നായയെ കണ്ടെത്തുന്നവർക്ക് 250 ഡോളർ പ്രതിഫലം
Friday, December 2, 2016 7:22 AM IST
കണ്ടെത്തുന്നവർക്ക് പ്രതിഫലമൊക്കെ നൽകാൻ ഇതെന്താ വല്ല പിടികിട്ടാപ്പുള്ളിയാണോ....ഏയ് അല്ല ഇതൊരു പാവം നായയാ. പേര് മിക. പക്ഷേ ഇപ്പോൾ ഇവനെ കണ്ടെത്തുകയെന്നത് ഒരു വിമാനക്കമ്പനിയുടെ അഭിമാനപ്രശ്നമാണ്.

സംഭവം ഇങ്ങനെ: അമേരിക്കയിലെ ഹൂസ്റ്റൺ സ്വദേശിനി പമീല ആൽവാരിസിന്റെ പൊന്നോമന വളർത്തു നായയാണ് മിക. പിരിഞ്ഞിരിക്കാൻ വയ്യാത്ത കാരണം പമീല എവിടെപ്പോയാലും മികയെ കൂടെക്കൂട്ടും. അങ്ങനെയിരിക്കെ ഇരുവരും ചേർന്ന്് മെക്സിക്കോ വരെയൊന്ന് കറങ്ങാൻ പോയി.അവധിക്കാലം അവിടെ അടിച്ചു പൊളിച്ച ശേഷം നാട്ടിലെക്കു തിരിക്കാനായി മെക്സിക്കൻ വിമാനത്താവളത്തിലെത്തി. മെക്സിക്കൻ എയർലൈൻ ഇന്റർജെറ്റിന്റെ വിമാനത്തിൽ യാത്രചെയ്യുന്നതിനാണ് പമീല ടിക്കറ്റ്് എടുത്തിരുന്നത്. പ്രത്യേക കൂട്ടിലടച്ച് വിമാനത്തിൽ കേറ്റുന്നതിനായി ജീവനക്കാർ മികയെ കൊണ്ടുപോയി. താൻ യാത്ര ചെയ്യുന്ന വിമാനത്തിൽതന്നെ മികയും ഉണ്ടല്ലോയെന്ന ആശ്വാസത്തിൽ പമീലയും വിമാനത്തിൽ കയറി.

എന്നാൽ വിമാനം ഹൂസ്റ്റണിലെത്തി കുറേ നേരം കാത്തിരുന്നിട്ടും മികയെ കാണാത്തതിനെത്തുടർന്ന് ജീനവക്കാരോട് അന്വേഷിച്ചപ്പോഴാണ് മികയെ കാണാനില്ലെന്ന് അറിഞ്ഞത്. ഇത് കേട്ട് ഹൃദയം തകർന്നുപോയ പമീലയെ ആശ്വസിപ്പിക്കാൻ ഇന്റർ ജെറ്റ് അധികൃതർ നന്നേ പണിപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ മിക എങ്ങനെയോ രക്ഷപെട്ടെന്നാണ് ജീവനക്കാർ പറയുന്നത്. അരിശവും സങ്കടവും ഒക്കെയായ് പമീല ഇന്റർജെറ്റിന്റെ ഓഫീസിൽ ബഹളം വെച്ചു.

ബഹളം സഹിക്കാൻ വയ്യാതായതോടെ മികയെ എങ്ങനെയെങ്കിലും കണ്ടു പിടിച്ചു തരുമെന്ന് കമ്പനി പമീലയ്ക്ക് ഉറപ്പ് നൽകി. നായയെ കണ്ടെത്തുന്നതിനായി ’ഫൈൻഡ് മിക’ എന്ന പേരിൽ രാജ്യം മുഴുവൻ കാമ്പയിൻ ആംരഭിച്ചിരിക്കുകയാണ് ഇന്റർ ജെറ്റ്. പ്രചാരണത്തിനു പുറമേ കണ്ടെത്തുന്നവർക്കു 250 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ തുക കൂട്ടാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. എങ്ങനെയെങ്കിലും തന്റെ പൊന്നോമനയെ തിരിച്ചുകിട്ടാനുള്ള പ്രാർഥനയിൽ കഴിയുകയാണ് പമീല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.