ഒന്നായി പിറന്നവർ രണ്ടായി തമ്മിൽ കണ്ടു
Thursday, November 24, 2016 9:59 AM IST
മുഖത്തോട് മുഖം കാണാതെ ഒരുടലായി 13 മാസം ജീവിച്ച ഇരട്ടക്കുട്ടികൾ അപൂർവ ശസ്ത്രക്രിയയിലൂടെ സ്വഭാവിക ജീവിതത്തിലേക്ക്. ചിക്കാഗോയിലെ ഇല്ലിനോയിസ് സ്വദേശികളായ ജാഡൻ,അനിയാസ് എന്നീ ഇരട്ട സഹോദരങ്ങളാണ് അപൂർവ ശസ്ത്രക്രിയയ്ക്കു വിധേയരായത്. ജന്മനാ ശിരസുകൾ ചേർന്നിരിക്കുന്ന –ക്രാനിയോപാഗസ് ഇരട്ടകളായി ജനിച്ച ജാഡനും അനിയാസും 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രണ്ടായത്. പരിചയസമ്പന്നനായ സർജൻ ഡോ.ഫിലിപ്പ് ഗുഡ്റിച്ചിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ബ്രോക്സിലുള്ള മോൺടിഫിയോർ ആശുപ്രത്രിയിലായിരുന്നു ശസ്ത്രക്രിയ. പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ഉൾപ്പെടെയുള്ളവരുടെ സാനിധ്യത്തിൽ മാസങ്ങൾ നീണ്ടുനിന്ന തയാറെടുപ്പോടെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

25 ലക്ഷത്തിൽ ഒന്നുമാത്രമേ ക്രാനിയോപാഗസ് ഇരട്ടകളാകാറുള്ളൂ. ഈ വൈകല്യവുമായി ജനിച്ച ഇരട്ടക്കുട്ടികളിൽ ഭുരിഭാഗം പേരും ജനിച്ച ഉടനെ മരിക്കുകയാണുണ്ടായത്. ജാഡന്റെയും അനിയാസിന്റെയും ശിരസുകൾ വേർപെടുത്തിയിരുന്നില്ലെങ്കിൽ രണ്ടു വയസിൽ കൂടുതൽ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവായിരുന്നുവെന്ന് ഡോ.ഫിലിപ്പ് ഗുഡ്റിച്ച് പറഞ്ഞു.

ഇത്രനാളും ഒരുമിച്ച് ഉണ്ടുറങ്ങി കളിച്ചുല്ലസിച്ച ഇരട്ടകൾ ശസ്ത്രക്രിയക്കുശേഷം ആദ്യമായി മുഖാമുഖം കണ്ടപ്പോൾ ’നീ ഏതാ’ എന്ന മട്ടിലായിരുന്നു പ്രതികരണം. അവരെ കുറ്റം പറയാൻ വയ്യല്ലോ. കുരുന്നുകൾ ഇപ്പോഴല്ലേ പരസ്പരം മുഖം കാണുന്നത്. ശസ്ത്രക്രിയക്കു ശേഷം ജാഡൻ ഊർജ്വസ്വലനായി കളിചിരികൾ തുടങ്ങിയെങ്കിലും അനിയാസിനെ അണുബാധയുടെ അസ്വസ്‌ഥതകൾ അലട്ടുന്നുണ്ട്. അധികം വൈകാതെ തന്നെ ഇരുവരും പൂർണാരോഗ്യം കൈവരിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സാധാരണ കുട്ടികളെപ്പോലെ ജാഡനും അനിയാസും ഒടിച്ചാടി നടക്കുന്നത് കാണാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.