മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും പോലുള്ളവർ പാട്ടുണ്ടാക്കിയിരുന്നത് അങ്ങനെയാണ്. ഇന്ത്യയിൽ അങ്ങനെ മാത്രമേ പാട്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നുള്ളൂ. കാലം കുറച്ചു മുന്നോട്ടുപോയി. അങ്ങനെയിരിക്കെ സംഗീതസംവിധായകൻ നൗഷാദിൻറെ ഓർക്കസ്ട്രയിലേക്ക് ഗോവയിൽനിന്ന് ഒരു പതിനാറുകാരൻ പയ്യനെത്തി. ഗ്രൂപ്പ് വയലിനിസ്റ്റായി അവൻ സംഘത്തിൽ ചേർന്നു. നാല്പതുകളുടെ തുടക്കത്തിലായിരുന്നു അത്. നൗഷാദ് ഈണത്തിനൊപ്പം ഉപകരണങ്ങൾക്കും പ്രാധാന്യം കൊടുത്തുതുടങ്ങിയ കാലമാണ്. ഗോവക്കാരൻ പയ്യൻ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റി. ഓർക്കസ്ട്രയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അവന് പ്രത്യേകമായൊരു ഗുണമുണ്ടായിരുന്നു, ഒരേസമയം സുന്ദരമായ ഒത്തിണക്കവും ശക്തിയും അവൻറെ വായനയിലുണ്ടായിരുന്നു- നൗഷാദ് അവനെക്കുറിച്ച് പറഞ്ഞുവച്ചു.

സംഗീതത്തിൻറെ കണക്ക്

ഉപകരണങ്ങൾക്ക് പ്രത്യേകിച്ച് മാർഗനിർദേശങ്ങളൊന്നുമില്ലാത്ത, ഒട്ടൊക്കെ അസംസ്കൃതമായിരുന്ന ഇന്ത്യയിലെ സിനിമാ പാട്ടൊരുക്കൽ രീതിക്ക് ഒരു കണക്കുണ്ടാക്കാൻ ആദ്യം ശ്രമിച്ചത് ആ ഗോവക്കാരൻ പയ്യനാണ്. രാജ്യത്തെ ആദ്യ മ്യൂസിക് അറേഞ്ചർ. പേര് ആന്തണി ഗോണ്‍സാൽവസ്. ഇന്ത്യൻ ചലച്ചിത്രസംഗീതലോകം ഇന്നും വിസ്മയത്തോടെ ഓർക്കുന്ന പേര്.

സംഗീതസംവിധായകൻ യഥാർഥ ഈണം മാത്രമുണ്ടാക്കുകയും, ഇൻറർല്യൂഡുകൾ (പാട്ടിൻറെ ഇടവേളകളിൽ പാലങ്ങളാകുന്ന സംഗീതഥാഗം) അറേഞ്ചർമാർ ഒരുക്കുകയും ചെയ്തുതുടങ്ങിയത് ആന്തണി ഗോണ്‍സാൽവസിനു ശേഷമാണ്. ഓർക്കസ്ട്രക്കാർക്ക് ഗോണ്‍സാൽവസ് കൃത്യം നോട്ടുകൾ എഴുതിനൽകി. ആവശ്യമുള്ളതുമാത്രം വായിക്കുക എന്നതായിരുന്നു ആ സ്റ്റാഫ് നൊട്ടേഷൻറെ അർഥം. പാശ്ചാത്യരീതിയിലുള്ള നൊട്ടേഷൻ ഓർക്കസ്ട്രക്കാരെ പഠിപ്പിക്കാനും ചിട്ട ഉറപ്പാക്കാനും ഗോണ്‍സാൽവസ് ഏറെ പരിശ്രമിക്കേണ്ടിവന്നുവെന്നു മാത്രം.

ആര്! ഈ പയ്യനോ

നൗഷാദിൻറെ ഓർക്കസ്ട്രയിൽ വയലിനുമായി വിലസിയകാലത്ത് ഗോണ്‍സാൽവസിന് ഒരാളോട് പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്നു. അതു മറ്റാരുമായിരുന്നില്ല, നൗഷാദിൻറെ ചീഫ് അസിസ്റ്റൻറ് ഗുലാം മുഹമ്മദായിരുന്നു. റിഥം വിഭാഗത്തിൻറെ നേതാവായിരുന്നു അദ്ദേഹം. അതിനിപുണനായ ധോലക് വാദകൻ. പോരാത്തതിന് നൗഷാദിനേക്കാൾ 12 വയസു മൂത്തയാൾ. ഗോണ്‍സാൽവസിന് അന്നു കഷ്ടിച്ച് 19 വയസ്. ഇരുപത്താറുകാരനായ നൗഷാദുമായി നല്ല ഇഴയടുപ്പമുണ്ടായിരുന്നു ഗോണ്‍സാൽവസിന്.

വെസ്റ്റേണ്‍ രീതികളും നൊട്ടേഷനും ഗോണ്‍സാൽവസ് അവതരിപ്പിച്ചപ്പോൾ നൗഷാദ് ഇരുകൈകളുംനീട്ടി സ്വീകരിച്ചു, സഹർഷം. അതേസമയം ഗുലാം മുഹമ്മദിന് പരന്പരാഗത ഇന്ത്യൻ രീതികളായിരുന്നു കൂടുതൽ വഴക്കം. ശീലിച്ചത് ഹിന്ദുസ്ഥാനി നൊട്ടേഷനും. എന്നാൽ ഓർക്കസ്ട്രയിൽ അദ്ദേഹത്തിൻറെ സ്ഥാനം അദ്വിതീയമായിരുന്നുതാനും. അഭിപ്രായവ്യത്യാസങ്ങൾ പതിവായി. കാര്യം വളരെ ലളിതമായിരുന്നു, രണ്ടു ശൈലികൾതമ്മിലുള്ള ചേർച്ചയില്ലായ്മതന്നെ എന്ന് നൗഷാദ് പിന്നീട് അതേക്കുറിച്ചു പറഞ്ഞിട്ടുണ്ട്. രണ്ടും സംഗീതജ്ഞർക്കും വ്യത്യസ്തമായ ഉൾക്കാഴ്ചകളായിരുന്നുവെന്നും നൗഷാദ് ഓർമിച്ചു.

ഒത്തിണക്കം എളുപ്പമല്ലാതായതോടെ നൗഷാദിനോടു വിടപറയാൻ ആന്തണി ഗോണ്‍സാൽവസ് തീരുമാനിച്ചു. അതിനകം തികച്ചും സൃഷ്ടിപരമായ മൂന്നു വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അനിൽ ബിശ്വാസ് മുതൽ എസ്.ഡി. ബർമൻ വരെയും, നൗഷാദ് മുതൽ സലിൽ ചൗധരിയും മദൻ മോഹനും വരെയുമുള്ള പ്രതിഭകൾക്കൊപ്പം സഞ്ചരിച്ച് ആന്തണി ഗോണ്‍സാൽവസ് ഒരു സംഗീതപ്രതിഭാസമായി മാറി. പാട്ടുകൾക്ക് ഈണമിട്ടു, പിന്നീടു പ്രതിഭകളായ പലർക്കും ഗുരുനാഥനായി...

ബഹുമതിയും അവമതിയും

അമിതാഭ് ബച്ചൻറെ പ്രശസ്തമായൊരു ചിത്രമാണ് അമർ അക്ബർ ആന്തണി (1977). ആന്തണി ഫെർണാണ്ടസ് എന്നായിരുന്നു ചിത്രത്തിൽ അമിതാഭിൻറെ കഥാപാത്രത്തിന് ആദ്യമിട്ട പേര്. ലക്ഷ്മികാന്ത്-പ്യാരേലാൽ ആയിരുന്നു ചിത്രത്തിൻറെ സംഗീതസംവിധായകർ. ടൈറ്റിൽ സോംഗ് വന്നപ്പോൾ ഒരു പ്രശ്നം. മൈ നെയിം ഈസ് ആന്തണി എന്നുതുടങ്ങുന്ന പാട്ടിൻറെ ഒഴുക്കിൽ ഫെർണാണ്ടസ് എന്ന വാക്കു ചേരുന്നില്ല! അധികം തലപുകയ്ക്കുന്നതിനു മുന്പേ പ്യാരേലാൽ ഒരു നിർദേശംവച്ചു- ആന്തണി ഫെർണാണ്ടസിനു പകരം ആന്തണി ഗോണ്‍സാൽവസ് ആക്കാം. അദ്ദേഹമതു വെറുതെ ഓർത്തുപറഞ്ഞതല്ല. തൻറെ ഗുരുവായ ആന്തണി ഗോണ്‍സാൽവസിന് സ്നേഹനിർഭരമായൊരു ആദരമർപ്പിക്കുകയായിരുന്നു പ്യാരേലാൽ. “”വയലിൻ പഠിക്കാൻ ചെറുപ്പത്തിൽ എന്നെ അച്ഛൻ കൊണ്ടുചെന്നാക്കിയത് ആന്തണി ഗോണ്‍സാൽവസിനടുത്താണ്. തുടക്കത്തിൽ എനിക്കിഷ്ടമല്ലായിരുന്നു പഠിക്കാൻ. പക്ഷേ ഗോണ്‍സാൽവസ് വായിക്കുന്നതു കണ്ടപ്പോൾ എനിക്കതിനോട് ഇഷ്ടംതോന്നിത്തുടങ്ങി- പ്യാരേലാൽ ഓർമിക്കുന്നു.

ഒരു അവമതിയുടെ കഥകൂടി അറിയാം. രാജ് കപൂർ ശ്രീ 420 എന്ന സിനിമയെടുക്കുന്ന സമയം. ഘർ ആയാ മേരാ പർദേശീ എന്ന പാട്ടിൻറെ തുടക്കത്തിലെ ഉയർന്ന പിച്ചിലുള്ള വയലിൻ പീസ് വായിക്കാൻ സംഗീതസംവിധായകരായ ശങ്കർ-ജയ്കിഷൻ ഗോണ്‍സാൽവസിനെ വിളിച്ചു. റിഹേഴ്സലിൻറെ സമയത്ത് വയലിൻവായനകേട്ട രാജ് കപൂറിന് അതിഷ്ടപ്പെട്ടില്ല. എന്തൊരൊച്ചയാണത്. ഷട്ട് ഇറ്റ് അപ്പ് എന്നലറി അദ്ദേഹം. ഗോണ്‍സാൽവസ് വായന നിർത്തി ആ നിമിഷം സ്ഥലംവിട്ടു. താൻ അപമാനിച്ചത് രാജ്യത്തെ ഏറ്റവും മികച്ച വയലിൻ വാദകരിൽ ഒരാളെയാണെന്നറിഞ്ഞ രാജ് കപൂർ പിന്നീട് ഗോണ്‍സാൽവസിനെ വിളിച്ചു മാപ്പുചോദിച്ചതു ചരിത്രം.

1965ൽ ഗോണ്‍സാൽവസ് അമേരിക്കയിലേക്കു താമസംമാറ്റി. ഒരു പതിറ്റാണ്ടിനുശേഷം മടങ്ങിവന്നെങ്കിലും മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം. 2012 ജനുവരി 18ന് ആ സുന്ദരമായ ഈണം നിലച്ചു.

ഹരിപ്രസാദ്