നായയെ പിടിച്ചുവച്ചു കംഗാരുവിന്റെ കിടിലൻ തൊഴി; ഒടുവിൽ മൂക്കിനിടിച്ച് ഉടമയുടെ രക്ഷാപ്രവർത്തനം
Wednesday, December 7, 2016 9:02 AM IST
കാണാൻ പഞ്ചപാവമാണെങ്കിലും കയ്യിലിരിപ്പ് ഒരു വില്ലന്റെയാ.. പറഞ്ഞുവരുന്നത് ഓസ്ട്രേലിയയുടെ ദേശീയ മൃഗം കംഗാരുവിനെക്കുറിച്ചാണ്. ഓസ്ട്രേലിയയിലെ ഒരു വനപ്രദേശത്ത് നടന്ന ‘സംഘട്ടനത്തിന്റെ’ വീഡിയോ കാണുന്നവർക്കെല്ലാം സഞ്ചിമൃഗത്തെ പ്രതിനായക സ്‌ഥാനത്തു നിർത്താനാകും തോന്നുക.

തന്റെ വളർത്തു നായയ്ക്കൊപ്പം കറങ്ങാൻ ഇറങ്ങിയതായിരുന്നു ഓസ്ട്രേലിയൻ യുവാവ്. കുറച്ച് നേരമായിട്ടും നായയെ കാണാതിരുന്ന യുവാവ് അന്വേഷിച്ച ചെന്നപ്പോഴാണ് ‘വില്ലന്റെ’ കൈയിൽ അകപ്പെട്ടുപോയ നായയെ കണ്ടത്തിയത്. രണ്ട് കൈകൾ കൊണ്ടും നായയെ പിടിച്ചുവച്ച ശേഷം വലതുകാൽ കൊണ്ട് തൊഴിച്ചു ശരിപ്പെടുത്തുകയായിരുന്നു കംഗാരു. പാവം നായ തൊഴികൊണ്ട് ഒരു പരുവമായിരുന്നു.

യുവാവ് ഇത് കണ്ട് ഓടിയെത്തിയതും കംഗാരു നായയെ ഉപേക്ഷിച്ച് യുവാവിന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് തല ഉയർത്തിപ്പിടിച്ചങ്ങു നിന്നു. വേണ്ടി വന്നാൽ ഞാൻ നിന്നെയും തൊഴിക്കും എന്ന മട്ടിൽ... പിന്നെ ഒട്ടും താമസിപ്പിച്ചില്ല, യുവാവ് മുഷ്‌ടി ചുരുട്ടി കംഗാരുവിന്റെ മുഖത്ത് ഒരിടി കൊടുത്തു. ഇടികൊണ്ടിട്ടും കംഗാരു കുറച്ച്നേരം കൂടി ആ നിൽപ്പങ്ങനെ തുടർന്നു. എന്നിട്ട് നിന്നെ പിന്നെ എടുത്തോളാം എന്ന മട്ടിൽ നോക്കിയിട്ട് സ്‌ഥലംവിട്ടു. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന മറ്റൊരാളെടുത്ത വീഡിയോ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലായിക്കഴിഞ്ഞു.
https://www.youtube.com/embed/cApjMdHiCO0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.