പുലിമുരുകന്റെ റിക്കാർഡ് ഇനി ദുൽഖറിന്റെ പേരിൽ
Sunday, November 27, 2016 10:40 PM IST
മോഹൻലാലിന്റെ മെഗാഹിറ്റ് ചിത്രം പുലിമുരുകന്റെ ഒരു റിക്കാർഡ് ഇനി യുവതാരം ദുൽഖർ സൽമാന്റെ പേരിൽ. പുലിമുരുകന്റെ ടീസറും ട്രെയിലറും കുറിച്ച ആദ്യദിന റിക്കാർഡാണ് ദുൽഖർ– സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജോമോന്റെ സുവിശേഷങ്ങൾ മറികടന്നത്.

ശനിയാഴ്ച പുറത്തിറങ്ങിയ ടീസർ ഇതുവരെ ഏഴുലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. ആദ്യ 20 മണിക്കൂറിൽ 4.92 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്. 24 മണിക്കൂറിൽ പുലിമുരുകന്റെ ട്രെയിലറിനു ലഭിച്ചത് 4.91 ലക്ഷമായിരുന്നു. 4.89 വ്യൂസുമായി ദുൽഖറിന്റെ തന്നെ കലി ആണ് തൊട്ടു പിന്നിൽ. പുലിമുരുകന്റെ ടീസർ ഇതുവരെ 20 ലക്ഷത്തിലേറെപ്പേർ കണ്ടു. ട്രെയിലർ 30 ലക്ഷത്തോളം പേർ കണ്ടു. ഈ റിക്കാർഡുകൾ ജോമോൻ തിരുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

1.10 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ദുൽഖർ തന്നെയാണ് ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. പള്ളിയിലെ രംഗങ്ങളും നർമമുഹൂർത്തങ്ങളും ചേർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ദുൽഖറിനു പുറമേ മുത്തുമണി, മുകേഷ് എന്നിവരും ടീസറിലെത്തുന്നു.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് കഥ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതമൊരുക്കുന്നു. വിനോദയാത്രയ്ക്കുശേഷം സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ എസ്. കുമാറും ഈ ചിത്രത്തിൽ ഒത്തുചേരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. തൃശൂരിലെ വളരെ സമ്പന്ന കുടുംബാംഗമായ ജോമോനെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.