സിനിമകളിൽ നായകന്റെ മനസിളക്കിയ നായിക യഥാർഥ ജീവിതത്തിലും ഹൃദയേശ്വരിയായി
Friday, November 25, 2016 1:30 AM IST
മലയാളി സമൂഹവും ചലച്ചിത്ര മേഖലയുമൊന്നാകെ ആകാംക്ഷയോടെ സ്വീകരിക്കുന്ന വർത്തമാനമാണ് ദിലീപ്–കാവ്യ വിവാഹം. ഇരുവരുടെയും വിവാഹം സംബന്ധിച്ച് കുറെക്കാലമായി പല തരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നിരുന്നു. അതിനൊക്കെ വിരാമമിട്ടാണ് ഇന്ന് ഈ താരജോടികളുടെ ഒന്നിക്കൽ.

1999 മുതൽ മലയാള സിനിമാ ലോകത്ത് ആരംഭിച്ച കൂട്ടുകെട്ടാണ് ഇന്ന് യഥാർഥ ജീവിതത്തിൽ സാക്ഷാത്കരിപ്പെട്ടിരിക്കുന്നത്. നിരവധി സിനിമകളിൽ ഹിറ്റ് ജോടികളായി മാറിയ ഇരുവരും ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിൽ മുകുന്ദനും രാധയും ആയാണ് ആദ്യം ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. കാവ്യ നായികയായി ആദ്യം അഭിനയിച്ച സിനിമയും ഇതു തന്നെ. തുടർന്നുള്ള പതിനേഴ് വർഷത്തിനിടയിൽ ഈ ഭാഗ്യതാരങ്ങൾ പല ചിത്രങ്ങളിലും മികച്ച കൂട്ടുകെട്ട് അണിയിച്ചൊരുക്കി.

ഡാർലിംഗ് ഡാർലിംഗ് ആയിരുന്നു ഇരുവരുടെയും അടുത്ത സംരംഭം. റാഫി മെക്കാർട്ടിന്റെ തെങ്കാശിപ്പട്ടണത്തിൽ കണ്ണപ്പന്റെയും ദാസപ്പന്റെയും പൊന്നോമന പെങ്ങളായ ദേവൂട്ടി (കാവ്യ) ശത്രുഘ്ന (ദിലീപ്)ന്റെ മനസിൽ മാത്രമല്ല, പ്രേക്ഷക ഹൃദയത്തിലും ഇടം നേടി. അതേവർഷം തന്നെ ഈ ജോടികൾ വിനയൻ ചിത്രമായ രാക്ഷസ രാജാവിൽ അപ്പുവും ഡെയ്സിയുമായി തിളങ്ങി. ദോസ്ത് എന്ന തുളസീദാസ് ചിത്രത്തിൽ ദിലീപിന്റെ സഹോദരിയായി കാവ്യ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതും 2001– ലാണ്.




മീശ പിരിക്കുന്ന കള്ളൻ മാധവനായി ദിലീപും കള്ളന്റെ ഉള്ളം കവരുന്ന രുഗ്മിണിയായി കാവ്യയും വെള്ളിത്തിരയിൽ തിളങ്ങിയത് മറ്റൊരു ലാൽ ജോസ് ചിത്രത്തിൽ. മീശമാധവനിലെ മുഖ്യകഥാപാത്രങ്ങളായി ഇരുവരും വീണ്ടും പ്രേക്ഷകരുടെ ഉള്ളിൽ ഇടം കൂടുതൽ ശക്‌തമാക്കി. ജനപ്രിയ നായകനായി ഉയർന്ന ദിലീപും മികച്ച അഭിനേത്രികളിലൊരാളായ കാവ്യയും തിളക്കം എന്ന ചിത്രത്തിലൂടെ മലയാളത്തിന് വീണ്ടും വിജയഗാഥ ഒരുക്കി. ജയരാജായിരുന്നു സംവിധായകൻ. അക്കു അക്ബർ അണിയിച്ചൊരുക്കിയ സദാനന്ദന്റെ സമയത്തിൽ സദാനന്ദനായി ദിലീപും ഭാര്യ സുമംഗലയായി കാവ്യയും ഗംഭീര പ്രകടനം കാഴ്ചവച്ചു.

കുടുംബത്തിന് വാത്സല്യനിധിയായ ഉണ്ണി ദാമോദരൻ വേറൊരിടത്ത് വാളയാർ പരമശിവമാണ്. ജോഷിയുടെ റൺവേയിലെ ഈ നായകൻ ദിലീപിന്റെ കൈകളിൽ ഭദ്രമായി. ഉണ്ണിയെക്കുറിച്ചുള്ള സകല സത്യങ്ങളും തിരിച്ചറിഞ്ഞിട്ടും അയാളെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോപികയുടെ റോളിൽ കാവ്യയും തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചു. 2004– ൽ പുറത്തിറങ്ങിയ കമലിന്റെ പെരുമഴക്കാലത്തിലും ദിലീപും കാവ്യയും അഭിനയിച്ചു. എന്നാൽ ചിത്രത്തിൽ ദിലീപിന്റെ ജോടിയായി മീരാ ജാസ്മിനും കാവ്യയുടെ ജോടിയായി വിനീതുമായിരുന്നു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കാവ്യയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു.





ജോണി ആന്റണിയുടെ ‘കൊച്ചി രാജാവ്’ എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായ ഉണ്ണിയെയും അശ്വതിയെയും അവതരിപ്പിച്ച ദിലീപ്– കാവ്യ ജോടികൾ ഹിറ്റുകൾ തുടർക്കഥയാക്കി. ജോഷിയുടെ ലയൺ എന്ന സിനിമയിൽ ഉണ്ണിയെന്ന ബി.കൃഷ്ണകുമാറിനെ ദിലീപും യുവ നേതാവിന്റെ ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ ശാരി എന്ന ശാരികയെ കാവ്യയും മികവുറ്റതാക്കി. ഇൻസ്പെക്ടർ മാധവൻകുട്ടിയും സേതുലക്ഷ്മി ഐഎഎസും– ജോണി ആന്റണിയുടെ ഇൻസ്പെക്ടർ ഗരുഡിലെ ഈ പ്രധാന കഥാപാത്രങ്ങളായി ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഉൾപ്പെട്ട ജോഷിയുടെ ആക്ഷൻ ത്രില്ലർ ചിത്രമായ ട്വന്റി–20 യിൽ ദിലീപും കാവ്യയും അഭിനേതാക്കളായിരുന്നു. എന്നാൽ അവർ ജോടികളായിരുന്നില്ല.

മമാസ് സംവിധാനം ചെയ്ത ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രവും ദിലീപ്– കാവ്യ ജോടികളുടെ മികവുറ്റ പ്രകടനത്തിന് സാക്ഷ്യംവഹിച്ചു. പാപ്പിയായി ദിലീപ് തകർത്താടിയപ്പോൾ അധ്യാപികയും പഞ്ചായത്ത് അംഗവുമായ ആനിയായി കാവ്യയും ശോഭിച്ചു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ ജോഷി ഈ താരജോടികളെ വീണ്ടും പ്രേക്ഷക സമക്ഷത്തിൽ അവതരിപ്പിച്ചു. പിതാവിന്റെ താത്പര്യപ്രകാരം വൈദികനാകാൻ പോയ ജോജി(ദിലീപ്)യുടെ മനസിളക്കിയ മാലാഖയായിരുന്നു മന്ത്രിപുത്രിയായ മീനാക്ഷി (കാവ്യ). അക്കു അക്ബർ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ മുക്കം ഷാജഹാൻ, രവി എന്നീ കഥാപാത്രങ്ങളെ ദിലീപും മേരി വർഗീസ്, സുലേഖ എന്നിവരെ കാവ്യയും ജീവസുറ്റതാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011 –ലെ മികച്ച നടനുള്ള സംസ്‌ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു.





മലയാളത്തിലെ മികച്ച താരജോടികളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദിലീപും കാവ്യയും ചെറിയൊരു ഇടവേളയ്ക്കു ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ജോടികളായത്. മലയാളം സാക്ഷ്യം വഹിച്ച ഈ പുതുമയാർന്ന താരവിവാഹത്തിനും ഒരു സിനിമാക്കഥയുടെ കെട്ടും മട്ടും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം.

ഗിരീഷ് പരുത്തിമഠം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.