സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ
1. ശരീരത്തിലെ നീര്, മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം, രാവിലെ ഉണരുന്പോൾ കണ്ണുകൾക്ക് ചുറ്റും നീര് അനുഭവപ്പെടുന്നു. എങ്കിലും വൃക്ക രോഗമാണ് എല്ലാ നീരും എന്നർഥമില്ല. 2. വിശപ്പില്ലായ്മ ഒരു വൃക്കരോഗിക്ക് ഉണ്ടാകാറുണ്ട്. മാലിന്യങ്ങൾ ഉള്ളിൽനിന്നും പുറന്തള്ളപ്പെടാത്ത അവസ്ഥയിൽ ശരീരത്തിലെ വിഷാംശം വർധിക്കുന്നു. 3. അമിതരക്തസമ്മർദം. വൃക്കരോഗികളിൽ ഉയർന്ന രക്തസമ്മർദം സാധാരണമാണ്. 4. വിളർച്ച/തളർച്ച/ക്ഷീണം/കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്പോഴാണ് കാണുക. 5. കൃത്യമായി പറയാനാവാത്ത ലക്ഷണങ്ങൾ. നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചിൽ, ശരീരവേദന, കാലിലും കൈയിലും കടച്ചിൽ അഥവാ പിടുത്തം. ഇതെല്ലാം പൊതുവായി പറയപ്പെടുന്ന ബുദ്ധിമുട്ടുകളാണ്. 6. വൃക്കരോഗം ബാധിച്ച കുട്ടികൾക്ക് വളർച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക ഇവ കണ്ടുവരുന്നു.
മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ
മൂത്രത്തിന്റെ അളവ് കുറയുക, തുടരെത്തുടരെ മൂത്രം പോകുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചൂടിൽ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാണ്. മൂത്രം പോകാൻ തടസം അല്ലെങ്കിൽ തുള്ളിതുള്ളിയായി മൂത്രം പോകുക, തീരെ പോകാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന് മാത്രമായുള്ളതല്ല. അതിനാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിച്ച് വേണ്ട ടെസ്റ്റുകൾ നടത്തി വൃക്കരോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം. ഒരുലക്ഷണവുമില്ലാതെ വൃക്കരോഗം കണ്ടെന്നും വരാം.
സ്ഥായിയായ വൃക്കരോഗം: ഇത് ചികിത്സിച്ച് മാറ്റാൻ സാധിക്കില്ല. ഈ അവസ്ഥയിൽ എത്തുന്ന ഒരു രോഗിയുടെ ചികിത്സാ ചെലവ് വളരെ ഭീമമായിരിക്കും. ഒരു ലക്ഷണവും കാണിക്കാതെ വൃക്കരോഗം നമ്മിൽ പതിയിരിക്കാം. ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കൃത്യമായി രോഗപരിശോധന നടത്തി രോഗം വൃക്കസ്തംഭനം വരെ എത്തുന്നത് നമുക്കു തടയാൻ സാധിക്കും. മാനസികവും സാന്പത്തികവുമായ ഒരു പിരിമുറുക്കം ഒഴിവാകുകയും ചെയ്യും.
വൃക്കകൾ പ്രവർത്തനരഹിതമായ അവസ്ഥയിൽ ശരീരത്തിന്റെ ആന്തരീകാവയവങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കുകയും വെള്ളം, ഉപ്പ് തുടങ്ങിയ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ രീതിയാണ് ഡയാലിസിസ്. ഡയാലിസിസിനെ ഹീമോഡയാലിസിസ്, പെരിട്ടോണിയൽ ഡയാലിസിസ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ഡയാലിസിസ് വേദനാജനകമാണോ?
1. അല്ല. തുടക്കത്തിൽ സൂചികുത്തുന്ന സമയത്ത് മാത്രം ഇത്തിരി വേദന കാണും.
2. ഡയാലിസിസ് ചെയ്യുന്ന സമയത്ത് രോഗിക്ക് ഉറങ്ങാം. വായിക്കാം, പാട്ടുകേൾക്കാം, ടിവി കാണാം. ആദ്യമണിക്കൂറിൽ ആഹാരം കഴിക്കാം.
ഡയാലിസിസ് സമയത്ത് ഏതൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിക്കാം?
1. രക്തസമ്മർദം കുറയാം.
2. തലവേദന
3. ക്ഷീണം
4. ഛർദി
5. മസിൽപിടുത്തം
കൃത്യമായി ഡയാലിസിസ് ചെയ്യുകയും ഭക്ഷണക്രമീകരണം നടത്തുകയും മരുന്നു കൃത്യമായി കഴിക്കുകയും ചെയ്താൽ ഈ ബുദ്ധിമുട്ടുകൾ വളരെ അപൂർവമാണ്.
ഡയാലിസിസ് രോഗി പാലിക്കേണ്ട ചിട്ടകൾ
1. കൃത്യമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. അല്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകാം. മരണംവരെ സംഭവിക്കാം.
2. ഭക്ഷണക്രമീകരണം നിർബന്ധമാണ്. പ്രത്യേകിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവും ഉപ്പിന്റെ അളവും നിയന്ത്രിക്കണം. പ്രോട്ടീനിന്റെ അളവ് കൂട്ടണം.
3. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. ആവശ്യത്തിനു വ്യായാമം വേണം.
എപ്പോഴാണ് ഡയാലിസിസ് ചെയ്യുന്ന രോഗി അത്യാവശ്യമായി ഡോക്ടറെ കാണേണ്ടത്
1. ഫിസ്റ്റുലയിൽ നിന്നോ കത്തീറ്റർ ഇട്ട സ്ഥലത്തുനിന്നോ രക്തസ്രാവം ഉണ്ടായാൽ.
2. പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, നീര്
3. നെഞ്ചുവേദന
4. രക്തസമ്മർദം അധികമായി കൂടുകയോ കുറയുകയോ ചെയ്താൽ
5. മയക്കം, ബോധക്ഷയം, അപസ്മാരം എന്നിവ വന്നാൽ
6. പനി, കുളിര്, ഛർദി
7. ചുമ, കഫം, കഫത്തിൽ രക്തം.
ഭക്ഷണക്രമീകരണം ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് വേണോ?
വേണം. പ്രധാനമായും ഉപ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, വെള്ളം ഇവ നിയന്ത്രിക്കണം. ഡയാലിസിസ് തുടങ്ങിയതിനുശേഷം പ്രോട്ടീനിന്റെ അളവ് കൂട്ടണം.
വൃക്ക മാറ്റിവയ്ക്കൽ
സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിൽ ഉള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ. വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു.
വൃക്കമാറ്റിവയ്ക്കലുകൊണ്ടുള്ള ഗുണങ്ങൾ?
പൂർണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസിസിനോട് അനുബന്ധത്തിലുള്ള പ്രശ്നങ്ങൾ ഇവയിൽനിന്നെല്ലാം മുക്തി, ഭക്ഷണം, വെള്ളം ഇവയിലെ നിയന്ത്രണങ്ങൾ കുറയുന്നു. ജീവിതം, ആയുസ്, ഇവ നീട്ടിലഭിക്കുന്നു. ശസ്ത്രക്രിയ ആദ്യം ചെലവുകൂടുതലാണെങ്കിലും രണ്ടോ മൂന്നോ കൊല്ലം കഴിയുന്പോൾ വൃക്ക സ്വീകരിച്ച ആളുടെ മരുന്നിന്റെ ചെലവ് വളരെ കുറയുന്നു. ലൈംഗികജീവിതം പുരുഷനിൽ മെച്ചപ്പെടുന്പോൾ സ്ത്രീകളിൽ ഗർഭധാരണത്തിന് സാധ്യത ഏറുന്നു.
വൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
മരുന്ന് ഒരു കാരണവശാലും നിർത്തരുത്. ഇതിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഒരു ദിവസം മുടക്കുക, നിർത്തുക ഇവ എന്തെങ്കിലും ഉണ്ടായാൽ വൃക്ക പ്രവർത്തനം തകരാറിലാകും. മരുന്ന് തീരുന്നതുവരെ കാക്കാതെ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുക. ഏതെങ്കിലും കുറിപ്പടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്. രക്തസമ്മർദം, മൂത്രത്തിന്റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക. ഡോക്ടറെ കാണുക, മൂത്ര - രക്തപരിശോധന നടത്തുക. മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവരുന്പോൾ ആദ്യംതന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക. ലാബ് റിപ്പോർട്ടുകൾ ശരിയല്ല എന്നു തോന്നിയാൽ മറ്റൊരു ലാബിൽ കൂടി പരിശോധിക്കാം. 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണനിയന്ത്രണം കുറവാണെങ്കിലും സമീകൃത ആഹാരം കഴിക്കുവാൻ ശ്രദ്ധിക്കുക. അന്നജം, ഉൗർജം, എന്നിവ ഉൾപ്പെടുത്തി ഉപ്പും എണ്ണയും കുറഞ്ഞ ആഹാരം ആയിരിക്കണം. നാര് അടങ്ങിയ ഭക്ഷണവും ഇതിൽ ഉൾപ്പെടണം. ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. വ്യായാമം നിർബന്ധമാക്കുക. കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക. ഉദാ. ബോക്സിംഗ്, ഫുട്ബോൾ, പുകവലി, മദ്യപാനം എല്ലാം ഒഴിവാക്കുക.
വൃക്കകളെ സംരക്ഷിക്കുക
വ്യായാമം ചെയ്യുക. പ്രമേഹം നിയന്ത്രണത്തിൽ ആയിരിക്കണം. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കണം. അമിതവണ്ണം ആകരുത്. ആവശ്യത്തിനു വെള്ളം കുടിക്കണം. പുകവലിക്കരുത്. വേദനസംഹാരികൾ അധികം ഉപയോഗിക്കരുത്.
തയാറാക്കിയത്: ജോബ് സ്രായിൽ