ചില അമേരിക്കൻ വിശേഷങ്ങൾ
അമേരിക്കയിലുള്ള മോളുടെ കുട്ടിയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. പോകാതിരിക്കാൻ പറ്റുമോ അങ്ങനെ ഇക്കഴിഞ്ഞ മേയ് 10-ാം തീയതി ബോസ്റ്റണിൽ വിമാനമിറങ്ങി. ഒരുമണിക്കൂർ കാർയാത്ര ചെയ്ത് ന്യൂഹാംഷെയർ സംസ്ഥാനത്തുള്ള സ്ട്രാറ്റം എന്ന ടൗണിലെത്തി. മേയ്മാസമാണെങ്കിലും സാമാന്യം നല്ല തണുപ്പ്. രാവിലെ 1 ഡിഗ്രിയും ഉച്ചകഴിയുന്പോഴേക്കും 10 ഡിഗ്രിവരെയുമാണ് താപനില. പൊതുവേ സുഖകരമായ കാലാവസ്ഥ. മനോഹരമായ അന്തരീക്ഷം. കഠിനമായ ഒരു തണുപ്പുകാലത്തിനു ശേഷം ഹേമന്തത്തിലേക്കു കടന്നതോടെ സസ്യലതാദികൾക്കും സന്തോഷം. അവ തളിരിലകളും പൂമൊട്ടുകളും പുറപ്പെടുവിക്കാൻ തുടങ്ങിയിരിക്കുന്നു. വീടുകൾക്കു മുൻപിലുള്ള പുൽത്തകിടികൾ മനോഹരമായി വെട്ടിയെടുത്ത് എവിടെയും പച്ചപ്പരവതാനി വിരിച്ചതുപോലെ. വെളുപ്പിന് നാലരമണിയോടെ പ്രകാശം പരന്നുതുടങ്ങുന്നു. സാന്ധ്യപ്രകാശം എട്ടരമണിവരെ ഉണ്ട്. ജൂണ്‍ മാസത്തോടെ പകലിൻറെ ദൈർഘ്യം ഇനിയും കൂടും.

സ്ട്രാറ്റം ഒരു കൊച്ചു ടൗണാണ്. സ്ഥാപിതമായിട്ട് 10-15 വർഷങ്ങളേ ആയിട്ടുള്ളൂ. എല്ലാം മനോഹരമായ വലിയ വീടുകൾ. വീടുകൾക്കു ചുറ്റും പുല്ല് കൃത്യമായി വെട്ടിനിർത്തിയിട്ടുള്ള വലിയ പുൽത്തകിടികൾ. ആപ്പിൾ മരങ്ങളും ചെറിമരങ്ങളും പൂവിട്ടുതുടങ്ങി. സ്ട്രോബെറി ചെടികൾ മത്സരിച്ചു വളരുന്നു. സ്ട്രാറ്റത്തിൻറെ ഏറിയ ഭാഗവും അതേ പേരിലുള്ള ഒരു വലിയ കുടുംബത്തിൻറെ വകയായിരുന്നുവത്രേ. ഈ കുടുംബത്തിലെ ഒരു കാർന്നോത്തി ഏതോ കാരണത്താൽ തൻറെ പേരിലുള്ള സ്ഥലത്തിൻറെ ഏറിയന്ധാഗവും വിറ്റു. അവരിൽനിന്നു വാങ്ങിയ ആറ് ഏക്കർ സ്ഥലത്താണ് മകളും കുടുംബവും താമസിക്കുന്നത്. ഇതോടു ചേർന്ന് വനമായി കിടക്കുന്ന അഞ്ച് ഏക്കർ സ്ഥലം ഇപ്പോഴും സ്ട്രാറ്റം അമ്മായിയുടെ ഉടമസ്ഥതയിൽത്തന്നെയാണ്. സ്ഥലം മിക്കവാറും വിറ്റുകഴിഞ്ഞപ്പോൾ അമ്മായിക്ക് വല്ലാത്തൊരു നഷ്ടബോധം. എന്നിട്ട് അവർ ഒരു പ്രമാണമെഴുതി രജിസ്റ്ററാക്കി, ബാക്കിയുള്ള അഞ്ച് ഏക്കർ സ്ഥലം അങ്ങനെ വനമായിത്തന്നെ നിലനിൽക്കണം.

ഇനിവരുന്ന തലമുറകൾക്കുപോലും അത് സ്വന്തമാക്കാനോ ചെറിയ മാറ്റംവരുത്താനോ അവകാശമില്ല. (നമ്മുടെ നാട്ടിൻപുറങ്ങളിൽ പണ്ടൊക്കെ അതിര് തിരിച്ചറിയാൻ കല്ലുപുര - വലിയ കല്ലുകൾ ഒരു മതിൽപോലെ അടുക്കിവച്ചത് - ഉണ്ടാക്കിവച്ചിരുന്നതു പോലെ കല്ലുപുരകളാണ് സ്ട്രാറ്റത്തിൻറെ പല ഭാഗത്തും ഇപ്പോഴും അതിരുകളായി ഉപയോഗിക്കുന്നത്). ഈ അഞ്ചേക്കർ വനത്തിൽ മുള്ളൻപന്നികളും ടർക്കിപോലുള്ള വന്യജീവികളുമുണ്ട്. ഇവ അതിരുകടന്ന് അടുത്ത പറന്പിലെങ്ങാനും കയറിയാൽ അവയെ വെടിവയ്ക്കാനും ഭക്ഷണമാക്കാനും അമ്മായി അനുവദിച്ചിട്ടുണ്ട്.



എക്സിറ്റർ ടൗണ്‍

സ്ട്രാറ്റത്തിൽനിന്ന് പത്തു മൈൽ മാത്രം അകലത്തിലുള്ള ഒരു ടൗണാണ് എക്സിറ്റർ. ചരിത്രം കുറെയുണ്ട് എക്സിറ്ററിനു പറയാൻ. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ടൗണുകളിലൊന്നാണ് എക്സിറ്റർ. 1638 ലാണ് അത് സ്ഥാപിക്കപ്പെട്ടത്. കെട്ടിടങ്ങളെല്ലാംതന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ളത്. മിക്കവയിലും മുൻവശത്ത്, നിർമിക്കപ്പെട്ട വർഷവും എഴുതിവച്ചിട്ടുണ്ട്. എഡി 1700 കളിലെ കെട്ടിടങ്ങൾ കുറേയുണ്ട്. ചരിത്രത്തിൻറെ മുഖക്കുറിപ്പുമായി നിൽക്കുന്ന ഈ പഴയ കെട്ടിടങ്ങൾക്ക് ഒരു മാറ്റവും വരുത്താൻ എക്സിറ്റർ ടൗണ്‍ഷിപ് അനുവദിക്കില്ല. ഒഴിച്ചുകൂടാൻ പറ്റാത്ത മാറ്റങ്ങളാണെങ്കിൽപോലും അവിടത്തെ ആർക്കിയോളജി ഡിപ്പാർട്ട്മെൻറിൻറെ അനുവാദത്തോടും മേൽനോട്ടത്തിലും മാത്രമേ പാടുള്ളൂ. പഴയ നിർമിതികളോട് താത്പര്യമുള്ളവർക്ക് യാതൊരു മാറ്റവും വരുത്തിക്കൂടാ എന്ന കർശനവ്യവസ്ഥയിൽ കെട്ടിടങ്ങൾ വാങ്ങാൻ അനുവാദമുണ്ട്.

അമേരിക്കയിലെ ആദ്യകാല തുണിമില്ലുകളൊക്കെത്തന്നെ എക്സിറ്ററിലായിരുന്നു. അവിടെ നിർമിച്ചിരുന്ന തുണിത്തരങ്ങൾ ലോകത്തിൻറെ നാനാഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ തൊഴിലാളികളുടെ ദൗർലഭ്യംകൊണ്ടും ഉയർന്ന നിർമാണച്ചെലവുകൊണ്ടും വസ്ത്രനിർമാണം ഇവിടെ നടക്കുന്നതേയില്ല. എങ്കിലും പരുത്തിക്കൃഷിയുള്ള സംസ്ഥാനങ്ങളിൽ നിന്നെല്ലാം പഞ്ഞി ഇവിടെയാണെത്തുന്നത്. അത് ചൈനയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ചൈനക്കാർ അതു വാങ്ങി തുണിത്തരങ്ങളാക്കി അമേരിക്കയ്ക്കുതന്നെ വിൽക്കുന്നു. ഇതു വിചിത്രമായി തോന്നാമെങ്കിലും ആദ്യം പറഞ്ഞ കാരണങ്ങൾകൊണ്ടാണിങ്ങനെ. ഇതുവഴി ചൈനക്കാർക്ക് വലിയൊരു വ്യവസായവും അമേരിക്കക്കാർക്ക് കുറഞ്ഞ ചെലവിൽ കോട്ടണ്‍ വസ്ത്രങ്ങളും ലഭിക്കുന്നു.

ഇതിനേക്കാളൊക്കെ എക്സിറ്ററിനെ പ്രശസ്തമാക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അവിടത്തെ ഒരു വിദ്യാലയമാണ്. ഫിലിപ് എക്സിറ്റർ അക്കാദമി. പ്രസിഡൻറുമാരായിരുന്ന വാഷിങ്ടൻറെയും ഏബ്രഹാം ലിങ്കണിൻറെയും മക്കളും സമീപകാല പ്രസിഡൻറുമാരായിരുന്ന ജോർജ് ബുഷ് ജൂണിയറും ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗുമൊക്കെ ഈ സ്ഥാപനത്തിൻറെ സന്തതികളാണെന്നു പറയുന്പോൾ അതിൻറെ പഴമഗരിമകളെപ്പറ്റി അധികം വിസ്തരിക്കേണ്ടതില്ലല്ലോ.

നായ് വളർത്തൽ അമേരിക്കയിൽ

നായ്ക്കൾ പണ്ടുകാലത്ത് വന്യജീവികളായിരുന്നെന്നും ക്രമേണ അവ മനുഷ്യരുമായി ഇണങ്ങി വളർത്തുമൃഗമായി മാറിയെന്നും താത്പര്യമുള്ളവർ അവയെ വീട്ടിൽ വളർത്തട്ടെയെന്നുമൊക്കെയാണല്ലോ നാട്ടിലെ സാധാരണക്കാർ വിശ്വസിക്കുന്നത്. തെരുവുനായ്ക്കളെ സർക്കാർ ചെലവിൽ സംരക്ഷിക്കണമെന്നു ചില മൃഗസ്നേഹികൾ വാദിക്കുന്നു. ഗോത്രവർഗക്കാരും വനവാസികളുമൊക്കെ പട്ടിണി കിടക്കേണ്ടിവരുന്ന ഒരു നാട്ടിൽ ഇതിൻറെ ആവശ്യമെന്ത് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

ഇനി അമേരിക്കയിലെ നായവളർത്തലിനെപ്പറ്റി പറയാം. ഇവിടെയെങ്ങും അലഞ്ഞുനടക്കുന്ന നായ്ക്കളെ കണ്ടിട്ടില്ല. പല വീടുകളിലും നായ്ക്കളെ ഓമനിച്ചുവളർത്താറുണ്ട്. ഈ വീട്ടിലും ഒരു ശ്വാനനുണ്ട്. വീടിനുള്ളിൽ അവൻ സ്വതന്ത്രമായി നടക്കുന്നു. കൃത്യമായി കുളിപ്പിച്ചും കുത്തിവയ്പ് നൽകിയും സംരക്ഷിക്കുന്നു. ആഹാരം പ്രധാനമായും ഡോഗ് ഫുഡ്. വീട്ടിലെ ഒരംഗത്തെപ്പോലെയാണവൻ. കൊടുക്കുന്ന കൽപനകൾ കൃത്യമായി അനുസരിക്കും. എല്ലാവരുംകൂടി വീടുവിട്ട് എങ്ങോട്ടെങ്കിലും പോകേണ്ടിവന്നാൽ അവനെ നായകൾക്കുള്ള ഡേ കെയർ സെൻററുകാരെ ഏൽപിക്കും. (ദിവസം 30 ഡോളർവച്ച് ഫീസ് കൊടുക്കണം). ഇവിടെ വീടുകൾക്ക് മതിലുകളില്ല. എന്നാൽ നായ വീട്ടുമുറ്റം വിട്ട് പുറത്തിറങ്ങിയാൽ എവിടംവരെ പോകാമെന്നുള്ളതിന് ഇലക്ട്രോണിക് ആയ അതിര് നിശ്ചയിച്ചുവച്ചിട്ടുണ്ട്. വീട്ടുവളപ്പിൽ നമുക്ക് ഉചിതമെന്നു തോന്നുന്ന അകലത്തിൽ ചെറിയ അളവിൽ വൈദ്യുതി പ്രവഹിക്കുന്ന ഒരു കേബിൾ കുഴിച്ചിടുന്നു. ഇതിനെ ഇൻവിസിബൾ വേലി - അദൃശ്യമായ വേലി - എന്നു പറയുന്നു.

നായയുടെ കഴുത്തിൽ കെട്ടുന്ന ഒരു ബെൽറ്റിൽ ഒരു ഇലക്ട്രോണിക് സെൻസർ ഘടിപ്പിക്കുന്നു. പട്ടി ഈ അദൃശ്യവേലി കടന്നാൽ സെൻസർ ഒരു നിർദേശം കൊടുത്ത് കേബിളിൽ നിന്ന് ചെറിയൊരു ഇലക്ട്രിക് ഷോക്ക് നായയ്ക്ക് കിട്ടുന്നു. ഇതറിയാവുന്ന നായ് ഈ അദൃശ്യവേലിക്കുള്ളിൽ മാത്രമേ സഞ്ചരിക്കൂ. സ്വതന്ത്രനായി വിട്ടാലും അലയാൻ പോകില്ലെന്നു സാരം. നായ്ക്കളെ വ്യായാമം ചെയ്യിക്കുകയും നടക്കാൻ കൊണ്ടുപോകുന്നതും സാധാരണം. ഇങ്ങനെയൊക്കെ വളർത്താൻ താത്പര്യവും സൗകര്യവും ഉള്ളവർ നായ്ക്കളെ വളർത്തും. നമ്മുടെ നാട്ടിലെ നായ് പ്രേമികളെ ഇതൊക്കെ ഒന്നു പഠിപ്പിക്കാം. പറ്റുന്നവർ ഇങ്ങനെ അഞ്ചോ പത്തോ പട്ടികളെ വളർത്തട്ടെ. ഏതായാലും സർക്കാർ ചെലവിൽ പട്ടിവളർത്തൽ വേണ്ട. നടന്നതുതന്നെ, അല്ലേ! (പ്രസംഗിക്കാനും പേവിഷ നിർമാതാക്കളിൽനിന്ന് കമ്മീഷൻ പറ്റാനും എന്തെളുപ്പം!).

മാലിന്യനിർമാർജനം

പാശ്ചാത്യനാടുകളിൽ കാണുന്ന വൃത്തിയും വെടിപ്പും ഇവിടെയും കണിശമായി പാലിക്കപ്പെടുന്നു. പാതയോരത്തോ സ്വന്തം പറന്പിലോ പോലും പ്ലാസ്റ്റിക് കൂടുകൾ പോയിട്ട് ഒരു കടലാസ്കഷണംപോലും കാണില്ല. (നമ്മളൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണമെന്നു നാം മനസിലാക്കിയേ പറ്റൂ). ഇവിടെ വീട്ടുമാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേക കൂടുകളിലാക്കി നിശ്ചിത ദിവസങ്ങളിൽ പുറത്തെടുത്തു വയ്ക്കണം. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാഹനങ്ങളെത്തി അതു കൊണ്ടുപോയി വേണ്ടവിധം സംസ്കരിച്ച് ഉപയോഗമുള്ള മറ്റു വസ്തുക്കളാക്കി മാറ്റുന്നു. (ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പേടകങ്ങൾ കൃത്യമായി ഇറക്കാൻ നമുക്കറിയാം. മാലിന്യനിർമാർജനത്തിൻറെ കാര്യത്തിൽ ഒന്നുകിൽ പുറത്തേക്ക് വലിച്ചെറിയൽ അല്ലെങ്കിൽ തീ കത്തീര്!). ഇവിടെയാണെങ്കിൽ നമ്മുടെ സ്വന്തം തൊടിയിലെ (ലോണ്‍) പുല്ലുപോലും എങ്ങനെ വെട്ടിയിരിക്കണമെന്ന് ടൗണ്‍ഷിപ് തീരുമാനിക്കുന്നു. അത് തെറ്റിച്ചാൽ ഫൈൻ. അതുകൊണ്ടു നാട്ടിൻപുറങ്ങൾ പോലും ചേതോഹരം.

കുട്ടികളുടെ കാര്യത്തിലെ ശ്രദ്ധ, കരുതൽ

ആദ്യകുർബാന സ്വീകരിക്കുന്ന കൊച്ചുമോളെ സ്കൂളിലാക്കാൻ അവളുടെ പപ്പയുടെ കൂടെ ഞാനും ഒരുദിവസം പോയി. കാർ സ്കൂളിനു മുൻപിൽ നിർത്തി. എൻജിൻ ഓഫ് ആക്കുന്നില്ല. കുട്ടിയെ കാറിൽനിന്നിറക്കി വിടുന്നുമില്ല. കാര്യം തെരക്കിയപ്പോഴാണ് വിവരം മനസിലാകുന്നത്. കുട്ടിയെ കാറിൽനിന്നിറക്കി തനിയെ വിടാൻ പാടില്ല. ഉടൻ കുട്ടിയുടെ ക്ലാസ്ടീച്ചർ വരും. എന്നിട്ട് കുട്ടിയെ സ്കൂളിലേക്കു കൂട്ടിക്കൊണ്ടുപോകും. മറ്റൊന്നുകൂടി ഞാൻ ശ്രദ്ധിച്ചു. ടൗണിൽ ഏതെങ്കിലും ഭാഗത്ത് കുട്ടിയെ ഇറക്കിവിടാനായി സ്കൂൾ വാഹനം നിർത്തിയെന്നിരിക്കട്ടെ. കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും കാത്തുനിൽപുണ്ടാവും. വാഹനം നിർത്തിയാലുടൻ അതിൻറെ നാലുചുറ്റും ചുവന്ന ലൈറ്റുകൾ മിന്നി പ്രകാശിപ്പിക്കും. അതു കണ്ടാൽ ഇരുവശത്തുനിന്നും വരുന്ന മറ്റു വാഹനങ്ങൾ പൂർണമായും നിർത്തിക്കൊടുക്കണം. സ്ലോ ചെയ്താലൊന്നും പോരാ. കുട്ടിയെ രക്ഷിതാവ് ഏറ്റെടുത്തു എന്നു കാണുന്പോൾ സ്കൂൾ വാഹനത്തിലെ ഡ്രൈവർ ചുവന്ന ലൈറ്റുകൾ ഓഫ് ചെയ്ത് നീങ്ങിത്തുടങ്ങുന്നു. ഈ ചുവപ്പു ലൈറ്റുകൾ ഓഫായി കണ്ടാൽ മാത്രമേ മറ്റു വാഹനങ്ങൾ അനങ്ങിത്തുടങ്ങൂ. അമേരിക്കക്കാർ കുട്ടികളുടെ കാര്യത്തിൽ കാട്ടുന്ന ശ്രദ്ധയും സുരക്ഷാ നടപടികളും കണ്ടാൽ നാമൊക്കെ അതിശയിച്ചുപോകും.

പെട്രോൾവില ഇവിടെയും ഇന്ത്യയിലും

പെട്രോൾവില ഇന്ത്യക്കാർക്ക് എന്നും പേടിസ്വപ്നമാണ്. രണ്ടാഴ്ച കൂടുന്പോൾ തോന്നിയപോലെ വില നിശ്ചയിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കന്പനികൾക്ക് സ്വാതന്ത്ര്യം കൊടുത്തിരിക്കുകയാണല്ലോ. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾവില ഗ്യാലന് രണ്ടര ഡോളറിലും കുറവാണ്. അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ലിറ്ററിന് ഏതാണ്ട് 45 രൂപ. ഇന്ത്യയിലാകട്ടെ 72 രൂപയോളവും. 30 രൂപയ്ക്കു മുകളിലേക്കുള്ളതെല്ലാം പലയിനം നികുതികളാണെന്നോർക്കണം. അങ്ങനെ സർക്കാരും എണ്ണക്കന്പനികളും ചേർന്ന് ജനത്തെ കൊള്ളയടിക്കുകയാണ്. എന്തുചെയ്യാൻ. നമുക്ക് മിണ്ടാൻ അവകാശമില്ലല്ലോ.

ജോ മുറികല്ലേൽ