ബംഗളൂരുവിലെ ടാങ്കർ ലോറി ഡ്രൈവർക്ക് മിസ്റ്റർ ഏഷ്യ പട്ടം
Tuesday, October 25, 2016 4:18 AM IST
മനില: സ്വപ്ന സമാനമായ നേട്ടത്തിന്റെ നെറുകയിലാണ് ബംഗളൂരുവിലെ ടാങ്കർ ലോറി ഡ്രൈവർ ജി.ബാലകൃഷ്ണ. ജീവിത ദുരിതങ്ങൾ താണ്ടി 26–ാം വയസിൽ മിസ്റ്റർ ഏഷ്യ പട്ടം ചൂടിയതോടെയാണ് ഈ യുവാവ് വാർത്തകളിൽ നിറഞ്ഞത്. വാർത്തൂറിന് സമീപം രാമഗൊണ്ടനഹള്ളി സ്വദേശിയായ ബാലകൃഷ്ണ തന്റെ നേട്ടം സമർപ്പിച്ചിരിക്കുന്നത് രാജ്യത്തെ സൈനികർക്കാണ്.

ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്നെഗറുടെ കടുത്ത ആരാധകനായ ബാലകൃഷ്ണ വർഷങ്ങളായി ബോഡി ബിൽഡിംഗിൽ ശ്രദ്ധയേനാണ്. മുംബൈ, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള മികച്ച ട്രെയിനറുമാരുടെ സഹായത്തോടെയാണ് പരിശീലനം. സാമ്പത്തിക പിന്തുണയുണ്ടെങ്കിലും കൂടുതൽ ഉയർന്ന നേട്ടം കൈവരിക്കാൻ തനിക്ക് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഈ യുവാവ് തന്റെ പിന്തുണ കുടുംബമാണെന്നും പറയുന്നു.

നിത്യവും ആറ് മണിക്കൂറാണ് ബോഡി ബിൽഡിംഗ് പരിശീലനത്തിനായി ബാലകൃഷ്ണ മാറ്റിവയ്ക്കുന്നത്. മത്സരത്തിന് മുൻപ് കൃത്യമായ ആഹാരക്രമീകരണത്തിലൂടെ ശരീരഭാരം കുറച്ചു. ബോഡി ബിൽഡിംഗിൽ ഭക്ഷണക്രമത്തിലും കടുത്ത ചിട്ട പാലിക്കുന്നയാളാണ് ബാലകൃഷ്ണ. ദിവസവും 750 ഗ്രാം ചിക്കൻ കഴിക്കും. 25 മുട്ട, 300 ഗ്രാം ചോറ്, 200 ഗ്രാം പച്ചക്കറികൾ എന്നിവയ്ക്ക് പിന്നാലെ മീനും പഴവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിയാണ് മത്സരത്തിന് തയാറെടുത്തത്.

2013–ൽ അണ്ടർ–24 മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയതോടെയാണ് ബാലകൃഷ്ണ ബോഡി ബിൽഡിംഗ് രംഗത്ത് ശ്രദ്ധേയനായത്. നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു പിന്തുണയും തനിക്ക് ലഭിക്കുന്നില്ലെന്ന് ഈ യുവാവിന് പരാതിയുണ്ട്. മിസ്റ്റർ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ബാലകൃഷ്ണയ്ക്ക് സ്പോൺസർഷിപ്പ് നൽകിയത് വ്യവസായിയായ കോശി വർഗീസും റസിഡന്റ്സ് അസോസിയേഷനും ചേർന്നാണ്. കൂടുതൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.