളിലൂടെയുമാണ് അവതരിപ്പിക്കുന്നത്. ജീവിതഗന്ധിയായ ഇത്തരം അനുഭവകഥകൾ സാധാരണക്കാരൻറെ മനസിനെ സ്വാധീനിക്കുന്നു. തിരുമേനി വൈദികനായിരിക്കുന്പോൾ താമസിച്ചിരുന്ന സ്ഥലത്ത് പാൽ എത്തിച്ചുകൊണ്ടിരുന്നയാൾ സ്ഥിരമായി പാലിൽ വെള്ളം ചേർത്ത് എത്തിച്ചിരുന്നു. ഇതറിഞ്ഞ ജോലിക്കാർ അദ്ദേഹത്തെ വിവരം അറിയിച്ചു. പിറ്റേന്നു രാവിലെ പാലുമായി ആളെത്തിയപ്പോൾ അയാളെ കണ്ട അന്നത്തെ ഫിലിപ്പ് ഉമ്മൻ അച്ചൻ പറഞ്ഞു.

ഞങ്ങൾ പാലിൽ വെള്ളം ചേർത്താണ് ഉപയോഗിക്കുന്നത്. ഇയാൾ ഇവിടെവന്ന് വെള്ളം ഒഴിച്ചോളൂ. ഞങ്ങൾ ഇവിടെ വെള്ളം വച്ചിരിക്കുമെന്നാണ്. പിന്നീട് ആ പാൽക്കാരൻ ഒരിക്കൽപോലും പാലിൽ വെള്ളം ചേർത്ത് അച്ചനു നൽകിയിട്ടില്ല. ക്രിസോസ്റ്റം തിരുമേനി ആരെയും ഉപദേശിക്കാറില്ല. പക്ഷേ അവരോടു ഹാസ്യം പറയാറുണ്ട്. ഹാസ്യം തിരുത്തൽ ശക്തിയാകുമെങ്കിൽ അതാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം...

ജീവിതരേഖ: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

1918 ഏപ്രിൽ 27ന് മാർത്തോമ്മാ സഭയുടെ വികാരി ജനറാളായിരുന്ന കലമണ്ണിൽ റവ.കെ.ഇ. ഉമ്മൻറെയും ശോശാമ്മയുടെയും മകനായി ജനനം. ധർമിഷ്ഠൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഫിലിപ്പ് ഉമ്മൻ നീതിക്കും ധർമത്തിനുംവേണ്ടി നിലകൊള്ളുകയെന്നത് ചെറുപ്പം മുതൽ ജീവിതവ്രതമായി സ്വീകരിച്ചു. മാരാമണ്, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ ബിരുദം സന്പാദിച്ചു.

1940 മുതൽ 1942 വരെ അങ്കോലയിൽ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടു. ബംഗളൂരു യുടി കോളജിൽ നിന്ന് ദൈവശാസ്ത്ര പഠനം നടത്തി. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. ജൂണ്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. ബംഗളൂരു തന്നെയായിരുന്നു വൈദികനായപ്പോഴും ആദ്യ പ്രവർത്തന മേഖല. കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം മാർത്തോമ്മാ ഇടവകകളിൽ വികാരിയായി. 1953 മേയ് 20ന് റന്പാൻ പട്ടം സ്വീകരിച്ചു. മേയ് 23ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ സഭയിൽ എപ്പിസ്കോപ്പ (ബിഷപ്പ്) ആയി. ഉപരിപഠനത്തിന് ഇംഗ്ലണ്ടിലെ കാൻറർബറി സെൻറ് അഗസ്റ്റിൻ കോളജിൽ ചേർന്നു. 1954ൽ കുന്നംകുളം ഭദ്രാസനത്തിൻറെ ചുമതലയേറ്റു. അതോടൊപ്പം മാർത്തോമ്മാ സഭ വൈദിക സെമിനാരിയുടെ ചുമതലയും വഹിച്ചു. സഭയുടെ മിഷനറി ചുമതലയിലും അടൂർ - കൊട്ടാരക്കര, തിരുവനന്തപുരം - കൊല്ലം, അടൂർ - മാവേലിക്കര, റാന്നി - നിലയ്ക്കൽ, ചെങ്ങന്നൂർ - തുന്പമണ്‍ ഭദ്രാസനങ്ങളുടെ ബിഷപ്പായും പ്രവർത്തിച്ചു.

1978 മേയിൽ സഫ്രഗൻ മെത്രാപ്പോലീത്തയായും 1999 മാർച്ച് 15ന് ഒഫീഷിയേറ്റിംഗ് മെത്രാപ്പോലീത്തയും ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പോലീത്തയായും ചുമതലയേറ്റു. സഭയുടെ ഭരണച്ചുമതലയിൽ നിന്ന് സ്വയം പിൻമാറിയ അദ്ദേഹത്തെ 2007 ഒക്ടോബർ രണ്ടിന് മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്ഥാനത്തേക്കുയർത്തി. മാരാമണ്ണിൽ സഭ നൽകിയിട്ടുള്ള ബിഷപ്സ് ഹൗസിൽ താമസിക്കുന്നു. നൂറാം വയസിലേക്കു പ്രവേശിക്കുന്പോഴും മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരക്കുകളുടെ ലോകത്താണ്. ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും അദ്ദേഹം അധികം വിശ്രമിക്കാറില്ല. തിരുമേനിയുടെ സാന്നിധ്യവും വാക്കുകളും ഇന്നും സമൂഹം ഏറെ ആദരവോടെ നോക്കിക്കാണുന്നു.

ബിജു കുര്യൻ