ഉലഹന്നാനും കുടുംബവും ക്രിസ്മസിനെത്തും
Wednesday, October 19, 2016 11:44 PM IST
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ജിബു ജേക്കബ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ക്രിസ്മസ് റിലീസായി എത്തും. ഡിസംബർ 22ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് ജിബു ജേക്കബ് ഫേസ്ബുക്കിൽ അറിയിച്ചു. ഈ ക്രിസ്മസ് ഉലഹന്നാനും കുടുംബത്തിനുമൊപ്പം ആഘോഷിക്കാമെന്നും ജിബു ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിൽ ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

ദൃശ്യത്തിനു ശേഷം മോഹൻലാലും മീനയും ജോഡികളാകുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, അലൻസിയർ, സുധീർ കരമന, ജോയ് മാത്യു, ആശ ശരത്, ശ്രിന്ദ, രശ്മി ബോബൻ, ബിന്ദു പണിക്കർ, ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എം. സിന്ധുരാജിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി. അജിത് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, ബിജിപാൽ എന്നിവർ സംഗീതം നല്കുന്നു. വീക്കൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.