അമ്മയും ഏഴു കുട്ടികളും ചേർന്ന് സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു; വീഡിയോ
Friday, December 2, 2016 7:40 AM IST
മാതാപിതാക്കളെ അവശ്യഘട്ടത്തിൽ സഹായിക്കുകയെന്നത് മക്കളുടെ കടമയാണല്ലോ. അതുകൊണ്ടാവാം ഒറ്റയ്ക്ക് മോഷ്‌ടിച്ച് കഷ്ടപ്പെടുന്ന അമ്മയെ സഹായിക്കാൻ മക്കളുമെത്തിയത്. നൈജീരിയയിലെ അബുജയിലാണ് സംഭവം. ഏഴു മക്കളുമായി കടയിലെത്തിയ യുവതി കടയുടമയുടെ കൈയിൽ ഒരു വലിയ ലിസ്റ്റങ്ങു കൊടുത്തു. ലിസ്റ്റിലുള്ള സാധനങ്ങളെടുക്കുന്നതിനായി കടക്കാരൻ മാറിയതോടെ ’സപ്തമശ്രീ തസ്കരൻമാർ’ പണി തുടങ്ങി.

ഏഴ് കുട്ടികളും തങ്ങളുടെ കൈയിൽകൊള്ളാവുന്ന പലസാധനങ്ങളുമെടുത്ത് ഒന്നുമറിയാത്ത മട്ടിൽ പുറത്തേക്കിറങ്ങി. കൗണ്ടറിൽ ഇടയ്ക്കെത്തിയ കടക്കാരന്റെ ശ്രദ്ധ മാറ്റാൻ യുവതി കൂടുതൽ സാധനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കടയിൽ സ്റ്റോക്കില്ലാതിരുന്ന സാധനങ്ങളാണ് യുവതി ആവശ്യപ്പെട്ട ലിസ്റ്റിലുണ്ടായിരുന്നത്. സാധനങ്ങൾ തിരയാൻ കടക്കാരന് ഒരുപാട് സമയം വേണ്ടിവന്നതിനാൽ കുട്ടികൾക്കു ’ജോലി’ ചെയ്യാൻ ആവശ്യത്തിനു സാവകാശവും ലഭിച്ചു. പണി മെനയ്ക്ക് നടത്തിയതിന്റെ വിജയഭാവത്തിൽ പുറത്തിറങ്ങിയ യുവതിയും കുട്ടിപ്പട്ടാളവും പക്ഷേ ഇതെല്ലാം കണ്ട് മുകളിലൊരാൾ ഇരിപ്പുണ്ടെന്ന് മാത്രമറിഞ്ഞില്ല, സാക്ഷാൽ സിസിടിവി കാമറ! ഇതിൽ പതിഞ്ഞ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
https://www.youtube.com/embed/hZjlQlIKMmg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.