സിസ്റ്റർ റാണി മരിയ രക്തനക്ഷത്രം
സമുന്ദർസിംഗ് മധ്യപ്രദേശിലെ ഉദയ്നഗറിൽ മിർജാപ്പൂർ ഗ്രാമത്തിലെ വാടകക്കൊലയാളിയായിരുന്നു നാലാംക്ലാസ് വരെ മാത്രം പഠിച്ച ഒരു ഗുണ്ട. പ്രമാണിയും ഗ്രാമപഞ്ചായത്ത് മുഖ്യനും പ്രാദേശിക രാഷ്ട്രീയക്കാരനുമൊക്കെയായിരുന്ന ജീവൻസിംഗ് ഇരുപത്തയ്യായിരം രൂപ പ്രതിഫലം പറഞ്ഞാണ് ആ കൊടുംപാതകം ഉറപ്പിച്ചത്. കേരളക്കാരി സിസ്റ്റർ റാണി മരിയയെ വകവരുത്തണം. ദിവസങ്ങളും മാസങ്ങളും നീണ്ട ഗൂഢാലോചനയ്ക്കൊടുവിലായിരുന്നു ആ തീരുമാനം.

ജീവൻസിംഗ് സമുന്ദറിനെ ഉദയ്നഗറിലെ വീട്ടിലേക്ക് ഒരു രാത്രി വിളിച്ചുവരുത്തി ആദ്യഗഡുവായി അയ്യായിരം രൂപ കൊടുത്തു. ഒപ്പം വാറ്റുചാരായവും. പൈശാചികമായ രാത്രി കൂടിക്കാഴ്ചയിൽ ജീവൻസിംഗിനൊപ്പം അയാളുടെ കൂട്ടാളിയായി ധർമേന്ദ്ര സിംഗുമുണ്ടായിരുന്നു. ജൻമിവാഴ്ചയ്ക്കും കർഷക ചൂഷണത്തിനുമെതിരേ ഗ്രാമീണരെ ശാക്തീകരിക്കുന്ന റാണി മരിയ. വരുമാനത്തിന്‍റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നിൽ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിക്കുന്ന കന്യാസ്ത്രീ. വോട്ടുബാങ്കുകളും അടിമകളുമായി കഴിഞ്ഞിരുന്ന ഗോത്രവാസികളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ച ഈ കന്യാസ്ത്രിയെ എങ്ങനെ വേണം കൊലചെയ്യാൻ.ഉദയ്നഗർ സ്നേഹസദൻ ഫ്രാൻസിസ്കൻ ക്ലാരമഠത്തിന് അഞ്ചു മിനിറ്റുമാത്രം അകലെ റോഡരികിലാണ് ജീവൻസിംഗിൻറെ വീട്. 1995 ഫെബ്രുവരി 25ന് അവധിക്ക് സിസ്റ്റർ റാണി മരിയ കേരളത്തിലേക്ക് പോകുമെന്നറിഞ്ഞ ജീവൻസിംഗ് ആ തീരുമാനമെടുത്തു, യേശു സിസ്റ്റർ ഇനി മടങ്ങിവരരുത്. അന്നു രാവിലെ 8.15ന് ഉദയ്നഗറിലെ മഠത്തിനു മുന്നിൽനിന്ന് ഇൻഡോറിലേക്കുള്ള കപിൽ ബസിൽ നാട്ടിലേക്കു യാത്ര പുറപ്പെടുന്പോൾ കണ്ടക്ടർ പിൻനിരയിലെ സീറ്റ് ചൂണ്ടിക്കാട്ടി പറഞ്ഞു. യേശു സിസ്റ്റർ ഇവിടെ ഇരിക്കാം. വിന്ധ്യപർവതനിരയിലെ കാടുകളും കുന്നുകളും കുഴികളും തോടുകളും താണ്ടി 107 കിലോമീറ്റർ ദുർഘട വനപാതയിലൂടെ യാത്ര. വിജനമായ മണ്‍റോഡുകളിലൂടെ ബസ് കിതച്ചു നീങ്ങി.

മൂന്നു മണിക്കൂർ വേണം ഇൻഡോറിലേക്ക്. അവിടെ നിന്ന് ഭോപ്പാലിലേക്കും തുടർന്ന് കേരളത്തിലേക്കും ട്രെയിനുകൾ കയറണം. ആലുവ എഫ്സിസി ജനറലേറ്റിലെ മീറ്റിംഗിൽ പങ്കെടുത്തശേഷം പുല്ലുവഴിയിലെ വട്ടാലിൽ കുടുംബവീട്ടിലെത്തി പ്രായം ചെന്ന അപ്പനെയും അമ്മയെയും കുടുംബാംഗങ്ങളെയും കാണണം. രണ്ടു വർഷം കൂടി നാട്ടിലേക്കുള്ള യാത്രയാണ്. ഈ യാത്രയിൽ ആസൂത്രിതമായായിരുന്നു കൊലയാളികളുടെ നീക്കങ്ങൾ. ജീവൻസിംഗിനും ധർമേന്ദ്രസിംഗിനുമൊപ്പം കപിൽ ബസിൽ വലിയൊരു കഠാരയുമായി സമുന്ദറും മുൻനിരയിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. ഇതറിഞ്ഞാ ണ് കണ്ടക്ടർ സിസ്റ്ററെ പിൻസീറ്റിൽ ഇരുത്തിയതത്രെ. ഇൻഡോർ മെഡിക്കൽ കോളജിലേക്കുള്ള ഏതാനും സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാരിൽ പലരും റാണി മരിയയുടെ സ്നേഹ സേവന വലയത്തിൽപ്പെട്ടവരായിരുന്നു. സിറ്റീൽ ഇരുന്നയുടൻ സിസ്റ്റർ ജപമാല കൈയിലെടുത്തു ചൊല്ലിത്തുടങ്ങി. ഇതേ സമയം കൃത്യം എപ്പോൾ നടത്തണമെന്ന ആലോചനയിലായിരുന്നു മുന്നിലിരുന്ന മൂവർ സംഘം.

ലൊഹേരി നദി താണ്ടി ബസ് ഒരു മണിക്കൂർ ഇഴഞ്ഞു. നാച്ചൻബോർ മലയുടെ അടിവാരമെത്തിയപ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന സമുന്ദർസിംഗ് ഡ്രൈവറോട് ബസ് നിർത്തുവാൻ ആവശ്യപ്പെട്ടു. ഒരു കല്ലന്പലത്തിനു മുന്നിൽ നിറുത്തിയ ബസിൽനിന്ന് അയാൾ ഒരു നാളികേരവുമായി ചാടിയിറങ്ങി കല്ലിൽ എറിഞ്ഞുടച്ചു. തിരികെ കയറി കഠാരകൊണ്ട് തേങ്ങ പൂളുകളാക്കി അയാൾ ബസിലെ യാത്രക്കാർക്ക് വിതരണം ചെയ്തുതുടങ്ങി. നരബലിക്ക് ഒരുക്കമായുള്ള ആഭിചാരക്രിയയായിരുന്നു അത്. ക്രൂരഭാവത്തോടെ റാണി മരിയയ്ക്കു മുന്നിലുമെത്തി സമുന്ദർ.
തേങ്ങാ ഉടയ്ക്കാൻ എന്താണ് ഇന്നിത്ര വിശേഷം- സിസ്റ്റർ ചോദിച്ചു.
അറിഞ്ഞുകൂടേ, നിന്നെ കൊല്ലാനുള്ള ഒരുക്കമാണ് കഴിച്ചത്. ആശങ്കയോടെ സിസ്റ്റർ പ്രാർഥനയിൽ മുഴുകിയിരുന്നു. മിനിറ്റുകൾ ബാക്കി ആ കഠാരകൊണ്ട് സമുന്ദർ സിസ്റ്റർ റാണിയുടെ മുഖത്തു തോണ്ടി. തട്ടിമാറ്റൻ ശ്രമിച്ച നിമിഷം അയാൾ നെഞ്ചിലേക്ക് ആ കഠാര കുത്തിത്താഴ്ത്തി. ബസിനുള്ളിൽ ചോര ചീറ്റി ഒഴുകി. ഈശോയേ എന്ന വിളി ആവർത്തിക്കുന്ന നിലവിളിയിലെത്തിയപ്പോൾ ബസ് നിറുത്തി യാത്രക്കാർ ഇറങ്ങിയോടി. അവശതയിലായിരുന്ന ഏതാനും രോഗികൾ ചോരച്ചാലുകൾ കണ്ടു ഭയന്നുകാറി. നെഞ്ചിൽ നിന്നു മുഖത്തേക്കും വയറ്റിലേക്കുമൊക്കെ കഠാര തുടരെ പാഞ്ഞിറങ്ങിക്കൊണ്ടിരുന്നു. തലമുണ്ട് വേർപെട്ടതോടെ മുടിയിലും കാലുകളിലും പിടിച്ചു പുറത്തേക്കു വലിച്ചിഴച്ചു. മരണവേദനയിൽ റാണി മരിയ ബസിന്‍റെ കന്പിയിൽ പിടിമുറുക്കിയപ്പോൾ ആ കൈകളിൽ സമുന്ദർ കത്തി കൊണ്ടുവെട്ടി പിടിവിടുവിച്ചു. ശരീരത്തിൽനിന്നും മാംസം അടർന്നുപോകുകയായിരുന്നു അപ്പോൾ. വലിച്ചു പുറത്തിട്ട ഡ്രൈവറോട് സിസ്റ്ററിൻറെ ശരീരത്തിലൂടെ ബസ് കയറ്റാൻ ആജ്ഞാപിച്ചു. അതുണ്ടാകാതെ വന്നപ്പോൾ നെറ്റിയിലും കണ്ണിലും കവിളിലും മൂക്കിലും തലയിലും മുതുകിലുമെല്ലാം തുരുതുരാ ഇയാൾ ആഞ്ഞുകുത്തി. പൈശാചിക കൃത്യം അവസാനിപ്പിക്കുന്പോൾ ആഴത്തിൽ 54 കുത്തുകളുണ്ടായിരുന്നു 41 കാരിയായ ആ കന്യാസ്ത്രീയുടെ ശരീരത്തിൽ. മരണം ഉറപ്പാക്കാൻ കൊലയാളി കഴുത്തിലെ ഞരന്പു മുറിച്ചശേഷമാണ് പിൻവാങ്ങിയത്. അതിദാരുണമായ വിശ്വാസ രക്തസാക്ഷിത്വം ആ വനഗ്രാമത്തിൽ അങ്ങനെ പൂർത്തിയായി. ആസൂത്രകരായ ജീവൻസിംഗും ധർമേന്ദ്രസിംഗും നീചമായ നരഹത്യനോക്കി പുറത്തുനിന്നു. പോലീസും ഇൻഡോറിൽ നിന്നുള്ള സഭാധികൃതരും എത്തുന്പോൾ ചോരയിൽ കുളിച്ച മൃതദേഹം വഴിയോരത്ത് കിടക്കുന്നുണ്ടായിരുന്നു. അതെ നാലു മണിക്കൂറോളം.ചോര ഉണങ്ങിയ കത്തി നദിയിൽ എറിഞ്ഞശേഷം സമുന്ദർസിംഗ് വനത്തിൽ ഒളിച്ചു.ജീവൻസിംഗും ധർമേന്ദ്രസിംഗും ഒളിവിൽപ്പോയി സ്വാധീനം ചെലുത്തി രക്ഷപ്പെടാൻ നീക്കം തുടങ്ങി. മധ്യപ്രദേശിലും ദേശവ്യാപകമായും പ്രതിഷേധ കൊടുങ്കാറ്റ് ഉയർന്നതോടെ രണ്ടു ദിവസങ്ങൾക്കുള്ളിൽ മൂന്നു പേരും അറസ്റ്റിലായി.

ഏറെ നാൾ നീണ്ട വിചാരണക്കൊടുവിൽ 21 വർഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട സാമന്ദർ ഇൻഡോർ സെൻട്രൽ ജയിലിലായി. സാക്ഷികളെ സ്വാധീനിച്ച ജീവൻസിംഗും ധർമേന്ദ്രസിംഗും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ട് വീണ്ടും പഴയ വാഴ്ചയിലേക്കു മടങ്ങി. സാമന്ദർ എന്ന കുറ്റവാളിയുടെ പക തടവറയിലും ശമിച്ചിരുന്നില്ല. അന്നു റാണി മരിയയോടായിരുന്നില്ല, തന്നെ ചതിച്ച ജീവൻ സിംഗിനോടായിരുന്നു പക. പറഞ്ഞുറപ്പിച്ച തുകയിൽ ഇരുപതിനായിരം തന്നില്ലെന്നു മാത്രമല്ല കേസിൽ ഒറ്റിക്കൊടുത്ത് അവർ രക്ഷപ്പെട്ടിരിക്കുന്നു. കുടുംബത്തെ സഹായിച്ചില്ല. ഉറക്കമില്ലാത്ത രാത്രികൾ. എപ്പോഴും തലവേദന. ജാമ്യം കിട്ടുന്ന ദിവസം പുറത്തിറങ്ങുന്ന ദിവസം ജീവൻസിംഗിനെയും ധർമേന്ദ്ര സിംഗിനെയും കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്യണമെന്നതായിരുന്നു സമീന്ദറിൻറെ തീരുമാനം. അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിൽ ഒന്നര വയസുള്ള കുട്ടി മരിച്ചു. ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. ആദ്യം അനുജനും മറ്റും ജയിലിലെത്തിയിരുന്നു. പിന്നീട് അവരും ഉപേക്ഷിച്ചുപോയി.

മധ്യപ്രദേശിൽ സ്വാമി സദാനന്ദ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമിയച്ചനാണ് ഇയാളുടെ മാനസാന്തരത്തിലേക്കുള്ള വാതിൽ തുറന്നിട്ടത്. ഒല്ലൂർ സ്വദേശി സിഎംഐ വൈദികനായ ഫാ. മൈക്കിൾ പുറാട്ടുകര എന്ന സ്വാമിയച്ചൻ. കാവികൈലിയും മേൽമുണ്ടും ജപമാലയും ധരിച്ചു ജീവിച്ചിരുന്ന സന്യാസി. അവിടെ ഗ്രാമങ്ങളിൽ ചികിത്സയും ശുശ്രൂഷയും നടത്തിയിരുന്ന, ഒരു നേരം മാത്രം ഭക്ഷിച്ചിരുന്ന, പാദരക്ഷ ധരിക്കാത്ത താപസൻ. ജയിൽ കുറ്റവാളികളുടെ മാനസാന്തരത്തിലും മോചനത്തിലും പുനരധിവാസത്തിലും സമർപ്പിതമായിരുന്നു സ്വമിയച്ചൻറെ ജീവിതം.

സമീന്ദറിൻറെ തടവ് ഏഴാം വർഷം എത്തിയ കാലത്ത് സാഗർ രൂപതയിലെ നരസിംഹപൂരിലുള്ള സച്ചിതാനന്ദ ആശ്രമത്തിൽനിന്നും സ്വാമിയച്ചൻ ഇൻഡോർ ജയിലിലെത്തി. സാമന്ദറിനെ മാനസാന്തരപ്പെടുത്തണമെന്ന ആഗ്രഹത്തിൽ 40 ദിവസം ഉപവാസവും പ്രാർഥനയുമാണ് അച്ചൻ ജയിലിലെത്തിയത്. കൊടുംപാതകമാണ് ചെയ്തതെങ്കിലും റാണി മരിയയുടെ ബന്ധുക്കൾ സമീന്ദറിനോടു ക്ഷമിച്ചുവെന്നും അവർക്ക് പകയില്ലെന്നും സ്വാമിയച്ചൻ പറഞ്ഞപ്പോഴൊക്കെ പൈശാചിക മുഖത്തോടെ നിർവികാരനായി അയാൽ തടവറയിൽ ഇരുന്നതേയുള്ളു. ഉറച്ച തീരുമാനത്തോടെ സ്വാമിയച്ചൻ ആറു മാസത്തോളം ഇടയ്ക്കിടെ ജയിലിലെത്തി സംസാരിച്ചുപോന്നു. സ്വാമിയച്ചൻറെ വാക്കുകൾ സമീന്ദറിൽ മാറ്റങ്ങൾക്ക് വിത്തുപാകിത്തുടങ്ങി. റാണി മരിയയുടെ അനുജത്തി ഭോപ്പാലിലുള്ള സിസ്റ്റർ സെൽമി കാണാൻ ആഗ്രഹിക്കുന്നതായി അച്ചൻ സാമന്ദറിനെ അറിയിച്ച നിമിഷം കുനിഞ്ഞ ശിരസോടെ സ്വാമിയച്ചൻറെ കൈകളിൽ അമർന്ന് കുറ്റവാളി കരഞ്ഞു. യാതൊരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീയെ നീചമായി കൊലചെയ്തതിന് ദൈവം മാപ്പുതരില്ലെന്ന് വിതുന്പിപ്പറഞ്ഞു. പശ്ചാത്തപിച്ച് നൻമ ചെയ്താൽ ക്ഷമിക്കുന്നവനാണ് ദൈവമെന്ന അച്ചൻറെ വാക്കാണ് മാനസാന്തരത്തിനു വിത്തുപാകിയത്. സഹോദരിയെ കൊല ചെയ്തയാളെ സന്ദർശിച്ച് ശത്രുവിനോടു ക്ഷമിക്കുകയെന്ന ഉദാത്തമായ ക്രിസ്തുവചനം പാലിക്കാൻ സിസ്റ്റർ സെൽമി ആഗ്രഹിച്ചിരുന്നു. കാൻസർ രോഗിണിയായി മലേറിയയും മഞ്ഞപ്പിത്തവും ബാധിച്ച മരണാസന്നയായിരുന്ന സിസ്റ്റർ സെൽമിക്ക് അത്ഭുത സൗഖ്യം കിട്ടിയത് രക്തസാക്ഷിത്വം വഹിച്ച സഹോദരിയുടെ മധ്യസ്ഥം അപേക്ഷിച്ചാണെന്ന് സെൽമി വിശ്വസിക്കുന്നു. സമീന്ദർ മാനസാന്തരപ്പെടുന്നു എന്ന് സ്വാമിയച്ചൻ പറഞ്ഞ നിമിഷം ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഏറ്റവും സന്തോഷിക്കുക സ്വർഗത്തിലായിരിക്കുന്ന സഹോദരി റാണിയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെയാണ് സമീന്ദറിനെ സഹോദരനായി സ്വീകരിക്കാൻ ഞാൻ ഉറപ്പിച്ചത്- സിസ്റ്റർ സെൽമി പറഞ്ഞു.

2002 ഓഗസ്റ്റ് 21ന് സിസ്റ്റർ സെൽമിയും എഫ്സിസി സഭയിലെ അഞ്ച് കന്യാസ്ത്രീകളിലും സ്വാമി അച്ചനോടൊപ്പം ജയിലിലെത്തിയതറഞ്ഞ് സമീന്ദർ നിലവിളിച്ചു കരഞ്ഞു. ആറു മിനിറ്റു മാത്രമായിരുന്നു കൂടിക്കാഴ്ച. ആ രക്ഷാബന്ധൻ ദിനത്തിൽ സിസ്റ്റർ സെൽമി സമീന്ദറിൻറെ കൈയിൽ രാഖി കെട്ടി മധുരം നൽകി സഹോദരനായി സ്വകരിച്ചു. കുരിശിലെ ക്ഷമയും സ്നേഹവും ഒരിക്കൽകൂടി ഭൂമിയിലേക്ക് ഇറങ്ങിവന്നനിമിഷം. പിന്നീട് റാണി മരിയയുടെ അമ്മ ഏലീശ്വായും സഹോദരൻ സ്റ്റീഫനും ജയിലെത്തി സമീന്ദറിനെ സന്ദർശിച്ചു ക്ഷമയുടെ പുണ്യം പങ്കുവച്ചു. നിന്നെ മകനെപ്പോലെ സ്വീകരിക്കുന്നുവെന്ന് ഏലീശ്വാ പറഞ്ഞപ്പോൾ പശ്ചാത്താപത്തിൻറെ വേരുകൾക്ക് ആഴമേറി.

റാണി മരിയയുടെ കുടുംബവും ക്ലാരസഭാംഗങ്ങളും സമീന്ദറിനോട് ക്ഷമിക്കുന്നതായി മധ്യപ്രദേശ് സർക്കാരിനും ഗവർണർക്കും ജയിൽ അധികാരികൾക്കും കത്തു നൽകിയതിനൊപ്പം ശിക്ഷയുടെ കാലാവധി ചുരുക്കി വിട്ടയയ്ക്കണമെന്നും അഭ്യർഥിതോടെ 2006 ഓഗസ്റ്റ് 22ന് സമീന്ദർ പുറത്തിറങ്ങി. റോഡിലെത്തിയ നിമിഷം സമീന്ദർ സിസ്റ്റർ സെൽമിയെയും സ്വാമിയച്ചനെയും ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. ഉദയ്നഗറിലെത്തി റാണി മരിയയുടെ കബറിടത്തിൽ വീണു കരഞ്ഞു. സിസ്റ്റർ റാണിയുടെ പിതാവ് വട്ടാലിൽ പൈലി രോഗബാധിതനായി അറിഞ്ഞ് അദ്ദേഹത്തെ കാണാനും ക്ഷമചോദിക്കാനും സമീന്ദർ താമസസ്ഥലത്തുനിന്നും 450 കിലോമീറ്റർ അകലെ നരസിംഹപുരി ആശ്രമത്തിലെത്തി സ്വാമിയച്ചനെ കണ്ട് കേരളത്തിലെത്താൻ ആഗ്രഹം അറിയിച്ചു. ഇതേത്തുടർന്ന് സ്വാമിയച്ചൻ സമീന്ദറുമായി പുല്ലുവഴിയിലെ വീട്ടിലെത്തി പൈെലിയെ കണ്ട് ക്ഷമായാചനം നടത്തി. വീട്ടിൽ സിസ്റ്റർ റാണിയുടെ ചിത്രം കണ്ട സമീന്ദർ കരഞ്ഞു. പുല്ലുവഴി സെൻറ് ആൻറണീസ് പള്ളിയും റാണി മരിയ മ്യൂസിയവും സന്ദർശിച്ചശേം സിഎംഎസി ആലുവ ജനറലേറ്റിലെത്തി ക്ഷമാപണം നടത്തി. ഇതോടകം നാലു തവണ റാണി മരിയയുടെ വീട്ടിൽ സമന്ദർ വന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഏലീശ്വ മരണാസന്നയാണെന്ന് അറിഞ്ഞ് ഇദ്ദേഹം വട്ടാലിൽ വീട്ടിലെത്തി.
കട്ടിലിനരുകിലിരുന്ന് അയാൾ അമ്മാ...അമ്മാ... എന്ന് ആവർത്തിച്ചപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. അനുജത്തി സിസ്റ്റർ സെൽമി നീട്ടിയ പാത്രത്തിൽ നിന്ന് കഞ്ഞിവെള്ളം സ്പൂണിലെടുത്ത് അമ്മയുടെ വായിലൊഴിച്ച് കൊടുത്തു.

ഏലീശ്വായുടെ മൃത സംസ്കാരത്തിൽ പങ്കെടുത്തശേഷമാണ് ഇയാൾ മടങ്ങിയത്. വിമോചനത്തിന് വഴിതുറന്ന സ്വമിയച്ചൻ അടുത്തയിടെ വടക്കേ ഇന്ത്യയിൽ മരിച്ചപ്പോൾ തൃശൂരിലെ സ്വമിയച്ചൻ അനുസ്മരണത്തിൽ പങ്കെടുക്കാനും സമീന്ദർ കേരളത്തിലെത്തിയിരുന്നു. 11 വർഷവും ആറു മാസവും തടവുശിക്ഷക്കുശേഷം മോചിതനായ സമന്ദർ മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിൽ കൃഷിയും കാലിവളർത്തലുമായി ജീവിക്കുന്നു. ആദ്യവിളവുകൾ ഇയാൾ റാണി മരിയയുടെ കബറിടത്തിൽ സമർപ്പിക്കു പതിവാണ്.

ചരമ വാർഷിക ദിനത്തിൽ സിസ്റ്റർ റാണി മരിയയുടെ കബറിടത്തിലും ഇദ്ദേഹം വരും. മാനസാന്തരത്തിൻറെ വഴിയിലൂടെ നടക്കുന്ന സമീന്ദർ തന്നെ ചതിച്ച ജീവൻസിംഗിനോടും ധർമേന്ദ്ര സിംഗിനോടും ക്ഷമിച്ചിരിക്കുന്നു. ജീവൻസിംഗ് ഉദയ്നഗർ എഫ്സിസി മഠത്തിന് സമീപത്തു തന്നെ ഇപ്പോഴും പാർക്കുന്നുണ്ട്. ജീവൻസിംഗും ധർമേന്ദ്ര സിംഗും മാനസാന്തരപ്പെട്ട് റാണി മരിയുടെ കബറിടത്തുന്ന ദിവസത്തിനായി പ്രാർഥിക്കുകയാണ് സമീന്ദർസിംഗ്. രക്തസാക്ഷിയായ വാഴ്ത്തപ്പെട്ടവളായി റാണി മരിയയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സമീന്ദർ സിംഗ്.

റെജി ജോസഫ്