കവിത വിളഞ്ഞ ഹൃദയം
മരുന്നുലായിനിയിൽ കുതിർന്നുകിടന്ന ആ കവിഹൃദയത്തിലൂടെ മെഡിക്കൽ വിദ്യാർഥികളുടെ മിന്നൽപ്പിണർപോലെ മൂർച്ചയുള്ള കത്തികൾ പലതവണ പാഞ്ഞിരിക്കും. വാക്കുകൾ ചോരയായൊഴുകിയ ആ ഹൃദയം എങ്ങനെ നിലച്ചുപോയെന്ന് ഒരുവേള വിദ്യാർഥികൾ ആശ്ചര്യപ്പെടുകയും ചെയ്തിരിക്കും. അതെ, അത് ഹിന്ദി സിനിമയിലെ പ്രശസ്തനായൊരു ഗാനരചയിതാവിൻറെ, നടൻറെ ഹൃദയമാണ്. ഗുൽഷൻ കുമാർ മേത്തയെന്ന ഗുൽഷൻ ബാവ്രയുടെ...

മേരേ ദേശ് കി ധർത്തീ (ഉപ്കാർ), യാരീ ഹേ ഇമാൻ മേരാ (സൻജീർ), കസ്മേ വാദേ നിഭായേംഗെ ഹം (കസ്മേ വാദേ) തുടങ്ങിയ പാട്ടുകൾ മാത്രംമതി ഗുൽഷൻ ബാവ്രയുടെ പ്രതിഭയെക്കുറിച്ചു സംസാരിക്കാൻ. ഇരുനൂറ്റന്പതോളം പാട്ടുകളെഴുതിയ അദ്ദേഹം 2009ൽ എഴുപത്തിരണ്ടാം വയസിലാണ് ഹൃദ്രോഗംമൂലം മരണത്തിനു കീഴടങ്ങിയത്. വർഷങ്ങൾക്കുമുന്പ് വീട്ടുകാരുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം ഒരാഗ്രഹം പങ്കുവച്ചിരുന്നു- മരണശേഷം എൻറെ ശരീരം സംസ്കരിക്കരുത്. അത് മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാൻ വിട്ടുകൊടുക്കുക. അങ്ങനെ ബാവ്രയുടെ ഭൗതികദേഹം മുംബൈയിലെ ജെ.ജെ. ഹോസ്പിറ്റലിലെ അനാട്ടമി ടേബിളിലെത്തി. പാട്ടുപകർന്ന ഹൃദയം പാഠപുസ്തകമായി...

ഗുൽഷൻ എന്ന കിറുക്കൻ

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ശെയ്ഖുപുരയിൽ 1937 ഏപ്രിൽ 12നാണ് ഗുൽഷൻ കുമാർ മേത്ത ജനിച്ചത്. പിന്നീടദ്ദേഹം സ്വയം കല്പിച്ച പേരാണ് ഗുൽഷൻ ബാവ്ര എന്നത്. ഗുൽഷൻ എന്ന കിറുക്കൻ എന്നാണ് ആ വിളിപ്പേരിൻറെ അർഥം. പൂക്കളിൽനിന്ന് പൂക്കളിലേക്കു പറക്കുന്ന വണ്ടിനെപ്പോലെ അലഞ്ഞുതിരിയുന്നവൻ എന്നും പറയാം. അദ്ദേഹം പറന്നത് പാട്ടുകളിൽനിന്ന് പാട്ടുകളിലേക്കാണെന്നുമാത്രം. വിഭജനകാലത്തെ കലാപത്തിൽ സ്വന്തം പിതാവടക്കമുള്ള ബന്ധുക്കളുടെ മരണം കണ്‍മുന്നിൽ കാണേണ്ടിവന്നത് ഒരുപക്ഷേ ആ പേരിടലിനെ സ്വാധീനിച്ചിരുന്നിരിക്കാം. പിതാവിൻറെ മരണശേഷം ജയ്പൂരിലും ഡൽഹിയിലുമായി മൂത്ത സഹോദരങ്ങളാണ് ഗുൽഷനെ വളർത്തിയത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് കവിതകൾ എഴുതിത്തുടങ്ങി. കവിതയുടെ പൂക്കൾ വിടർന്നുതുടങ്ങി.

സിനിമാമോഹം

ബിരുദപഠനത്തിനുശേഷം ജോലിക്കും സിനിമാ പ്രവേശനത്തിനുമായുള്ള ശ്രമങ്ങളായിരുന്നു. റെയിൽവേയിൽ ജോലി അറിയിപ്പുലഭിച്ച് രാജസ്ഥാനിലെ കോഠയിലെത്തുന്പോഴേക്കും ആ ഒഴിവിൽ വേറെയാളെ നിയമിച്ചു. ഭാഗ്യത്തിന് വൈകാതെ മുംബൈയിൽ ജോലികിട്ടി. 1955ലായിരുന്നു അത്. സിനിമയിൽ ഒരവസരംകിട്ടാൻ അദ്ദേഹം ആവതു ശ്രമിച്ചു. ഒടുവിൽ കല്യാണ്‍ജിയുടെ രൂപത്തിൽ ഗുൽഷനുമുന്നിൽ വഴി തുറക്കപ്പെട്ടു. കല്യാണ്‍ജി-ആനന്ദ്ജി കാലത്തിനുമുന്പ് കല്യാണ്‍ജി ഒറ്റയ്ക്കു ഈണങ്ങളൊരുക്കിയിരുന്ന വേളയാണ്. 1959ൽ ഇറങ്ങിയ ചന്ദ്രസേന എന്ന ചിത്രത്തിലെ മേ ക്യാ ജാനൂ കഹാ ലാഗേ എന്നുതുടങ്ങുന്നതായിരുന്നു ഗുൽഷൻറെ ആദ്യ സിനിമാഗാനം. പിന്നീട് ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ എന്നിവരടക്കമുള്ള സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ഉപ്കാർ, സൻജീർ, ഖേൽ ഖേൽ മേ, കസ്മേ വാദേ, സത്തേ പേ സത്ത തുടങ്ങിയ ചിത്രങ്ങൾക്കായി അദ്ദേഹമെഴുതിയ ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്.

സ്വർണം വിളഞ്ഞ പാട്ട്

ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മേരേ ദേശ് കി ധർത്തീ എന്ന പാട്ടു പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ടാവുകയാണ്. മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം ഗുൽഷൻ ബാവ്രയ്ക്കു നേടിക്കൊടുത്തിരുന്നു ഈ ഗാനം. കല്യാണ്‍ജി-ആനന്ദ്ജിയുടെ ഈണത്തിൽ ഈ പാട്ടുപാടിയത് മഹേന്ദ്ര കപൂറാണ്. ഇതിലെ ഓരോ വാക്കുകളിലും ഗുൽഷൻ ജീവിക്കുന്നു- നിർമാതാവും നടനുമായ മനോജ് കുമാർ തൻറെ സുഹൃത്തിനെ ഓർമിക്കുന്നതിങ്ങനെ. സിനിമയിൽ വരുന്നതിനു മുന്പേ ഞങ്ങൾക്കു പരസ്പരമറിയാം. എനിക്കു ഗുൽഷൻ കുടുംബാംഗം തന്നെയായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം- മനോജ് കുമാർ പറയുന്നു.

അനശ്വരമാണ് മേരേ ദേശ് കി ധർത്തീ എന്ന പാട്ട്. മഹേന്ദ്ര കപൂർജി അതിമനോഹരമായാണ് അതു പാടിയത്. ഒരിക്കൽ ഞാനും ഗുൽഷനും ഒരു ദേവാലയത്തിൽ പോയി. കാറിൽ മടങ്ങുന്പോൾ അദ്ദേഹം വെറുതെ പാടിക്കൊണ്ടിരുന്നു- മേരേ ദേശ് കീ ധർത്തീ സോനാ ഉഗലേ... ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ വരികൾ മനസിൽ മൂളിക്കൊണ്ടിരുന്നു. രണ്ടുമൂന്നു വർഷങ്ങൾക്കുശേഷം ഉപ്കാർ എന്ന സിനിമയെടുത്തപ്പോൾ പാട്ടുകൾക്കായി കല്യാണ്‍ജി-ആനന്ദ്ജിയെ ചെന്നുകണ്ടു. സ്ക്രിപ്റ്റ് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ഗുൽഷനെ വിളിച്ച് പാട്ടിൻറെ സാഹചര്യവും വിശദീകരിച്ചു. പെട്ടെന്നാണ് എനിക്ക് ആ പഴയ വരികൾ ഓർമവന്നത്. ദേവാലയത്തിൽനിന്നു മടങ്ങുന്പോൾ ഗുൽഷൻ മൂളിയ വരികൾ. അതെന്തുകൊണ്ട് എൻറെ മനസിൽ മായാതെ കിടന്നു എന്നറിയില്ല. ആ ആശയംതന്നെ മതി പാട്ടിന് എന്നു തീരുമാനിച്ചു.

എഴുതി പൂർത്തിയാക്കിയപ്പോൾ എനിക്ക് ചില വരികളോട് ഇഷ്ടംതോന്നിയില്ല. മാറ്റണമെന്നു പറഞ്ഞപ്പോൾ ഗുൽഷനും കല്യാണ്‍ജിയും എതിർത്തു. പക്ഷേ ഞാൻ എൻറെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഒരു മണിക്കൂറിനുശേഷം ഗുൽഷൻ പറഞ്ഞു- കൊള്ളാം, ഇങ്ങനെത്തന്നെ ആക്കാം!
ഇതാണ് ആ പാട്ടുവന്ന വഴി. ശേഷം ചരിത്രമാണ്.

അഭിനയം, അനുഭവം

മികച്ച സ്വഭാവനടനുമായിരുന്നു ഗുൽഷൻ. പവിത്രപാപി (1970) മുതൽ ബോക്സർ (1984) വരെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1999ൽ പുറത്തിറങ്ങിയ ഝുൽമി ആയിരുന്നു ഗാനരചയിതാവ് എന്ന നിലയിൽ അവസാന ചിത്രം. ഹഖീഖത് (1995) എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ ലേ പപ്പിയാ ഛപിയാ പാലേ ഹം എന്ന പാട്ടായിരുന്നു അവസാനത്തെ ഹിറ്റ്. എഴുത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അതുവരെ തയാറാകാതിരുന്ന ഗുൽഷൻ ആ പാട്ടിൻറെ പേരിൽ പഴികേട്ടു. ദ്വയാർഥ പ്രയോഗങ്ങളുള്ളതായിരുന്നു ആ പാട്ട്. സമ്മർദ്ദങ്ങൾക്കു വഴങ്ങി എഴുതേണ്ടിവന്നതായിരിക്കണം.

ശേഷം രോഗങ്ങളുടെ സമ്മർദ്ദകാലമായിരുന്നു. അർബുദവും തുടർചികിത്സകളും അദ്ദേഹത്തെ ക്ഷീണിതനാക്കി. മിമിക്രി കാട്ടി എല്ലാവരെയും ചിരിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗുൽഷൻ കവിതയും ചിരിയുമില്ലാത്ത ലോകത്തായി. ഒടുക്കം ആ ഹൃദയം നിലയ്ക്കുകയും ചെയ്തു. മനോജ് കുമാർ വിശേഷിപ്പിച്ചപോലെ ആ അദ്ഭുതമനുഷ്യൻ മടങ്ങി. ഹൃദയം പാടിക്കൊണ്ടിരിക്കുന്നു.

ഹരിപ്രസാദ്