മടിയന്മാരായ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നാട്ടുകാരുടെ വക ‘മുതല’പ്പണി
Friday, November 25, 2016 9:43 AM IST
സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്‌ഥരുടെ അലംഭാവവും അനാസ്‌ഥയും കാരണം തലവേദന പിടിക്കാത്ത ആരുംതന്നെയുണ്ടാവില്ല.

ജനന സർട്ടിഫിക്കറ്റ് മുതൽ മരണ സർട്ടിഫിക്കറ്റ് വരെ എന്തിനും ഏതിനും സർക്കാർ ഓഫീസ് തന്നെ ശരണം. അവിടെ ചെന്നാലോ, ഈ സർട്ടിഫിക്കറ്റ്, ആ സർട്ടിഫിക്കറ്റ് എന്നു പറഞ്ഞു നമ്മളെ എങ്ങനെ ബുദ്ധിമുട്ടിക്കാവോ അങ്ങനെയെല്ലാം ബുദ്ധിമുട്ടിക്കും.

ഇതിനർഥം നല്ല ഉദ്യോഗസ്‌ഥർ സർക്കാർ ഓഫീസുകളിൽ ഇല്ലെന്നല്ല കേട്ടോ. നല്ല ഉദ്യോഗസ്‌ഥർ ദയവു ചെയ്തു പരിഭവിക്കരുത്. നിങ്ങളോടുള്ള എല്ലാ ആദരോവോടും കൂടിയാണ് ഇതെഴുതുന്നത്. എന്നാൽ പണിയാക്കള്ളന്മാർ ജാഗരൂകരാകുക. മധ്യപ്രദേശിലുണ്ടായ ഒരു യഥാർഥ സംഭവം ഇങ്ങനെ:
ശിവപുരിയിലെ ബാലി കോളനിയിൽ കഴിഞ്ഞ ദിവസം ഒരു മുതല കയറിക്കൂടി. നാട്ടുകാർ ഭയന്നു. ആശ്രയത്തിനായി ഫോറസ്റ്റ് ഓഫീസിൽ വിളിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നും ‘നോ അനക്കം’.

ഉദ്യോഗസ്‌ഥരെ കാത്തിട്ടു കാര്യമില്ലെന്നു മനസിലാക്കിയ നാട്ടുകാർ സംഘം ചേർന്നു മുതലയെ പിടിച്ചു. മുതലയെ എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് അനാസ്‌ഥ കാട്ടിയ ഫോറസ്റ്റ് ഓഫീസർക്ക് ഒരു പണികൊടുക്കാമെന്ന് നാട്ടുകാർക്കു തോന്നിയത്.

നാട്ടുകാർ മുതലയെ ഓഫീസറുടെ വീട്ടിൽ കൊണ്ടിട്ടു. ഫോറസ്റ്റ് ഏമാന് ഇനിയെങ്കിലും ജോലിയിൽ ഉത്തരവാദിത്തം തോന്നുമോയെന്ന് അറിയണമല്ലോ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.