16 വയസിനിടെ ക്രൂരമാനഭംഗത്തിന് ഇരയായത് 43,000 തവണ; കാർല ഇപ്പോൾ ലൈംഗിക അടിമകൾക്കു വേണ്ടിയുള്ള പോരാളി
Wednesday, December 7, 2016 9:22 AM IST
‘ചങ്ങലകൊണ്ടും സ്റ്റീൽ പ്ലേറ്റ് കൊണ്ടും മർദിച്ചിട്ടേ അവർ എന്നെ കിടക്കയിലേക്ക് കൊണ്ടു പോകുമായിരുന്നുളളൂ. വേദനകൊണ്ട് പുളയുന്ന എന്റെ മുഖം കണുന്നതായിരുന്നു അവരുടെ ആനന്ദം..’ താൻ ആനുഭവിച്ച ക്രൂരതകൾ വിവരിക്കുമ്പോൾ കാർല ജസീന്തോ എന്ന മെക്സിക്കൻ യുവതിയുടെ കണ്ണുകൾ അല്പം പോലും ഈറനണിഞ്ഞിരുന്നില്ല. കരയാൻ ആ കണ്ണുകളിൽ കണ്ണീർ ബാക്കിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. തന്റെ 16 വയസിനിടെ 43,000 തവണയാണ് മാനഭംഗത്തിനിരയായതെന്ന് പറയുമ്പോഴും കാർലയുടെ മുഖത്തു നിർവികാരത മാത്രം.

അധോലോക നായകൻമാർ നേരിട്ടു നടത്തുന്ന പെൺവാണിഭ സംഘങ്ങൾക്കെതിരെ പോരാടുനുളള കരളുറപ്പ് ഈ 24കാരിക്ക് ലഭിച്ചതും തന്റെ ദുരനുഭവങ്ങളിൽ നിന്നു തന്നെയാണ്. മെക്സിക്കോ കേന്ദ്രീകരിച്ചുള്ള ആന്റി ട്രാഫിക്കിംഗ് സംഘടനയുടെ പ്രതിനിധിയായി ലോക രാഷ്ര്‌ടങ്ങളിലെല്ലാം സഞ്ചരിച്ച് ചൂഷണത്തിനിരയായ പെൺകുട്ടികളുടെ പുനരധിവാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ഉദ്യമത്തിലാണ് കാർലയിപ്പോൾ.

പന്ത്രണ്ടാം വയസിലാണ് കാർലയെ പെൺവാണിഭ സംഘം മെക്സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗുവാഡാലാജറയിലെത്തിക്കുന്നത്. അക്കാലങ്ങളിൽ ഒരു ദിവസം 30 പേരോളം തന്നെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് കാർല പറഞ്ഞു. കുടിവെള്ളം പോലും നൽകാതെയായിരുന്നു നിരന്തര പീഡനം. ശരീരത്തിലും മനസിലും മുറിപ്പാടുകളുമായി ചേരിയിലെ ഇടുങ്ങിയ മുറിയിൽ കഴിഞ്ഞിരുന്ന ഇവരെ 2008ലാണ് പോലീസ് രക്ഷപെടുത്തിയത്. കൊടിയ യാതനകളുടെ ഓർമകൾ മനസിനെ ഇടയ്ക്കു വേട്ടയാടുന്നുണ്ടെങ്കിലും താൻ അനുഭവിച്ച കഷ്‌ടതകൾ മറ്റൊരു പെണ്ണിനും വരാതിരിക്കൻ പോരാടാൻ തന്നെയാണ് കാർലയുടെ തീരുമാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.